രേയും വേദനിപ്പിക്കാതിരിക്കുക. സന്ദര്‍ശിക്കുന്ന വിശുദ്ധസ്ഥലങ്ങളോ നടകളില്‍ ചൊരിയുന്ന വൈരക്കല്ലുകളോ നിങ്ങളെ രക്ഷിക്കില്ല. കര്‍മ്മഫലം അനുഭവിക്കേണ്ടി വരും. സന്ത് കബീര്‍ പറഞ്ഞു. പതിനഞ്ചാം നൂറ്റാണ്ടില്‍. കബീര്‍ദാസ് ഇന്നും വികാരമാണ് യു.പിയിലെ ഗ്രാമാന്തരങ്ങളിള്‍. 

ഗോരഖ്പൂരില്‍നിന്നുള്ള യാത്രയിലാണ് സന്ത് കബീര്‍ നഗറിലെത്തിയത്. ശൈത്യകാല ആഘോഷത്തിലായിരുന്നു കബീര്‍ സമാധി. യു.പി. സര്‍ക്കാര്‍ കുറച്ചു കാലമായി ആഘോഷിക്കുന്ന ഉത്സവം. കുറച്ചു കാലത്തേക്ക് നാട്ടിന്‍പുറം വിപണികേന്ദ്രമാകും. പൊട്ടും വളയും മാലയും തൊട്ട് യന്ത്ര ഊഞ്ഞാല്‍ വരെ. രണ്ടാഴ്ചത്തെ ആരവത്തിലേക്ക് പ്രവഹിക്കുന്നു, അയല്‍ നാടുകളടക്കം. ബഹളമാണ് എമ്പാടും. 

കബീര്‍ കുളിച്ച നദിയില്‍ ജലമില്ല. ചിലയിടത്ത് മാത്രം ഒഴുക്കിന്റെ ലാഞ്ചന. കരിമ്പനകള്‍ അതിരിടുന്ന പാത. അവിടെ പക്ഷേ, ഒഴുക്ക് കലശലാണ്. കൗതുകകരവും. ഹിന്ദുക്കളും മുസ്ലീങ്ങളും നിറയെ. കലഹങ്ങളില്ലാതെ. കണ്ണുകളില്‍ അതിരുകളില്ലാതെ. 

ജാതി-മത വിഭജനങ്ങളാണ് സമൂഹത്തിന്റെ ശാപമെന്ന് അന്നേ പറഞ്ഞു കബീര്‍. വാരാണസിയില്‍ ജനിച്ച് നെയ്ത്തുകാരനായി ജീവിച്ച സൂഫിവര്യന്‍. മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ആചാര്യനായി മാറിയ കവി. 

ചെറുതാണ് ആനന്ദങ്ങള്‍.
അടിമുടിയുണ്ട് സങ്കടങ്ങള്‍. 
മനസ്സ് ആകുലം, 
വാരിക്കുഴിയിലെ കൊമ്പനെപ്പോലെ. 
സത്യത്തെ പിന്തുടരൂ. 
അഗ്‌നിയിലേക്ക് ശലഭമെന്നോണം 
കണ്ണിനെ പിന്തുടരാതിരിക്കുക

അവധിന്റേയും വൃജത്തിന്റേയും കവിയായി കബീര്‍. വൈഷ്ണവധാരയും ഇസ്ലാമികധാരയും സംഗമിച്ചു. ഹിന്ദിയുടെ സന്ദേഹങ്ങളില്‍ ആ വരികള്‍ പ്രാര്‍ത്ഥനയും ആശ്വാസവും പ്രാണനുമായി. പിന്നീടിങ്ങോട്ട് എന്നും കബീര്‍ പ്രചോദനം. അംബേദ്ക്കര്‍ അടക്കമുള്ളവര്‍ ആരാധകര്‍. ഇന്നും ആ ചിന്തകള്‍ക്ക് അതേ ഓജസ്സ്. 

