പ്രയാഗ് രാജില്‍ ഭവാനി നാഥ് സിംഗ് പോരിനിറങ്ങുകയാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. വയസ് 48. ജന്മദേശം ബുലന്ദ് ശഹര്‍. ജീവിതം ദല്‍ഹി ബദര്‍പൂരില്‍. 

ഒരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറാണ് ഭവാനി നാഥ്. അറിയപ്പെടുന്ന പേര് മാ ഭവാനി. പ്രയാഗ്രാജ് എന്ന അലഹാബാദ് മണ്ഡലത്തില്‍ റീത്ത ബഹുഗുണ ജോഷിയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. മാ ഭവാനി പറയുന്നു 'ആരു വേണമെങ്കിലും ആയിക്കൊള്ളട്ടെ. ആരേയും തോല്‍പിക്കലല്ല അജണ്ട. എനിക്ക് ജയിക്കലാണ്.' 

പതിമൂന്നാം വയസ്സില്‍ ഭവാനി വീടു വിട്ടു. 'ഇപ്പോള്‍ തന്നെ വിവേചനം ഇത്തരത്തില്‍ രൂക്ഷം. മൂന്നര പതിറ്റാണ്ട് മുമ്പ് ഊഹിക്കാമല്ലോ. സ്‌കൂളില്‍ പോയില്ല. ഏഴു സഹോദരങ്ങളില്‍ മറ്റെല്ലാവരും പഠിച്ചു. ഞാന്‍ പിന്നെ വളര്‍ന്നത് കിന്നര സമൂഹത്തിലാണ്.' 

ദേവന്മാര്‍ക്കും യക്ഷന്മാര്‍ക്കും ഗന്ധര്‍വന്മാര്‍ക്കും ഒപ്പം കേട്ടിട്ടുണ്ട് കിന്നരന്മാരേയും. എന്നാല്‍ ആ ജീവിതം കഠിനതരമെന്ന് ഓര്‍മ്മിപ്പിക്കുന്നു മാ ഭവാനി. തെരുവുകളുടെ അരക്ഷിതത്വങ്ങളില്‍, പച്ച വെളിച്ചവും ചുവപ്പു വെളിച്ചവും മാറിമാറിത്തെളിയുന്ന ട്രാഫിക് സിഗ്‌നലുകളില്‍, ഇരുണ്ട നഗരപ്രാന്തങ്ങളില്‍, ഗ്രീഷ്മം ജ്വലിക്കുന്ന പകലുകളില്‍, ശൈത്യം തുളയ്ക്കുന്ന രാവുകളില്‍ ഭവാനി അലഞ്ഞു. 

'ഞാന്‍ പതുക്കെ തിരിച്ചറിയുകയായിരുന്നു. പിച്ച തെണ്ടലല്ല ജീവിതം. അനുഗ്രഹം തേടി വരുന്നവര്‍ തന്നെ അപമാനിക്കുന്ന ഇരട്ടജീവിതം വേണ്ടെന്ന് തീര്‍ച്ചയാക്കുകയായിരുന്നു. സ്വാഭിമാനത്തോടെ ജീവിക്കലാണ് ഏറ്റവും പരമമായ വെല്ലുവിളി.' 

പത്തു വര്‍ഷത്തോളം കോണ്‍ഗ്രസിനൊപ്പം നിന്നു മാ ഭവാനി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ധാരണയായി. പക്ഷേ നിയമം എതിരായി. സ്ത്രീയും പുരുഷനും അല്ലാത്ത ഒരാള്‍ക്ക് മത്സരിക്കാനാവില്ല. ഇത്തവണ നിയമം മാറുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും മത്സരിക്കാം. ബദര്‍പൂരില്‍ കാളി മന്ദിരത്തിനടുത്താണ് മാ ഭവാനിയുടെ വാസം. കിന്നരകുലത്തില്‍നിന്ന് ഇതാദ്യമായി സ്ഥാനാര്‍ത്ഥി. 

പ്രയാഗ്രാജിലേക്ക് മാ ഭവാനി പോകുന്നത് ഇതാദ്യമല്ല. ഇക്കൊല്ലം തന്നെ മഹാ കുംഭമേളയില്‍ കിന്നൗര്‍ അഖാഡയ്ക്ക് പ്രയാഗില്‍ ഇടം കിട്ടി. പതിമൂന്ന് പതിവ് അഖാഡകള്‍ക്ക് പുറമേ പതിനാലാമത്തെ അഖാഡയെന്ന അംഗീകാരം. നാഥ് പരമ്പരയിലെ സന്യാസിമാരെന്ന നിലയിലാണ് കിന്നൗര്‍ അഖാഡയ്ക്ക് സ്ഥലം കിട്ടിയത്. സ്നാനം ജുനാ അഖാഡയിലെ സന്യാസിമാര്‍ക്കൊപ്പം.

