വാഷിങ്ടണ്‍: സാമൂഹികമാധ്യമമായ ട്വിറ്ററില്‍ ജനപ്രീതി കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമാതാരങ്ങളുള്‍പ്പെടെയുള്ള പ്രമുഖരെ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. യു.എസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോയോജീത് പാല്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

2009 ഫെബ്രുവരിമുതല്‍ 2015 ഒക്ടോബര്‍വരെയുള്ള മോദിയുടെ 9,000-ത്തിലേറെ ട്വീറ്റുകളും തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രമുഖരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ് പഠനവിധേയമാക്കിയത്. താരങ്ങളെ ടാഗ് ചെയ്തുകൊണ്ടുള്ള 414 ട്വീറ്റുകള്‍ മോദി ഈ കാലയളവില്‍ ചെയ്തു. അതില്‍ ഒന്നിലേറെ താരങ്ങളുടെ പേരുചേര്‍ത്തും ഒട്ടേറെ ട്വീറ്റുകളുണ്ട്.

ആ സമയത്തെ പ്രമുഖരുമായുള്ള മോദിയുടെ ട്വിറ്റര്‍ ഇടപെടലിനെ മൂന്നുഘട്ടങ്ങളായി തിരിക്കാമെന്ന് ജോയോജീത് പാല്‍ പറയുന്നു. 2009-നുമുമ്പ് ധ്രുവീകരണ ചിന്താഗതിയുള്ള പ്രാദേശികനേതാവെന്ന പ്രതിച്ഛായയായിരുന്നു മോദിക്ക്. ഇതില്‍നിന്നുമാറി കൂടുതല്‍ ജനപിന്തുണയുള്ള ദേശീയനേതാവിന്റെ പരിവേഷം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം മാറി. ഇതായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ സിനിമാതാരം അമിതാഭ് ബച്ചന്‍, വ്യവസായി നാരായണമൂര്‍ത്തി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ തന്റെ ട്വീറ്റുകളിലുള്‍പ്പെടുത്തി. ഇതിലൂടെ പ്രശസ്തരുടെ പിന്തുണ തനിക്കുണ്ടെന്നും ഒരുപാടുപേര്‍ ഇനിയുംതന്നെ പിന്തുണയ്ക്കാന്‍ സന്നദ്ധരാണെന്നും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. 2013-ല്‍ തന്റെ പ്രചാരണപരിപാടികളില്‍ താരങ്ങളെ ഉള്‍പ്പെടുത്താനായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കിയത്. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററിലുള്‍പ്പെടുത്തുന്നതിനായിരുന്നു പ്രാധാന്യം.

തിരഞ്ഞെടുപ്പിനുശേഷമുള്ള ഇടപെടലാണ് മൂന്നാംഘട്ടം. തന്റെ സര്‍ക്കാര്‍പദ്ധതികളില്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്നതിനാണ് പ്രാമുഖ്യം നല്‍കിയത്. അതേസമയം, മോദിയുമായി സഹകരിച്ച താരങ്ങളാരും അദ്ദേഹത്തിന് രാഷ്ട്രീയപിന്തുണ നല്‍കിയവരായിരുന്നില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 2009-ലാണ് മോദി ട്വിറ്ററിലെത്തുന്നത്. ഇപ്പോള്‍ 4.6 കോടി പേര്‍ മോദിയെ അതില്‍ പിന്തുടരുന്നുണ്ട്.

Content highlights: Narendra Modi used stars to get support from twitter followers says study