ഗോരഖ്നാഥന്റെ മണ്ണാണ് ഗോരഖ്പുര്‍. നാഥ് പരമ്പരയിലെ സന്യാസിമാരുടെ നാട്. നൂറ്റാണ്ടുകള്‍ മുമ്പ് ആത്മാവിന്റെ പൊരുള്‍ തേടിയവര്‍. ദ്വൈതത്തിനും അദ്വൈതത്തിനും ഇടയില്‍ അലഞ്ഞവര്‍. യു.പിയിലും പഞ്ചാബിലും സിന്ധിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലുമൊക്കെ ഈ സന്യാസിമാര്‍ മഠങ്ങള്‍ തീര്‍ത്തു. 

എന്നാല്‍ ഗോരഖ്നാഥിലെ മഠത്തിന് പ്രത്യേകതയുണ്ട്. പ്രത്യേകിച്ചും എണ്‍പതുകള്‍ക്ക് ശേഷം. രാമക്ഷേത്രത്തിന്റെ ആരവം മുഴങ്ങുന്ന കാലം. ഇവിടെനിന്നുള്ള മഹന്ത് അവൈദ്യനാഥ് ബി.ജെ.പിയുടെ എം.പിയായി. അദ്ദേഹത്തിന്റെ ശിഷ്യന്‍ യോഗി ആദിത്യനാഥും എം.പിയായി. പിന്നീട് യു.പി. മുഖ്യമന്ത്രിയും. 

എല്ലാവര്‍ക്കും അറിയുന്ന ചരിത്രം. എന്നാല്‍ ഗോരഖ്പുര്‍ ഇന്ത്യന്‍ വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പരിസരമായത് മറ്റൊരു വഴിയിലാണ്. ഇവിടെ തുടങ്ങിയ ഗീത പ്രസാണ് ഹിന്ദു സനാതന ധര്‍മ്മത്തിന് കര്‍മ്മകാണ്ഡം രചിച്ചത്. 1923-ല്‍ ഗീത പ്രസ് തുടങ്ങി. ലക്ഷ്യം ലളിതം. തെറ്റുകുറ്റങ്ങളില്ലാതെ പുരാണങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. ഭഗവത് ഗീതയും രാമചരിതമാനസും പുറത്തിറക്കണം. വ്യാഖ്യാനങ്ങള്‍ വേണ്ട. ഒറിജിനല്‍ തന്നെ വേണം. 

പൂര്‍വാഞ്ചലത്തിലെ മാര്‍വാഡികള്‍ ഗീത പ്രസ് തുടങ്ങാന്‍ മറ്റൊരു കാരണവുമുണ്ട്. 1911-ല്‍ ബ്രിട്ടീഷുകാര്‍ തലസ്ഥാനം കൊല്‍ക്കൊത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. യുണൈറ്റഡ് പ്രൊവിന്‍സിലെ ചെറുപ്പക്കാര്‍ക്ക് വെള്ളക്കാര്‍ക്ക് കീഴില്‍ തൊഴിലവസരം കൂടി. ഇംഗ്ലീഷ് പഠിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ആംഗലേയം പഠിച്ചവര്‍ പാരമ്പര്യം മറക്കുമെന്ന പേടിയും ഏറി. കുട്ടികള്‍ വഴി പിഴയ്ക്കുമെന്ന എക്കാലത്തേയും ഭയം. ധാര്‍മ്മികതയും സനാതന പാരമ്പര്യവും നിലനിര്‍ത്തണം. അതിനായി പുരാണം പഠിപ്പിക്കണം. 

മൂന്നു കൊല്ലം കൊണ്ട് ഗീത പ്രസ് വളര്‍ന്നു. ചുരുങ്ങിയ കാലം കൊണ്ട് ഹിന്ദു ഭവനങ്ങളില്‍ ഗീതയും ഭാരതവും രാമചരിതമാനസും എത്തി. വൈകാതെ മറ്റ് പുരാണങ്ങളും. 1926-ല്‍ കല്ല്യാണ്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. പുരാണകഥകള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ മറ്റു പ്രസിദ്ധീകരണങ്ങള്‍ വന്നു.

