പൗരാണിക ലഖ്നോ. ഗോമതിനഗറിലെ തിളക്കം ഇവിടെ കാണാനാവില്ല. പുതിയ ലഖ്നോയുടെ പുത്തന്‍ കൗതുകങ്ങള്‍ ഒന്നും ഇല്ല. ആധുനിക മാളുകളില്ല. വലിയ തെരുവുകളില്ല. പലപ്പോഴും പുത്തന്‍ വാഹനങ്ങള്‍ പോലുമില്ല. 

പക്ഷേ തിരക്കാണ്. എപ്പോഴും. വീതി കുറഞ്ഞ തെരുവിലൂടെ ഏറെ ബദ്ധപ്പെടണം ലക്ഷ്യത്തില്‍ എത്താന്‍. 115 കൊല്ലം മുമ്പ് തുടങ്ങിയ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജിന് മുന്നിലെത്തുമ്പോള്‍ പ്രത്യേകിച്ചും. അല്‍പം കൂടി മുന്നോട്ട് പോയാല്‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ സ്വാതന്ത്ര്യ സമര ചരിത്രം ഇരമ്പുന്ന പാര്‍ക്ക്. വൈകാതെ താക്കൂര്‍ഗഞ്ചിലേക്ക്. 

വണ്ടി പോകില്ല. ഇരുവശത്തും ഇഷ്ടിക അടുക്കിവച്ച മതിലുകള്‍. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ഇടമൈതാനങ്ങള്‍. കുന്നുകാലികള്‍ അലയുന്ന കവലകള്‍. കാളവണ്ടികള്‍, സൈക്കിള്‍ റിക്ഷകള്‍. പോയ കാലത്തിന്റെ മുഴുവന്‍ ചിഹ്നങ്ങളും കാണാം റോഡില്‍ തന്നെ. 

ഇടത്തോട്ടുള്ള ഗലിയില്‍ കാണാം പെട്ടെന്ന് മനോഹരമായ ചെറുമഷാറ. ഖബറിടം. ഇവിടെ ഉറങ്ങുന്നു ബീഗം അക്തര്‍. പാരിജാതപ്പൂക്കള്‍ക്ക് താഴെ. അമ്മയുടെ ഖബറിടത്തിന് അരികെ. 

ബീഗം അക്തര്‍ ഫൈസാബാദി. ഗസലുകളുടെ രാജ്ഞി. സിനിമയെ വെല്ലുന്ന ദുരന്തജീവിതം. അയോധ്യക്ക് അടുത്തുള്ള ഫൈസാബാദിലാണ് ബീഗം പിറന്നത്. അസ്ഗര്‍ ഹുസൈന്‍ എന്ന വക്കീലിന്റെ രണ്ടാം ഭാര്യ മുഷ്താരിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായി. സോഹ്റയുടേയും ബിബിയുടേയും( അക്തര്‍) കുട്ടിക്കാല സന്തോഷം ഏറെ നീണ്ടില്ല. പിതാവ് ഉപേക്ഷിച്ചു.

കുട്ടിക്കാലത്തേ സംഗീതം പഠിച്ചു അക്തര്‍. പാറ്റ്നയില്‍, പട്യാലയില്‍, കൊല്‍ക്കൊത്തയില്‍, ലാഹോറില്‍. ആ സ്വരം ലോകം കീഴടക്കി. അതിലേറെ ആ സൗന്ദര്യവും. ഗുരു തന്നെയാണ് ആദ്യം അക്തര്‍ ഫൈസാബാദിയുടെ ജീവിതത്തിലെ ആദ്യ വില്ലനായത്. പിന്നെ നളന്ദയിലെ രാജാവ്. പിന്നീടങ്ങോട്ട് പലവട്ടം. സിനിമയില്‍ നായികയായും ഗായികയായും അക്തര്‍ തിളങ്ങി. തിക്താനുഭവങ്ങളുടെ നൈരന്തര്യം. പലവട്ടം ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് വിധേയയായി. മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൊക്കെയ്ന്‍ സഞ്ചാരങ്ങള്‍. ഒടുവില്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സംഗീതം. 

