"ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അയല്‍ക്കാരന്‍ എന്നോട് പ്രേമാഭ്യര്‍ത്ഥന നടത്തി. എനിക്ക് പഠിക്കാനുണ്ടായിരുന്നു. സ്വപ്നങ്ങളും. കൂട്ടുകാരുമൊത്ത് പഠിച്ച് സ്വന്തമാക്കേണ്ട വലിയ കാര്യങ്ങള്‍. അടുത്ത ദിവസത്തെ ഹോം വര്‍ക്ക്. അയാള്‍ വീണ്ടും വന്നു. ഞാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സ്‌കൂളില്‍ നിന്ന് മടങ്ങവേ  അയാള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. മുഖത്തേക്ക് ആസിഡ് ഒഴിച്ചു. ലോകം ഇരുണ്ടു പൊള്ളി. ഇരുട്ടിലൂടെ ഞാന്‍ ഓടി. ഒരു വിധം വീട്ടിലെത്തി. അച്ഛനമ്മമാര്‍ക്ക് അരികില്‍. അവരും കരഞ്ഞു. ആശുപത്രിയിലേക്ക് നീങ്ങി. ആരും അടുത്തു വന്നില്ല. ചികിത്സ നീണ്ടു. തിരിച്ചു ചെന്നപ്പോള്‍  ലോകം  എനിക്ക് നഷ്ടപ്പെട്ടെന്ന് മനസ്സിലായി. കൂട്ടുകാര്‍ ഭയന്നോടി. അധ്യാപകര്‍ അകറ്റി. ആരും അടുത്തു വന്നില്ല. മരിച്ചാല്‍ മതിയെന്ന് തീര്‍ച്ചയാക്കി. അമ്മ പറഞ്ഞു. മരിക്കേണ്ടത് നീയല്ല. നിന്നെ ഇങ്ങനെ ചെയ്ത ക്രൂരന്മാരാണ്. നീ ഒറ്റയ്ക്കല്ല. എന്നാലും ഞാന്‍ ഏറെ കഷ്ടപ്പെട്ടു. അപ്പോഴാണ് ഷീറോസിനെ പറ്റി അറിഞ്ഞത്. ഞങ്ങള്‍ പുറത്തിറങ്ങാന്‍ തീര്‍ച്ചപ്പെടുത്തി. ജനങ്ങളെ സമീപിക്കാനും. അങ്ങനെ ഇവിടെ എത്തി. ഞങ്ങള്‍ക്ക് സഹതാപം വേണ്ട. നഷ്ടപരിഹാരം പക്ഷേ ആവശ്യമാണ്."
അന്‍ശു ചതുര്‍വേദി

"പഠനവും തൊഴിലും ഒന്നിച്ചായിരുന്നു. നാലു കൊല്ലം മുമ്പേ അമ്പതു വയസ്സോളമുള്ള ഒരാള്‍ അരികിലെത്തി. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് അരികെ അയാള്‍ക്കും ചെറിയ കടയുണ്ട്. അയാള്‍ എന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു. അയാളുടെ മകളുടെ പ്രായമല്ലേ ഉള്ളൂ എന്ന് ഞാന്‍ ചോദിച്ചു. പിന്നെ കയ്യേറ്റം ചെയ്യാനായി ശ്രമം. ഞാന്‍ ചെരിപ്പൂരി അടിച്ചു. പിറ്റേന്ന് വരുന്ന വഴിയില്‍ അയാള്‍ പെട്ടെന്ന് അരികില്‍ വന്ന് ആസിഡ് ഒഴിച്ചു. ഞാന്‍ മുഖം വെട്ടിച്ചു. എങ്കിലും പൊള്ളിവീര്‍ത്ത കഴുത്തുമായി ഞാന്‍ കിലോമീറ്ററുകളോളം ഓടി. പിന്നെ പുറത്തിറങ്ങാനാവാത്ത കാലം. ജീവിതത്തിലേക്ക് ഇരുട്ട്  വീഴുകയായിരുന്നു."
ജീതു ശര്‍മ്മ  

