സുഗന്ധങ്ങളുടെ തലസ്ഥാനത്തിന് ഇന്ത്യയില്‍ പേര് ഒന്നേയുള്ളൂ. കനൗജ്. പഴയ കന്യാകുബ്ജം. ഇന്നത്തെ ഉത്തര്‍പ്രദേശിലെ പൊടിനിറഞ്ഞ അര്‍ദ്ധ നഗരം.

ലോകത്തെ ഏറ്റവും വില കൂടിയ പെര്‍ഫ്യൂം വിപണിയില്‍ ഇറക്കിയിട്ടേയുള്ളൂ. കുപ്പിക്ക് കോടിക്കണക്കിന് രൂപ വിലയുള്ള ഷുമുഖ്. കനൗജുകാര്‍ കേട്ടിട്ടില്ല അങ്ങനെയൊന്ന്. എന്തിന്. അല്ലൈങ്കില്‍ മറ്റെന്തിനെപ്പറ്റിയാണ് അവര്‍ കേട്ടിട്ടുള്ളത്? 

കേള്‍വി പുറത്തേക്കേയുള്ളൂ. ആയിരത്താണ്ടുകളുടെ പെരുമ.അറബികള്‍ ഇവിടേക്ക് എത്തിയത് സൗരഭ്യം തേടിയാണ്. പൂക്കളില്‍ നിന്ന് ,പുല്ലില്‍ നിന്ന്, വേരുകളില്‍ നിന്ന്, തടികളില്‍ നിന്ന് വാറ്റിയെടുത്ത് സുഗന്ധം.

potatoലഖ്നോ- ആഗ്ര എക്സ്പ്രസ് പാതയില്‍ മെയിന്‍ പുരിയിലേക്കുള്ള വഴിയേയാണ് കനൗജ്. പഴയ കന്യാകുബ്ജം. ഉരുളക്കിഴങ്ങ് പാടങ്ങള്‍ക്ക് നടുവിലൂടെ നീങ്ങി. പാടത്ത് നിരത്തി വച്ചിട്ടുണ്ട് കാവി നിറത്തിലുള്ള ചാക്കുകളില്‍ കിഴങ്ങുകള്‍. റിലയന്‍സിന്റെ പാണ്ടികശാലകളിലേക്ക്. ഗേറ്റില്ലാത്ത റെയില്‍വേ ക്രോസ് കടന്നാല്‍ റോഡ് പിന്നേയും ചുരുങ്ങുന്നു. മുന്നോട്ട് നീങ്ങിയാല്‍ കൗതുകങ്ങള്‍ ഒരുപാടുണ്ട് . പാടങ്ങളില്‍ നിറയെ കഞ്ചാവ് ചെടികളാണ്. വരമ്പത്തും വഴിവക്കുകളിലും. കമ്മ്യൂണിസ്റ്റ് പച്ച പോലെ വിളഞ്ഞു നില്‍ക്കുന്ന കഞ്ചാവോരങ്ങള്‍. 

മറ്റൊരു ഇടവഴിയിലൂടെ ഞങ്ങള്‍ വീണ്ടും പ്രധാന നിരത്തിലേക്ക് കയറി. നേരേ പോയാല്‍ കേന്ദ്ര സുഗന്ധ വികസന കേന്ദ്രം കാണാം. ചെറുകിട - ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴില്‍. എത്തിയപ്പോള്‍ സൂര്യന്‍ ചായാന്‍ തുടങ്ങി. ഗാര്‍ഡ് പറഞ്ഞു

'നാളെ വരൂ. സാബുമാരെല്ലാം പോയിക്കഴിഞ്ഞു.' 

ശീതകാലത്ത് സൂര്യന്‍ വേഗം നാടുനീങ്ങുന്നു. സമയം നാലു മണി ആയിട്ടില്ല. അദ്ദേഹത്തോട് ആരാഞ്ഞു. 'സുഗന്ധ നിര്‍മാണ കേന്ദ്രങ്ങള്‍ എവിടെയാണ്'? 

