റാണ്ട് മുമ്പത്തെ ആഗസ്റ്റ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. ശാമിലിക്ക് അടുത്തുള്ള കാവേല്‍ ഗ്രാമം. ജാട്ട് പെണ്‍കുട്ടിയെ ഒരു മുസ്ലീം യുവാവ് കവലയില്‍ അപമാനിച്ചു. പൂവാലശല്യം. അത് പക്ഷേ അതിരു കടന്നു. പഞ്ചാരയടി വെറുതേ വിടാന്‍ തയ്യാറായില്ല ജാട്ടുകള്‍. ഷാനവാസ് എന്ന യുവാവിനെ ഗൗരവും സച്ചിനും ചേര്‍ന്ന് തച്ചു കൊന്നു. ഇരച്ചെത്തിയ മുസ്ലീം ജനക്കൂട്ടം അവര്‍ രണ്ടു പേരേയും തല്ലിക്കൊന്നു. ഒന്നങ്ങു ചെന്നിട്ടു മറ്റതില്‍ കൊണ്ടപ്പോള്‍ മറ്റതും മറ്റതും മറ്റതും ഭസ്മമായി എന്ന പോലെ പിന്നെ കാര്യങ്ങള്‍.

കഴിഞ്ഞ ദശകങ്ങളില്‍ യുപി കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപത്തിന്റെ കഥയാണ്. മുസാഫര്‍നഗറില്‍. 62 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ കാണാതായി. ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനംചെയ്തു. ഒരു ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഗ്രാമങ്ങളില്‍ സംശയം വിങ്ങിപ്പൊട്ടി. കരിമ്പുപാടങ്ങളില്‍ പക പൂത്തു. ജാട്ടുകളും മുസ്ലീങ്ങളും മുഖാമുഖം നിന്നു. പിന്നെ പഴയ അയല്‍ക്കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അനാഥരായി കിടന്നു. പെരുംചൂടും കൊടും തണുപ്പും താണ്ടി. 

ഹേമന്ദവും ഗ്രീഷ്മവും കടന്നുപോയി. പലവട്ടം. ആ ഗ്രാമത്തിലേക്ക് വസന്തം വിരുന്നു പോയതേയില്ല. 

മുസാഫര്‍നഗറിലെ ഷാഹ്പൂര്‍. തലേന്ന് വൈകീട്ട് കടെന്നത്താന്‍ ശ്രമിച്ചപ്പോള്‍ ദംഗാ പീഡിത് സമിതി ചെയര്‍മാന്‍ സലിം അഹമ്മദില്‍ നിറച്ചും ആശങ്ക. ' എന്തിന്? ആര്‍ക്കു വേണ്ടി ? നിങ്ങള്‍ ശരിക്കും പത്രക്കാരാണോ? ചാനലുകാരുടെ വേഷത്തില്‍ ഇപ്പോള്‍ എത്തുന്നത് രാഷ്ട്രീയക്കാരാണ്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ. തിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമാണ് ഭായി ജീവിതം. പട്ടിണി പല തലത്തിലാണ്. അതിനിടെ ആരെല്ലാം കടന്നു വരുന്നു എന്ന് പറയാനാവില്ല. ആള്‍ക്കൂട്ടം നിങ്ങളെ കൈകാര്യം ചെയ്താല്‍ ഒന്നും ചെയ്യാനാവില്ല. നാളെ ഉച്ചയോടെ വിളിക്കൂ. ' ഫോണ്‍ നിലച്ചു.

പിന്നേയും പലവട്ടം സലിമിനെ ബന്ധപ്പെട്ടു. മീററ്റിലേയും ബാഗ്പെറ്റിലേയും സുഹൃത്തുക്കള്‍ സഹായിച്ചു. രാവിലെ വീണ്ടും വിളിച്ചു.അന്നേരത്തേക്ക് സലിമില്‍ സന്ദേഹങ്ങള്‍ അകന്നിരുന്നു. 

കശാപന്‍ മൊഹല്ല. വഴിയില്‍ മണലും സിമന്റും കൂട്ടി പരുക്കനിടുകയാണ് ചുമരുകള്‍. കടന്നു പോകാന്‍ വയ്യ. ചുറ്റും ചാന്തിട്ട് മിനുക്കാത്ത ജീവിതങ്ങള്‍. കുട്ടികളുടെ വരെ കണ്ണുകളില്‍ പേടിയും വെറുപ്പും. വണ്ടി നിന്നു. പിന്നാലെ സലിം വന്നു. വളഞ്ഞ വഴിയിലൂടെ ചുറ്റിത്തിരിഞ്ഞ് ഞങ്ങള്‍ മൊഹല്ലയിലേക്ക് നീങ്ങി. 

