കോണ്‍ഗ്രസിന് പ്രിയദര്‍ശിനിയാണ് പ്രിയങ്ക ഗാന്ധി. ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും. ഇന്ദിരയെ അനുസ്മരിപ്പിക്കുന്നതു കൊണ്ട് മാത്രമല്ല. സോണിയ ഗാന്ധിയുടേയും തുടര്‍ച്ചയാണ് പ്രിയങ്ക. രാഷ്ട്രീയം എന്തുമാകട്ടെ, ഇന്ത്യയിലെ കൈത്തറി ഗ്രാമങ്ങളുടെ അംബാസഡറാണ് ഈ വോട്ടെടുപ്പ് കാലത്ത് പ്രിയങ്ക ഗാന്ധി. 

ഗംഗായാത്രയിലാണ് പ്രിയങ്കയുടെ സാരികള്‍ ആദ്യമായി ചര്‍ച്ചയായത്. പ്രത്യേകിച്ചും പ്രിയങ്ക നെയ്ത്തുകാരുമായി സംസാരിച്ചപ്പോള്‍. പ്രിയങ്ക പറഞ്ഞു. 'നെയ്ത്തുകാരുടെ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍ക്ക് താഴെ നോക്കൂ. അവിടെ സത്യം കാണാം. നെയ്ത്തു ഗ്രാമങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരേ വിധിയാണ്. കാഞ്ചീപുരത്ത്, നല്‍ഗോണ്ടയില്‍, പോച്ചംപള്ളിയില്‍, ബസ്തറില്‍, റായ്ഗഡില്‍, സമ്പാല്‍പൂരില്‍, വിദര്‍ഭയില്‍, ഗുജറാത്തിലെ പട്ടോലയില്‍, ബനാറസില്‍, മൂര്‍ഷിദാബാദില്‍, ഭാഗല്‍പ്പൂരില്‍, ബ്രഹ്മപുത്രയിലെ അരികുഗ്രാമങ്ങളില്‍, എല്ലാം. തറികളില്‍ പട്ടിണിയാണ്.'

priyanka gandhi

ഇതേപ്പറ്റി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ജയതി ഘോഷ് പറഞ്ഞു: 'ജിഎസ്ടി എത്രത്തോളം അപഹാസ്യമായാണ് നാടപ്പാക്കിയിട്ടുള്ളതെന്ന് നോക്കൂ. ജീവിതവുമായി ബന്ധമേ ഇല്ലാത്ത വിധം അപ്രായോഗികം. നെയ്ത്തുകാര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് നിവൃത്തികേടു കൊണ്ടെന്ന് പറഞ്ഞ് മാറാവുന്ന കാലം കഴിയുകയാണ്. മറ്റൊരു തരത്തില്‍ ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഗ്രാമങ്ങളില്‍. അവരുടെ രോഷത്തിന് ഇപ്പോള്‍ ഒരുപാട് കാരണങ്ങളുണ്ട്.' ജെ എന്‍ യുവില്‍ അപരിചിതമായ ഒരു തരം സുരക്ഷ ഉണ്ടായിരുന്നു അവരെ കാണാന്‍ ചെന്നപ്പോള്‍. 

ഗംഗായാത്രയില്‍ കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനി തേടുകയായിരുന്നു പ്രിയങ്ക. എഐസിസി ജനറല്‍ സെക്രട്ടറിയായി ലഖ്നോവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ആയിരുന്നില്ല അത്. സാരിയില്‍ ആയിരുന്നു പ്രിയങ്ക ഗംഗാ മാതാവിനെ വന്ദിക്കാന്‍ ഇറങ്ങിയത്. കറുപ്പും മെറൂണും പച്ചയും എല്ലാം നിറഞ്ഞു അന്ന് പ്രിയങ്കയുടെ വേഷത്തില്‍. ഗ്രാമീണ ഇന്ത്യയിലെ അടിസ്ഥാന നിറങ്ങളിലൂടെ ജനങ്ങളെ സ്പര്‍ശിക്കാനുള്ള നീക്കം തന്നെയായിരുന്നു പ്രിയങ്കയുടേതും. 

