ലഖ്നോ വിധാന്‍ സഭാ മാര്‍ഗ്. 
വിധാന്‍ സൗധത്തിന് എതിര്‍വശം. പത്താം നമ്പര്‍ വസതി. 
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ ഓര്‍ത്തുപോയേക്കും കടന്നുപോകുന്ന മലയാളി.

നയനരശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ 
ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച 
മറിയ നീറിക്കിടക്കുന്നു തൃഷ്ണ തന്‍ 
ശമനമില്ലാത്തൊരംഗാരശയ്യയില്‍

ഇവിടെയാണ് സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ്. ഡി.വൈ.എഫ്.ഐ. ഓഫീസും ഇതിനോടു ചേര്‍ന്നു തന്നെ. നഷ്ടപ്രതാപത്തിന്റെ തപ്തസ്മരണകളുമായി പഴയ ബംഗ്ലാവ്. വൈകാതെ ഈ ഓഫീസും പൊളിച്ചു നീക്കും. 

നിയമസഭാ അനക്സിന് വേണ്ടിയാണ് കെട്ടിടം പൊളിക്കുന്നത്. പണ്ട് സുവര്‍ണകാലത്ത് പാട്ടത്തിനെടുത്തതാണ് കെട്ടിടം. ചെങ്കോട്ടയിലും ചെങ്കൊടി പാറും എന്ന് വിശ്വസിച്ച കാലം. യു.പിയില്‍നിന്ന് സി.പി.ഐയ്ക്കും സി.പി.എമ്മിനും എം.പിമാര്‍ ഉണ്ടായിരുന്നു. കാണ്‍പൂരിലും ബനാറസിലും സി.പി.എം. ജയിച്ച കാലം. സുഭാഷിണി അലിയ്ക്ക് ശേഷം പിന്നീട് ആരും യു.പിയില്‍നിന്ന് ചെങ്കൊടിയേന്തി ലോക്സഭയില്‍ എത്തിയിട്ടില്ല.

മണ്ഡലും കമണ്ഡലുവും ശക്തമായപ്പോള്‍ ചെങ്കൊടി നരച്ചു. എണ്‍പതുകള്‍. എറിഞ്ഞ വിത്തുകളെല്ലാം പാറപ്പുറത്തു വീണു. ഗംഗ, യമുന തടങ്ങളില്‍ പൊടിക്കാറ്റ് പാറി. ആഞ്ഞുവീശിയ തരംഗങ്ങളില്‍ ഇടതിന് അടി പതറി. 

ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യം ചെയ്ത രാം മനോഹര്‍ ലോഹ്യയുടെ നാട്. കുടുംബവാഴ്ച്ചയെ ചോദ്യം ചെയ്ത സോഷ്യലിസ്റ്റുകള്‍. രാജ് കിഷോറും ശങ്കര്‍ ദയാലും സത്യപാലും പോലെ സി.പി.എമ്മിനും ഉശിരന്‍ നേതാക്കള്‍ നിറഞ്ഞ കാലം. മിത്രാസെന്‍ യാദവിനെപ്പോലുള്ള സി.പി.ഐ. നേതാക്കള്‍ വന്ന കാലം. പക്ഷേ സ്വത്വ രാഷ്ട്രീയം കത്തിപ്പടര്‍ന്നു. പാര്‍ട്ടി കടപുഴകി. സോഷ്യലിസ്റ്റുകള്‍ യാദവ പാര്‍ട്ടിയായി. ദളിത് വോട്ടുകള്‍ ബി.എസ്.പിയിലേക്ക് മാറി. സവര്‍ണവോട്ടുകള്‍ ബി.ജെ.പിയിലേക്ക് എത്തി. കോണ്‍ഗ്രസ് പോലും അസ്തമിച്ചു. കമ്മ്യൂണിസ്റ്റുകള്‍ നാമാവശേഷമായി.

ബനാറസിലെ മില്‍ തൊഴിലാളികളും ഗോരഖ്പൂരിലെ കര്‍ഷകരും കമ്മ്യൂണിസത്തെ കൈവിട്ടു. കാണ്‍പൂരിലെ മില്ലുകള്‍ പൂട്ടി. പൂര്‍വാഞ്ചലത്തില്‍ പാര്‍ട്ടി ഇല്ലാതായി. പഴയ ശക്തികേന്ദ്രങ്ങളിലെ പാര്‍ട്ടി ഓഫീസുകളില്‍ പലതിലും പുതിയ പുതിയ പാര്‍ട്ടികളുടെ കൊടി പാറി. 