"നാലു കുട്ടികളുടെ അമ്മയായി ഞാന്‍. നാലു പെണ്‍കുട്ടികള്‍. ആണ്‍കുട്ടി ഇല്ലാത്തതില്‍ ആദ്യം അലോസരം ഉണ്ടാക്കിയത് ഭരത്താവിന്റെ അമ്മ. പിന്നാലെ അത് ഭര്‍ത്താവ് ഏറ്റെടുത്തു. എല്ലാ തരത്തിലും ഉപദ്രവം. പരസ്യമായി മര്‍ദിക്കും. ഭക്ഷണമില്ല. ജീവിതം തുലഞ്ഞു. അതിനിടെ ഭര്‍ത്താവ് ഒരു ദിവസം എന്റെ സ്വകാര്യഭാഗങ്ങളില്‍ ആസിഡ് ഒഴിച്ചു. മരിക്കാത്തതില്‍ മനംനൊന്ത് ഞാന്‍ കഴിച്ചു കൂട്ടി. ആശുപത്രിയില്‍ പോയി അപമാനിക്കപ്പെട്ടു. തിരിച്ചുപോകാന്‍ ഇടമില്ല. കുട്ടികളും അനാഥരായി. അപ്പോള്‍ ഷീറോസ് വന്നു. ഇന്ന് എനിക്ക് ജീവിക്കാനാവും. എന്റെ കുട്ടികള്‍ക്കു പഠിക്കാനാവും. ഞങ്ങള്‍ തിരിച്ചുവരികയാണ്."
റീഷ്മ

ഖ്നോ അംബേദ്കര്‍ പാര്‍ക്. നേരേ എതിര്‍വശത്താണ് ഷീറോസ് ഹാംഗ് ഔട്ട്. ആസിഡ് ആക്രമണത്തില്‍ പൊള്ളിയ 13 പേരുടെ തിരിച്ചുവരവിന്റെ ഇടം. ലഖ്നോവില്‍ ഏറ്റവും വൃത്തിയുള്ള ഭക്ഷണം നല്‍കുന്നത് ജീവിതം കരിഞ്ഞ ഈ പെണ്‍കുട്ടികളാണ്. ആഗ്രയിലും ലഖ്നോവിലുമുള്ള ഷീറോസ് ഹാംഗ് ഔട്ടുകള്‍ അമ്ലജീവിതങ്ങളുടെ അതിജീവനങ്ങളാണ്. 

ചാവ് ഫൗണ്ടേഷനാണ് സംരംഭത്തിന് പിന്നില്‍. അനുതാപം ആവശ്യമില്ലെന്ന പ്രഖ്യാപനമാണിത്. അതിലേറെ ആരേയും അസ്വസ്ഥമാക്കുന്ന തിരിച്ചുവരവാണ്. മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും ഹീനമായ കര്‍മ്മത്തെ ഇവര്‍ വിളിച്ചു പറയുന്നു. സ്വന്തം ജീവിതത്തിലൂടെ. അവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മനുഷ്യനിലെ അക്രമി തോല്‍ക്കും. സ്ത്രീപീഡകന്‍ ലജ്ജിക്കും. പുരുഷന്‍ പത്തി താഴ്ത്തും. ആത്മാവ് കരയും.

രാജ്യത്ത് ആസിഡ് വില്‍പനയുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ കിട്ടാവുന്ന ഒന്നല്ല ആസിഡ്. വില്‍പനയിലും വാങ്ങലിലും നിയന്ത്രണങ്ങള്‍ പാലിക്കണം. ഇടപാടുകാരെപ്പറ്റി മുഴുവന്‍ വിവരങ്ങളും വേണം. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളാണ്. എല്ലാം കടലാസില്‍ മാത്രം. യുപിയിലെ തെരുവുകളില്‍ പൊള്ളുന്ന ആസിഡ് എളുപ്പത്തില്‍ കിട്ടും.

എപ്പോഴും അത് തെറിച്ചു വീണേക്കാം. നിരസിക്കപ്പെടുന്ന പ്രണയാഭ്യാര്‍ത്ഥനകളില്‍. പ്രണയപരാജയങ്ങളില്‍. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന അമ്മമാരില്‍, ചോദ്യം ചെയ്യപ്പെടുന്ന അഹന്തകളില്‍. എവിടേയും.