അകലങ്ങളിലേക്ക് നീണ്ട പാത. പഴയ കവാടങ്ങളും മണ്ഡപങ്ങളും അതിന് ലക്ഷ്യപ്രാപ്തിയേകി. ബഹളത്തിന് അരികില്‍ കബീര്‍ സ്മാരകം നിന്നു. വെളുത്ത ചുറ്റുമതില്‍. നടുവില്‍ ചെറിയ ഇരുമ്പുഗേറ്റ്. വാതില്‍ കടന്നു. ഉള്ളില്‍ കോലാഹലങ്ങളില്ല. പ്രാര്‍ത്ഥനാഭരിതം വിശ്വാസികള്‍. രണ്ടു കബറിടങ്ങള്‍. രണ്ടിടത്തും കബീര്‍ ആരാധനാ മൂര്‍ത്തി. മക്ബറയിലും ക്ഷേത്രത്തിലും വന്ദിക്കുന്നു, എല്ലാവരും. 

ബ്രിജ്മോഹന്‍ തീവാരി ഭാര്യയ്ക്കൊപ്പമാണ് എത്തിയിട്ടുള്ളത്. അലഹബാദ് സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകന്‍. നാട്ടുകാരന്‍. ക്യാമറയുമായി ഞങ്ങളെ കണ്ടപ്പോള്‍ അരികില്‍ വന്നു. മതസ്പര്‍ദ്ധയുടെ യു.പിയില്‍ ഒന്നിപ്പിക്കുന്ന കബീര്‍സമാധിയെ പറ്റി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എന്റെ കുട്ടിക്കാലത്ത് ഇത്തരം ചോദ്യങ്ങള്‍ തന്നെ ഇവിടെ ഇല്ലായിരുന്നു. വിഭജനത്തിന്റെ കാലത്തുപോലും ഇവിടെ സമാധാനം നിലനിന്നു. ഇപ്പോള്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. കബീറിന്റെ വരികള്‍ പക്ഷേ എല്ലാവരേയും ഇവിടേക്ക് എത്തിച്ചുകൊണ്ടേയിരിക്കും. അത് വായിക്കുന്നവരെ. അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കട്ടെ.'

അദ്ദേഹം നടന്നു നീങ്ങി. മക്ബറയില്‍നിന്ന് മുഖം മറച്ചും മറയ്ക്കാതേയും രണ്ടു മതങ്ങള്‍ തൊഴുതിറങ്ങുന്നു. ഞങ്ങള്‍ അവിടേയ്ക്ക് നീങ്ങി. ദൃശ്യങ്ങള്‍ എടുക്കാന്‍ ആരും തടസ്സപ്പെടുത്തിയില്ല. പ്രാദേശിക പത്രപ്രവര്‍ത്തകനായ മക്ബൂല്‍ അഹമ്മദിനെ പരിചയപ്പെട്ടു. രണ്ടു പെണ്‍മക്കള്‍ക്കൊപ്പമാണ് മക്ബൂല്‍ വന്നിട്ടുള്ളത്. കുട്ടികള്‍ കബീറിനെ ചൊല്ലി.

ആകാശത്തെ പട്ടങ്ങള്‍ക്ക് 
പരാതികളില്ല. വൈരാഗ്യങ്ങളും. 
ചരട് അറുക്കാന്‍ വാശി
കാറ്റിനേക്കാളുണ്ട് 
പട്ടം പറത്തുന്നവര്‍ക്ക്. 
അത് ആകാശത്തെ 
അനാഥമാക്കുമെന്ന് 
അറിഞ്ഞുകൊണ്ടു തന്നെ 

അരയാലിലകളില്‍ കാറ്റുവീശി. സംശയങ്ങള്‍ ശപിക്കപ്പെട്ടത്. അവ ആത്മാവിനെ കടലിലേക്ക് എറിയുന്നു. അത് പറഞ്ഞ കബീറിന് മുന്നില്‍ തീര്‍ത്ഥാടകര്‍ വേര്‍തിരിവുകളില്ലാതെ നടന്നു നീങ്ങി.

ഉത്തര പ്രവിശ്യയില്‍ ഇത് വിഭജനങ്ങളുടെ തിരഞ്ഞെടുപ്പ് കാലം. കബീര്‍ നെയ്തെടുത്തതെല്ലാം മുമ്പെന്നത്തേക്കാള്‍ ഓര്‍ത്തെടുക്കേണ്ട കാലം. തെറ്റാതിരിക്കട്ടെ. തറികളില്‍ ഊടും പാവും. കാറ്റിന് ശക്തിയേറുകയാണ്.

Content Highlights: The Great Indian War 2019, General Election 2019, Sant Kabir, Kabir Das, Utharabharatham