1857-ല്‍ ബ്രിട്ടീഷുകാര്‍ ഝാന്‍സിയിലെ കോട്ട തകര്‍ത്തു. റാണി ലക്ഷ്മീബായി പോരടിച്ച് മരിച്ചു. ബബിനയായി ബ്രിട്ടീഷ് സേനകളുടെ കേന്ദ്രം. ബ്രിട്ടീഷ് ആര്‍മി ബേസ് ഇന്‍ നേറ്റീവ് ഏഷ്യ എന്നതിന്റെ ചുരുക്കപ്പേര്. ഇവിടെനിന്നു പോയാല്‍ ബഗോറയിലെത്താം. 

കൊയ്ത്തുകാലമാണ്. പാടങ്ങളില്‍ ഗോതമ്പുകതിരുകള്‍ വിളഞ്ഞു നില്‍പ്പുണ്ട്. കൊയ്തിട്ടതും കൊയ്യാറായതും. പ്രധാന വഴിയില്‍നിന്ന് മാറിയാണ് ഗ്രാമപാത. സഹരിയ ഗ്രാമങ്ങള്‍ അല്ലെങ്കിലും അങ്ങനെയാണ്. വികസനത്തിന്റെ അതിരുകള്‍. വെളിമ്പറമ്പുകള്‍. 

രാമായണത്തിലെ ശബരിയുടെ പിന്മുറക്കാരാണ് സഹരിയ അഥവാ ശഹരിയാകള്‍ എന്നാണ് വിശ്വാസം. ബുന്ദേല്‍ഖണ്ഡിന്റെ അതീവ പിന്നാക്കവാസ്ഥയിലെ തന്നെ പിന്നാക്കക്കാരാണ് ഇവര്‍. മധ്യപ്രദേശില്‍ പെടുന്ന ബുന്ദേല്‍ഖണ്ട് ജില്ലകളില്‍ ഇവര്‍ ആദിവാസികളാണ്. യു.പിയില്‍ പിന്നാക്കക്കാരും. പട്ടികവര്‍ഗ്ഗക്കാരായി പരിഗണിക്കണമെന്ന ആവശ്യം ആരും യു.പിയില്‍ അംഗീകരിച്ചിട്ടില്ല.

മുള്ളുവേലികള്‍ക്ക് ഇടയിലൂടെ കടന്നു വേണം ബഗോറയില്‍ എത്താന്‍. പാടത്തിന് നടുവിലൂടെ ഉള്ള വരമ്പ് തന്നെയാണ് റോഡ്. മുന്നോട്ട് പോയാല്‍ വഴി തീരുന്നു. പിന്നെ നടന്നു പോകണം. വഴി രണ്ടായി പിരിയുന്നു. രണ്ടു വരമ്പുകള്‍. ഒന്ന് പാടത്തേക്ക്. ഒന്ന് ഗ്രാമത്തിലേക്ക്. ഇരുന്നൂറോളം വീടുകളുണ്ട് ഗ്രാമത്തില്‍. 1600-ല്‍പരം പേര്‍ താമസിക്കുന്നു. അഞ്ചു കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍. ആശുപത്രി ബബിനയിലെത്തണം. 

എതാനും സ്ത്രീകള്‍ വേപ്പിന്‍ ചുവട്ടില്‍ വര്‍ത്തമാനം പറഞ്ഞ് ഇരിപ്പുണ്ടായിരുന്നു. കൊയ്ത്തു പാടത്തുനിന്ന് കയറി വന്നതേയുള്ളൂ. തിരഞ്ഞെടുപ്പിനെ പറ്റി ആര്‍ക്കും ആകുലതകളില്ല. സര്‍പാഞ്ച് ഇനിയും പറഞ്ഞിട്ടില്ല ആര്‍ക്ക് വോട്ടു ചെയ്യണമെന്ന്. പറയുമ്പോള്‍ പോയി വോട്ടു ചെയ്യും. അത്ര തന്നെ. കഴിഞ്ഞ തവണ ഉമാഭാരതിക്കാണ് വോട്ട് ചെയ്തത്.

എന്നാല്‍ തിരഞ്ഞെടുത്തവര്‍ ഒന്നും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന സങ്കടമുണ്ട് എല്ലാവരിലും. 'പണ്ഡിറ്റിന്റെ ഭൂമിയാണ് . പറയുമ്പോള്‍ ഇറങ്ങിക്കൊടുക്കണം. വീട് കെട്ടാന്‍ അനുവദിച്ചത് തന്നെ ദയ. കൃഷി ചെയ്യാന്‍ ഭൂമി ഇല്ല. കൊയ്ത്തു കാലത്ത് കറ്റ കെട്ടാന്‍ പോകാം.' വൃദ്ധയായ മുന്നിബായി പറഞ്ഞു. 

