ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വിലാപയാത്ര മോദിയുടെ റോഡ് ഷോയാക്കി വ്യാജപ്രചാരണം നടത്തുന്നതായി കണ്ടെത്തല്‍. ഇന്റര്‍നെറ്റിലെ വ്യാജവ്യാര്‍ത്തകള്‍ കണ്ടെത്തുന്ന ബൂംലൈവാണ് ബി.ജെ.പി. അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വ്യാജവീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടത്. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് തയ്യാറാക്കിയ ഇന്ത്യന്‍ മാധ്യമ പാനലിലെ അംഗമാണ് ബൂംലൈവ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ എന്ന പേരിലാണ് വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ആയിരങ്ങള്‍ക്കിടയിലൂടെ മോദിയും അമിത് ഷായും നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു സിംഹം നടന്നുനീങ്ങുന്നത് എങ്ങനെയാണെന്ന് കണ്ണുതുറന്നു കാണൂ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി ബി.ജെ.പി. അനുകൂല അക്കൗണ്ടുകളില്‍നിന്നും വ്യാപകമായി ഷെയര്‍ ചെയ്തിട്ടുമുണ്ട്. 

വാജ്‌പേയിയുടെ വിലാപയാത്ര- എന്‍ഡിടിവി റിപ്പോര്‍ട്ട്‌

എന്നാല്‍ മോദിയുടെ റോഡ് ഷോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങളാണെന്ന് ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാജ്‌പേയിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയുടെ ദൃശ്യങ്ങളില്‍ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്തിരുന്നു. ഭൗതികദേഹം വഹിച്ചുള്ള വാഹനത്തിനെ അനുഗമിച്ചാണ് നേതാക്കള്‍ നടന്നിരുന്നത്. ഈ ദൃശ്യങ്ങളാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണെന്ന പേരില്‍ ബി.ജെ.പി. അനുകൂല അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്. 

fbscreenshot

ഓഗസ്റ്റ് 16-നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചത്. ഓഗസ്റ്റ് 17-നായിരുന്നു സംസ്‌കാരം. ഇതിന് മുന്നോടിയായാണ് വിലാപയാത്ര സംഘടിപ്പിച്ചത്. അന്നേദിവസം വിവിധ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്ത വിലാപയാത്രയുടെ ദൃശ്യങ്ങളും ബൂലൈവ് പുറത്തുവിട്ടിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ മോദിയുടെ റോഡ് ഷോയെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങളും ഒന്നാണെന്ന് കാണാം. 

ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും വ്യാജവാര്‍ത്തകള്‍ വ്യാപകമായതോടെയാണ് ബൂംലൈവ് അടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 

Content Highlights: boomlive reports a video of vajpayee's funeral procession shared as pm modi filing his nomination