നിഷാദ് പാര്‍ട്ടി എന്നാല്‍ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍ പാര്‍ട്ടി എന്നാണ് അര്‍ത്ഥം. രപ്തി നഗറിലെ ഗീത വാടിക റോഡിലെ ഇലക്ട്രോ- ഹോമിയോപ്പതി ഡോക്ടര്‍ സഞ്ജയ് സിംഗ് നിഷാദ് ആണ് പാര്‍ട്ടി ആരംഭിച്ചത്. നിഷാദ് എന്ന് പേരിട്ടതിന് കാരണം ലക്ഷ്യം നിഷാദര്‍ ആയതു കൊണ്ടാണ്. ഗംഗാ തീരത്തെ മുക്കുവര്‍. രക്തധമനികളിലെ അശുദ്ധിയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്ന് വിശ്വസിക്കുന്നു ഡോ സഞ്ജയ് സിംഗ്. ഗംഗാതീരത്തെ മനുഷ്യരെ രക്ഷിക്കാനുള്ള രാജനീതിയാണ് അദ്ദേഹത്തിന് നിഷാദ് പാര്‍ട്ടി.

നിഷാദരെക്കുറിച്ചുള്ള സംശയം ആദ്യം ഉയര്‍ന്നത് മഹാഭാരത വായനയിലാണ്. ഏകലവ്യന്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്നായിരുന്നു സംശയം. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു തന്നു. 'ഏകലവ്യന്‍ നിഷാദനാണ്. കാട്ടാളനാണ് എന്നത് തെറ്റായ വായനയാണ്. മഹാഭാരതത്തില്‍ നിഷാദരെ കാട്ടാളര്‍ ആയല്ല വ്യാസന്‍ ആ സന്ദര്‍ഭത്തില്‍ വിവരിച്ചിട്ടുള്ളത്. നദീ മുഖങ്ങളെ മലിനമാക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. ചില സമൂഹങ്ങള്‍ അക്കാലത്ത് നദികളെ മലിനമാക്കുന്നതില്‍ ഋഷിമാര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അവരില്‍നിന്നുള്ള ആളായാണ് ഏകലവ്യനെ വിവരിക്കുന്നത്. മഹാഭാരത യുദ്ധത്തില്‍ ഏകലവ്യന്‍ പങ്കെടുത്തതായി വിവരം എനിക്കില്ല. എന്റെ അറിവ് അനുസരിച്ച് പൗണ്ഡ്രക വാസുദേവനുമായുള്ള യുദ്ധത്തിലാണ് കൃഷ്ണന്‍ ഏകലവ്യനെ വധിക്കുന്നത്. നാരീജനങ്ങളെ അപഹരിക്കുകയായിരുന്നു ഏകലവ്യന്‍. വാതില്‍പ്പാളി കൊണ്ട് അടിച്ചാണ് വധിച്ചത്. ചക്രം ഉപയോഗിച്ച് വധിച്ചാല്‍ മോക്ഷം കിട്ടും അത് തടയാനായിരുന്നു കതകുപാളി ഭഗവാന്‍ ആയുധമാക്കിയത്.'

ഗംഗാതടത്തില്‍ ലക്ഷക്കണക്കിനുണ്ട് നിഷാദര്‍. ഋഷിവാടങ്ങളിലെ അശാന്തി ഇവര്‍ക്കാര്‍ക്കും വിഷയമേയല്ല. രാംഗഡ് തടാകക്കരയില്‍ മീന്‍ പിടിക്കുന്ന ഭുവന്‍ലാല്‍ പറഞ്ഞു. 'വയറു നിറയലല്ലേ പ്രധാനം. എന്ത് തിരഞ്ഞെടുപ്പ്. അത് ആരെങ്കിലും നോക്കട്ടെ. യോഗിയായാലും ഡോക്ടറായാലും അന്നം കഴിക്കാന്‍ ഞങ്ങള്‍ പണിയെടുക്കണം.' 

ആ വാക്കുകള്‍ തന്നെ പക്ഷേ മാറ്റത്തെ സൂചിപ്പിച്ചു. യോഗിക്കൊപ്പം ഡോക്ടറുടെ പേര് പറയാന്‍ കൂടി നാട്ടുകാര്‍ അഥവാ നിഷാദര്‍ തയ്യാറാവുകയായിരുന്നു. അതിലേറെ യോഗിക്ക് എതിരാളിയായി അവര്‍ ഡോ. സഞ്ജയ് സിംഗ് നിഷാദിനെ കാണുകയായിരുന്നു. 

nishad
ഡോ. സഞ്ജയ് സിംഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം

ഗോരഖ്പൂരിലെ എം.പി. പ്രവീണ്‍ സിംഗ് നിഷാദിനെയാണ് ആദ്യം വിളിച്ചത്. അദ്ദേഹം പറഞ്ഞു. 'കാര്യങ്ങള്‍ അച്ഛന്‍ പറയും. രാഷ്ട്രീയം അദ്ദേഹത്തിനേ നന്നായി അറിയൂ. പക്ഷേ അദ്ദേഹം പശ്ചിമ യു.പിയിലെ പര്യടനത്തിലാണ്.'

