അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമാണ്. വെടിയൊച്ചകളുണ്ട്. മോര്‍ടാര്‍ പേടിയുണ്ട്. മനുഷ്യന്‍ ഖിന്നനാണ്. യുദ്ധത്തിന് വേണ്ടിയുള്ള അലമുറകള്‍ നഗരങ്ങളിലുണ്ട്. കാകോറിയിലെ പാവപ്പെട്ടവരും പാല്‍പ്പാത്രവുമായി കാത്തു നില്‍ക്കുന്നതിനിടെ ഇത് ഏറ്റുവിളിക്കുന്നുണ്ട്. 

അതെ, കാക്കോറി. ലഖ്നോവില്‍ നിന്ന് മുപ്പതു കിലോമീറ്ററോളം ദൂരമേയുള്ളൂ കാകോറിയിലേക്ക്. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം. ചോര കൊണ്ടെഴുതിയ ഇതിഹാസം. 
1922. ചൗരി ചൗര. ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തമായി. പോലീസ് സ്റ്റേഷന്‍ കത്തിച്ചു. ഗാന്ധിജി സമരം നിര്‍ത്തി. അഹിംസയല്ല മാര്‍ഗമെന്ന് ഇതോടെ വ്യക്തമാക്കി തീവ്രവാദികള്‍. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ വന്നു. ബ്രിട്ടീഷുകാര്‍ക്ക് എതിരായ സമരം ശക്തമാക്കണം. വെള്ളക്കാരെ കെട്ടുകെട്ടിക്കണം. അതിന് ആയുധം വേണം . പണം വേണം. അതിനായി തീവണ്ടിക്കൊള്ള നടത്തിയ നാടാണ് കാക്കോറി.

kakori

അവര്‍ ആരും നിസ്സാരക്കാരായിരുന്നില്ല. ചന്ദ്രശേഖര്‍ ആസാദ്, പണ്ഡിറ്റ് രാമപ്രസാദ് ബിസ്മില്‍, അഷ്ഫഖുള്ളാ ഖാന്‍, സചീന്ദ്ര ബക്ഷി, രാജേന്ദ്ര ലാഹിരി, കേശവ് ചക്രവര്‍ത്തി, മന്മഥ് നാഥ ഗുപ്ത,മുരാരി ലാല്‍ ഖന്ന, മുകുന്ദ് ലാല്‍ ഗുപ്ത, ബന്‍വാരി ലാല്‍. ചരിത്രത്തിലേക്ക് നടന്നുകയറിയ പേരുകള്‍.

1925. ലഖ്നോവിലേക്ക് വരുന്ന തീവണ്ടി വിപ്ലവകാരികള്‍ കാക്കോറിയില്‍ ചങ്ങല പിടിച്ചു നിര്‍ത്തി. ബ്രിട്ടീഷു ഖജനാവിലേക്കുള്ള പണം കൊണ്ടു പോയ വണ്ടി. ആരേയും കൊല്ലില്ലെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. പണം എടുക്കുന്നതിനിടെ എതിര്‍ത്ത ഒരാളെ പക്ഷേ വധിക്കേണ്ടി വന്നു. 8000 രൂപയുമായി അവര്‍ മടങ്ങി. ഒരു രൂപ പോലും പാഴാക്കിയില്ല. വെള്ളക്കാരെ അസ്വസ്ഥമാക്കി അവര്‍ പോരടിച്ചു.

ഇന്നത്തെ ലോകത്തിന്റെ മൂന്നു രാജ്യങ്ങളില്‍ നിന്ന് അവരെ പിടിച്ചു. നാലു പേരെ തൂക്കിക്കൊന്നു. നിരവധി പേര്‍ക്ക് ജീവപര്യന്തം. കാലാപാനിയിലേക്ക്. 
കാക്കോറി റെയില്‍വേ സ്റ്റേഷന്‍ അത്യാവശ്യം തിരക്കുള്ള സ്റ്റേഷനുകളിലൊന്നാണ്. കടന്നു പോകുന്ന വണ്ടികളാല്‍ സമ്പന്നം. നിര്‍ത്തുന്നത് മൂന്നോ നാലോ പാസഞ്ചര്‍ വണ്ടികള്‍ മാത്രം.

ലഖ്നോയുടെ അതിരുകള്‍ മാഞ്ഞ് ഞങ്ങള്‍ നീങ്ങി. പൊടിയാര്‍ക്കുന്ന തെരുവുകള്‍. പശുക്കള്‍ മേയുന്ന നിരത്തുകള്‍. കടുകും ഗോതമ്പും കൃഷിചെയ്യുന്ന പാടങ്ങള്‍. തണുത്തുവരണ്ട ഒറ്റയടിപ്പാതകള്‍. കാക്കോറിയില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട വണ്ടികള്‍. ജനങ്ങള്‍ അക്ഷമരാണ്. തീവണ്ടികളില്‍ കെട്ടിയിട്ട പാല്‍പ്പാത്രങ്ങള്‍. 

