ഝാന്‍സിയില്‍ കഴിഞ്ഞ നാനൂറു കൊല്ലത്തിനിടെ ഒരൊറ്റ കാര്യമേ നടന്നിട്ടുള്ളൂ, അത് ഝാന്‍സിയിലെ റാണി ലക്ഷ്മീബായി ആണ്. പറഞ്ഞത് മഹാശ്വേതാദേവിയാണ്. ഝാന്‍സി റാണിയെപ്പറ്റി ദീദി എഴുതിയ പുസ്തകത്തെ പറ്റി സംസാരിച്ചപ്പോള്‍. റാണിയുടെ വാക്കുകള്‍ക്ക് പിന്നാലെ കല്ലുകളും വിറകുകളും ജീവന്‍ വച്ച് വെള്ളക്കാര്‍ക്ക് നേരേ പാഞ്ഞടുത്തത് അവര്‍ എഴുതിയിട്ടുണ്ട്. വെള്ളക്കാര്‍ക്ക് പിന്നാലെ വന്നത് അതിലും വലിയ കൊള്ളക്കാരാണെന്നും ഓര്‍മ്മിപ്പിച്ചു അന്ന് ഇന്ത്യന്‍ ഗ്രാമീണനെ അറിഞ്ഞ എഴുത്തുകാരി. കാലം കൂടുതല്‍ കെട്ടതായിട്ടേ ഉള്ളൂവെന്ന് പറഞ്ഞുതരുന്നു അതേ പ്രദേശങ്ങള്‍ ഇന്നും. പ്രത്യേകിച്ചും മധ്യപ്രദേശിനും യു.പിയ്ക്കും ഇടയില്‍ വിഭജിക്കപ്പെട്ട വിസ്തൃതമായ ബുന്ദേല്‍ഖണ്ഡ്. 

കര്‍ഷക ആത്മഹത്യകളുടെ നാടാണ് ബുന്ദേല്‍ഖണ്ഡ്. വരള്‍ച്ചയുടെ തുടര്‍ച്ച. ഓരോ വര്‍ഷവും പുതിയ പേരുകള്‍ ചേര്‍ത്തുവയ്ക്കാം മരിച്ചവരുടെ പട്ടികയിലേക്ക്. കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കാരണം. കൃഷി അസാധ്യമാകുന്നത് കൂടിയാണ്. മറ്റൊരു തൊഴിലും ഇല്ലാത്ത മണ്ണില്‍ ജീവിതം വഴിമുട്ടുന്നു. പലായനങ്ങളിലാണ് പല നാടുകളും. വെള്ളം തേടിയാണ് യാത്രകള്‍. ജീവിതവും.

പോയ ദശകത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഈ മേഖലയില്‍ ആത്മഹത്യ ചെയ്തു. നിരാശ പടരുന്ന കര്‍ഷക ജീവിതങ്ങളുടെ തുടര്‍ച്ച അതിലേറെ ദയനീയം. അനാഥ വിധവകളും അവരുടെ പെണ്‍മക്കളും ജീവിതത്തില്‍നിന്ന് പറിച്ചെറിയപ്പെടുന്നു. അവര്‍ക്കിടയിലേക്ക് കടന്നെത്തുന്ന ഒരു പെണ്‍കുട്ടിയുണ്ട് ഝാന്‍സിക്ക് അടുത്തുള്ള ബബിനയില്‍. സംഗീത നാംദേവ്. 

സഹരിയ ഗ്രാമത്തില്‍ ചെന്നപ്പോഴാണ് ഗ്രാമീണര്‍ പറഞ്ഞ് സംഗീതയെ പറ്റി അറിഞ്ഞത്. കുമാര്‍ താക്കൂര്‍പുരയിലെ സ്‌കൂള്‍ അധ്യാപികയാണ് സംഗീത. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹം നടത്താന്‍ മധ്യപ്രദേശിലേയും യു.പിയിലേയും ജില്ലകളിലൂടെ സഞ്ചരിക്കുന്ന സന്നദ്ധ പ്രവര്‍ത്തക. 

സ്‌കൂള്‍ വിട്ട് വീട്ടിലാണ് വിളിച്ചപ്പോള്‍ സംഗീത. 'വീട്ടിലേക്കു വന്നോളൂ, കാണാം.' അവര്‍ പറഞ്ഞു. ബബിനയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നിലെ ഗലിയിലൂടെ ഞങ്ങള്‍ ചെന്നു. പഞ്ചാബി കോളനിയിലേക്ക്. ഒറ്റമുറി വീട്. ആകെ രണ്ടു കയറ്റു കട്ടിലുകള്‍. അതിലൊന്നില്‍ ഇരുന്ന് സംഗീത നാംദേവ് പറഞ്ഞു തുടങ്ങി. 

