ചാര്‍ലി ഹെബ്‌ദോ സ്വയം വിശേഷിപ്പിച്ച മൂല്യങ്ങളെ ആരും നിരാകരിക്കില്ല. മതേതരം, വര്‍ണവെറിക്ക് അതീതം, യുക്തിപരം. അപ്പോഴും സന്ദേഹി. 2015-ല്‍ പ്രവാചകനിന്ദയെച്ചൊല്ലി അല്‍ ഖ്വയിദ അവിടെ നടപ്പാക്കിയത് മരണമാണ്. 12 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വെടിയുണ്ടയേറ്റ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ജീവനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നു പോന്നപ്പോഴും അവര്‍ മാധ്യമ സ്വാതന്ത്യം ഉയര്‍ത്തിപ്പിടിച്ചു.

കൊലയാളികളെ എല്ലാവരും വെറുത്തപ്പോള്‍ ഇന്ത്യയില്‍നിന്ന് അവര്‍ക്കായി ഒരു ശബ്ദം ഉയര്‍ന്നു. ആ കൊലയാളികള്‍ക്ക് ഉത്തര്‍ പ്രദേശിലെ മീററ്റില്‍നിന്നുള്ള ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍, ഹാജി യാക്കൂബ് ഖുറേഷി, ഇനാം പ്രഖ്യാപിച്ചു. 'മത നിന്ദ നടത്തിയവര്‍ വധാര്‍ഹര്‍. കൊന്നവര്‍ക്ക് 11 ദശലക്ഷം ഡോളര്‍ സമ്മാനം. ഒപ്പം ആള്‍ത്തൂക്കം സ്വര്‍ണവും'' ഹാജി യാക്കൂബ് ഖുറേഷി പറഞ്ഞു. ലോകം നൊടിയിട വീണ്ടും നടുങ്ങി. 

യാക്കൂബ് ഖുറേഷി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മീററ്റില്‍. ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റില്‍. താരതമ്യേന വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി. ഫോണില്‍ വിളിച്ചപ്പോള്‍ ഖുറേഷി ഹാപുരിലായിരുന്നു. വൈകുന്നേരത്തോടെ മീററ്റിലെത്തും. അവിടെ കാണാം എന്നു മറുപടി. 

പഴയ മീററ്റിന്റെ വിശാല കവാടം കടന്നാല്‍ ഗലികളാണ്. ശ്യാംപൂരിലേക്ക് നീളുന്ന ഗലിയില്‍ ഖുറേഷിയുടെ വീട്. മാര്‍ബിള്‍ പതിച്ച കൊട്ടാരം. നല്ല തിരക്ക്. അകത്തും പുറത്തും ആളുകള്‍. ഒരു മണിക്കൂറോളം കാത്തിരുന്നു. നേരം ഇരുട്ടിക്കഴിഞ്ഞു. വീണ്ടും വീണ്ടും വീണ്ടും വിളിച്ചു. അവസാനം ഖുറേഷിയുടെ സഹായി ഇമ്രാന്‍ പറഞ്ഞു. 'ശ്യാംപൂരിലെ യോഗം കഴിയുമ്പോള്‍ വൈകും. അവിടെവെച്ച് കാണാം.'

എട്ടു മണിയോടെ വീട്ടില്‍ നിന്നിറങ്ങി ശ്യാംപൂരിലെക്ക് എത്തി. മറ്റൊരു സഹായി സിറാജ് കാത്തു നിന്നു. വരുന്ന വഴിയില്‍ തന്നെ പ്രസംഗത്തിന് മുമ്പേ കാണാം എന്നേറ്റു. അതിനിടെ ഖുറേഷിയെ വിളിച്ചു. 'ക്ഷമിക്കണം. തിരഞ്ഞെടുപ്പല്ലേ. എല്ലാം പരിപാടികളും വൈകുന്നു. വേഗം എത്താം.' 

വലിയ ആള്‍ക്കൂട്ടം. മുമ്പേ കാണാമെന്ന പ്രതീക്ഷ നഷ്്ടമായി. ചെറിയ ഗലിയിലെ തിരക്കിനെ പിന്നേയും വര്‍ദ്ധിപ്പിച്ച് സൈക്കിള്‍ റിക്ഷകള്‍ തൊട്ട് ചെറിയ കാറുകള്‍ വരെ നിര്‍ത്താതെ പാഞ്ഞു. പോകുന്ന ഡ്രൈവര്‍മാരെല്ലാം കഴുത്തു തിരിച്ച് പ്രസംഗം കേട്ടാണ് വണ്ടിയോടിക്കുന്നത്. പരമാവധി അരികിലേക്ക് ചേര്‍ന്നു നിന്നു. സമാജ് വാദിയുടെ ചുവപ്പും പച്ചയുമായ കൊടികള്‍. ബി.എസ്.പിയുടെ നീലക്കൊടികള്‍. ആര്‍.എല്‍.ഡിയുടെ പച്ചക്കൊടികള്‍. എല്ലാം അരികുകളില്‍ ഒന്നായി. 

Yakub Qureshi
യാക്കൂബ് ഖുറേഷി

മീററ്റില്‍ നാരങ്ങാവെള്ളം വിറ്റ് തുടങ്ങിയതാണ് യാക്കൂബ് ഖുറേഷി. അതിവേഗം വളര്‍ച്ച. മാംസക്കയറ്റുമതിയിലേക്ക് കടന്നതോടെ വളര്‍ച്ചയുടെ വേഗം കൂടി. 2007-ല്‍ യു.പി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. വൈകാതെ ബി.എസ്.പിയിലേക്ക് മാറി. 2012-ല്‍ ലോക്ദളിലെത്തി. വീണ്ടും ബി.എസ്.പിയിലേക്ക്. അതിനിടെ സംസ്ഥാനത്ത് മന്ത്രിയായി. 

