തിരഞ്ഞെടുപ്പുകള്‍ നമുക്ക് വിവാദകാലമാണ്. പ്രകടന പത്രികകളില്‍ പോലും ശ്രദ്ധ കിട്ടുന്ന ഒന്നല്ല കായികമേഖല. മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്ന കാര്‍ഷികരംഗത്തിന് പോലും മനസ്സറിഞ്ഞ് ഊന്നല്‍ നല്‍കാത്ത രാഷ്ട്രീയകക്ഷികള്‍ കായികമേഖലയുടെ കാര്യത്തില്‍ ശ്രദ്ധിക്കുമെന്ന് കരുതുകയും വയ്യ. 

എന്നാലും അക്വാറ്റിക്സിന്റേയും ഫുട്ബോളിന്റേയും അത്ലറ്റിക്സിന്റേയും ഒക്കെ രംഗത്ത് എവിടെ നില്‍ക്കുന്നു എന്നത് അതത് രാജ്യങ്ങളുടെ പുരോഗതിയുടെ കൂടി സൂചകങ്ങള്‍ ആവാറുണ്ട്. അങ്ങനെ പരിഗണിക്കുന്നത് വികസന മാനദണ്ഡങ്ങളും.

രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും അത് വിട്ടുകളഞ്ഞാലും അതേപ്പറ്റി ഓര്‍ക്കുന്ന ഒരു വീടുണ്ട് യു.പിയിലെ ഝാന്‍സിയില്‍. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ കുടുംബം. 

അതെ, ധ്യാന്‍ ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസം. 1928-ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലും നാലാണ്ട് കഴിഞ്ഞ് നടന്ന ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലും 1936-ലെ ബര്‍ലിന്‍ ഒളിമ്പിക്സിലും സ്വര്‍ണം നേടിയ താരം. എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍. മേജര്‍ ധ്യാന്‍ ചന്ദ്.

പട്ടാളത്തില്‍ ചേരും മുമ്പ് ഹോക്കി കളിച്ചിട്ടേയില്ല ധ്യാന്‍ ചന്ദ്. ഗുസ്തിയില്‍ ആയിരുന്നു കമ്പം. പിന്നീട് ഗോദയൊന്ന് മാറ്റി. ദൈനംദിന ജോലികള്‍ക്ക് ശേഷമായിരുന്നു ഹോക്കി പരിശീലനം. നിലാവെളിച്ചത്തില്‍ മൈതാനത്ത് ഹോക്കി സ്റ്റിക്കോടി. ചന്ദ്രവെളിച്ചത്തില്‍ കളിക്കുന്ന ധ്യാന്‍ സിംഗിന് ധ്യാന്‍ ചന്ദ് എന്നായി ഇരട്ടപ്പേര്. പരിഹാസപ്പേര് പക്ഷേ ഇതിഹാസമായി.

ആര്‍മിക്ക് വേണ്ടി കളിച്ചാണ് ധ്യാന്‍ ചന്ദ് ശ്രദ്ധേയനായത്. പിന്നെ ഗോളടിക്കാന്‍ ധ്യാന്‍ വേണം എന്നായി. ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക് ഹോക്കിയില്‍ ഹാട്രിക് സ്വര്‍ണം ചൂടി ബര്‍ലിനില്‍. ഝാന്‍സിയിലെ വീട്ടില്‍ ഇരുന്ന് ധ്യാന്‍ ചന്ദിന്റെ പേരക്കുട്ടി പ്രവീണ്‍ സിംഗ് പറഞ്ഞു. 'ഇന്നും ഞങ്ങള്‍ക്കൊക്കെ അഭിമാനമല്ലേ അത് ഓര്‍ക്കുന്നത്. സാക്ഷാല്‍ ഹിറ്റലര്‍ അന്ന് കളി കണ്ടു. ധ്യാന്‍ ചന്ദിനോട് ജര്‍മിയില്‍ ചേരാന്‍ പറഞ്ഞു. ഹിറ്റ്ലര്‍ കഴിഞ്ഞാല്‍ പിന്നത്തെ ആളാക്കാം എന്നായിരുന്നു വാഗ്ദാനം. ധ്യാന്‍ ചന്ദ് പറഞ്ഞു. ഞാന്‍ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ സൈനികനാണ്. അതാണ് ധ്യാന്‍ ചന്ദ്.' 

താങ്കള്‍ ഹോക്കി കളിച്ചിരുന്നോ? 

ഞാന്‍ സംസ്ഥാന ടീമിലെത്തി. പിന്നെ മുട്ടിന് പരിക്കേറ്റ് പിന്മാറി, ബിസിനസ് നടത്താനും വീട്ടില്‍ ആളില്ലായിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിരവധി പേര്‍ ദേശീയ ടീമില്‍ കളിച്ചവരാണ്. എന്റെ സഹോദരന്റെ മകള്‍ നേഹാ സിംഗ് ഇപ്പോള്‍ ദേശീയ ടീമിലുണ്ട്. 150-ല്‍ പരം മാച്ചുകള്‍ അവള്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

ഹോക്കി പരിവാറാണ് ധ്യാന്‍ ചന്ദ് കുടുംബം എന്നതില്‍ ആഹ്ലാദഭരിതരാണ് എല്ലാവരും. അപ്പോഴും സങ്കടം ഒന്നുമാത്രം
' ഹോക്കിയുടെ കാര്യത്തില്‍ ഒരു പാര്‍ട്ടിക്കും ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധി പണ്ട് ധ്യാന്‍ ചന്ദിന് ഭാരതരത്നം നല്‍കും എന്ന് പറഞ്ഞതാണ്. മോദിയും സമാനമായ വാഗ്ദാനം നല്‍കി. പക്ഷേ കിട്ടിയത് സച്ചിനാണ്. ഞങ്ങള്‍ക്ക് അതില്‍ വിഷമമില്ല. തിരഞ്ഞെടുപ്പു കാലമല്ലേ. എന്തൊക്കെ വാഗ്ദാനങ്ങള്‍ വരുന്നു. ' 