ചൂടാര്‍ക്കുന്ന നട്ടുച്ച. കണ്ണുകളില്‍ തിളയ്ക്കുന്ന വെയിലു കാണാം. 5000ല്‍ പരം പേര്‍ താമസിക്കുന്ന ചേരി. അറുന്നൂറോളം കുടുംബങ്ങള്‍. ഗലിക്ക് ഇരു വശവും നിരത്തിയിട്ട ചാണക വറളികള്‍. കാലികളെ കുളിപ്പിക്കുന്ന സ്ത്രീകള്‍. ഈച്ചയാര്‍ക്കുന്ന ഇടച്ചുമരുകള്‍. തുണിയുടുക്കാത്ത കുട്ടികള്‍. മൂക്കിനെ തുളയ്ക്കുന്ന നാറ്റം. ചെത്തിത്തേയ്ക്കാത്ത മണ്‍കട്ടകള്‍ക്ക് ചാരേ വലിച്ചു കെട്ടിയ കറുത്ത ടാര്‍പായ. അതിനുള്ളില്‍ അലറിക്കരയുന്ന കുട്ടികള്‍. 

ഞങ്ങള്‍ അരികിലേക്ക് ചെന്നു. കയറ്റുകട്ടിലില്‍ നിന്ന് ഇറങ്ങാനാവാതെ ചെറുബാലന്‍.അവന്‍ കരച്ചില്‍ നിര്‍ത്തി. ക്യാമറയും പേറി എത്തിയ അപരിചിതരെ കണ്ട.് സലിം പറഞ്ഞു. ' മൂന്നു മക്കളുണ്ട് ഇവിടെ. അമ്മ പണിക്ക് പോയിട്ടുണ്ടാവും. അച്ഛന്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഈ ടാര്‍പ്പായയ്ക്ക് കീഴെ മൂന്നു കുടുംബങ്ങളുണ്ട്. ഈ തുണി കെട്ടി തിരിച്ചിട്ടുള്ളതെല്ലാം ഓരോ കുടുംബങ്ങളാണ്.'

മുതിര്‍ന്ന കുട്ടി വെള്ളം ചുമന്നെത്തി. നര്‍ഗീസ്. ഇളയവനെ കട്ടിലില്‍ നിന്ന് താഴെയിറക്കി. ട്രൗസറെടുത്തു കൊടുത്തു. ' സമീര്‍, ഉടുപ്പിടൂ. ' എന്നിട്ട് അവനെ ആരും കാണാതിരിക്കാന്‍ നര്‍ഗീസ് മറ തീര്‍ത്തു. അവള്‍ക്കാവും വിധം. സമീര്‍ കരച്ചില്‍ തുടങ്ങി. ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. 

അന്നേരം സമീറിന്റെ കരച്ചില്‍ വലുതായി വന്നു. അത് ഏറ്റുവാങ്ങിയിട്ട് എന്നോണം മൊഹല്ല ചുറ്റും നിറഞ്ഞു. 
' റേഷന്‍ കാര്‍ഡ് കിട്ടിയതേയുള്ളൂ. പലതും എപിഎല്ലാണ് . ഈ ടാര്‍പായ്ക്ക് കീഴിലെ രണ്ടു വീടുകളും എപിഎല്ലാണ്. വെള്ളം ദൂരെയുള്ള ടാപ്പില്‍ നിന്ന് കൊണ്ടു വരണം'
' ഗോതമ്പും ധാന്യങ്ങളും കാര്‍ഡില്‍ പറയുന്നത്ര ഒന്നും കിട്ടുന്നില്ല. പരാതി നല്‍കണമെങ്കില്‍ പലവട്ടം പോകണം. ആരും പരാതിപ്പെടാതായി.'
'വീട് തരാമെന്ന് പറഞ്ഞിട്ട് വര്‍ഷം ആറാവുന്നു. എന്തു കാര്യം'
' ഈ വഴിയെങ്കിലും ഒന്ന് നന്നാക്കി തരാന്‍ ഒരുപാട് തവണ ആവശ്യപ്പെട്ടു. ഒരു ഫലവുമില്ല. '
' കുട്ടികള്‍ക്ക് പോകാന്‍ അടുത്ത് സ്‌കൂളില്ല.' 
'' ഇനി ഒന്നും ശരിയാവില്ല ഭായി.'