ബദറുദ്ദീന്‍ തയ്യബ്ജിയുടേയും സുരയ്യ തയ്യബ്ജിയുടേയും മകളായ ലൈല തയ്യബ്ജി പണ്ട് ഇന്ദിര ഗാന്ധിയെ പറ്റി എഴുതിയിട്ടുണ്ട്. എത്ര വേഗമാണ് മിണ്ടാപ്പാവ എന്നറിയപ്പെട്ട ഇന്ദിര ജനകീയ നേതാവായത് എന്ന്. അതില്‍ അവരുടെ സാരികള്‍ വഹിച്ച പങ്ക് എത്രയെന്നും. 

നെഹ്റു വന്നപ്പോള്‍ നടപ്പാക്കിയ വികസനനയത്തില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു ഗാന്ധിയന്മാര്‍ക്ക്. ജോണ്‍ കൊര്‍ണേലിയസ് കുമരപ്പയെപ്പോലുള്ളവര്‍ മുന്നോട്ട് വച്ച ഗ്രാമീണ ഇന്ത്യയുടെ സങ്കല്‍പം അട്ടിമറിക്കപ്പെട്ടത് വിലാപം തന്നെയായി. കമല ചതോപാധ്യായയെപ്പോലുള്ളവര്‍ കൈത്തറി വികസനത്തിനായി രംഗത്തെത്തി. രണ്ടാം ഖാദി വിപ്ലവം. അക്കാലം ഫാഷന്‍ മോഡലുകള്‍ ഇല്ല. പത്രത്താളുകള്‍ സാരി പരസ്യത്തിന് മാറ്റിവച്ച ഇടങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മാത്രമേ പണം മുടക്കാനാവൂ. അന്നേരമാണ് ഇന്ദിരയുടെ വരവ്. ഒഡിഷയിലെ ഗ്രാമീണ സാരികള്‍ക്കും അസമിലെ ബോഡോ സാരികള്‍ക്കും രാജസ്ഥാനിലെ നിറങ്ങള്‍ക്കും പ്രസിദ്ധി കിട്ടി. സാരിയുടെ ഏറ്റവും മികച്ച മോഡല്‍. 

രാഷ്ട്രീയമായി ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ഇന്ദിര ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് പല ഗ്രാമങ്ങളേയും രക്ഷിച്ചത്. ഉദാഹരണം ഒഡിഷയിലെ സമ്പാല്‍പൂര്‍ മേഖല. ഒരു കാലഘട്ടത്തില്‍ ഇവിടത്തെ കൈത്തറികള്‍ക്കുള്ള ഒരേയൊരു പ്രചാരക പുറത്ത് ഇന്ദിരയായിരുന്നു. ഗ്രാമങ്ങള്‍ ഇന്നും അവികസിതമെന്നത് മറ്റൊരു കഥ. പല തറികളും പൂട്ടിപ്പോയി എന്നതും. 

സുരയ്യ തബ്ജിയും പിന്നീട് പുപുല്‍ ജയ്കറും ഡിസൈന്‍ ചെയ്ത സാരികളായിരുന്നു പിന്നീട് ഇന്ദിരയ്ക്ക് പ്രിയം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിറങ്ങളെ ഇന്ദിര സ്വന്തമാക്കി. കൊല്ലപ്പെടുന്നതിന് തലേന്ന് നടത്തിയ രക്തപ്രസംഗത്തില്‍ ഇന്ദിര ധരിച്ചത് സമ്പാല്‍പൂര്‍ സാരിയായിരുന്നു.