എല്ലാവര്‍ക്കും ഒരേ കഥകള്‍. സഹരിയാകള്‍ക്ക് കൃഷിഭൂമി അനുവദിച്ചതാണ് ബുന്ദേല്‍ഖണ്ഡിലെ മറ്റൊരു തമാശ. ഒരു കാരണവശാലും വെള്ളം എത്താത്ത തരിശുഭൂമിയാണ് കൃഷിസ്ഥലം. വിളവെടുക്കാം എന്ന പ്രതീക്ഷവേണ്ട. പേരിന് മാത്രം കൃഷിഭൂമി. കൃഷി ചെയ്യാന്‍ മടിക്കുന്ന സഹരിയാകളെക്കുറിച്ച് പരാതി. 

ബാബുലാലിന് പറയാന്‍ കാര്യങ്ങള്‍ കുറേക്കൂടിയുണ്ട്. കിസാന്‍ സമ്മാന്‍ നിധി വഴി പണം കിട്ടിയ കര്‍ഷകനാണ്. 'രണ്ടായിരം രൂപ കിട്ടിയതില്‍ പകുതിയും ഏജന്റുമാര്‍ തന്നെ കൊണ്ടുപോയി. അപേക്ഷ നല്‍കാന്‍ പണം കൊടുത്തു. ബാങ്കില്‍ പോയി പണം കിട്ടിയപ്പോഴും കണക്ക് പറഞ്ഞ കാശു വാങ്ങി.'

'അക്കൗണ്ടിലേക്ക് നേരിട്ട് വരുന്ന കാശിന് എന്ത് ഇടനിലക്കാര്‍?' 

'അക്കൗണ്ടിലേക്ക് പണം വന്നു. അത് മുഴുവന്‍ കിട്ടുന്ന രീതി ഇവിടെ ഇല്ല'

അഴിമതിയുടെ അസാധാരണ കഥകളുണ്ട് ബുന്ദേല്‍ ഖണ്ഡിന്. അണക്കെട്ട് പണിയാന്‍ സൈക്കിളില്‍ കല്ല് കൊണ്ടു വന്ന് കാശു വാങ്ങിയ ആളുകളുള്ള നാട്. പൂര്‍ത്തിയാക്കാത്ത പദ്ധതികളിലൂടെ പണം കറന്നെടുക്കുന്ന നാട്. എല്ലാം സാധ്യമാണ്. 

ബഗോറയില്‍ എന്നും ദുരിതകാലമാണ്. പട്ടികവര്‍ഗത്തില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സഹരിയാകള്‍ ലഖ്നോവിലേക്കും ദല്‍ഹിയിലേക്കും മാര്‍ച്ച് നടത്തിയിട്ടുണ്ട്. പലവട്ടം. വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ ഏറ്റവും പിന്നിലുള്ള വിഭാഗങ്ങളിലൊന്നാണിത്. മണ്‍തിട്ട കൊണ്ട് പണിത കുടിലുകളില്‍ പാര്‍ക്കുന്നവര്‍ക്ക് പക്ഷേ എ.പി.എല്‍. കാര്‍ഡാണ്. ഗ്രാമത്തിലെ പുരുഷ്ന്മാരില്‍ മിക്കവരും തൊഴില്‍ തേടി നാടു വിട്ടിരിക്കുന്നു. 

ചെറിയ കുട്ടികളുണ്ട് പല കുടിലുകളിലും. അമ്മമാര്‍ക്കൊപ്പം കൊണ്ടു പോകുന്ന തീരെ ചെറിയ കുഞ്ഞുക്കളേക്കാള്‍ തെല്ലു മുതിര്‍ന്നവര്‍. വീടുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ അതു കണ്ടു. വായിലേക്ക് ഗുഡ്ക്കയുടെ പാക്കറ്റുകള്‍ തിരുകുന്നു കുഞ്ഞുങ്ങള്‍. മൂന്നും നാലും വയസ്സു പോലും ആയിട്ടുണ്ടാവില്ല. വൃദ്ധരും ഏതാനും ചെറുപ്പക്കാരുമുണ്ട്. ആരും ആരേയും ശ്രദ്ധിക്കുന്നില്ല. 

സഹരിയകളുടെ ഗ്രാമത്തില്‍നിന്ന് ഞങ്ങള്‍ പുറത്തേക്ക് കടന്നു. കണ്ണുകള്‍ ഇറുകെ അടയ്ക്കാന്‍ മാത്രം ആഗ്രഹിച്ചുകൊണ്ട്. 

Content Highlights: The Great Indian War 2019, General Election 2019, Bundelkhand, Saharaiya Tribe