കുശിനഗരം. ചരിത്രം ഉറങ്ങുന്ന മണ്ണ്. ശ്രീബുദ്ധന്‍ അവസാനമായി അന്നം ഉണ്ടത് ഇവിടെ വച്ചാണ്. കരിമ്പിന്‍ പാടങ്ങള്‍ അതിരിടുന്ന ഗ്രാമങ്ങള്‍. വലുതും ചെറുതുമായി എണ്ണമറ്റ മരങ്ങള്‍ നിറഞ്ഞ വഴിവക്കുകള്‍. 

ഗോരഖ് പൂരിലെക്ക് എത്തും മുമ്പേയാണ് നുനിയ പതിയ ഗ്രാമം. ബിരുവഡിലെ പുഴയോര ഗ്രാമങ്ങളിലൊന്ന്. സെവരാഹിയില്‍ നിന്ന് തിരിക്കണം. കരിമ്പിന്‍പാടങ്ങള്‍ക്കിടയില്‍ ഒറ്റവരിപ്പാത. ഇടയ്ക്കിടെ കടുകു പൂത്ത മഞ്ഞവിരിപ്പുകള്‍. മഹാഗണ്ഡകി നദിയുടെ കൈവഴികള്‍. പ്രതിപക്ഷ ഉപനേതാവ് അജയ് കുമാര്‍ ലല്ലുവിനെ കാണാന്‍ തിരിച്ചതാണ്. 

അതിനിടെ കണ്ടു. അനിശ്ചിത കാല നിരാഹാരത്തിന്റെ കൊടിപ്പാടുകള്‍.

അവിടെ നിര്‍ത്തി. ഹേമന്തത്തിന്റെ തണുപ്പ് മാന്തിക്കീറുന്നുണ്ട് . അതിനിടെ പുതുതായി പണി തീര്‍ത്ത ഭവാനി ക്ഷേത്രത്തോട് ചേര്‍ന്ന് ഏതാനും സമരക്കാര്‍. സ്ത്രീകളും കുട്ടികളുമുണ്ട്. മങ്ങിത്തുടങ്ങിയ തുണിശ്ശീലയിലെ ബോര്‍ഡ് വിളിച്ച് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയതാണ് സമരം. 
നിലത്ത് വിതറിയിട്ട വയ്ക്കോല്‍ ഞങ്ങള്‍ അതിന്  മീതെ വിരിച്ച ചാക്കിലിരുന്നു.

ചോദിച്ചു.  ' ഇത്രനാള്‍ നീളുന്ന നിരാഹാരമോ ?'

ഗംഗാധറും പപ്പുവും കഥ പറഞ്ഞു തുടങ്ങി. അവര്‍ക്കു മുന്നില്‍ കണ്ണെത്താത്ത മണല്‍പ്പരപ്പാണ്. പുഴയോരത്ത് ബണ്ട് കെട്ടാന്‍ കല്ലിട്ടിട്ടുണ്ട്. ഒഴുക്കുണ്ട് പുഴയില്‍.

വര്‍ഷങ്ങളായി ഈ ഗ്രാമീണര്‍ ഭയപ്പെടുന്നത് വേനലിനെയാണ്. നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് പാട്നയിലേക്ക് വെള്ളം കൊണ്ടു പോകുന്നത് ഇതുവഴിയാണ്. നാരായണി നദി ഇവിടെ കര കവിഞ്ഞൊഴുകുന്നു. പാടലീപുത്രത്തിന്റെ കുടിവെള്ളത്തിന് ഇവിടെ കഷ്ടപ്പാടിന്റെ നിറമാണ് . അത് നക്കിത്തോര്‍ത്തുന്നത് ജീവിതങ്ങളേയും.

പുഴ കുത്തിയൊഴുകുമ്പോള്‍ കരയിടിയുന്നത് സ്വാഭാവികം. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഓരോ തവണയും കരയോട് ചേര്‍ന്ന് നിറയുന്ന മണലിലേക്ക് മണ്ണുമാന്തികളെത്തുന്നു. യന്ത്രക്കൈകള്‍ കോരിയെടുക്കുന്ന ചാലുകളിലേക്ക് അടുത്ത വര്‍ഷം വെള്ളം നിറയുന്നു. പിന്നെ കുത്തിയൊലിക്കുന്നു. താല്‍ക്കാലിക ബണ്ട് പൊട്ടിത്തകരുന്നു. ഗ്രാമങ്ങള്‍ മാഞ്ഞുപോകുന്നു. 