'പാതിരാത്രിയാണ് കിന്നൗര്‍ അഖാഡയ്ക്ക് സ്നാനനേരം അനുവദിച്ചത്. അത് വേണ്ടെന്ന് ഉറപ്പിച്ചു. ജുനാ സന്യാസിമാരുമായി സംസാരിച്ചു. അങ്ങനെ അവര്‍ക്കൊപ്പം ത്രിവേണിയില്‍ ഇറങ്ങി. അനുഗ്രഹം തേടി ലക്ഷക്കണക്കിന് ആളുകള്‍ എത്തി. പന്ത്രണ്ടര ലക്ഷം പേരാണ് കുംഭമേളയില്‍ ഞങ്ങളെ പിന്തുണച്ച് എത്തിയത്. ' 

'ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്തിനാണ്?' ചോദിച്ചു.
മറുപടി നൊടിയിട പോലും വൈകിയില്ല.
'എന്നെക്കാള്‍ ആം ആദ്മിയുടെ പ്രശ്നങ്ങള്‍ അറിയുന്ന മറ്റാരുണ്ട് ഭായ്? അവരുടെ ആവശ്യങ്ങള്‍, വേദനകള്‍, സങ്കടങ്ങള്‍.... മറ്റാര്‍ക്ക് അറിയാം അത്രയും നന്നായി. വെള്ളം കിട്ടാതെ, വെളിച്ചമില്ലാതെ, വഴി അടഞ്ഞ് അലയുന്നവരുടെ ദുഃഖങ്ങള്‍ ഏതെങ്കിലും നേതാവിന് ഇന്ന് പറഞ്ഞാല്‍ മനസ്സിലാകുമോ?' 

കുംഭമേള കഴിഞ്ഞ് വീണ്ടും പ്രയാഗില്‍ പോകുമ്പോള്‍ അമിതാവേശമില്ല മാ ഭവാനിക്ക്. മോദിയുടേയും യോഗിയുടേയും നാട്ടില്‍ പോകുമ്പോള്‍ ആശങ്കകളുണ്ട് .'ഹിന്ദുക്കളായി അവര്‍ അവര്‍ക്കിഷ്ടമില്ലാത്ത ആരേയും കാണുന്നില്ല. നീതിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. മനുഷ്യനെ ആക്രമിക്കാനും കൊല്ലാനും മുതിരുന്ന പ്രത്യയശാസ്ത്രങ്ങളില്‍നിന്ന് ആരും ഒന്നും നേടുന്നില്ല. എന്തു പേരില്‍ വിളിച്ചാലും അത് വിശ്വസിക്കാനും വയ്യ. കിന്നൗര്‍ അഖാഡ പറയുന്ന ഹിന്ദുത്വം പരസ്പര സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയുമാണ്. അതില്‍ മതത്തിന് ഇടമില്ല. ജാതികള്‍ക്കും.' 

അതിനിടെ ആശീര്‍വാദം തേടി ആറംഗ സംഘമെത്തി. സഹായി സുമീത് രാജ്പുത് മാ ഭവാനിക്ക് അരികിലെത്തി. 'രണ്ടു സ്ത്രീകളും നാലു പുരുഷന്മാരുമാണ്. ഇന്നോവയിലാണ് വന്നിട്ടുള്ളത്.' 
മാ ഭവാനി പറഞ്ഞു. 'വേണ്ട. വൈകീട്ട് കളി മന്ദിറില്‍ വരാന്‍ പറയൂ.' 

എന്നിട്ട് അവര്‍ പറഞ്ഞു:  'രാവിലേയും വൈകീട്ടും ദര്‍ശനമുണ്ട്. നൂറു കണക്കിനാളുകള്‍ ആശീര്‍വാദം തേടി വരാറുമുണ്ട്. അഞ്ഞൂറിലധികം ആളുകളെത്തും വൈകീട്ട്. ഇടയ്ക്ക് വീട്ടില്‍ വരുന്നവരെ വിശ്വസിക്കുന്നത് എങ്ങനെ? എത്തരക്കാരെന്ന് എങ്ങനെ അറിയും? കഴിഞ്ഞ ദിവസം അനുഗ്രഹം തേടി എത്തിയ ഒരു സംഘം ഞങ്ങളില്‍ ഒരാളെ അടിച്ചിട്ടാണ് കടന്നു പോയത്. തിരഞ്ഞെടുപ്പു കാലമല്ലേ. പേടിക്കണം. പ്രത്യേകിച്ചും പ്രയാഗ്രാജില്‍ മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍.' 

മാ ഭവാനിയുടെ തിരഞ്ഞെടുപ്പു തന്നെ കലഹങ്ങള്‍ക്ക് ഇടയിലെ ശാന്തിപഥം തേടലാണ്.  

Content Highlights: The Greta Indian War 2019, General Election 2019, Prayagraj, Allahabad, Ma Bhavavi nath singh, first transgender candidate