ബുന്ദേല്‍ഖണ്ഡിലെ കിണറുകള്‍ക്ക് സവിശേഷതകള്‍ ഒരുപാടുണ്ട്. പ്രധാനം പുറം മോടിയാണ്. ഗോപുരങ്ങളെ പോലെ പടവു കെട്ടി കയറിച്ചെല്ലാവുന്നത് . പഴയ പ്രതാപത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ആഴമുള്ളത്. വെള്ളം ഒട്ടുമേ ഇല്ലാത്തത്.

ഉത്തര്‍ പ്രദേശിന്റേയും മധ്യപ്രദേശിന്റേയും അതിര്‍ത്തി മേഖലയാണ് ബുന്ദേല്‍ഖണ്ഡ്. പഴയ പാരമ്പര്യങ്ങള്‍ പറയാനുണ്ട് ഒരുപാട്. അത് പിന്നീടാവാം. ഇന്ന് പറയാനുള്ളത് വെള്ളത്തെക്കുറിച്ചാണ്. വിളവ് കഴിഞ്ഞിട്ടേയുള്ളൂ. മഴ പതിവു പോലെ കുറവാണ്. കിണറുകള്‍ വറ്റിക്കഴിഞ്ഞിരിക്കുന്നു. 

പഞ്ചനദം പിന്നിടണം ബുന്ദേല്‍ഖണ്ഡിലെത്താന്‍. അഞ്ചു നദികള്‍ സംഗമിക്കുന്ന ഇടം. സിന്ധും പഹൂജും കുവാരിയും ചമ്പലും ഇവിടെ യമുനയോട് സംഗമിക്കുന്നു. ഇട്ടാവ കഴിയുകയാണ്. അരികുകളില്‍ ചമ്പല്‍ക്കാടിന്റെ മണ്‍കൂനകള്‍. ചമ്പല്‍ നദിക്ക് അപ്പുറം മധ്യപ്രദേശ്. പഴയ ചമ്പല്‍ക്കൊള്ളക്കാര്‍ കുതിരപ്പുറത്ത് വിഹരിച്ച കാടുകള്‍. പഞ്ചനദത്തില്‍ എത്താറായപ്പോള്‍ വൈഭവ് പറഞ്ഞു. ' ബുന്ദേല്‍ഖണ്ഡിന് മുമ്പ് പഞ്ചനദം കാണണം. അപ്പോഴേ അറിയാനാവൂ വരള്‍ച്ചയുടെ മറുപുറം.' വിവിധ എന്‍ജിഒകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ വൈഭവ് . ഇട്ടാവ കൈവെള്ളയിലെന്നോണം അറിയാം. 

കണ്ണെത്താത്ത ജലരാശിയാണ് പഞ്ചനദം. നദി ഒഴുകുകയാണ്. പല നിറങ്ങളില്‍. അഗാധനീലയുമായെത്തുന്ന ചമ്പല്‍ യമുയുടെ കറുപ്പിലേക്ക് കലരുന്നു. പഹൂജിന്റേയും കുവാരിയുടേയും ചുവപ്പുരാശി അതില്‍ പടരുന്നു. ത്രിവേണിയിലേക്ക് സഞ്ചരിക്കുന്നു യമുന. 

അരയാല്‍ത്തറയില്‍ ഞങ്ങള്‍ ഇരുന്നു തെല്ലിട. ചൂടിനെ മായിച്ചുകളയുന്നു ഇടതടവില്ലാത്ത ഇളം കാറ്റ് . അകലെ ഒരു പെണ്‍കുട്ടിയുടെ ജഡം സംസ്‌കരിക്കുന്നു. നദിയില്‍ കല്ലുകെട്ടിത്താഴ്ത്തി. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.' ഇവിടെ പാതളത്തോളം താഴ്ചയുണ്ട് പുഴയ്ക്ക് . ചെറിയ കുട്ടിയാണ് ദഹിപ്പിക്കില്ല. കുഞ്ഞിനെ പാതാളം ഏറ്റുവാങ്ങിക്കൊള്ളും' 

പിന്നെ അവിടെ നിന്നില്ല. ഞങ്ങള്‍ എണീറ്റു. ജലൂനിലേക്ക് . ബുന്ദേല്‍ഖണ്ഡിന്റെ ഇങ്ങേക്കവാടം. ജഗ്മന്‍ പൂരില്‍ രാജാ രജേന്‍ സിംഗിന്റെ കൊട്ടാരം കണ്ടു. അനാഥം. ഒരു ഭാഗം ഇപ്പോള്‍ ബാലികാ വിദ്യാലയം. നിലം പൊത്താറായ മകുടങ്ങള്‍. പുറത്തെ ചേരി കടന്നു വേണം കൊട്ടാരത്തിലെത്താന്‍. രാജാവ് മാത്രമേ നാട് വിട്ടുള്ളൂ. മറ്റെല്ലാവരും തുടര്‍ന്നു. വരണ്ട മണ്ണില്‍ പെട്ടെന്ന് മഴത്തുള്ളികള്‍ വീണു. 