ദൂരെ മണല്‍പ്പരപ്പിലേക്ക് ചൂണ്ടി ബന്‍വാരി ദേവി പറഞ്ഞു. 'ദാ ,അവിടെയായിരുന്നു വീട് . ആ പുഴയ്ക്കും അപ്പുറത്ത്. നല്ല വീട്. ഇപ്പോള്‍ ഒന്നുമില്ല. റേഷന്‍ കാര്‍ഡ് പോലും.'

പുഴയോരത്ത് കാലിത്തൊഴുത്തുകള്‍  ചിലയിടത്ത് വീടിനേക്കാള്‍ മെച്ചം. എന്തന്നാല്‍ മനുഷ്യനേക്കാള്‍ വില ഇവിടെ കാലികള്‍ക്കുണ്ട്. പാലു തരും. പിന്നെ ചാണകവും. ചാണകവരളികള്‍ ചൂടുപകരുന്നുണ്ട് ഈ തണുപ്പില്‍. വിറകുമാണ്. ചാകാന്‍ കിടക്കുന്നവരേക്കാള്‍ എന്തുകൊണ്ടും ഭേദം. 

അജയ് ലല്ലു അവിടേക്ക് വന്നു. ജനങ്ങളിലേക്ക് ചെറിയ ആരവം ഉയര്‍ത്തി. പതിവ്  ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് വിഭിന്നനാണ് ലല്ലു. എന്‍ജിഒ പ്രവര്‍ത്തനം കഴിഞ്ഞാണ് കോണ്‍ഗ്രസില്‍ വന്നത്. ജനങ്ങളെ പരിചയമുണ്ട്. അദ്ദേഹം പറഞ്ഞു. ' ആരും തിരിഞ്ഞു നോക്കുന്നില്ല സമരത്തെ. ബിജെപി നേതാക്കള്‍ തന്നെയാണ് മണലെടുക്കാന്‍ പാസ് വാങ്ങിയിട്ടുള്ളത്. പിന്നെ മന്ത്രിമാരുടെ ബിനാമികളും. നിയമസഭയില്‍ പലവട്ടം വിഷയം ഉന്നയിച്ചു. ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നു. അദ്ദേഹം ഒരിക്കല്‍ പോലും ഇവരുടെ ദുരിതങ്ങള്‍ പരിഗണിച്ചിട്ടില്ല  '

യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ലോകസഭ മണ്ഡലം വിട്ടിട്ട് വര്‍ഷമൊന്നു കഴിഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയുമാണ്. പ്രളയ ദുരിതാശ്വാസം ഈ ഈറന്‍ മണ്ണില്‍ എത്തിച്ചേരാത്ത നിധി. 

വയ്ക്കോല്‍ മേഞ്ഞ കൂരകളിലേക്ക് അവര്‍ മടങ്ങുകയാണ്. ഹൃദയത്തെ മുറുക്കി അതിനിടെ യശോദാദേവി വന്നു. നഷ്ടപ്പെട്ട പാര്‍പ്പിടത്തിന്റെ ഓര്‍മ്മ ഉന്മാദിയാക്കിയ സ്ത്രീ. ഞങ്ങള്‍ക്കരികില്‍ അവരെത്തി. അപരിചിതരെ കണ്ട് ആദ്യം പകച്ചു. അതിവേഗം ചിരിച്ചു. ഒരു പിടി മണലെടുത്തു. ഞങ്ങളുടെ തലയ്ക്കു മേല്‍ ഉഴിഞ്ഞു. നേരേ വാഹനത്തിനരികിലേക്ക് നീങ്ങി. ചുറ്റും നടന്നു. പിന്നെ നേരെ നദിക്കരയിലെ കടപുഴകിയ മരത്തിനടുത്തേക്ക് നീങ്ങി. മത്തില്‍ ചവിട്ടി നിന്ന് ആ മണ്ണ് അവര്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. 
ഗംഗാധര്‍ പറഞ്ഞു. 

'അവിടെയായിരുന്നു നുനിയാപട്ടിയയിലെ പ്രസിദ്ധമായ ഭവാനി ക്ഷേത്രം.'