തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 അക്കൗണ്ടുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. ബി.ജെ.പിയുമായി ബന്ധമുള്ള 15 അക്കൗണ്ടുകളും. അടച്ചുപൂട്ടിയ പേജുകളുടെ എണ്ണം പരിശോധിച്ചാല്‍ നഷ്ടം ബി.ജെ.പിക്കാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെയ്‌സ്ബുക്കിന്റെ നടപടിയിലൂടെ കോണ്‍ഗ്രസ് അനുകൂല പേജുകള്‍ക്ക് നഷ്ടമായത് രണ്ടു ലക്ഷം പേരെയാണെന്ന് പ്രമുഖ ഫ്ക്ട് ചെക്കിങ് വെബ്‌സൈറ്റാ'യ ആള്‍ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. എന്നാല്‍ ബി.ജെ.പിക്ക് വേണ്ടി സില്‍വര്‍ ടച്ച് എന്ന ഐടി കമ്പനി നോക്കി നടത്തുന്ന ദ ഇന്ത്യന്‍ ഐ എന്ന പേജിന് മാത്രമുള്ളത് 26 ലക്ഷം ഫോളോവര്‍മാരാണ്. അതായത് കോണ്‍ഗ്രസിന് നഷ്ടമായതിന്റെ 13 ഇരട്ടി. 

ഫെയ്‌സ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി തലവന്‍ നതാനിയേല്‍ ഗ്ലേഷറിന്റെ കുറിപ്പു പ്രകാരം അടച്ചുപൂട്ടിയ ബി.ജെ.പി അനുകൂല അക്കൗണ്ടുകള്‍ ഐടി കമ്പനിയായ സില്‍വര്‍ ടച്ചുമായി ബന്ധമുള്ളവയാണ്. നരേന്ദ്രമോദിക്ക് വേണ്ടി നമോ ആപ് നിര്‍മിച്ചവര്‍ ഇവരാണ്. രാഷ്ട്രപതി ഭവന്‍, ഗുജറാത്ത് സര്‍ക്കാര്‍, എന്‍.ഐ.സി തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധമുള്ള ഒരുപാട് വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നത് സില്‍വര്‍ ടച്ചാണ്. 

തിങ്കളാഴ്ച ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഇന്ത്യയിലും പാകിസ്താനിലുമായി ആകെ നീക്കിയത് 1000 അക്കൗണ്ടുകളാണ്. ദക്ഷിണേഷ്യയില്‍ ഇതുവരെ ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ നടത്തിയ ഏറ്റവും വലിയ ഇടപെടലാണ് ഇത്. 

'കോര്‍ഡിനേറ്റഡ് ഇന്‍ഓതന്റിക് ബിഹേവിയര്‍'  കണ്ടെത്തിയതോടെയാണ് ഫെയ്‌സ്ബുക്ക് ഇത്രയും പേജുകള്‍ നീക്കം ചെയ്തത് എന്ന് എഫ് ബി കുറിപ്പില്‍ പറയുന്നു. പേജുകളും വ്യക്തികളും കൂട്ടം ചേര്‍ന്ന് മറ്റുള്ളവരെ വഴിതെറ്റിക്കാനായി നടത്തുന്ന നീക്കം എന്നാണ് ഇതിനെ ഫെയ്‌സ്ബുക്ക് തന്നെ വ്യക്തമാക്കുന്നത്.

Content highlights: Coordinated Inauthentic Behavior; FB crackdown badly affected BJP Camp