ലഖ്നോ ചിക്കന് ഇത് നല്ല കാലമല്ല. തുന്നുന്നവര്‍ക്ക് പ്രത്യേകിച്ചും. കാരണം വില കിട്ടുന്നില്ല എന്നത് തന്നെ.

പറയുമ്പോള്‍ ഓര്‍ക്കണം. ഈ ചിക്കന്‍ അല്ല ആ ചിക്കന്‍. പൂങ്കോഴിയുടെ പുഷ്‌കലകണ്ഠനാദം ആരും പ്രതീക്ഷിക്കരുത്. ലഖ്നോ ചിക്കന്‍ എന്നാല്‍ അലങ്കാരത്തുന്നലുള്ള വസ്ത്രം എന്നാണ് അര്‍ത്ഥം. 

താക്കോല്‍ കൊടുക്കാത്ത അലാറം പോലെ സൂര്യന്‍ എത്തുമ്പോള്‍ ലഖ്നോവിലേയും പരിസര ഗ്രാമങ്ങളിലേയും സ്ത്രീകളും തുടങ്ങും, വസ്ത്രങ്ങളില്‍ തുന്നല്‍പ്പണികള്‍. 

പ്രാചീനമായ ചരിത്രം പറയാനുണ്ട് ലഖ്നാവി ചിക്കന്. ഗ്രീക്- ചൈനീസ് സഞ്ചാരികളെ വിസ്മയിപ്പിച്ചു അവധിലെ തുന്നല്‍പ്പണികള്‍. എന്നാല്‍ കഥയ്ക്ക് ഇതിഹാസതുല്യമായ പെരുമ പകര്‍ന്നത് ഒരു മുഗള്‍ രാജ്ഞിയാണ്. ജഹാംഗീറിന്റെ നൂര്‍ജഹാന്‍.

മുഗള്‍ ചരിത്രത്തിലെ ഏറ്റവും ശക്തയായ രാജ്ഞിയാണ് നൂര്‍ജഹാന്‍. ദുരന്തങ്ങളേയും ദു:ഖങ്ങളേയും കുടഞ്ഞെറിഞ്ഞ മഹാറാണി. 

അക്ബറിന്റെ മന്ത്രിയുടെ മകളായിരുന്നു മെഹ്റുന്നിസ. പിന്നീട് ജഹാംഗീറായ സലിം രാജകുമാരന്റെ പ്രണയിനി. എന്നാല്‍ വിവാഹത്തിന് അക്ബര്‍ അനുമതി നല്‍കിയില്ല. ബംഗാളിലെ ജാഗീദാറായ ഷേര്‍ അഫ്ഗാനിയുമായി വിവാഹം. ചക്രവര്‍ത്തിയായി ജഹാംഗീര്‍ വാണതിന് പിന്നാലെ ഷേര്‍ അഫ്ഘാനി കൊല്ലപ്പെട്ടു. വൈകാതെ രാജമാതാവിന്റെ പരിചാരികയായി മെഹ്റുന്നിസയെ ആഗ്രയിലെത്തിച്ചു. മൂന്നു നാലു വര്‍ഷത്തിന് ശേഷം നൂര്‍ജഹാനായി അവര്‍ മാറി. ജഹാംഗീറിന്റെ പ്രിയപത്നി. 

അസഹ്യമായ ഏകാന്തതയില്‍ നൂര്‍ജഹാന്‍ സൂചിയും നൂലുമെടുത്തു. മനസ്സിലെ മുറിവുകള്‍ തുണിയില്‍ തുന്നിപ്പിടിപ്പിച്ചു. നൂര്‍ജഹാന്‍ വേദനകളെ മറികടന്നു. വസ്ത്രങ്ങള്‍ രാജ്ഞിയോളം തന്നെ സുന്ദരമായി. ആ മുഗള്‍ രാജ്ഞിയുടെ ചിത്രത്തുന്നലുകള്‍ ചരിത്രത്തിന്റെ ഭാഗമായി. അവധിന്റെ അലങ്കാരമായി. നൂര്‍ജഹാനിലൂടെ ചിക്കന്‍ പെരുമ നേടി.