ചാറ്റല്‍ മഴ തോര്‍ന്നു. വളരെ വേഗം. മുന്നോട്ട് പോകുമ്പോള്‍ ഇരുവശത്തും ഇടയ്ക്കിടെ കാണാം പഴയ കിണറുകള്‍. പണ്ട് പഥികര്‍ക്കും സാര്‍ത്ഥവാഹകസംഘങ്ങള്‍ക്കുമായി കുഴിച്ചിട്ടവ.

ബുന്ദേല - ചന്ദേല രാജാക്കന്മാരാണ് ബുന്ദേല്‍ഖണ്ഡില്‍ ജലവിനിയോഗത്തിന് വഴി കണ്ടെത്തിയ അധികാരികള്‍. കിണറുകളും തടാകങ്ങളും കുളങ്ങളുമായി അവര്‍ നീരൊഴുക്ക് തടഞ്ഞു. പൊടിമണ്ണില്‍ അതിവേഗം അപ്രത്യക്ഷമാകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി. 

ബ്രിട്ടീഷുകാര്‍ നീര്‍ത്തടങ്ങള്‍ക്ക് നികുതിയിട്ടു. അപ്പോഴും അവ സംരക്ഷിച്ചു. സ്വാതന്ത്യം കിട്ടിയ ശേഷം സര്‍ക്കാരുകള്‍ക്ക് ക്ഷാമം വന്നു. ആദ്യം നിര്‍ത്തിയത് നീര്‍ത്തടസംരക്ഷണം. കുളങ്ങള്‍ വ്യാപകമായി നികത്തപ്പെട്ടു. തടാകങ്ങള്‍ കയ്യേറി. ഖനനം വ്യാപകമായി. മരം മുറി നിര്‍ബാധം നടന്നു. ദശകങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ബുന്ദേല്‍ഖണ്ഡ് ഉണങ്ങി. അതിന്റെ ഇങ്ങേയറ്റത്താണിപ്പോള്‍ നാട്. 

മനുഷ്യരും മൃഗങ്ങളും പക്ഷികളും അനുഭവിക്കുന്നുണ്ട് വരള്‍ച്ച. പൊടിക്കാറ്റിന്റെ പാരമ്യത്തില്‍ നാടു വിട്ടോടുന്നു മനുഷ്യര്‍. തൊഴിലില്ലാത്ത നാട്ടില്‍ എന്തു ചെയ്യാന്‍. കൊയ്ത്തുകാലത്തെ രണ്ടാഴ്ച മാത്രമേ എന്തെങ്കിലും പണിയുള്ളൂ. നഗരങ്ങളിലേക്കുള്ള പലായനത്തിന്റെ കണക്കുകള്‍ വരുന്നുണ്ട് ഓരോ കാനേഷുമാരിയിലും. മൃഗങ്ങള്‍ ചത്തു വീഴുന്നു. കിളികുലമൊടുങ്ങുന്നു.

ജൂഹിക്കയിലേത് മനോഹരമായ കിണറാണ് . വിശാല നീലിമ പടര്‍ന്ന ആകാശത്തിന് താഴെ അത് കിടന്നു. അനാഥമായി. ഉറവ വറ്റിയ കിണറിന് പറയാനുള്ളത് എല്ലായിടത്തും ദാഹത്തിന്റെ വ്യഥ മാത്രമാണ്. 

അവസാനത്തെ കുഴല്‍ക്കിണറുകള്‍ ഭൂമയിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ബുന്ദേല്‍ഖണ്ഡിലും തിരഞ്ഞെടുപ്പാണ്. പലരും തിരിച്ചുവരില്ല നാട്ടിന്‍പുറത്തേക്ക് . നഗരങ്ങളിലെ തെരുവുകളില്‍ അവര്‍ അഭയാര്‍ത്ഥികളാണ്. വോട്ടിനുമപ്പുറം അവര്‍ക്ക് ജ്വലിക്കുന്നുണ്ട് ഒഴിഞ്ഞ വയറുകള്‍. അവിടേയ്ക്ക് നീരെത്തിക്കാന്‍ പെടാപ്പാടിലാണ് നാട്ടുകാര്‍. 

ഉറുമ്പുകളെപ്പോലെ മനുഷ്യന്‍ കരിഞ്ഞുവീഴുന്ന സൂര്യജ്വാലയില്‍ വോട്ടിന് വിലയില്ലാതാവുന്നുണ്ട് .നിര്‍ഭാഗ്യ വശാല്‍ മഴ രാഷ്ട്രീയമല്ല. എവിടേയും.

Content Highlights: Bundelkhand inches towards severe drought, 2019LoksabhaElections