ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ  അധികാരപ്പെടുത്തിയിട്ടുള്ള ഫെയ്‌സ്ബുക്ക് പേജുകളോ നീക്കംചെയ്തിട്ടില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് ട്വീറ്റ്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തു എന്ന ഫെയ്‌സ്ബുക്കിന്റെ പ്രസ്താവനക്ക് വിശദീകരണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന കോൺഗ്രസിന്റെ വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ വാദം. 
 
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ  അധികാരപ്പെടുത്തിയിട്ടുള്ള ഫെയ്‌സ്ബുക്ക് പേജുകളോ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ നീക്കം ചെയ്ത പേജുകളേയും അക്കൗണ്ടുകളേയും കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണ്- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 

അതേസമയം കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും പേജുകള്‍ നീക്കം ചെയ്തിട്ടിട്ടുണ്ടോ എന്നതിന്റെ സത്യാവസ്ഥ തങ്ങള്‍ക്ക് അറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. 

വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് തെറ്റായവാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുമായി ബന്ധമുള്ള ഫെയിസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തു എന്നായിരുന്നു ഫെയ്‌സ്ബുക്ക് സൈബര്‍ സെക്യൂരിറ്റി തലവന്‍ നതാനിയേല്‍ ഗ്ലെയിച്ചര്‍ പറഞ്ഞിരുന്നത്. പ്രാദേശിക വാര്‍ത്തകളും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങളുമാണ് മുഖ്യമായി ഈ പേജുകളിലൂടെ നടത്തുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ മറഞ്ഞിരിക്കുകയാണ്. അന്വേഷണത്തില്‍ കോണ്‍ഗ്രസിന്റെ ഐ.ടി.സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: No Official Pages Taken Down Says Congress