ചാലക്കുടിയില്‍ തനിക്ക് ലഭിച്ച ആവേശോജ്വലമായ സ്വീകരണത്തിന് ആശുപത്രിക്കിടക്കയില്‍ നിന്നും നന്ദി പറഞ്ഞ് ബെന്നി ബെഹനാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ഒന്നരയാഴ്ചയോളം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കയാണെന്നും പ്രചാരണ പരിപാടികളില്‍ മുന്നിട്ടിറങ്ങാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

''അസുഖവിവരം അന്വേഷിക്കാന്‍ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകള്‍ സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു . ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എന്നോടൊപ്പം മത്സരിക്കുന്ന സുഹൃത്ത്ഇന്നസെന്റ്, കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവ് വയലാര്‍ രവി ഉള്‍പ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി, സന്തോഷം''..അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എത്രയും പെട്ടെന്ന് നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നു. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രവുമായാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എത്തിയത്.

Content highlights: Benny Behnan responds from hospital facebook