ബ്രിട്ടീഷുകാര്‍ പണി തീര്‍ത്തിട്ട ബാഗ്പെറ്റിനടുത്ത പഴയ റസ്റ്റ് ഹൗസില്‍ വച്ചാണ് സഞ്ജയ് സിംഗ് നിഷാദിനെ കണ്ടത്. കടുകുപാടങ്ങള്‍ അതിരിട്ട, തകരാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന കെട്ടിടം. ക്യാമറയ്ക്കു മുന്നില്‍ ഇരുന്നപ്പോള്‍ അദ്ദേഹം ടൈ കൂടി അണിഞ്ഞു. തണുപ്പ് മായുന്ന പകലുകളുടെ തുടക്കമായിരുന്നു അത്. ഒപ്പം നിന്ന അണികളെ ചുറ്റും നിരത്തി നിര്‍ത്തി. ഡോക്ടര്‍ പറയുന്നതിനെല്ലാം അവര്‍ കയ്യടിച്ചാര്‍ത്തു. പിന്നെ ഫ്രെയിമിലേക്ക് മാറ്റി ഇരുത്തി വിനയത്തോടെ പറഞ്ഞു.
'ബഹളം വച്ചാല്‍ ടെലികാസ്്റ്റ് ചെയ്യാനാവില്ല. ആളുകളോട് അല്‍പം നിശ്ശബ്ദരാവാന്‍ പറഞ്ഞാല്‍ നന്നായിരുന്നു.' അര നിമിഷം കൊണ്ട് എല്ലാവരും നിശ്ശബ്ദരായി. അന്നേരം ദീര്‍ഘമായി സഞ്ജയ് സിംഗ് നിഷാദ് പറഞ്ഞു തുടങ്ങി. 

'യോഗിയും മോദിയും യു.പിയെ തകര്‍ത്തു. ഇങ്ങനെ മുന്നോട്ട് പോകാനാവില്ല. ഇരുവരും ഹിന്ദുത്വത്തിന്റെ എതിരാളികളാണ്. വര്‍ഗീയവിഷം ചീറ്റുന്നവര്‍. ഗോരഖ്പൂരിലും കൈരാനയിലും ഫൂല്‍പൂരിലും ഞങ്ങള്‍ അത് തുറന്നു പറഞ്ഞു. സംയുക്ത പ്രതിപക്ഷത്തിന് മുന്നില്‍ ബി.ജെ.പിക്ക് പിടിച്ച് നില്‍ക്കാനാവില്ല. ഞാനാണ് സഖ്യം രൂപീകരിച്ചത്. മായാവതിയോടും അഖിലേഷിനോടും സഖ്യത്തിന് സാധ്യത ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ പാടുപെട്ടു. ദളിത്, പിന്നാക്ക, മുസ്ലീം ഐക്യം അനിവാര്യമാണ്. നിഷാദരും അന്‍സാരിമാരും ചേര്‍ന്നാല്‍ പൂര്‍വാഞ്ചലത്തില്‍ ബി.ജെ.പിയെ ചെറുക്കാനാവും. എസ്.പി. വോട്ടുകള്‍ കൂടി വരുന്നതോടെ വിജയം സുനിശ്ചിതം. യു.പിയില്‍ ഇത്തവണ വിരലില്‍ എണ്ണാം ബി.ജെ.പി സീറ്റുകള്‍. യു.പി. മഹാസഖ്യം തൂത്തുവാരും.'

'അഖിലേഷുമായി സംസാരിച്ചപ്പോള്‍ നിങ്ങള്‍ സഖ്യത്തില്‍ ഉള്ള കാര്യം പറഞ്ഞില്ലല്ലോ?'
നിഷാദിന്റെ മറുപടി വന്നു. 'ഗോരഖ്പൂരില്‍ പ്രവീണ്‍ സിംഗ് നിഷാദ് മത്സരിച്ചത് എസ്.പി. ചിഹ്നത്തിലാണ്. ഇനി ഞങ്ങള്‍ സ്വന്തം പേരില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സഖ്യത്തില്‍ വേണ്ട സമയത്ത് അത് പരസ്യപ്പെടുത്തും.'

dr. sanjay singh
ഡോ. സഞ്ജയ് സിംഗ്

വൈകാതെ ലഖ്നോവിലെ എസ്.പി. ആസ്ഥാനത്ത് സഞ്ജയ് സിംഗ് നിഷാദ് എത്തി. അഖിലേഷിനൊപ്പം ഇരുന്ന് വാര്‍ത്താ സമ്മേളനം. മോദിക്ക് എതിരേ ആഞ്ഞടിച്ചു. അഖിലേഷിനേക്കാള്‍ ശക്തമായി. കാറ്റ് വീശി പിന്നേയും ഗംഗാതടത്തില്‍. മഹാസഖ്യത്തില്‍ മുന്‍ധാരണകള്‍ക്ക് വിരുദ്ധമായി സീറ്റ് വീതം വയ്ക്കാന്‍ എസ്.പിയും ബി.എസ്.പിയും തയ്യാറായില്ല. 

