സോണിയ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും റായ്ബറേലിയിലേക്ക് നീളുന്നത്. കോണ്‍ഗ്രസില്‍നിന്ന് മാറി ബി.ജെ.പിയില്‍ എത്തിയ ദിനേശ് പ്രതാപ് സിംഗാണ് എതിരാളി. കോണ്‍ഗ്രസ് ആത്മവശ്വാസത്തിലാണ്. 

ആളും ആരവവും ഇല്ലാത്ത ഓഫീസില്‍വച്ച് ചോദിച്ചപ്പോള്‍ ജില്ലാ പ്രസിഡണ്ട് വി.കെ. ശുക്ല പറഞ്ഞു: 'ഇവിടെ ആളെന്തിന്? എല്ലാവരും ബൂത്തു തലത്തില്‍ വരെ പ്രചാരണത്തിലാണ്. ചെയ്യേണ്ടത് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. മാഡം ഇവിടെ വരേണ്ടെന്ന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ഉറപ്പ് കൊടുത്തതാണ്.' 

കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കോടതി വരാന്തയിലൂടെ വോട്ടു തേടി ഓടുകയായിരുന്നു ദിനേശ് പ്രതാപ്സിംഗ്. പൂല്‍വാമയും ബാലാകോട്ടും മോദിയെ അതിശക്തനാക്കി എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 

സായ് നദിക്കരയിലെ ഷഹീദ് സ്മാരകത്തിലേക്ക് അവിടെനിന്ന് അധികദൂരമില്ല. ബീഗം ഹസ്രത് മഹലിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് ഷഹീദ് സ്മാരകത്തെ പറ്റി വി.കെ. ശുക്ല പറഞ്ഞത്. 

നട്ടുച്ച. ചുട്ടു പഴുത്തു കിടന്നു സായ്നദിക്കരയിലെ ഇരുമ്പുപാലം. നടന്നു നീങ്ങാവുന്ന പാലം. മറുകരയിലാണ് ഷഹീദ് സ്മാരകം. റായ്ബറേലിയിലെ ജലിയന്‍ വാലാബാഗ്. 700 പേരുടെ രക്തസാക്ഷിത്വം. സ്വാതന്ത്യത്തിനായി പൊള്ളിവീണവര്‍. അവരുടെ ഓര്‍മ്മകള്‍.

1921 ജനുവരി 5. റായ്ബറേലിയിലെ കര്‍ഷകര്‍ ഒത്തു കൂടി. വര്‍ദ്ധിച്ചു വരുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ബാബാ ജാനകിദാസും അമോല്‍ ശര്‍മ്മയും നേതൃത്വം നല്‍കി. ആയിരക്കണക്കിനാളുകള്‍ അവിടെ എത്തി. പാടത്ത് ഗോതമ്പിന്റെ പച്ചപ്പു പടരുന്ന കാലം. ജീവിക്കാനാവാത്ത ഗതികേട് കര്‍ഷകരെ ഒന്നിപ്പിച്ചു. റൗലറ്റ് നിയമത്തിന് എതിരായ സമരങ്ങള്‍, ഗാന്ധിജിയുടെ കടന്നു വരവ്. ഞായറാഴ്ച കോണ്‍ഗ്രസിനെ ലാലും പാലും ബാലും ചേര്‍ന്ന് സമരസംഘടനയാക്കിയ ചരിത്രഘട്ടം പിന്നിട്ട ആത്മവീര്യം. 

വെള്ളപ്പട്ടാളം പക്ഷേ രണ്ടു നേതാക്കളേയും അറസ്റ്റ് ചെയ്തു. ജയിലിലേക്ക് മാറ്റി. രണ്ടുപേരും കൊല്ലപ്പെട്ടെന്ന് അഭ്യൂഹമായി. ജനങ്ങള്‍ ഇളകി വശായി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ജവഹര്‍ ലാലിനെ ക്ഷണിച്ചു. നെഹ്റുവിന് എത്താനായില്ല. വെള്ളക്കാര്‍ അദ്ദേഹത്തെ വിലക്കി. 

ജനുവരി ഏഴ്. ഇരച്ചാര്‍ത്ത ജനക്കൂട്ടത്തിന് നേരേ പോലീസ് വെടിയുതിര്‍ത്തു. മരണം 700 ല്‍ പരം. പരിക്കേറ്റവര്‍ ആയിരങ്ങള്‍. വിലക്ക് ലംഘിച്ച് സ്ഥലത്തെത്തിയ നെഹ്റു കരഞ്ഞു. 'മരച്ചുവട്ടിലും കുതിരവണ്ടികളിലുമായി ജഡങ്ങള്‍ കൂട്ടിയിട്ടിരുന്നു. എനിക്ക് മുന്നിലൂടെ കുതിര വണ്ടികള്‍ കടന്നുപോയി. അതില്‍നിന്ന് ഡസന്‍ കണക്കിന് കാലുകള്‍ പുറത്തേക്ക് നീണ്ടു കിടന്നു.വെള്ളപുതയ്ക്കാതെ ശവങ്ങള്‍. അനാഥമായി ശവങ്ങള്‍.' റായ്ബറേലിയുടെ മാനഭംഗമെന്നാണ് സംഭവത്തെ അന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. 

ജലിയന്‍ വാലാബാഗിന് സമാനമായി സായ് നദിക്കരയിലും സ്തൂപമുണ്ട്. സ്തൂപത്തില്‍ സമരത്തിന്റെ ചരിത്രമുണ്ട്. റായ്ബറേയിലെ സമരത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ വന്ന സ്ഥലങ്ങളുടെ പേരുകളും. സ്തൂപത്തിന് പുറത്ത് പുതിയൊരു ചില്ലു സ്മാരകം. ഭാരത് മാതാ മന്ദിര്‍ എന്ന് പേര്. പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തത്. 

ശരിക്കുള്ള സ്തൂപത്തിന് പുറത്ത് ചന്ദ്രശേഖര്‍ ആസാദിന്റെ വാക്കുകളുണ്ട്. സ്വാതന്ത്യത്തിന്റെ മരത്തിന്റെ വേരു നനയ്ക്കാന്‍ ചോര പകര്‍ന്നവരെ പറ്റി. ദേശീയതയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം. സ്വാതന്ത്യത്തിനായി ജീവന്‍ ബലി കൊടുത്ത ആത്മാക്കള്‍ അപ്പോഴും ഇവിടെയുണ്ട്. സായ് നദിക്കരയില്‍ ആരും ഓര്‍ക്കാതെ. ആരാലുമറിയാതെ.  

Content Highlights: The Great Indian War 2019, General Election 2019, Raebareli, Sonia Gandhi, Munshiganj, Freedom Movement