സാദി എന്ന വാക്ക് മുമ്പെന്നത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണിത്. ബിഹാറിലെ ബേഗുസരായിയില്‍ കനയ്യ കുമാര്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥി ആയതിന് പിന്നാലെ പ്രത്യേകിച്ചും. പഴയ സ്വാതന്ത്യ സമര നേതാക്കളെ പലരും പ്രത്യേകം സ്മരിക്കുന്നുണ്ട്. പഴയ പ്രതിമകള്‍ മാല ചാര്‍ത്തപ്പെടുന്നുണ്ട്. പുതിയ ദേശീയതയോട് അതിനെ കൂട്ടിക്കെട്ടുന്നുമുണ്ട്. 

ഝാന്‍സി റാണിയെപ്പറ്റി മണി കര്‍ണിക പുറത്തുവന്നതിന് പിന്നാലെ ഝാന്‍സിയിലും ദേശീയത പ്രിയങ്കരമാണ്. പൂല്‍വാമയ്ക്ക് പിന്നാലെ യുദ്ധം വേണം എന്ന ആവേശം വരെ എല്ലായിടത്തും ഉയര്‍ന്നു. ബാലാകോട്ടിന് പിന്നാലെ അത് തെല്ലൊന്നടങ്ങി. ചോരയ്ക്കു മറുപടി ചോര കൊണ്ടു കൊടുത്തു എന്ന ആശ്വാസം പലയിടത്തും കേട്ടു.

അപ്പോഴും ഇതില്‍നിന്നെല്ലാം മാറി നില്‍പുണ്ട് ഓര്‍ച്ചയില്‍ ഒരു സ്മാരകം. സാക്ഷാല്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സ്മാരകമാണത്. വെറും 25 വയസ്സ് വരെ മാത്രം ജീവിച്ച രക്തസാക്ഷി. ചോര കൊണ്ട് ചരിത്രമെഴുതിയ സ്വാതന്ത്ര്യ സമര സേനാനി.

സംസ്‌കൃത വിദ്വാനാക്കാന്‍ വീട്ടുകാര്‍ കാശി വിദ്യാപീഠത്തില്‍ ചേര്‍ത്തതാണ് ചന്ദ്രശേഖര്‍ തിവാരിയെ. വിദ്യാപീഠത്തിന്റെ പുറത്ത് സ്വാതന്ത്യ സമരത്തിന്റെ തീക്കാറ്റ് വീശി. ഗാന്ധിജി വന്നു. നിസ്സഹകരണ പ്രസ്ഥാനം ശക്തമായി. പതിനഞ്ചാം വയസ്സില്‍ ആസാദ് പഠനം നിര്‍ത്തി. സമരത്തിന് ഇറങ്ങി. കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചപ്പോള്‍ തീവാരി പറഞ്ഞു. 'എന്റെ പേര് ആസാദ്, അച്ഛന്റെ പേര് സ്വതന്ത്രത, നാട് തുറുങ്ക്.'

ചൗരി ചൗരാ കഴിഞ്ഞ് ഗാന്ധിജി സമരം നിര്‍ത്തി. സ്റ്റേഷന്‍ കത്തിച്ച് പോലീസുകാരെ കൊന്നതിനെ അദ്ദേഹം അപലപിച്ചു. ചന്ദ്രശേഖര്‍ ആസാദിന് അത് ഇഷ്ടമായില്ല. മിതവാദി ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു. ലാലാ ലജ്പത് റായി ആയിരുന്നു ആസാദിന് പ്രിയങ്കരന്‍. പണ്ഡിറ്റ് രാമപ്രസാദ് ബിസ്മില്ലില്‍ ആസാദ് നേതാവിനെ കണ്ടു. 

കാക്കോറി ഗൂഢാലോചന ചരിത്രമായി. പിന്നേയും നിരവധി വിപ്ലവ പ്രവര്‍ത്തനങ്ങള്‍. 21 വയസ്സു തികയും മുമ്പേ ബ്രിട്ടീഷുകാര്‍ ഏറ്റവും ഭയക്കുന്ന വിപ്ലവകാരിയായി ആസാദ് മാറി. തീവണ്ടി അട്ടിമറി, പോലീസ് സ്റ്റേഷന് മുന്നില്‍ നോട്ടീസ് പതിക്കല്‍, ജെപി സോണ്ടോഴ്സിനെ നേരേ നിറയൊഴിക്കല്‍. ആസാദ് എല്ലാത്തിനും എത്തി. ഇരുപത്തഞ്ചാം വയസ്സില്‍ അലഹബാദിലെ പാര്‍ക്കില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു. വെള്ളപ്പോലീസുമായി ഏറ്റുമുട്ടി അവസാന തിര സ്വന്തം തലയ്ക്ക് നേരേ ഉന്നം വച്ച് ആത്മബലി.