മീററ്റില്‍ രാജേന്ദ്ര അഗര്‍വാളാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. പത്തു വര്‍ഷമായി എം.പി. ഇത്തവണ ഭരണവിരുദ്ധ വികാരമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹരീന്ദ്ര അഗര്‍വാള്‍. ഒ.പി. ശര്‍മ്മയെ മാറ്റി ഹരീന്ദ്രയെ നിര്‍ത്തിയതിന് പിന്നില്‍ കണക്കുകൂട്ടലുകളുണ്ട്. സ്വാതന്ത്യ സമര സേനാനിയും പിന്നെ ജനതാ പാര്‍ട്ടിക്ക് വേണ്ടി യു.പിയുടെ മുഖ്യമന്ത്രിയുമായ ബാബു ബനാര്‍സി ദാസിന്റെ കുടുംബാംഗം. വണിക - വൈശ്യ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റെല്ലാ വോട്ടുകളും മഹാസഖ്യം ഒന്നിപ്പിക്കുമ്പോള്‍ ഖുറേഷിക്ക് പ്രതീക്ഷയേറുന്നു.

ഒമ്പതരയോടെ ഖുറേഷിയെത്തി. തൊട്ടടടുത്ത വീട്ടിലേക്ക് സ്ഥാനാര്‍ത്ഥി കയറി. പുറത്തെ പ്രസംഗത്തിന് മുമ്പ് നൊടിയിട വിശ്രമം. അതിനിടെ സംഭാഷണം. 

'യുപിയിലും കേന്ദ്രത്തിലും ബി.ജെ.പി. സര്‍ക്കാര്‍ വാഗ്ദാനലംഘനങ്ങളുടേതാണ്. യു.പിയെ മോദിയും യോഗിയും ചേര്‍ന്ന് തകര്‍ത്തിരിക്കുന്നു. കര്‍ഷകര്‍ കടത്തിലാണ്. കരിമ്പിന് വില ഇനിയും കൊടുത്തിട്ടില്ല. തൊഴിലാളികള്‍ പരിക്ഷീണിതരാണ്. വര്‍ഗീയമായി ചേരി തിരിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പി. ശ്രമം.' ഖുറേഷി പറഞ്ഞു. 

മഹാസഖ്യത്തെ പറ്റി വലിയ പ്രതീക്ഷയുണ്ട് സ്ഥാനാര്‍ത്ഥിക്ക്. 'കണക്കില്‍ ഞങ്ങള്‍ ശക്തരാണ്. മോദി അഞ്ചാണ്ട് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ വഞ്ചിക്കപ്പെട്ടവരാണ് വോട്ടര്‍മാര്‍. മുസാഫര്‍ നഗറടക്കമുള്ള കലാപങ്ങളുടെ ദുരന്തം നേരിട്ട ജാട്ടുകളും മുസ്ലീങ്ങളും ഇത്തവണ ഒന്നിക്കും. കൈരാനയിലടക്കം ബി.ജെ.പിയെ തോല്‍പിക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. പശ്ചിമ യു.പിയില്‍ ഉടനീളം മഹാസഖ്യം ജയിക്കും.'' 

'ചൗക്കിദാര്‍ എന്ന് പറഞ്ഞാണ് മോദി വഞ്ചിക്കുന്നത്. പുല്‍വാമയില്‍ മൂന്നര ടണ്‍ സ്ഫോടക വസ്തുക്കളുമായി ഭീകര്‍ കടന്നു വന്നപ്പോള്‍ എവിടെയായിരുന്നു കാവല്‍ക്കാരന്‍. രാജ്യസ്നേഹം വെറുപ്പ് പറയാന്‍ വേണ്ടി മാത്രമാണ്.' അദ്ദേഹം പറഞ്ഞു നിര്‍ത്തി.

അന്നേരം ഹാജി യാക്കൂബ് ഖുറേഷിയോട് ചോദിച്ചു: 'പഴയ 11 ദശലക്ഷത്തിന്റെ ഇനാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ ? മീററ്റിലെ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വന്ന് ആള്‍ത്തൂക്കം സ്വര്‍ണം സമ്മാനിക്കുമോ?'

കണ്ണടയ്ക്ക് പിന്നില്‍ സ്ഥാനാര്‍ത്ഥിക്കണ്ണുകളില്‍ പെട്ടെന്ന് അപരിചിതത്വം നിറഞ്ഞു. പുഞ്ചിരി മാഞ്ഞു. തെല്ലു വല്ലായ്കയോടെ അദ്ദേഹം നോക്കി. 

'എന്ത്? എന്താണ് നിങ്ങള്‍ പറയുന്നത്?'

'ചാര്‍ലി ഹെബ്‌ദോ കേസിലെ കാര്യം?'

'അതൊക്കെ പഴയ കാര്യങ്ങള്‍. ഇപ്പോള്‍ പറയേണ്ടതില്ല. നമുക്ക് സാധാരണക്കാരുടെ കാര്യം പറയാം.' 

അതിന് ശേഷം അദ്ദേഹം പ്രസംഗിക്കാന്‍ കയറി.

Content Highlights: The Great Indian War, Generala Election 2019, Utharabharatham, Haji Yakoob Qureshi, Charlie Hebdo, Meerut BSP Candidate