ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹാസത്തിന് ഇരയായ വിവാദ ടെലിവിഷന്‍ അഭിമുഖത്തിന് ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയെന്ന തെളിവുമായി ട്വീറ്റുകള്‍. കാര്‍മേഘങ്ങള്‍ക്കുള്ളിലൂടെ റഡാര്‍ സിഗ്നലുകളെ വെട്ടിച്ച് വിമാനത്തിന് സഞ്ചരിക്കാമെന്നും, എണ്‍പതുകളിലേ ഡിജിറ്റല്‍ ക്യാമറയുപയോഗിച്ച് ഫോട്ടോയെടുത്ത് ഇമെയില്‍ ചെയ്തുവെന്നും നരേന്ദ്രമോദി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. 

പ്രശസ്ത ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസിന്റെ സ്ഥാപകന്‍ പ്രതീക് സിന്‍ഹയും, കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ ചുമതലയുള്ള ദിവ്യ സ്പന്ദനയുമാണ് തെളിവുമായി ട്വിറ്ററിലെത്തിയ പ്രമുഖര്‍. 

ന്യൂസ് നേഷന്‍ എന്ന ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തെളിവായി നല്‍കിയാണ് ചോദ്യം മുന്‍കൂട്ടി നല്‍കിയതാണെന്ന കണ്ടെത്തലില്‍ അവര്‍ എത്തിയത്. മോദിയുടെ കൈയിലുള്ള പേപ്പറുകളില്‍ എണ്ണമിട്ട ചോദ്യങ്ങള്‍ കണ്ടെത്തിയതായി പ്രതീക് സിന്‍ഹയും ദിവ്യ സ്പന്ദനയും വ്യക്തമാക്കുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താങ്കള്‍ കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ശേഷം മോദി മറുപടി പറയുന്നതിനിടെയുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഇതിന് തെളിവ് ഹാജരാക്കിയത്.  കവിയായ നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും എഴുതിയിരുന്നോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട് എന്ന ചോദ്യം 27 എന്ന നമ്പറിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ ദൃശ്യമാണ് അബദ്ധത്തില്‍ ടെലിവിഷന്‍ ചാനലിലൂടെ പുറത്ത് വന്നത് ("में कवी नरेंद्र मोदी से जानना चाहता हूँ की क्या आपने पिछले पांच सालों में कुछ लिखा है?"). 

ഈ കണ്ടെത്തലുകള്‍ നിരവധി പേരാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മോദിയെ 'ഫേക്കു'വെന്നും നുണയനെന്നുമാണ് പലരും വിശേഷിപ്പിച്ചത്. അതിനിടെ മോദിയേപ്പോലെ നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുടെ പ്രതികളുമില്ലാത്ത രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖം രാത്രി ഒമ്പതിന് കാണാമെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം പലതവണ വിമര്‍ശിച്ചിരുന്നു.

 

Content highlights: I want to know from poet Narendra Modi if he's written anything in the past five years?, The question appeared in the TV screen is the evidence