ബാഗ്പെറ്റ്. പശ്ചിമ യു.പിയിലെ നിര്‍ണായക മണ്ഡലം. ചൗധരി ചരണ്‍ സിംഗിന്റെ കുടുംബമണ്ഡലമാണ് ബാഗ്‌പെറ്റ്. ഇക്കുറി മത്സരിക്കുന്നത് ജയന്ത് ചൗധരി. അജിത് സിംഗിന്റെ മകന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. എതിരാളി ബി.ജെ.പിയുടെ സിറ്റിംഗ് എം.പി. സത്യപാല്‍ സിംഗ്.

ദല്‍ഹിയോട് ചേര്‍ന്നാണ് ബാഗ്പെറ്റ്. പുതിയ എക്സ്പ്രസ് ഹൈവേ അകലം പിന്നേയും കുറയ്ക്കുന്നു. ജയന്ത് ചൗധരി പ്രചാരണത്തിലാണ്. 'ലഖ്നോവില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലില്ല. എല്ലായിടത്തും ഓടിയെത്തുന്നു. സഖ്യസ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തിലും പോകണം. ഇന്ന് ബിജ്നോറിലാണ്. മറ്റന്നാളേ ബാഗ്പെറ്റിലെത്തൂ.' 

തലേന്ന് പ്രാദേശിക ആര്‍.എല്‍.ഡി. നേതാക്കള്‍ നല്‍കിയ വിവരം അനുസരിച്ചാണ് രാവിലെ പുറപ്പെട്ടത്. ഒമ്പതു മണി വരെ ജയന്ത് ജാട്ട് ഭവനില്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്. ജാട്ട് ഭവനില്‍ ചെന്നു. മണ്ഡലത്തിലെ വിവരം അറിയാന്‍ നവാബ് ഹമീദ് അഹമ്മദിനെ കാണാനായിരുന്നു നിര്‍ദേശം. 
'ഹവേലിയില്‍ വന്നോളൂ. ഒമ്പതര വരെ ഉണ്ടാകും.'

ബാഗ്പെറ്റിലെ തിരക്കേറിയ ചന്ത. ആശുപത്രിയും പോലീസ് സ്റ്റേഷനും തൊട്ട് എണ്ണിയാല്‍ത്തീരാത്ത പെട്ടിക്കടകള്‍ വരെ. ഓരോ ഇഞ്ചും ഇഴഞ്ഞുനീങ്ങേണ്ടുന്ന തിരക്ക്. ഹവേലിയില്‍ എത്താന്‍ നേരം ഒരുപാടെടുത്തു. 

പ്രതീക്ഷയ്ക്ക് വിപരീതമായി ചെറുപ്പക്കാരനായ നവാബ് കാത്തുനിന്നു. 
'നവാബ് എന്ന് വിളിക്കരുത്. അത് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ വിളിപ്പേര്. അത് മതി ഇനി ഞാന്‍ ഇന്ത്യാവിരുദ്ധന്‍ ആണെന്ന് പറയാന്‍.' ഹമീദ് അഹമ്മദ് ചിരിച്ചു.

bagpet haveli

പേരു പോലെ ഹവേലിയില്‍ പഴക്കം തുടിച്ചു. മുഗള്‍ ശില്‍പ ചാതുരി നിറഞ്ഞ ചുമരുകള്‍. പ്രാചീനമായ ഓടാമ്പലുകളുമായി കതകുകള്‍.ചിത്രപ്പണിയുള്ള ജാലകങ്ങള്‍. നീണ്ടു പോകുന്ന വരാന്തയിലൂടെ ഞങ്ങള്‍ നടന്നു. അകത്തേക്ക്. പിന്നേയും അകത്തേക്ക്. രണ്ടു തവണ നടുമുറ്റങ്ങള്‍ പിന്നിട്ടു. പിന്നാലെ വന്ന കെട്ടില്‍ ഇരിപ്പിടങ്ങള്‍. ഇരുന്നപ്പോള്‍ പറഞ്ഞു.
'വണ്ടി അകത്തേക്ക് എടുക്കാമായിരുന്നു.' 

ഹമീദ് പറഞ്ഞു.
'പഴയ വീടല്ലേ ഭായി. കൃഷി ഉണ്ടായിരുന്നപ്പോള്‍ ഇതെല്ലാം അനിവാര്യമായിരുന്നു. വീട്ടില്‍ ഒരുപാട് ആളുകള്‍, കന്നുകാലികള്‍, കുതിരകള്‍, ജോലിക്കാര്‍... അന്നു പണിതതാണ്. ഇപ്പോള്‍ ഇവിടെ പല കുടുംബങ്ങളാണ്. പണ്ട് സ്ത്രീകള്‍ താമസിച്ചിരുന്ന ഭാഗമാണ് ഇപ്പോള്‍ ഭാഗം വച്ചപ്പോള്‍ എന്റെ കുടുംബത്തിന് കിട്ടിയത്.' 

ഐ.സി.ഐ.സിഐയിലെ എച്ച്.ആര്‍. ചുമതലക്കാരനായിരുന്നു ഒരു ഘട്ടത്തില്‍ ഹമീദ് അഹമ്മദ്. പിതാവ് കാക്ഡ അഹമ്മദ് ബാഗ്പെറ്റില്‍ പലവട്ടം എം.എല്‍.എ. ആയി. അദ്ദേഹത്തിന്റെ പിതാവ് ഷൗക്കത്ത് അഹമ്മദും ബാഗ്പെറ്റില്‍ ചരണ്‍ സിംഗിന്റെ വിശ്വസ്ഥനും എം.എല്‍.എയും ആയിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവ് മരിച്ചു. ഒരു കൊല്ലം മുമ്പ്, മുപ്പത്തിയേഴാം വയസ്സില്‍ അങ്ങനെ ഹമീദ് കോര്‍പറേറ്റ് ജീവിതത്തോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് വന്നു. ജയന്ത് ചൗധരിയുടെ ക്ഷണം കൂടി കിട്ടിയതോടെ.

