ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണച്ചിലവിലേക്ക് പണം സ്വരൂപിക്കാന്‍ ഓണ്‍ലൈന്‍ സംഭാവനകള്‍ സ്വീകരിക്കാന്‍ തയ്യാറായ സ്ഥാനാര്‍ഥികള്‍ നിരവധിയാണ്. ജെ.എന്‍.യു സമരങ്ങളിലൂടെ ശ്രദ്ധേയനായ കനയ്യ കുമാര്‍ മുതല്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വരെ നീണ്ട നിരയുണ്ട് ഈ 'യൂറോപ്യന്‍ മാതൃക'യുടെ പിന്നാലെ പോയവരായി.

സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യ കുമാറാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചത്- 70 ലക്ഷം രൂപ. 5500 പേരാണ് ഇതുവരെ കനയ്യക്ക് സംഭാവന നല്‍കിയത്. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മാര്‍ലെനക്ക് ലഭിച്ചത് 50 ലക്ഷം രൂപയാണ്. ആന്ധ്രയിലെ പാര്‍ചുരില്‍ നിന്ന് മത്സരിക്കുന്ന ബി.എസ്.പി സ്ഥാനാര്‍ഥി വിജയ കുമാര്‍ 1.9 ലക്ഷം രൂപ ഇങ്ങനെ സമാഹരിച്ചിട്ടുണ്ട്. അധികം പിന്നിലല്ലാതെ 1.4 ലക്ഷം സമാഹരിച്ച സി.പി.എമ്മിന്റെ  മുഹമ്മദ് സലീമുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റുവഴിയാണ് രമ്യ ഹരിദാസ് സംഭാവന സ്വരൂപിക്കുന്നത്.

ഇന്റര്‍നെറ്റ് വഴിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയുടെ പ്രധാന ആകര്‍ഷണം അതിലെ സുതാര്യതയാണ്.  പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ശക്തമായ സാഹചര്യത്തില്‍.  2017ലെ മണിപ്പൂര്‍ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ ഈ രീതി ശ്രദ്ധ നേടിയത്. ഇറോം ശര്‍മിളക്ക് വേണ്ടി അന്ന് സ്വരൂപിച്ചത് 4.5 ലക്ഷം രൂപയാണ്. ഇപ്പോള്‍ രംഗത്തുള്ളവരില്‍ ബഹുഭൂരിപക്ഷവും ഇടതു കക്ഷികളുടെ സ്ഥാനാര്‍ഥികളാണ്. 

അവര്‍ഡെമോക്രസി എന്ന ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റ് വഴി മാത്രം ഇതുവരെ സ്ഥാനാര്‍ഥികള്‍ ലഭിച്ചത് 1.4 കോടി രൂപയാണ്. 40 സ്ഥാനാര്‍ഥികളാണ് രാജ്യത്താകെ ഈ വെബ്‌സൈറ്റ് ഉപയോഗിച്ചത്. 17000 പേര്‍ അവര്‍ക്ക് സംഭാവന നല്‍കിക്കഴിഞ്ഞു.

Content highlights: crowd funding; Kanhaiya Kumar has so far raised Rs. 70 lakh