ആഗ്രഹിച്ചത് കിട്ടിയില്ല. കിട്ടിയത് കുറഞ്ഞും പോയി. സഞ്ജയ് സിംഗ് നിഷാദ് നേരേ യോഗി ആദിത്യനാഥിനെ കണ്ടു. അപകടം മണത്ത അഖിലേഷ് രാംഭുവാല്‍ സിംഗ് നിഷാദിനെ ഗോരഖ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി. മഹാസഖ്യത്തിന് പുറത്ത് കടന്ന് സഞ്ജയ് സിംഗ് നിഷാദ് അഖിലേഷിനും മായാവതിക്കും എതിരേ ആഞ്ഞടിക്കാന്‍ തുടങ്ങി. രാഹുലിനേയും പ്രിയങ്കയേയും അതിശക്തമായി വിമര്‍ശിക്കാന്‍ ആരംഭിച്ചു. 

പൂര്‍വാഞ്ചലത്തില്‍ മഹാസഖ്യം ദുര്‍ബലമാവുകയാണ്. മഹന്ത് അവൈദ്യനാഥ് തൊട്ടിങ്ങോട്ട് ആസ്വദിച്ച് വന്ന നിഷാദ വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടമായത് ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പിലാണ്. കൈരാനയിലും ഫൂല്‍പൂരിലും കൂടി ജയിച്ചപ്പോള്‍ യു.പിയില്‍ ബി.ജെ.പിയെ പിടിച്ചു കെട്ടാമെന്ന വിശ്വാസം പ്രതിപക്ഷത്തിന് കൈവന്നു. പ്രിയങ്കയുടെ വരവോടെ പൂര്‍വാഞ്ചലത്തില്‍ രാഷ്ട്രീയം വീണ്ടും ചലനാത്മകമായി. സവര്‍ണവോട്ടുകള്‍ കോണ്‍ഗ്രസ് അടര്‍ത്തിയെടുക്കും എന്നായി മഹാസഖ്യത്തിന്റെ വിശ്വാസം. ഒപ്പം മഹാസഖ്യം വോട്ട് അടിത്തറ മുമ്പേ പോലെ നിലനിര്‍ത്തുകയും ചെയ്താല്‍ ബി.ജെ.പി. തീരെ നിറം മങ്ങും എന്നായി കണക്കുകൂട്ടല്‍. 

എല്ലാം തിരഞ്ഞെടുപ്പിന് മുമ്പേ മാറുകയാണ്. ആത്മനിഷ്ഠമാണ് ഇപ്പോള്‍ നിലപാടുകള്‍. സിറ്റിംഗ് എം.പി. കൂടിയായ മകന്‍ പ്രവീണ്‍ നിഷാദിനെ പുറത്തു നിര്‍ത്താന്‍ മാത്രം പര്യാപ്തമാണ് പഴയ മോദി വിരുദ്ധനായ സഞ്ജയ് സിംഗിന് പുതിയ ശത്രുതകള്‍. രാജ്ഭര്‍ സമുദായവുമായുള്ള തര്‍ക്കങ്ങളും ബി.ജെ.പി. പരിഹരിച്ചിരിക്കുന്നു. അപ്നാദളുമായുള്ള പിണക്കങ്ങള്‍ക്കും പരിസമാപ്തിയായി. സഖ്യം രൂപീകരിക്കാന്‍ സര്‍വശത്രുതയും മറന്ന് മെയ്‌വഴക്കം കാണിക്കുന്നത് ബി.ജെ.പിയാണ്.

കരിമ്പു കര്‍ഷകരുടെ രോഷവും ദാരിദ്ര്യരേഖയ്ക്ക് കീഴെ കിടക്കുന്ന ജനകോടികളുടെ നിസ്സഹായതയും വോട്ടാകുമോ? പ്രതീക്ഷയുണ്ട് പ്രതിപക്ഷത്തിന്. മോദി തരംഗത്തിന് അഞ്ചാണ്ട് മുമ്പത്തെ കരുത്തില്ല. മീററ്റില്‍ അടക്കം മോദിയെ കാണാന്‍ ആളെത്തുന്നില്ലെന്നതും എതിരാളികള്‍ക്ക് മോഹം പകരുന്നു. 

അനിശ്ചിതത്വങ്ങളിലാണ് യു.പി. രാഷ്ട്രീയം. അപ്പോഴും മഹാഭാരത കാലത്തെന്ന പോലെ തന്നെ നദീമുഖങ്ങളില്‍ അസ്വസ്ഥരാണ് നിഷാദഗോത്രം.

Content Highlights: The Great Indian War 2019, General Election 2019, Utharabhartham, Nishad Party, Dr. Sanjay Singh Nishad, UP Politics