ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലുമായി ബന്ധപ്പെട്ട 687 അക്കൗണ്ടുകളും പേജുകളും വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നീക്കം ചെയ്തതായി ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു. 'അവിശ്വസനീയമായ പെരുമാറ്റവും' അനാവശ്യ സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പൊതുതിരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥികള്‍, ബി.ജെ.പി. അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയവിഷയങ്ങളും വാര്‍ത്തകളുമാണ് പേജുകളിലും അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തിരുന്നത്. ഇവയ്ക്ക് പിന്നിലുള്ളവരെ പ്രാഥമികപരിശോധനയില്‍ തിരിച്ചറിയാന്‍ സാധിച്ചില്ല.  വിശദമായ അന്വേഷണത്തിലാണ് കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലാണെന്ന് കണ്ടെത്തിയത്. ഐ.ടി. സെല്ലില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടവയാണ് അക്കൗണ്ടുകളെന്നും ഇവയെ നേരത്തേ തിരിച്ചറിഞ്ഞിരുന്നെന്നും ഫെയ്സ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി വിഭാഗം മേധാവി നതാനിയേല്‍ ഗ്ലെച്ചര്‍ പറഞ്ഞു. 

പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാതിരിക്കാന്‍ വ്യാജ അക്കൗണ്ടുകളുടെ ശൃംഖലതന്നെയാണ് ഇവര്‍ ഉപയോഗിച്ചുവന്നത്. ഇതാണ് നീക്കം ചെയ്തതിന്റെ പ്രധാന കാരണം. നടപടിയെക്കുറിച്ച് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നെന്ന പരാതിയെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് രൂക്ഷവിമര്‍ശനം നേരിടുകയാണ് ഫെയ്സ്ബുക്ക്. അതിനാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് അവര്‍.

ജനങ്ങളെ സ്വാധീനിക്കാനുള്ള നടപടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹികമാധ്യമങ്ങള്‍ക്ക് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.   

വ്യക്തതയില്ലെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകള്‍ നീക്കം ചെയ്‌തെന്നതില്‍ വ്യക്തതയില്ല. തങ്ങളുടെ യഥാര്‍ഥപ്രവര്‍ത്തകരുടെ എല്ലാ പേജുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നീക്കം ചെയ്തതായി പറയപ്പെടുന്ന പേജുകള്‍, അക്കൗണ്ടുകള്‍ എന്നിവയുടെ പട്ടിക നല്‍കാന്‍ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് (ഔദ്യോഗിക ട്വിറ്റര്‍ പേജ്)

ചരിത്രപരം 

കോണ്‍ഗ്രസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തത് ചരിത്രപരമാണ്. വ്യാജപേജുകളെക്കുറിച്ച് അന്വേഷണം നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലാണ് പിന്നിലെന്ന് കണ്ടെത്തി. നിരാശയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. അതിനാലാണ് ജനപിന്തുണയ്ക്കായി ഇത്തരം രീതികള്‍ സ്വീകരിക്കുന്നത്. - രവിശങ്കര്‍ പ്രസാദ്, കേന്ദ്രമന്ത്രി.

Content Highlights: FACEBOOK REMOVED 687 FAKE ACCOUNTS OF CONGRESS