കോടതി പറയുന്നുണ്ട്, ആസിഡ് ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് പരമാവധി സഹായം വേണം. ചികിത്സാച്ചെലവ് പാടില്ല. വിവേചനം അരുത്. എന്നാല്‍ സംഭവിക്കുന്നത് നേരേ തിരിച്ചാണ്. എല്ലായിടത്തും ഈ കരിഞ്ഞ മുഖങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ചികിത്സാച്ചെലവിനായി അന്നോളമുള്ള കുടുംബസമ്പാദ്യം തന്നെ ചെലവിടേണ്ടി വരുന്നു. പിന്നെ ജീവിതം അസാധ്യമാകുന്നു. ചികിത്സയ്ക്കെത്തുമ്പോള്‍ പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ പഴുത്തളിഞ്ഞ് ഇരകള്‍ മരിച്ചുപോകുന്നു.

കോടതികളിലോ? പരമോന്നത കോടതി നിര്‍ദേശിക്കുന്നത് എല്ലാ ആനുകൂല്യവും നല്‍കാനാണ്. എന്നാല്‍ വക്കീല്‍ച്ചെലവ് താങ്ങാനാവാതെ ഇരകള്‍ക്ക് കോടതികള്‍ തന്നെ അപ്രാപ്യമാവുന്നു.

അന്നേരമാണ് ഷീറോസ് ഹാംഗ് ഔട്ട് സംഭവിക്കുന്നത്. മൂടിവയ്ക്കേണ്ടതല്ല മുഖമെന്ന് വിളിച്ചുപറയുന്നു ഗരിമയും അംശുവുമെല്ലാം. എന്തെന്നാല്‍ സമൂഹത്തിന്റെ വൈകൃതമാണ് സ്വന്തം മുഖമെന്ന് അവര്‍ കാണിച്ചു തരികയാണ്. ഇവര്‍ക്കരികിലേക്ക് എന്നും എത്തുന്നുണ്ട് പുതുതലമുറ ഭക്ഷണം കഴിക്കാന്‍. ആര്‍ക്കും എന്തെങ്കിലും അലോസരമില്ലാതെ. അന്തസ്സായി ജീവിക്കുന്നവരെ അംഗീകരിച്ചുകൊണ്ട്. 

ഭക്ഷണശാലയുടെ ഒരു വശത്ത് ലൈബ്രറിയാണ്. വായനയിലൂടെ ലോകം വിശാലമാകണമെന്ന് കൂടി ഷീറോകള്‍ പറയുന്നുണ്ട്. 
ഇവരെ ഇവിടെനിന്ന് ഇറക്കിവിടണമെന്നആവശ്യവും ശക്തമാവുന്നുണ്ട്. പലര്‍ക്കും സഹിക്കുന്നില്ല ഇവര്‍ തിരിച്ചു വരുന്നത്. ഹോട്ടലിന് അരികില്‍ പ്രാര്‍ത്ഥന കാണാം. യോഗി ആദിത്യനാഥിനോട്. 'അമ്ലജീവിതങ്ങളെ വഴിയാധാരമാക്കരുത്. സഹായിക്കണം.'

ഇറങ്ങുമ്പോള്‍ അന്‍ശു പറഞ്ഞു. 'ഇല്ല , ഞങ്ങള്‍ പൊരുതി നില്‍ക്കും. ഇനിയും ഒരുപാട് പേര്‍ക്ക് വേണ്ടി. അവസാനത്തെ ആസിഡ് തുള്ളിയും പെണ്‍കുട്ടിക്ക് മേല്‍ പതിക്കില്ലെന്ന് ഉറപ്പാക്കുവോളം.'

അത് യാഥാര്‍ത്ഥ്യമാകട്ടെ. മൂടല്‍ മഞ്ഞ് ഇരുട്ടിനെ സാന്ദ്രമാക്കി. കരയുന്നത് ആരും കാണില്ലല്ലോ. നന്നായി.

Content Highlights: Sheros Hangout