ലഖ്നോവിലെ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ഓഫീസിന് പിന്നില്‍ ഇരുന്ന നാലഞ്ച് എസ്.എഫ്.ഐ. കുട്ടികള്‍ എണീറ്റു വന്നു. കേരളത്തില്‍നിന്ന് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ കൊച്ചു ക്യൂബയാണിപ്പോള്‍ കേരളം. കനല്‍ത്തരി. അവര്‍ മൊബൈലില്‍ വിളിച്ചു. പുറത്തു നിന്ന് രവി മിശ്ര വന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

'മിനിഞ്ഞാന്ന് സംസ്ഥാന കമ്മറ്റി ഉണ്ടായിരുന്നു. ഇനി അടുത്ത ആഴ്ചയേ ഓഫീസില്‍ ആളെത്തൂ. തിരഞ്ഞെടുപ്പ് കാലമല്ലേ. എല്ലാവര്‍ക്കും ചമുതലയുണ്ട്.' അദ്ദേഹം പറഞ്ഞു. അയ്യായിരത്തില്‍ പരം അംഗങ്ങളേയുള്ളൂ യു.പിയില്‍ സി.പി.എമ്മിന്. അപ്പോഴും പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് മിശ്ര. ' അലഞ്ഞുതിരിയുന്ന പശുക്കളാണ് ഇന്ന് യു.പി. കര്‍ഷകരുടെ ശാപം. വിള നശിപ്പിക്കുന്നു. വില്‍ക്കാന്‍ വയ്യ. വളര്‍ത്താനും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി യു.പിയും മാറിക്കൊണ്ടിരിക്കുന്നു. കര്‍ഷക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി വീണ്ടും സജീവമാവുകയാണ്'

സമരങ്ങളിലേക്ക് ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആളെത്തുന്നു എന്ന് രവി മിശ്ര പറഞ്ഞു. കര്‍ഷകര്‍ നിരാശരാണ്. അവര്‍ക്ക് ഞങ്ങളില്‍ പ്രതീക്ഷയുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അടുത്തെങ്ങും എത്താനായേക്കില്ല. എന്നാല്‍ പാര്‍ട്ടി തിരിച്ചുവരും എന്ന് വിശ്വാസമുണ്ട്. 

കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് വന്ന അനുഭവമുണ്ട് മിശ്രയ്ക്ക്. 'എന്തു തിരക്കായിരുന്നു. എത്രത്തോളം ചെങ്കൊടികളായിരുന്നു. കടലുപോലെ തന്നെ ആളെത്തി. അതൊന്നും ഇവിടെ പറഞ്ഞാല്‍ പോലും വിശ്വസിക്കില്ല'

വെല്ലിംഗ്ടണ്‍ ചൗരായയിലെ പുതിയ ചെറിയ കെട്ടിടത്തിലേക്ക് മാറുകയാണ് ഇനി സി.പി.എം. ഓഫീസ്.

ലഖ്നോ വിധാന്‍ സഭാ മാര്‍ഗിലെ സി.പി.എം. ബംഗ്ലാവില്‍ മൂന്നു മരങ്ങളുണ്ട്. ഒന്ന് മഹുവ പോലെ തോന്നുന്നത്. എന്നാല്‍ മഹുവ അല്ല. രണ്ട് വേപ്പു പോലെ തോന്നിപ്പിക്കുന്നത്. എന്നാല്‍ വേപ്പ് അല്ല. അടുത്തത് കണ്ടാല്‍ സാല്‍ മരം പോലെ. എന്നാല്‍ സലവൃക്ഷവുമല്ല. 

ലഖ്നോവിലെ പാര്‍ട്ടിയും കേരളത്തിലെപ്പോലെ അല്ല.

Content Highlights: Utharabharatham, CPM Office in Lucknow, Communist in Uttarpradesh, The Great India War 2019, Battle 2019, General Election 2019