'ഇവിടെയുള്ളത് ഇപ്പോള്‍ ഇല്ല. ഞങ്ങള്‍ ഗ്രേഡ് ചെയ്യുന്നേയുള്ളൂ ഈ സീസണില്‍. പുറത്ത് നിന്ന് എത്തിക്കുന്നവയെ ഇനം തിരിക്കും. കുറച്ച് പിന്നാക്കം പോയാല്‍ തകര്‍ന്ന പഴയ ഗോപുരത്തിനരികെയുള്ള തെരുവില്‍ വേണ്ടത്രയുണ്ട് ചെറുകിടി യൂണിറ്റുകള്‍. '

കാണിച്ചു തന്ന ഇടവഴിയ്ക്കരികില്‍ അടഞ്ഞ വാതിലിന് അരികെ വണ്ടി നിര്‍ത്തി. പൂട്ടിക്കിടക്കുന്ന ഗേറ്റ് .പഴുതിലൂടെ കാണാം. ഴയൊരു ഫാക്ടറിയുടെ അവശിഷ്ടം. ആല്‍ത്തറയില്‍ പഴയ ക്ഷേത്രം. സിമന്റിട്ട തറ. ക്ഷേത്രത്തിന് മുന്നില്‍ തുളസിച്ചെടികള്‍. തെല്ലപ്പുറം പണ്ടേ പുക ഉയരാതായ കുഴലുകള്‍. അവ ആകാശം തൊടാന്‍ വെമ്പിയ കാലത്തിന്റെ ശേഷിപ്പ്.

അപ്പുറത്തെ നടവഴിയിലൂടെ ഞങ്ങള്‍ നടന്നു. തെല്ലു ദൂരെ പുക ഉയരുന്നു. പെട്ടെന്ന് കാറ്റു വീശി. പഴയ നാട്ടിന്‍പുറത്തിന്റെ മണം. ആയുര്‍വേദ കടയിലേക്കോ വൈദ്യശാലയിലേക്കോ അടുക്കും പോലെ. പാതയില്‍ നിറച്ച് ചണ്ടി. 

വെളിച്ചം മങ്ങുകയാണ്. ചിത്രം പതിയാവുന്നതിനേക്കാള്‍ കുറയുന്നു വെയില്‍. ആദ്യം കണ്ട വാതിലിലൂടെ അകത്തു കടന്നു. ചുറ്റും വിരിച്ചിട്ടിരിക്കുന്ന രാമച്ചക്കൂനകള്‍. വിടര്‍ത്തിയെടുത്ത് ചികഞ്ഞെടുക്കുന്ന സ്ത്രീകള്‍. പലരും അത് വടി കൊണ്ട് തല്ലി ഒതുക്കുന്നു. മാനേജര്‍ വന്നു. കാര്യം പറഞ്ഞു. ഉടമ വരുന്നത് വരെ കാത്തു നില്‍ക്കാന്‍ പറഞ്ഞു. ഉടമയോട് ഫോണില്‍ അനുമതി വാങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തി. തൊഴിലാളികളോട് സംസാരിച്ചു. 

മങ്ങിയ മുഖങ്ങള്‍. പൊടിയാര്‍ക്കുന്ന മുടിയിഴകള്‍. ഒരു പകലിന്റെ തളര്‍ച്ചയത്രയും അവിടെ കാണാം. അന്യരോട് സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. മുഷിഞ്ഞ ചേല കൊണ്ട് എല്ലാവരും മുഖം മറച്ചു. ആ മറവിന് അപ്പുറവും ഇപ്പുറവും രണ്ടു കരകള്‍. അവര്‍ പറയാന്‍ തുടങ്ങി. ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി. ചുറ്റും പതിയെ നോക്കിക്കൊണ്ട്. 

' പട്ടിണിയാണ്. ഇതു കൂടിയില്ലെങ്കില്‍ എന്തു ചെയ്യാനാവും. അതിനാലാണ് പകലന്തിയോളം ഇവിടെ.' 