ആ പ്രശസ്തിയേ ഉള്ളൂ ചിക്കന്. ഗ്രാമങ്ങളിലെ തുന്നല്‍ക്കാര്‍ക്ക് ദിവസം മുഴുവന്‍ തുന്നിയാലും പലപ്പോഴും നൂറു രൂപ തികച്ചു കിട്ടില്ല. ഇടനിലക്കാരിലേക്ക് എത്തുന്നു ലാഭമത്രയും.
ശാന്തിമയിദേവി പറഞ്ഞു- 'അരനൂറ്റാണ്ടായി ഈ പണി തുടങ്ങിയിട്ട്. പറഞ്ഞിട്ടെന്തുകാര്യം. ദൈവത്തോട് പറഞ്ഞിട്ട് പോലും ഫലം കിട്ടിയിട്ടില്ല. ഇനി ആരോടും ഒന്നും പറയാനുമില്ല'

ചിക്കന്‍ തുന്നല്‍ക്കാര്‍ക്കായി ഒരു പദ്ധതികളും ഇല്ല. നോട്ട് നിരോധനത്തിന് പിന്നാലെ മേഖല തീര്‍ത്തും നിലച്ചു. ജിഎസ്ടി വന്നതോടെ ചെറിയ കച്ചവടക്കാരും പിന്മാറി. ഇപ്പോള്‍ പഴയ തിരക്ക് ഇല്ലെങ്കിലും ചിക്കന്‍ സ്റ്റാളുകളില്‍ ആളു വന്നു തുടങ്ങി. 

നീലം മുക്കിയ അച്ചുകള്‍ കുത്തിയാണ് അവിദഗ്ധ തുന്നല്‍ക്കാരികളുടെ തുടക്കം. അതേ ഡിസൈനിലേക്ക് സൂചിയും നൂലുമെത്തുന്നു. വിവിധ ഡിസൈനുകള്‍. അലങ്കാരം ആര്‍ഭാഢമാവുന്നത്രയും തുന്നല്‍പ്പണികള്‍. വിദഗ്ധര്‍ക്ക് അച്ചു വേണ്ട. സൂചിയും നൂലും മതി. ഡിസൈന്‍ മനസ്സിലാണ്.

'ഇതൊന്നു തീര്‍ത്തിട്ടു വേണം. ബാക്കിയുളളത് തുന്നാന്‍. വോട്ട് ചെയ്തിട്ടെന്തു കാര്യം? ഇന്നോളം കണ്ടിട്ടില്ല നല്ലതൊന്നും. വൈകീട്ടത്തെ റൊട്ടിയാണ് പ്രധാനം. വീട്ടില്‍ മകളുടെ മക്കളും വന്നിട്ടുണ്ട്. പിന്നീടെപ്പോഴെങ്കിലും പറഞ്ഞു തരാം മക്കളേ, കഥകള്‍.'

പലയിടത്തു നിന്നായി അറിഞ്ഞ ചിക്കന്‍ കാര്യങ്ങള്‍ ഒന്നും മുഖത്ത് തെളിച്ചം പകരുന്നതായിരുന്നില്ല. പത്തും ഇരുപതും പേരെ നിരത്തിയിരുത്തി ചെറുകൂടാരങ്ങള്‍. തുന്നിത്തുന്നി നടുവൊടിയുന്ന ഗ്രാമീണസ്ത്രീകള്‍. പകരം കിട്ടുന്നതത്രയും അവഗണനയും ഇരുട്ടും. 

ശാന്തിമയിദേവിയുടെ മിഴികള്‍ ധ്യാനനിമഗ്‌നമായി. പിന്നെ ഞങ്ങളെ ഒഴിവാക്കി അവര്‍ തുന്നാന്‍ തുടങ്ങി. വെളുത്ത തുണിയില്‍ വേഗത്തില്‍ ഇളംനീലപ്പൂക്കള്‍ വിരിഞ്ഞു. സങ്കടത്തിന്റെ കടല്‍ ഇരമ്പാന്‍ തുടങ്ങി.