ദളിതന് ക്ഷേത്രപ്രവേശനം വിലക്കണം എന്നായിരുന്നു ഗീത പ്രസിന്റെ ആദ്യ നിലപാട്. പുറത്ത് രാഷ്ട്രീയം ജ്വലിച്ച കാലം. മുഴുവന്‍ ഹിന്ദുക്കളും ഒന്നെന്ന നിലപാടിലേക്ക് ഗീത പ്രസും എത്തി. 1926-ല്‍ ഹനുമാന്‍ പ്രസാദ് പൊദാര്‍ എഴുതി. ഹിന്ദു മുസ്ലീം സമസ്യ എന്ന മുഖലേഖനത്തില്‍. ഹിന്ദുക്കള്‍ക്ക് വേണ്ടത് സംഘബലമാണ്. ഭക്തിയും ജ്ഞാനവും വൈരാഗ്യവും ദൈനംദിന സന്തോഷമാക്കി മാറ്റണമെന്ന നിലപാട് ഗീത പ്രസ് പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ട് വച്ചു. ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ജനസംഘവും പിന്നീട് ബി.ജെ.പിയുമായും ഗീത പ്രസ് അടുത്ത ബന്ധം നിലനിര്‍ത്തി. 

പൊദ്ദാറും ഗാന്ധിജിയും തമ്മില്‍ നിരന്തരം ആശയസമരത്തിലായി. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിനായി ഗാന്ധി നിലകൊണ്ടു. പൊദ്ദാര്‍ ആദ്യം ഇത് അംഗീകരിച്ചില്ല. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനം മാനഭംഗം തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹരിജനങ്ങളില്ലാത്ത വിവാഹത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഗാന്ധിജി പറഞ്ഞു. തര്‍ക്കം മൂത്തു. നിരന്തരം പരിണമിച്ച ഗാന്ധിജിയും ഒന്നും മാറേണ്ടതില്ലെന്ന നിലപാടും തമ്മിലുള്ള ആശയസമരമായി ഇത് മാറി.

മുസ്ലീങ്ങള്‍ക്ക് പാകിസ്താന്‍ രൂപീകരിച്ചാല്‍ ഹിന്ദുസ്താന്‍ ഹിന്ദുക്കളുടേതാവണമെന്നായിരുന്നു ഗീത പ്രസ് നിലപാട്. മുസ്ലീങ്ങളെ സൈന്യത്തിലെടുക്കരുതെന്നും അവര്‍ നിലപാടെടുത്തു. ഹിന്ദു കോഡ് ബില്‍ വന്നപ്പോള്‍ ഗീത പ്രസ് പറഞ്ഞു. 'ഇത് ആപത്താണ്. നാളെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും നമ്മുടെ വീട്ടില്‍ കയറും. അടുക്കളയില്‍ ഗോമാംസം വരും. നമ്മുടെ പെണ്‍മക്കള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കും.' എന്നാല്‍ നെഹ്റു ഗൗനിച്ചതേയില്ല. 

ഗാന്ധിവധത്തിന് ശേഷം പൊദാര്‍ തടങ്കലിലായി. ഗൂഢാലോചന എന്നാണ് അദ്ദേഹം വിവരിച്ചത്. ബി.ഡി ഗോയങ്ക അദ്ദേഹത്തിന്റെ മോചനത്തിന് ശ്രമിക്കണമെന്ന് ജി.ഡി. ബിര്‍ളയോട് ആവശ്യപ്പെട്ടു. ബിര്‍ള മറുപടി എഴുതി. 'അവര്‍ പ്രചരിപ്പിക്കുന്നത് സനാതന ധര്‍മ്മമല്ല, ശൈത്താന്‍ ധര്‍മ്മമാണ്.'