'സ്‌കൂളില്‍ എത്തുന്ന കുട്ടികളില്‍നിന്നാണ് ദുരിതത്തിന്റെ ആഴം അറിഞ്ഞത്. നന്നായി പഠിക്കുന്ന കുട്ടികള്‍ പെട്ടെന്ന് ഒരു ദിവസം അവധിയാവും. വീട്ടില്‍ ആത്മഹത്യ. പിന്നെ അവധി പതിവാകും. ഒടുവില്‍ അവര്‍ വരാതാകും. പെണ്‍കുട്ടികള്‍ ഭാരമാണ് വീടുകളില്‍. വരുമാനം എത്തിക്കുന്ന ഗൃഹനാഥന്‍ പോകുന്നതോടെ ആരും ഇല്ലാതാകും. അവള്‍ ശരിക്കും അനാഥയാണ്. പിന്നെ ദുരിതങ്ങളുടെ കാലത്തിലേക്ക്.

'സഹരിയ ഗ്രാമത്തിലെ ഒരു കുട്ടിയുടെ കാര്യം ശരിക്കും എന്നെ പിടിച്ചുലച്ചു. ഏറെ പ്രതീക്ഷ പകര്‍ന്ന കുട്ടിയായിരുന്നു അവള്‍. സഹരിയാകള്‍ക്ക് ഇടയില്‍ ശരിക്കും ഭേദപ്പെട്ട വീട്. വെള്ളം കിട്ടുന്ന കൃഷിഭൂമി അവര്‍ക്ക് കിട്ടി. അധ്വാനിക്കുന്ന അച്ഛനും സഹോദരന്മാരും. മുടങ്ങാതെ സ്‌കൂളില്‍ വന്നിരുന്ന കുട്ടി. വരള്‍ച്ച പക്ഷേ കൃഷിയെ തകര്‍ത്തു. അച്ഛന്‍ തൂങ്ങി മരിച്ചു. വൈകാതെ ചേട്ടന്മാര്‍ നാടു വിട്ടു. മൂന്നു നാലു വര്‍ഷം കഴിഞ്ഞ് വീണ്ടും അവളെ കണ്ടു. എനിക്ക് കരച്ചില്‍ വന്നു പോയി. അവളുടെ വീട്ടിലേക്ക് പോയി. അമ്മയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ വിവാഹം. അങ്ങനെയാണ് ഞാന്‍ സര്‍വജാതീയ സാമൂഹിക് വിവാഹ് യോജന ആരംഭിച്ചത്. ഇന്ന് അവള്‍ അഭിമാനത്തോടെ ജീവിക്കുന്നുണ്ട്.'

എങ്ങനെയാണ് വധൂവരന്മാരെ കണ്ടെത്തുന്നത്?

ഇവിടെ ഏതു ഗ്രാമത്തില്‍ ചെന്നാലും കര്‍ഷക ആത്മഹത്യ നടന്ന വീടുണ്ട്. പക്ഷേ വരന്മാരെ കണ്ടെത്തലാണ് ബുദ്ധിമുട്ട്. ഓരോ സ്ഥലത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ഞാന്‍ ബന്ധപ്പെട്ടു. ബുന്ദേല്‍ഖണ്ഡ് വികസന ഫൗണ്ടേഷന്‍ പോലുള്ള എന്‍.ജി.ഒകള്‍. എല്ലാവരും കഴിയുന്ന വിധം സഹായിക്കുന്നു. ജാതിയെ മറികടന്നും യോജനയുമായി മുന്നോട്ട് പോകാന്‍ പലപ്പോഴും ചെറുപ്പക്കാര്‍ വരുന്നുണ്ട്. അത് പ്രതീക്ഷിക്കാനേ കഴിഞ്ഞിരുന്നില്ല.' 

അടുത്ത ആഴ്ച മറ്റൊരു സമൂഹവിവാഹത്തിനുള്ള ഒരുക്കത്തിലാണ് സംഗീത. വധൂവരന്മാര്‍ക്ക് ചെറിയ തോതിലുള്ള സഹായമെത്തിക്കുന്നുമുണ്ട് സംഘാടകര്‍. യു.പിയിലും എം.പിയിലും നിന്നുള്ളവര്‍ സമൂഹവിവാഹത്തിന് എത്തുന്നുണ്ട്. സംഗീത പറഞ്ഞു: 'ഒരു ലക്ഷം വിവാഹങ്ങള്‍ നടത്തണമെന്നാണ് ലക്ഷ്യം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഈ ആന്ദോളന്‍ പരാജയപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടി സഹായിക്കണമെന്ന് വിവിധ ജില്ലാ കളക്ടര്‍മാരോടും എം.എല്‍.എമാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.' 

അതെ, ഒരു പ്രസ്ഥാനമായിത്തന്നെ കാണുന്നു പദ്ധതിയെ സംഗീത നാംദേവ്. എന്നാല്‍ ആ വാക്കുകള്‍ പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു .
'എന്ത്? ഒരു ലക്ഷം കര്‍ഷകര്‍ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടോ?' 
വരണ്ട മുഖത്ത് സങ്കടം കലര്‍ന്ന ചിരിയുമായി സംഗീത പറഞ്ഞു.
' ബുന്ദേല്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ക്കും ചിതകള്‍ക്കും കണക്കുകളില്ല.' 

Content Highlights: The Great Indian War 2019, General Election 2019, Utharabharatham, Bundelkhand, Sangeeta Namdev, Farmer Suicide, Mass Wedding