കഴിഞ്ഞ തവണ ജയന്ത് ചൗധരിയുടെ തോല്‍വി ദയനീയമായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു ജയന്ത്. ഇപ്പോള്‍ എന്തു കാര്യം എന്ന സംശയത്തിന് ഹമീദ് മറുപടി പറഞ്ഞു.
'മുസഫര്‍നഗര്‍ കലാപത്തിന് ശേഷം സംശയമായിരുന്നു പരസ്പരം. ജാട്ടുകളും മുസ്ലീങ്ങളും മുഖത്തേക്ക് നോക്കാന്‍ പോലും തയ്യാറായിരുന്നില്ല. രണ്ട് വന്‍കരകളിലേക്ക് അവര്‍ മാറ്റപ്പെട്ടു. ഇപ്പോള്‍ അത് മാറി. അതാണ് പ്രതീക്ഷകളുടെ അടിസ്ഥാനം.'

ജാട്ടുകള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒന്നിച്ച് നില്‍ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് പറഞ്ഞു തന്നത് ഹമീദാണ്. പശ്ചിമ യു.പി. ഗ്രാമങ്ങളുടെ രസതന്ത്രം.

'കലാപത്തിന് ശേഷം ജനങ്ങള്‍ ഒറ്റപ്പെട്ടു. എല്ലാ കലാപത്തിലും എന്ന പോലെ സ്ത്രീകളും കുട്ടികളും നിസ്സഹായരായി. കോടതി മുറ്റത്ത് നിരാലംബരായി ഇരുന്നവര്‍ക്ക് ജാതിയും മതവും ഇല്ലായിരുന്നു. ഇത്രനാളും ഒന്നിച്ചു കഴിഞ്ഞവര്‍ക്ക് പെട്ടെന്ന് അന്യരാവാന്‍ കഴിയില്ലായിരുന്നു. കേസുകള്‍ എല്ലാവരേയും മടുപ്പിച്ചു.'

അജിത് സിംഗ് ഇടപെട്ടത് വലിയ ഗുണമായെന്ന് ഹമീദ് പറഞ്ഞു.' അദ്ദേഹത്തിന് ഈ പ്രായത്തില്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ടആവശ്യമില്ല. എന്നിട്ടും ബാഗ്പെറ്റില്‍ നിന്ന് മാറി മുസഫര്‍നഗറില്‍ മത്സരിക്കുന്നില്ലേ. മഹാ പഞ്ചായത്തുകള്‍ ജാട്ടുകളേയും മുസ്ലീങ്ങളേയും വീണ്ടും ഒന്നിപ്പിച്ചു. പരിഹരിക്കാവുന്ന കേസുകളൊക്കെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. കലാപത്തിന് പ്രേരിപ്പിച്ചവര്‍ക്ക് ലക്ഷ്യം രാഷ്ട്രീയം മാത്രമായിരുന്നെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.'

ഗ്രാമീണര്‍ക്ക് മറ്റ് നിവൃത്തി ഇല്ലായിരുന്നു. കര്‍ഷകരും തൊഴിലാളികളും പിണങ്ങി നിന്നാല്‍ ജീവിതം തീര്‍ത്തും നിലയ്ക്കുന്ന അവസ്ഥ. ട്രാക്ടര്‍ ഓടണമെങ്കില്‍ മെക്കാനിക്ക് വേണം. കാളവണ്ടിക്ക് ചക്രത്തില്‍ ചുറ്റടിക്കണമെങ്കില്‍ പിണക്കം മാറണം. കട തുറന്നു വച്ചിട്ട് കാര്യമില്ല, ജാട്ടുകള്‍ പാടത്ത് പണിക്ക് ഇറങ്ങണം. അങ്ങനെ ഒന്നിച്ച് പോകേണ്ടവരെയാണ് കലാപം പലതാക്കിയത്.

അഞ്ചു തലമുറകളിലെ നവാബുമാരുടെ ചിത്രങ്ങളുണ്ട് ചുവരില്‍. ഹമീദ് പറഞ്ഞു.
'നാട്ടുകാര്‍ക്കൊപ്പം ജീവിച്ചവരാണ് ഇവരെല്ലാം. നവാബ് എന്ന് കേട്ട് നിങ്ങള്‍ സുഖിയന്മാരായ നവാബുമാരെ മനസ്സില്‍ ഓര്‍ക്കേണ്ട. ഇവര്‍ പണിയെടുത്ത നവാബുമാരാണ്. ഹരിയാനയിലെ രോഹ്ത്തക്കില്‍നിന്ന് വന്നവര്‍. ഇവിടെ കൊട്ടാരം പണിതപ്പോഴും ജനങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചവര്‍. അതേ ബന്ധം അടുത്ത തലമുറയ്ക്ക് കൈമാറണം എന്നാണ് ആഗ്രഹം. അതിനാലാണ് കോര്‍പറേറ്റ് ലോകത്തോട് വിടപറഞ്ഞത്. ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാവുന്നത് ഈ ഗ്രാമങ്ങളില്‍ സമാധാനം നിലനില്‍ക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നതിനാലാണ്.'

അപ്പോഴും ഹവേലിയില്‍ ജയന്ത് ചൗധരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു.

Content Highlights: The Great Indian War 2019, General Election 2019, Utharabharatham, Bagpet Haveli, Ajit Singh RLD, UP Politics