up

എല്ലാ കലാപത്തിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണ്. ആദ്യവും അവസാനവും. സ്ത്രീകളോട് സംസാരിക്കാന്‍ ശ്രമിച്ചു. മിക്കവരും മുഖം മറച്ച് അകന്ന് മാറി. പിന്നേയും കുറേക്കൂടി അകത്തേക്ക് നടന്നു. അകലെ ഒരു മരച്ചുവട്ടില്‍ വലിച്ചു കെട്ടിയ മറ്റൊരു മേല്‍ക്കൂര. കയറ്റു കട്ടിലുകളിന്മേല്‍ ഏതാനും സ്ത്രീകള്‍. കുട്ടികളും. അവര്‍ക്കരികിലേക്ക് ചെന്നു. കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങി.
' പകലന്തിയോളം പണിക്ക് പോയാല്‍ മുപ്പതു മുതല്‍ അറുപതു രൂപ വരെയാണ് കൂലി. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും തികയില്ല'
' രോഗം വന്നാല്‍ കഴിഞ്ഞു. തണുപ്പും ചൂടുമായി വലയുകയാണ്'
'ഞങ്ങള്‍ക്കും നല്ല വീട് ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടേക്ക് പോകാന്‍ പോലും വയ്യ. 
'വഴക്കിട്ടവര്‍ക്കൊക്കെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മാത്രം ഇവിടെ ഇങ്ങനെ പെരുവഴിയിലായി.' 
' അന്ന് പലരും ഇവിടെ വന്നു. കണ്ടു പോയി. ഞങ്ങളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമോ?' 
''വോട്ട് തേടി ഇനിയാരും വരേണ്ട. ഞങ്ങള്‍ക്ക് ഇത്തവണ തീരുമാനങ്ങളുണ്ട്. '

തീരുമാനങ്ങള്‍ തിടം വയ്ക്കുന്നുണ്ട് ഈ മരച്ചുവടുകളില്‍. മുസഫര്‍നഗര്‍ കലാപത്തിന് പിന്നാലെ പോളിംഗ് ബൂത്തില്‍ പോയ മിക്കവരും വോട്ടു ചെയ്തത് നോട്ടയ്ക്കാണ്. പലരും വോട്ടു ചെയ്യാന്‍ പോയില്ല. കഴിഞ്ഞ തവണ നാലു ലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജീവ് ബല്യാന്‍ ഇവിടെ ജയിച്ചു. പ്രതിപക്ഷം ഇത്തവണ ഒന്നിച്ചാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും ഇടയില്‍ മൂന്നായി പിളര്‍ന്നിരുന്നു എതിര്‍പക്ഷം. 

ജയിക്കും എന്നതില്‍ ഇത്തവണയും ബിജെപിക്ക് തെല്ലും ആശങ്കയില്ല. സഖ്യസ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന രാഷ്ട്രീയ ലോകദളിന്റെ ചൗധരി അജിത് സിംഗിനും തെല്ലുമില്ല സംശയങ്ങള്‍. ഈ സുനിശ്ചിതത്വങ്ങള്‍ക്കിടയിലെ രാഷ്ട്രീയക്കളികള്‍ ഇനിയും അവസാനിച്ചിട്ടില്ല മുസഫര്‍നഗറില്‍. കഴിഞ്ഞ കലാപത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പ്രതിമ രവിദാസ് മന്ദിറില്‍ ഉയര്‍ത്താനുള്ള നീക്കം കലാശിച്ചത് ലാത്തിച്ചാര്‍ജിലാണ്. തിരഞ്ഞെടുപ്പാണ്. ഓരോ നീക്കത്തിനും പിന്നില്‍ നിറമുള്ള ലക്ഷ്യങ്ങളുണ്ട്. അപ്പോഴും അരക്ഷിതം അനാഥമാവുകയാണ് മുസഫര്‍നഗര്‍. തലകള്‍ മുറകളെ നേരെയാക്കാന്‍ സമ്മതിക്കുന്നതേയില്ല. കശബാനില്‍ നിന്ന് മടങ്ങുമ്പോള്‍ ഉറപ്പായിരുന്നു. ഇനിയുള്ള പേക്കിനാവുകളില്‍ നിറയും ഈ മുഖങ്ങള്‍. തീര്‍ച്ച. 

content highlights: Muzaffarnagar,up, election