'സര്‍ക്കാരോ? ഇന്നോളം വന്നിട്ടില്ല ഇവിടെ. ആരു വന്നിട്ടും ഫലമില്ല. എന്തെങ്കിലും തൊഴില്‍ കി്ട്ടിയാല്‍ ഇവിടെ വരില്ല.' 

'കുട്ടിക്കാലത്തേ തുടങ്ങിയതാണ് വടിയെടുത്തുള്ള ഈ തല്ലല്‍ .ശ്വാസംമുട്ടാണ് എല്ലാവര്‍ക്കും'. മുഴച്ച് നില്‍ക്കുന്ന എല്ലിന് താഴെ ദാരിദ്ര്യം നിറഞ്ഞാടി. ഈ ഉടലുകളാണ് ഇന്ത്യയുടെ സുഗന്ധത്തിന്റെ സൃഷ്ടാക്കള്‍. എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കഥ. ചൂളയിലിട്ട് ഇത് വാറ്റിയെടുക്കണം തൈലം കിട്ടാന്‍. മൂന്നുവട്ടം പകര്‍ന്ന ശേഷം തൈലമെടുക്കും. ജലോപരി പൊന്തിക്കിടക്കുന്ന എണ്ണ. തുണി കൊണ്ട് , മെല്ലേ കോരിയെടുത്ത്, പിഴിഞ്ഞൊഴിച്ച് കോപ്പകലിലേക്ക്. ഒട്ടകത്തോലുള്ള പാത്രത്തിലേക്ക് പകര്‍ന്നാല്‍ കനൗജിന്റെ സുഗന്ധത്തിനും കിട്ടും കോടികള്‍. 

അതിനിടെ രാജേഷ് പാഠക് എത്തി. മൂന്നു തലമുറയായി സുഗന്ധവ്യാപാരി.അദ്ദേഹം പറഞ്ഞു. നാസാദ്വാരങ്ങളെ തേടിയെത്തുന്നുണ്ട് പുതിയ അഴകുകകള്‍. അവ മണക്കാന്‍ എത്തുന്നുണ്ട് പുതിയ വണിക്കുകള്‍. അവര്‍ക്കു കിട്ടുന്നുണ്ട് പുതിയ മൂക്കുകള്‍.കാര്യങ്ങള്‍ നല്ല നിലയിലാണ് പോകുന്നത്.

' ഞങ്ങള്‍ക്ക് ഇവിടെ മാത്രമല്ല ഒഡിഷയിലും രാജസ്ഥാനിലെ പുഷ്‌കറിലും യൂണിറ്റുകളുണ്ട്. പുല്ല് കൊണ്ടുവരുന്നത് മധ്യപ്രദേശിലെ ചമ്പലില്‍ നിന്നാണ്. റോസാപ്പൂവിന് പുഷ്‌കറിലാണ് ഗുണം കൂടുതല്‍. ചന്ദനം നല്ലത് കേരളത്തിലേയും കര്‍ണാടകത്തിലേതുമാണ്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? കേരളത്തില്‍ നിന്ന് ഇപ്പോള്‍ കിട്ടാനില്ല. ലേലത്തില്‍ പിടിക്കാന്‍ പാടാണ്. ഇവിടെ ഓരോ ഋതുവിനും ഓരോ മണമാണ്'

സൂര്യന്‍ താഴ്ന്നു മറയുകയാണ്. ഇരുള്‍ പരക്കുകയാണ് . അതിലേറെ ഇരുണ്ട ജീവിതത്തിലേക്ക് ഫൂല്‍വന്തിയും ഭവാനീദേവിയും നടക്കുകയാണ്. കനൗജിന്റെ ഒരു പകല്‍ കൂടി മറയുകയാണ്. അന്ന് പുറന്തള്ളിയ ചണ്ടികള്‍ താണ്ടി ഞങ്ങളും വണ്ടിക്കരികിലേക്ക് നടന്നു. തണുത്ത കാറ്റ് വീശി. അതിലൂടെ റൊട്ടിയുടെ മണം പരന്നു. അന്നത്തെ അന്നത്തിന്റെ മാത്രം മണം