പ്രവീണിന്റെ സഹോദര ഭാര്യ പ്രൊഫ മീന പറയുന്നു. 'ജാതി പോലെയല്ലേ സ്പോര്‍ട്സില്‍ കളികള്‍. ക്രിക്കറ്റ് ഉയര്‍ന്ന ജാതി. ഹോക്കി കീഴ്ജാതി. ഗ്രാമത്തിലെ കുട്ടികള്‍ ഗ്ലാമറില്ലാത്ത ഹോക്കി കളിക്കില്ല. ഹോക്കിക്ക് കഷ്ടകാലം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായില്ലേ.നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മെഡല്‍ കിട്ടിയാല്‍ മാത്രമല്ലേ ഇപ്പോള്‍ കായിക താരങ്ങളെ വേണ്ടൂ. മെഡല്‍ നേടിക്കൊടുക്കാന്‍ പാകത്തില്‍ അവര്‍ ആരേയും സൃഷ്ടിക്കില്ലല്ലോ'

പത്മഭൂഷണ്‍ കാണിച്ചു തന്നു വീട്ടുകാര്‍. രാജ്യത്തിന്റെ ആദരം. ഒപ്പം എണ്ണമറ്റ മെഡലുകള്‍. ഫലകങ്ങള്‍. പുരസ്‌കാരങ്ങള്‍. ചില്ലിട്ടു സൂക്ഷിച്ച സര്‍ട്ടിഫിക്കറ്റുകള്‍. കറുപ്പിലും വെളുപ്പിലുമുള്ള ധ്യാന്‍ ചന്ദ് ഫോട്ടോകള്‍. നിലത്തും മേശകളിലും ചുമരിലും അവാര്‍ഡുകള്‍. 

അക്കാലം ദൈവമായിരുന്നു ധ്യാന്‍ ചന്ദ്. ഹോക്കി മാന്ത്രികന്റെ കളികാണാന്‍ മഴ ദൈവങ്ങള്‍ പോലും മാറിനിന്നെന്ന് അന്ന് പത്രങ്ങള്‍ എഴുതി. മുഴുവന്‍ ഇന്ത്യക്കാരുടേയും റോള്‍ മോഡല്‍. ഹോക്കി സ്റ്റിക്കില്‍ പന്തൊട്ടിച്ച് ധ്യാന്‍ ചന്ദ് മൈതാനങ്ങള്‍ കീഴടക്കി. ഇന്ദ്രജാലത്തിന് മുന്നില്‍ വിസ്മയിച്ചു എതിരാളികള്‍. കൂടോത്രം നടത്തിയ ഹോക്കി സ്റ്റിക്ക് മാറ്റാന്‍ പലരും ശഠിച്ചു. പകരം കിട്ടിയ സ്റ്റിക്ക് കൊണ്ടും ധ്യാന്‍ ചന്ദ് ഗോളടിച്ചു. 

ധ്യാന്‍ ചന്ദ് ഒളിമ്പിക് മെഡലുമായി മടങ്ങി വന്നത് കാണാന്‍ മുംബൈ തുറമുഖത്ത് ആയിരങ്ങള്‍ തടച്ചുകൂടി. ക്രിക്കറ്റില്‍ ഇന്ത്യക്ക് അന്ന് ടെസ്റ്റ് പദവി കിട്ടിയിട്ടില്ല. സി.കെ. നായിഡുവിന്റെ സംഘം 1932-ല്‍ മാത്രമാണ് ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് കളിക്കാന്‍ പോയത്. പില്‍ക്കാലത്ത് രഞ്ജി ട്രോഫിയിലൂടേയും ദുലീപ് ട്രോഫിയിലൂടേയും അനശ്വരരായ രഞ്ജിത് സിംഗ്ജിയും ദുലീപ് സിംഗ്ജിയും അതിന് മുമ്പ് കളിക്കാന്‍ പോയെങ്കിലും കൗണ്ടി ടീമുകളോട് കളിച്ച് മടങ്ങാനായിരുന്നു വിധി. 

കാലം മാറി. ഹോക്കിയും ക്രിക്കറ്റും മൈതാനങ്ങളില്‍ വേഷങ്ങള്‍ പരസ്പരം കൈമാറി. ധ്യാന്‍ ചന്ദിന്റെ പേരില്‍ ഝാന്‍സിയില്‍ സ്റ്റേഡിയമുണ്ട്. അവിടെ പക്ഷേ ഹോക്കി ടൂര്‍ണമെന്റുകള്‍ അപൂര്‍വമാണ്. 

ചൂടെരിയുന്ന വേനലിലാണ് യുപി. ധ്യാന്‍ചന്ദിന്റെ ഇങ്ങേക്കണ്ണിയില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ വിവാഹക്കാലം. ഒരുപാട് ബന്ധുക്കള്‍ വന്നിട്ടുണ്ട്. ജര്‍മനിയില്‍ നിന്നു വരെ. കുട്ടികള്‍ ഒരുപാടുണ്ട്. പുറത്ത് അവരും ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: The Great Indian War 2019, General Election 2019, Hockey, Dhyan Chand, Jhansi, Utharabharatham