കുഞ്ചാക്കോ ബോബന്റെ സിനിമയായിരുന്നു ജമ്‌നാപ്യാരി. തിരക്കഥ പി.ആര്‍. അരുണ്‍. സംവിധാനം തോമസ് സെബാസ്റ്റിയന്‍. ചിത്രത്തിന് തിയ്യറ്ററുകളില്‍ ഭേദപ്പെട്ട സ്വീകരണം കിട്ടി. സിനിമ വന്നപ്പോഴാണ് ആ അരുമയായ ആട്ടിന്‍ പറ്റത്തെ പറ്റി മലയാളികള്‍ വ്യാപകമായി അറിഞ്ഞത്. യമുനാ തടത്തിന്റെ സ്വന്തം ആടാണ് ഇത്. പേര് ജമുനാ പാരി. 

ഇട്ടാവയിലാണ് ചക്കര്‍നഗര്‍ ഗ്രാമം. പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ വിഹരിച്ച മേഖല. പേടിച്ച് വിറച്ച് യാത്രക്കാര്‍ പകല്‍ പോലും ഇതുവഴി കടന്നുപോയില്ല. ചക്രനഗരത്തിന്റെ ആടിനമാണ് ജമുനാ പാരി. വെച്ചൂര്‍ പശു പോലെ.

നീളമുള്ള ചെവികളാണ് ജമുനാ പാരിയുടെ സവിശേഷത. നല്ല വെളുപ്പു നിറം. സോനാ എന്നും ചാന്ദി എന്നും രണ്ടിനങ്ങള്‍. പൊന്നും വിലയെന്ന് പറഞ്ഞാല്‍ പോരാ, പൊന്നിനേക്കാളും വിലയുണ്ട്. 

ഇട്ടാവയില്‍നിന്ന് ജലൂനിലേക്കുള്ള പാതയില്‍ ഇടയ്ക്കിടെ കാണാം ഒറ്റയും തെറ്റയുമായി ജമുനാ പാരികളെ. വേലിയ്ക്കല്‍ കെട്ടിയിട്ടവ. പാടത്ത് മേയുന്നവ. കയറുമായി കുട്ടികളും മുതിര്‍ന്നവരും. നാലഞ്ചു പതിറ്റാണ്ട് മുമ്പ് കേരളത്തിലെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന പോലെ. 

ചായ കുടിക്കുന്നതിനിടെ ബിരേന്‍ലാല്‍ അരികിലേക്കു വന്നു. അപരിചിതര്‍ ആടിനെ വാങ്ങാന്‍ വന്നവരെന്ന് തെറ്റിദ്ധരിച്ചു കൊണ്ട്. ബിരേന്റെ വീട്ടില്‍ ഇരുപതോളം ആടുകളുണ്ട്. അത് കാണാന്‍ ക്ഷണിച്ചു. ഞങ്ങളും വരമ്പത്തേക്ക് ഇറങ്ങി.

ഒറ്റ വരമ്പ് നീളുന്നത് മുള്ളുവേലിയിലേക്കാണ്. കടുകിന്‍ പൂക്കള്‍ പാടത്തെ മഞ്ഞയില്‍ കുളിപ്പിക്കുന്നു. ഞാറ്റുപച്ചയില്‍ മഞ്ഞ കലര്‍ന്നു. നംഗളായിയിലെ മൊഹല്ല. എരുമകളും പശുക്കളും നിറയെ. ചാണകം മെഴുകിയ മുറ്റങ്ങള്‍. ഇടുങ്ങിയ വഴി കടന്ന് ഞങ്ങള്‍ ബിരേന്‍ ലാലിന്റെ വീട്ടിലെത്തി. 

വയ്ക്കോല്‍ മേഞ്ഞ തൊഴുത്തില്‍ ജമുനാ പാരി. പല വലിപ്പങ്ങളില്‍. 'ഒന്നര ലക്ഷം രൂപ വരെ വില കിട്ടും. തൂക്കത്തിന് അനുസരിച്ചാണ് വില. ഭംഗിയുള്ള മുട്ടനാടിന് മോഹവിലയുണ്ട്. പെണ്ണാടുകളെ തേടിയാണ് കേരളത്തില്‍നിന്നും ആളു വരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഗോട് ഫാമുകളില്‍നിന്ന് വാങ്ങാന്‍ വരുന്നവരും ഉണ്ട്. ഇവിടെ ജമുനാ പാരിയില്‍ കലര്‍പ്പില്ലെന്ന് ഉറപ്പുള്ളതിനാലാണ് വാങ്ങാന്‍ ആളു വരുന്നത്.' 

എന്നാല്‍ ഇത്തവണ ഈ ആടിനം തിരഞ്ഞെടുപ്പ് വിഷയമാണ്. കാരണം മറ്റൊന്നുമല്ല. മുമ്പ് ഉണ്ടായിരുന്ന ജമുനാ പാരി പദ്ധതി യുപി സര്‍ക്കാര്‍ ഉപേക്ഷിച്ചു. അഞ്ച് പെണ്ണാടിനേയും ഒരു മുട്ടനാടിനേയും വളര്‍ത്തുന്ന പദ്ധതിയായിരുന്നു. ഇതിന് സബ്സിഡിയും കാലിത്തീറ്റയും കിട്ടിയിരുന്നു. ഒരു ഘട്ടത്തില്‍ വംശനാശത്തില്‍നിന്ന് ജമുനാ പാരിയെ രക്ഷിച്ചത് ആ പദ്ധതിയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അത് നിര്‍ത്തി. 