kakori

മറ്റു വണ്ടികള്‍ക്ക് വേണ്ടി രാവിലെ പോകേണ്ടുന്ന പാസഞ്ചര്‍ വണ്ടികള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നു. ലക്ഷ്യത്തിലെത്തും മുമ്പേ പാല്‍ കേടാവുന്നു. നാട്ടുകാര്‍ അസ്വസ്ഥരാണ്. 
ക്യാമറക്കു മുന്നിലേക്ക് എല്ലാവരും വന്നു. പരാതികളുടെ പ്രളയം. പലരും വണ്ടികളിലും പാല്‍പ്പാത്രങ്ങളാണ്. തീവണ്ടിക്കകത്ത് നിന്നും ആളുകള്‍ ഇറങ്ങി വന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നു മാത്രം.
' നോക്കൂ, പാല്‍ കേടാവാതെ വില്‍ക്കാനാവണം'
'ഞങ്ങള്‍ക്ക് നഗരത്തില്‍ ജോലിക്ക് പോകാന്‍ പാകത്തില്‍ തീവണ്ടിയോടണം'
'തീവണ്ടി ഒന്ന് ഓടുകയെങ്കിലും വേണം.'
'ആറു വണ്ടികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലായി'
കാകോറി കേസിനെ പറ്റി ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും അരിശം. 
ബഹളം കേട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ പുറത്തേക്ക് വന്നു. നോക്കി. അകത്തേക്ക് പോയി. വൈകാതെ നീല യൂണിഫോമണിഞ്ഞ വനിതാ ഗാര്‍ഡ് വന്ന് ഞങ്ങളോട് സാബിനടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു.
നേരേ ചെന്ന് കാര്യം പറഞ്ഞു. ജയന്ത് നാഥ് മിശ്രയാണ് സ്റ്റേഷന്‍ മാസ്റ്റര്‍. കാക്കോറിയെന്ന് കേട്ടപാടെ അദ്ദേഹത്തിന് ചോര തിളച്ചു.
ചോദ്യം ചെയ്യല്‍ നിലച്ചു. കസേര തന്നു. ഹസ്തദാനവും. ആവേശ പൂര്‍വം ആരംഭിച്ചു.
'അതാണ് ചരിത്രം. വെള്ളക്കാര്‍ അവരെ കവര്‍ച്ചക്കാര്‍ എന്നു വിളിച്ചു. അത് തെറ്റ്. രാജ്യത്തിന് വേണ്ടി സമരം ചെയ്യ രക്തസാക്ഷികള്‍. അവരെ ആദരിക്കണം. റെയില്‍വേയ്ക്ക് സ്ഥലമുണ്ട്. സ്മാരകം ഇവിടെ വേണം എന്നായിരുന്നു ആഗ്രഹം. ഒരു കിലോമീറ്റര്‍ അകലെ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സ്മാരകം പണി തുടരുകയാണ്.'

അകലെ മിശ്ര പറഞ്ഞ പോലെ സ്മാരകം പണി തുടരുകയാണ്. അകത്ത് കാക്കോറി ഗൂഢാലോചനയില്‍ പങ്കാളികളായ സ്വാതന്ത്യ സമര സേനാനികളുടെ ചിത്രങ്ങളും പ്രതിമകളും ഉണ്ട്. കാവല്‍ക്കാരന്‍ ശര്‍മ്മാജി പറഞ്ഞു. ' ഇവിടെ പണി തുടരുകയാണ്. ഞാനൊരാളേയുള്ളൂ. വലിയ സ്‌ക്രീനില്‍ എല്ലാ ദിവസവും കാക്കോറിയെ ക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്.'

ഞങ്ങള്‍ തിരിച്ചു നടന്നു. കാക്കോറികേസിനെ പറ്റി അറിയാത്ത നാട്ടുകാര്‍ ഞങ്ങളെ കൗതുകത്തോടെ നോക്കി. ഓര്‍ത്തു. ഇന്നത്തെ മൂന്നു രാജ്യങ്ങളില്‍ നിന്നാണ് അന്ന് വെള്ളപ്പട ഗൂഢാലോചനകരെ പിടിച്ചത്. ചന്ദ്രശേഖര്‍ ആസാദിനെ പിന്നീടാണ് വെടിവച്ചു കൊന്നത്. തീവണ്ടി തടഞ്ഞവരുടെ മനസ്സില്‍ ഒരു ഇന്ത്യ ഉണ്ടായിരുന്നു. സിറില്‍ റാഡ്ക്ലിഫ് രേഖ വരച്ചത് പിന്നീടാണ്. അതിരുകളും മനസ്സുകളും വിഭജിക്കപ്പെട്ടതും. 

പുറത്തെ ചേരിയില്‍ ഉടുതുണിയില്ലാത്ത കുഞ്ഞുങ്ങള്‍ ഓടിനടക്കുന്നുണ്ട്. കാക്കോറിയിലൂടെ കാലത്തിന്റെ തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. ആ രക്തസാക്ഷികള്‍ ആഗ്രഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവിലൂടെ.

Content highlights: Indian Independence Movement, kakori incident