അതിന്റെ തുടര്‍ച്ച സോണിയ ഗാന്ധിയും സാരി ഉടുത്തു. അസമിലെ കരകളും ബനാറസിലെ വരകളും കാഞ്ചീപുരത്തിന്റെ കള്ളികളും എല്ലാം സോണിയയില്‍ ദൃശ്യമായി. ഇന്ത്യക്കാരിയാവാന്‍ ഉള്ള ശ്രമം എന്നതിന് അപ്പുറം സാരി ആരാധികയായിരുന്നു സോണിയ. അവരുടെ സാരിപ്രേമത്തില്‍ ഉടനീളം അത് ദൃശ്യമായി . ബനാറസ് സില്‍ക്കിന്റെ പ്രത്യേകതകളെ വിദേശത്തും ധരിച്ചു സോണിയ. ഒരിക്കലും അവര്‍ അത് ഉപേക്ഷിച്ചുമില്ല.

ഇപ്പോള്‍ അനുസ്യൂതം തുടരുകയാണ് പ്രിയങ്ക ഗാന്ധി. എണ്ണമറ്റ സാരികളുമായി ചിത്രങ്ങളില്‍ നിറയുന്നു പ്രിയങ്ക. വിവിധ നിറങ്ങളില്‍. നിറയെ ആത്മവിശ്വാസവുമായി. ലളിതവും കുലീനവുമായ പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന് ബോധ്യപ്പെടുത്താന്‍. 

priyanka gandhi

ടെംപിള്‍ ബോര്‍ഡറും ബോഡോ വീവും പ്രിയങ്കയിലും കാണാമെന്ന് വിദഗ്ദര്‍. പോച്ചംപള്ളിയും സമ്പാല്‍പൂരും തുടരുന്നുണ്ട്. കോരാപ്പുട്ടിലെ ആദിവാസി ഡിസൈനുകളെ പ്രിയങ്കയും ഏറ്റെടുക്കുന്നു. ചെങ്കല്ലു നിറമുള്ള ചെട്ടിനാട് സാരിയില്‍ പ്രിയങ്ക അസൂയപ്പെടുത്തി എന്ന് പറയുന്നു ദല്‍ഹിയിലെ ഡിസൈനര്‍മാര്‍. പുട്ടാപാകയും ബസ്തറും ഭാഗല്‍പൂരും പട്ടോലയും പ്രിയങ്കയും ഉടുക്കുന്നുണ്ട്. 

കൈത്തറി ഗ്രാമങ്ങളില്‍ നിന്നുള്ള ഇരുപതോളം ലളിതമായ പാറ്റേണുകളാണ് സാരികളില്‍ പ്രിയങ്ക പിന്തുടരുന്നതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. 14 പാറ്റേണുകളിലായിരുന്നു ഇന്ദിരയുടെ വസ്ത്രധാരണം. 

priyanka gandhi

ചടുല ചുവടുകളാല്‍ നടന്ന്, വലതു കൈ ആകാശത്തേക്ക് വീശി , കണ്ണുകളില്‍ നോക്കി ചിരിച്ച്, ആത്മവിശ്വാസം വഴിയുന്ന പെരുമാറ്റത്തോടെ തിരഞ്ഞെടുപ്പില്‍ നിറയുകയാണ് പ്രിയങ്ക. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും സാരിത്തുമ്പിനാല്‍ യോജിപ്പിക്കുന്നു ഇന്ദിരയുടെ കൊച്ചുമകള്‍. പരസ്യം ചെയ്യാന്‍ പാങ്ങില്ലാത്ത പല ഗ്രാമങ്ങള്‍ക്കും അത് ഉണര്‍വേകുന്നുണ്ട്.

പ്രിയങ്ക ഗാന്ധിക്ക് അതിനെപ്പറ്റി അറിവുണ്ടോ? സത്യമായും ആര്‍ക്കും അറിഞ്ഞുകൂടാ.

Content Highlights: Priyanka gandhi, congress, rahul, khadi saree