ഗസലുകളും ദാദരകളും തുമരികളുമായി ബീഗം ചരിത്രത്തിലേക്ക് ചുവടുവച്ചു. സരോജിനി നായിഡു ആ ശബ്ദം കേട്ട് വിസ്മയിച്ചു. ഇന്നത്തെ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വിസ്മയ കുതൂഹലങ്ങളോടെ ആ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ക്ക് കാതോര്‍ത്തു.

1974 ല്‍ ബാലരാമപുരത്ത് വച്ചുള്ള സംഗീതക്കച്ചേരിയാണ് ബീഗത്തിന്റെ അവസാനത്തെ കച്ചേരിയായത്. പാടിപ്പാടി ബീഗം മരിച്ചു. മരണത്തിന് മറ്റേതു വിധം ബീഗത്തെ സ്പര്‍ശിക്കാന്‍ ധൈര്യം വരും? ആകാശവാണിയിലൂടെ ആ സ്വരം അനശ്വരമായി തന്നെ നിന്നു. വൈരുധ്യങ്ങളേയും വിഷാദങ്ങളേയും വിനമ്രമാക്കിക്കൊണ്ട് .

ബീഗത്തിന്റെ പസന്ത് ബാഗ് ആയിരുന്നു താക്കൂര്‍ഗഞ്ച്. ഇരുപതേക്കറോളം വരുന്ന വിശാലമായ മാന്തോപ്പ് . ബീഗത്തിന്റെ മാതാവിന് - മഷ്താരി ബീഗത്തിന് - നേരത്തേ തന്നെ അവിടെ കബറിടം ഒരുക്കിയിരുന്നു. മരണാനന്തരം ആഗ്രഹപ്രകാരം ബീഗം അക്തറും ഇവിടെ വിശ്രമിക്കാനെത്തി. 

നഗരം വികസിച്ചു. ബീഗത്തിന്റെ പിന്‍ഗാമികള്‍ക്ക് മഷാറയില്‍ താല്‍പര്യമില്ലാതായി. ചുറ്റുപാടും വിറ്റുപോയി. അവസാനം ഇതു മാത്രം ബാക്കിയായി. രണ്ടു കല്ലറകള്‍ക്ക് ചുറ്റും പ്രദക്ഷിണ വഴി മാത്രം. മറ്റെല്ലാം നഷ്ടമായി. പഴയ പസന്ത്ബാഗില്‍ ഇന്ന് 1200 ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആറു കൊല്ലം മുമ്പ് രണ്ട് ഖബറുകളും പുതുക്കിപ്പണിതു. വെണ്ണക്കല്‍ ശിലകള്‍ക്ക് പഴയ തിളക്കം തിരികെ കിട്ടി.

കാവല്‍ക്കാരിയായി ഉണ്ട് ഫാത്തിമ. അവര്‍ പറഞ്ഞു. ' ഇന്നും ഒരുപാട് പേര്‍ വരുന്നു. ദല്‍ഹിയില്‍ നിന്ന്, കൊല്‍ക്കൊത്തയില്‍ നിന്ന്, മുംബയില്‍ നിന്ന്, മദ്രാസില്‍ നിന്ന്. എല്ലാവരും പറയുന്നു ബീഗത്തെ പറ്റി. പാവം. എത്ര കഷ്ടപ്പെട്ടതാണ്. ഇനി ഇവിടെ ശാന്തം കിടന്നുകൊള്ളട്ടെ. ' 

സന്ദര്‍ശക പുസ്തകത്തില്‍ സമാനഹൃദയരുടെ സങ്കടങ്ങളെ കാണാം. കാലങ്ങളെ മുറിച്ചു കടന്ന ഗസല്‍പ്രേമികളുടെ കരള്‍പ്പാടുകള്‍. 

മുല്ലയും പാരിജാതവും തണല്‍ വിരിക്കുന്നു ഖബറിടത്തില്‍. പാതിരാവില്‍ പൂവു കൊഴിയുന്നു. ബീഗത്തിന്റെ നെടുവീര്‍പ്പുകളിലെന്നോണം. 

സൂക്ഷിച്ച് ചുവടുവയ്ക്കുക. കേള്‍ക്കാം. കാലാതിവര്‍ത്തിയായ ഈണങ്ങള്‍. ഒപ്പം ആത്മാവിന്റെ നൊമ്പരങ്ങള്‍. 

Content Highlights: Thakurganj here Begum Akhtar rest in peace