പട്‌ന: അസത്യങ്ങളുടെ ഉല്‍പ്പാദകനും മൊത്തവില്‍പ്പനക്കാരനും ചില്ലറ വില്‍പ്പനക്കാരനുമാണ് നരേന്ദ്ര മോദിയെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ്. കള്ളം പറയുന്ന ഫാക്ടറിയാണ് മോദിയെന്ന് ജനം പറയുന്നു. ജനങ്ങള്‍ വെറുത്തു പോയിരിക്കുന്നു. രാഷ്ട്രീയ അടിയോഴുക്കുകളിലൂടെയാണ് ബിഹാര്‍ ഇന്നു കടന്നു പോവുന്നതെന്നും തേജസ്വി യാദവ് പറയുന്നു. 

അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഈ തിരഞ്ഞെടുപ്പിനെപ്പറ്റി എന്തു പറയാനുണ്ട്? 

നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷം മുഴുവന്‍ വാഗ്ദാന ലംഘനങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ അതിനപ്പുറം മുഴുവന്‍ ജനാധിപത്യ സംവിധാനങ്ങളേയും മോദി ദുര്‍ബലപ്പെടുത്തുന്നു. കോടതിയാണെങ്കിലും സി.ബി.ഐ. ആണെങ്കിലും എന്‍ഫോഴ്സ്മെന്റ് ആയാലും വിജിലന്‍സ് ആയാലും വ്യത്യാസമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ തന്നെ എത്ര അപഹാസ്യമായാണ് നടപ്പാവുന്നതെന്ന് നോക്കൂ. മോദിക്കും ബി.ജെ.പിക്കും ഒരു നീതി. മറ്റുള്ളവര്‍ക്ക് വേറൊരു നീതി. ആര്‍.എസ്.എസ്. അജണ്ടയാണ് ബി.ജെ.പി. നടപ്പാക്കുന്നത്. ഭരണഘടനയും കോടതിയുമല്ല, നാഗ്പൂരിന്റെ നിയമങ്ങളും ഗോള്‍വാള്‍ക്കറും വിചാരധാരയുമാണ് അവര്‍ക്ക് പ്രധാനം. എല്ലാ സംവിധാനങ്ങളും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്

വികസനവും ദേശീയതയും പറഞ്ഞാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. ഇപ്പോള്‍ രാജീവ് ഗാന്ധിയെ ആക്രമിക്കുന്നു. എങ്ങനെ കാണുന്നു പ്രചാരണത്തിലെ ഈ മാറ്റത്തെ ? 

ഒരു പ്രധാനമന്ത്രി ഇത്ര തരം താഴരുത്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവഹേളിക്കലാണിത്. പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിയെ പറ്റി പറയുമ്പോള്‍ പാലിക്കേണ്ട മര്യാദയെങ്കിലും കാണിക്കണം. പിന്നെ ബാലാക്കോട്ട് ജയിച്ചത് നമ്മുടെ സൈന്യമാണ് . മോദിയല്ല. മോദി വരുന്നതിന് മുമ്പും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പിറവിക്ക് കാരണമായ യുദ്ധം മോദി ഉണ്ടായിട്ടല്ലല്ലോ ഇന്ത്യ ജയിച്ചത്. സ്വന്തം ഉത്തരവാദിത്തം എന്തെന്ന് സൈന്യത്തിന് അറിയാം. അത് ഇവര്‍ നിര്‍വഹിച്ചുകൊള്ളും.

ലാലുപ്രസാദ് യാദവിന്റെ ജയില്‍ വാസം പ്രചാരണത്തിന്റെ കരുത്തു കുറയ്ക്കുന്നുണ്ടോ? 

ഇതെല്ലാം രാഷ്ട്രീയ പകപോക്കലാണ്. ലാലു പ്രചാരണം നടത്തുന്നതിനെ ബി.ജെ.പി. ഭയപ്പെടുന്നുണ്ട്. അതിനാലാണ് ജയിലിലിട്ടത്. എന്തു കൊണ്ടാണ് അമിത് ഷായുടെ മകന് എതിരായ കേസുകള്‍ അന്വേഷിക്കപ്പെടാതെ പോകുന്നത്? എന്തു കൊണ്ടാണ് നിതീഷ് കുമാറിനെതിരായ കേസുകള്‍ അന്വേഷിക്കപ്പെടാതെ പോകുന്നത്. പതിനാലോളം കേസുകളുണ്ട് നിതീഷിന്റെ അഴിമതിയുമായി ബന്ധപ്പെട്ട്. അന്വേഷണം പേടിച്ചാണ് നിതീഷ് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നത്. ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നാല്‍ വിശുദ്ധന്‍. അല്ലെങ്കില്‍ നിങ്ങള്‍ എത്രത്തോളം സത്യത്തിന് വേണ്ടി നിലകൊണ്ടാലും ജയിലിലേക്ക്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.. 

വികസനമാണ് ബി.ജെ.പി. പ്രചാരണത്തിന് ഉപയോഗിക്കുന്നത്? 

നുണകളുടെ ഉല്‍പാദകനും മൊത്തക്കച്ചവടക്കാരനും ചില്ലറവ്യാപാരിയുമാണ് മോദി. മോദി എന്തു പറയുന്നുവോ അത് നടപ്പാവില്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. ബിഹാറിന് പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്തു. പതിനഞ്ച് ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞു. എന്തെങ്കിലും നടപ്പായോ? മോദിയും നിതീഷും ജനങ്ങളെ പറ്റിക്കുകയാണ്. പിന്‍വാതിലിലൂടെ അധികാരം തട്ടിയെടുത്താണ് ബിഹാറില്‍ ബി.ജെ.പി.- നിതീഷ് സഖ്യം ഭരിക്കുന്നത്. ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. 

പുതിയൊരു പ്രധാനമന്ത്രി വരും എന്നാണ് അഖിലേഷ് പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളെ പറ്റി ആലോചിച്ചിട്ടുണ്ടോ? 

ഈ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതും കാണുന്നതും ബി.ജെ.പിക്ക് എതിരായ മുന്നേറ്റമാണ്. പുതിയ പ്രധാനമന്ത്രി വരും. മോദിക്ക് പകരം ആരായാലും ഇതിലും മെച്ചമാകും. എന്തെന്നാല്‍ മോദി തിരിച്ചു വന്നാല്‍ ഒരു പക്ഷേ പിന്നീടൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ല.   

Content Highlights: The Great Indian War 2019, General Election 2019, Tejashwi Yadav, Bihar Politics, RJD, Laloo Prasad Yadav