കാക്കോറി കഴിഞ്ഞ് ഒന്നരക്കൊല്ലം ചന്ദ്രശേഖര്‍ ആസാദ് ഒളിച്ചുപാര്‍ത്തത് ഓര്‍ച്ചയിലെ ധീമാപുരയിലായിരുന്നു. സതാര്‍ നദിക്കരയില്‍. അവിടെ ആസാദ് ഒരമ്പലം തീര്‍ത്തു. പൂജാരിയായി വേഷം മാറി. ചെറിയൊരു മണ്‍വീട് കെട്ടി. അടുത്ത് തന്നെ ഒരു കിണറു കുത്തി. നാട്ടുകാരെ അക്ഷരം പഠിപ്പിച്ചു. പ്രച്ഛന്ന വേഷധാരിയെ ആരും അറിഞ്ഞില്ല. 

ഓര്‍ച്ചയില്‍ ആ പഴയ വീട് അതേ പടിയുണ്ട്. അതിനോട് ചര്‍ന്ന് മോതിലാല്‍ വോറ മുഖ്യന്ത്രിയായിരുന്ന കാലത്ത് ഗസ്റ്റ് ഹൗസ് പണിതു. മുറികള്‍ മിക്കതും പൂട്ടിക്കിടപ്പാണ്. അതിന് പുറത്താണ് ആസാദ് പാര്‍ത്ത വീടും ആസാദ് തീര്‍ത്ത ക്ഷേത്രവും. 

'ആസാദ് ഗുപ്തചാരിയായി കഴിഞ്ഞത് ഇവിടെയാണ്. അതിനാലാണ് ആസാദ് പുരയെന്ന് പേര് വന്നത്. തൊട്ടടുത്ത് ഗ്രാമത്തിലുള്ള ചിലരുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹമാണ് ആസാദ് എന്ന് ആരും അറിഞ്ഞില്ല. അമ്പലം സര്‍ക്കാര്‍ സംരക്ഷണത്തിലല്ല. ഠാക്കൂര്‍മാരാണ് അതിന്റെ ഉടമസ്ഥര്‍. ഗജേന്ദ്ര ഠാക്കൂര്‍ മന്ദിരം നന്നായി പരിപാലിക്കുന്നുണ്ട്.' പൂജാരി കിശന്‍ തിവാരി പറഞ്ഞു.

പുഴ തീരെ മെലിഞ്ഞിരിക്കുന്നു. ചെറിയ നാളി മാത്രമായി നദി ഒഴുകി. നദിക്ക് നടുവില്‍ തൊലിയുരിഞ്ഞും ഉണങ്ങിയും ചൂല്‍ മരങ്ങള്‍ നിന്നു. കിണര്‍ ഇപ്പോള്‍ അമ്പലക്കിണറാണ്. ആസാദ് പാര്‍ത്ത് മുറിയിലേക്ക് ഞങ്ങള്‍ കടന്നു.

ഉള്ളില്‍ ആസാദിന്റെ ചെറിയൊരു ചിത്രം. മീശ പിരിച്ചു നില്‍ക്കുന്ന ദൃഢഗാത്രനായ ചെറുപ്പക്കാരന്‍ . താഴെ മണ്‍കട്ടില്‍. തലയണയും മണ്‍തിട്ട. മറുവശത്ത് അതിഥികള്‍ക്കിരിക്കാന്‍ മറ്റൊരു മണ്‍തിട്ട. അതിനോട് ചേര്‍ന്ന ചുവരില്‍ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം. 

നെഹറുവിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആസാദ് കൊല്ലപ്പെട്ടതെന്ന കഥയുണ്ട് യു.പിയില്‍ പലയിടത്തും. ആസാദിന്റെ സ്മാരകം പക്ഷേ അത്രമേലൊന്നും സംരക്ഷിതമല്ല. സതാര്‍ നദി കടന്ന് മുന്നിന്റെ മറുവശത്തേക്ക് ക്ഷേത്രത്തില്‍നിന്ന് തുരങ്കമുണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചു തന്നു കിഷന്‍ തിവാരി. 

ഒറ്റക്കതക് ചാരി ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. ചോര കൊണ്ട് ഇന്ത്യയ്ക്ക് സിന്ദൂരം ചാര്‍ത്തിയ സ്വാതന്ത്യ സമര പോരാളികളെ ഓര്‍ത്തുകൊണ്ട്. ആസാദി എന്ന വാക്ക് അത്രയൊന്നും പ്രിയങ്കരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നു പോവുന്ന തിരഞ്ഞെടുപ്പിന്റെ നടുവിലേക്ക്. ആസാദിന്റെ പ്രതിമയ്ക്കും അപ്പുറത്തെ മണ്ണിലേക്ക് മാനത്ത് നിന്ന് പൂത്തുലഞ്ഞ വാകപ്പൂക്കള്‍ ഉതിര്‍ന്നു വീണു കിടന്നു.

Content Highlights: The Great Indian War 2019, General Election 2019, Utharabharatham, Chandrasekhar Azad, Freedom Movement