'പശുക്കളെ സംരക്ഷിക്കാന്‍ പദ്ധതികള്‍ എന്നാണ് യോഗിജി പറയുന്നത്. അതിന് ഇവിടുത്തെ ആടുകളെ ദ്രോഹിക്കുന്നത് എന്തിനാണ്? മറ്റൊരു തൊഴിലുമില്ല. നന്നായി ജീവിക്കാന്‍ സഹായിക്കുന്നതാണ് ഈ ആടുകളെ വളര്‍ത്തി വില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം ഇല്ലാതായതോടെ പലര്‍ക്കും ജമുനാ പാരിയില്‍ താല്‍പര്യം ഇല്ലാതാവുകയാണ്. അലയുന്ന പശുക്കളെ പോലെ ഈ ആടുകള്‍ പോയി വിള തിന്നുകയൊന്നുമില്ല. വിലപിടിപ്പുള്ള ആടുകളെ അത്ര സൂക്ഷിച്ചാണ് വളര്‍ത്തുന്നത്.' 

പത്തിരുപത്തിയഞ്ചു കൊല്ലം മുമ്പാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍വച്ച് ഡോ. ശോശാമ്മ ഐപ് പറഞ്ഞ് ഓര്‍ത്തു 'വെച്ചൂര്‍ പശു നമ്മുടെ മാത്രം ഇനമാണ്. വെച്ചൂരിലെ പാടത്ത് പുല്ലു തിന്ന്, അവിടത്തെ വെള്ളം കുടിച്ച് വളര്‍ന്നവ. കാലം മാറിയില്ലേ. പാടവും പുല്ലും ഇല്ലാതായി. അങ്ങനെയങ്ങനെയാണ് വെച്ചൂര്‍ പശുവും പോയത്.' റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ജനിതകവിവാദങ്ങള്‍ ഉയര്‍ന്നത് പിന്നേയും കുറേക്കാലം കഴിഞ്ഞാണ്. ഒഡിഷയിലെ പശുക്കള്‍ ധവള വിപ്ലവത്തില്‍ ഇല്ലാതായതോടെ ക്ഷാമം എങ്ങനെ പട്ടിണി മരണത്തില്‍ എത്തിയെന്ന് എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട് - എല്ലാരും മോഹിക്കുന്ന ക്ഷാമകാലത്തില്‍ - പി. സായ്നാഥ് വിവരിക്കുന്നുണ്ട്.

ജമുനാ പാരിയ്ക്കും പ്രിയങ്കരമായ ചില ഇലകളുണ്ട്. ചമ്പല്‍ പ്രാന്തങ്ങളില്‍ പടരുന്ന ചില കാട്ടുമരങ്ങള്‍. ചില മുള്‍ച്ചെടികള്‍, കുറ്റിച്ചടികള്‍, അവിടത്തെ പാടത്തെ ചില ഔഷധച്ചെടികള്‍, അതിലേറെ ബേര്‍ മരത്തിന്റെ കൊച്ചു കൊച്ചു ഇലകള്‍. നാട്ടുകാര്‍ അവ വെട്ടിയെടുക്കുന്നു. ആട്ടിന്‍ കൂട്ടിലെത്തിക്കുന്നു. നമ്മുടെ ആടുകള്‍ പണ്ട് പച്ചപ്ലാവില തിന്ന പോലെ. കാലിത്തീറ്റയ്ക്ക് ചെലവ് കൂടുതലാണ്. തൊഴിലില്ലാത്ത കാലത്ത് മുതലാവില്ല.

ഇട്ടാവയും കന്നൗജുമൊക്കെ യാദവ പരിവാറിന്റെ മണ്ണാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിലും സമാജ്വാദി പാര്‍ട്ടി കീഴടങ്ങാത്ത മേഖല. ജമുനാ പാരി ആടുകളേക്കാള്‍, കൊഴിഞ്ഞു വീണ ഇലകളെ അയവിറക്കാനുണ്ട് ഗ്രാമീണര്‍ക്ക്. ഞങ്ങള്‍ തിരിച്ചു നടന്നു. പുറത്തെ കവലയിലെ വേപ്പു മരച്ചോട്ടില്‍ കുറേ ചെറുപ്പക്കാര്‍. കന്നിവോട്ടര്‍മാരാവാന്‍ പ്രായമുള്ള കുട്ടികള്‍. ഗ്രാമത്തിലെ പുതിയ തലമുറ പക്ഷേ ആവേശത്തിലായിരുന്നു. പൂല്‍വാമയിലെ ചോരയ്ക്ക് കണക്ക് ചോദിച്ചതിന്റെ സന്തോഷത്തില്‍. 

Content Highlights: The Great Indian War 2019, General Election 2019, Utharabharatham, Jamna Pyari, Goat, Ittawa