ശീതക്കാറ്റ് ആഞ്ഞുവീശുന്ന സായാഹ്നം. ഗോരഖ്പൂരിലെ എം.എല്‍.എ. രാധാമോഹന്‍ അഗര്‍വാളിനോട് പറഞ്ഞു. ഗീത പ്രസ് കാണണം. ഹിന്ദു മഹാസഭയുടെ മുന്‍ നേതാവാണ് അഗര്‍വാള്‍. ദൃശ്യങ്ങളെടുക്കാന്‍ അദ്ദേഹം അനുമതി വാങ്ങിത്തന്നു. തിരക്കേറിയ തെരുവ്. സൈക്കിള്‍ റിക്ഷയില്‍ ഞങ്ങള്‍ നീങ്ങി. ഇരുട്ട് പടരും മുമ്പേ ഒരു കണക്കിന് ഗേറ്റിലെത്തി. എല്ലോറയിലെ ശിലാക്ഷേത്രങ്ങളും മധുര മീനാക്ഷിയുടെ ഗോപുരവും മാതൃകയാക്കി പണിത കവാടം.

അകത്തു കാത്തു നില്‍പുണ്ടായിരുന്നു ജി.പി. തിവാരി. ട്രസ്റ്റികളില്‍ ഒരാള്‍. പഴയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. 'ഒരു രൂപ പോലും വാങ്ങാതെയാണ് ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നത്. പ്രഭുവിന്റെ പേരു കേള്‍ക്കുന്നതേ പുണ്യം. പറയുമ്പോഴത്തേത് പറയാനുണ്ടോ.'

അകത്ത് ചിത്രശാലയുണ്ട്. ആദ്യ അച്ചുകൂടം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു. ഗാന്ധിജി തൊട്ടുള്ള നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍. കത്തുകള്‍. ചരിത്രം. ഒപ്പം ചുവരുകളില്‍ രാമലീലകളും കൃഷ്ണലീലകളും. വിവിധ കോണുകളില്‍നിന്ന് നോക്കിയാല്‍ മാത്രം പൂര്‍ണമായി കാണാനാവുന്ന ചിത്രങ്ങള്‍.

കഥകളോരോന്നും പറഞ്ഞു തരും ഗൈഡായി രാംജി. 'ഈ ചിത്രം നോക്കൂ. മായാസീതയുടേതാണ്. രാവണന് സീതയെ സ്പര്‍ശിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ ഗുഹയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഭഗവാന്‍. രാക്ഷസര്‍ക്ക് ദേവിയെ തൊടാന്‍ കഴിയുമോ.'

രാജേന്ദ്ര പ്രസാദ് നേരിട്ട് ഗേറ്റ് ഉദ്ഘാടനം ചെയ്ത കഥ തിവാരി പറഞ്ഞു. ഇക്കൊല്ലം മുതല്‍ കൂടുതല്‍ ഗീത പ്രസ് പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും വരുന്ന കാര്യവും. 

സവര്‍ണ ഹിന്ദുക്കള്‍ക്ക് മാത്രം അംഗത്വമെടുക്കാവുന്ന ട്രസ്റ്റാണ് പ്രസിന്റെ നടത്തിപ്പുകാര്‍. ചരിത്രത്തില്‍ എല്ലാ നേതാക്കളും പലവട്ടം ബന്ധപ്പെട്ടിട്ടുണ്ട് ഗീത പ്രസ്സുമായി. ഒരേയൊരാള്‍ ഒഴിച്ച്. ജവഹര്‍ലാല്‍ നെഹ്റു. ആധുനിക ഇന്ത്യക്ക് വേണ്ടത് അമ്പലങ്ങളല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ നെഹ്റുവിന് സനാതന ധര്‍മ്മത്തിന്റെ സമസ്യകള്‍ ഭാരമായതേയില്ല. 

Content Highlights: General Election 2019, The Great Indian War 2019, Road To Delhi 2019, Battle 2019, Utharabharatham, Geetha Press, Hindutwa, Gorakhpur