ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് ഗൂഗിള്‍ നീക്കം ചെയ്തത് ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അഞ്ചെണ്ണവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും. എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ജസ്‌കരണ്‍ ധില്ലന്‍, ഹര്‍ഷ്‌നാഥ് ഹ്യുമന്‍ സര്‍വീസസ്,വിദൂലി മീഡിയ എന്നീ ഏജന്‍സികള്‍ നല്‍കിയ പരസ്യങ്ങള്‍ മുഴുവനും ഗൂഗിള്‍ നീക്കം ചെയ്തു. 

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുകയും അതിന് ലഭിച്ച പ്രചാരവും വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചത്. ഇതു പ്രകാരം ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തിയ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്‍കിയ 17 പരസ്യങ്ങള്‍, ജസ്‌കരണ്‍ ധില്ലന്‍ നല്‍കിയ ഒരു പരസ്യം, ഹര്‍ഷ്‌നാഥ് ഹ്യുമന്‍ സര്‍വീസസ് നല്‍കിയ മൂന്നും, വിദൂലി മീഡിയ നല്‍കിയ രണ്ടും പരസ്യങ്ങളാണ് നീക്കം ചെയ്തത്. 

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പൊതുവായി നല്‍കിയ പരസ്യങ്ങളില്‍ അഞ്ചെണ്ണമാണ് നീക്കിയതെങ്കില്‍ അവരുടെ സ്ഥാനാര്‍ഥി പാമ്മി സായ് ചരണ്‍ റെഡ്ഡി നല്‍കിയ പരസ്യങ്ങളില്‍ പത്തെണ്ണമാണ് ഗൂഗിള്‍ നീക്കിയത്. 

content highlights: Google removes 98 BJP Ads as policy violation