ഡല്‍ഹി: പ്രിയങ്ക ഗാന്ധി കേരളത്തില്‍ പോകുമ്പോള്‍ കുരിശുമാലയിടുമെന്നും ബനാറസില്‍ വരുമ്പോള്‍ രുദ്രാക്ഷം ധരിക്കുമെന്നുമുള്ള പ്രചാരണം വ്യാജമെന്ന് റിപ്പോര്‍ട്ട്. ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ച വ്യാജചിത്രം സഹിതമാണ് ബി.ജെ.പി. അനുകൂല സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പ്രചാരണം നടത്തുന്നതെന്ന് വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന ആള്‍ട്ട്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രിയങ്ക ഗാന്ധി കുരിശുമാലയിട്ട് കേരളത്തില്‍ പോയപ്പോള്‍ എന്ന വിശേഷണത്തോടെയാണ് വ്യാജചിത്രം പ്രചരിക്കുന്നത്. എന്നാല്‍ 2017 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത്. മാത്രമല്ല, യഥാര്‍ഥത്തില്‍ പ്രിയങ്ക ഗാന്ധി കുരിശുമാല ധരിച്ചിട്ടുമില്ല. സാധാരണ മാലയായിരുന്നു പ്രിയങ്ക ഗാന്ധി ധരിച്ചിരുന്നത്. ഈ ചിത്രമാണ് ഫോട്ടോഷോപ്പില്‍ കുരിശുമാലയാക്കി മാറ്റി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബി.ജെ.പി. അനുകൂല ഫെയ്സ്ബുക്ക് പേജുകളായ മോദി രാജ് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നാണ് ഈ വ്യാജചിത്രം പ്രചരിക്കുന്നത്. 

അതേസമയം ഈ വ്യാജചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രുദ്രാക്ഷം ധരിച്ച ചിത്രം ശരിയാണെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2019 മാര്‍ച്ച് 20-ന് വാരണസി സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നും പ്രിയങ്ക ഗാന്ധി രുദ്രാക്ഷമാല ധരിച്ചിരുന്നുവെന്നത് സത്യമാണെന്നും വാര്‍ത്താചാനലുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: pro bjp social media pages spreads fake photo of priyanka gandhi