നാവില്‍ അലിയുന്ന ഇറച്ചിത്തുണ്ടം വേണോ? ലഖ്നോവില്‍ വന്നാല്‍ മതി. ഗോള്‍ ദര്‍വാസയ്ക്ക് അടുത്ത്. അവധിന്റെ പെരുമ പേറുന്ന തുണ്ടേ കബാബ്.

അവധിന്റെ സുല്‍ത്താനായിരുന്നു അസാദുദ് ദൗള. തീറ്റപ്രിയനായ നവാബ്. ഇറച്ചിപ്രേമി. പ്രായമായപ്പോള്‍ രാജാവിന്റെ പല്ലു കൊഴിഞ്ഞു. എന്നാല്‍ ഭക്ഷണത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന് വ്യക്തമാക്കി ദൗള. അങ്ങനെ രാജാവിന് കഴിക്കാന്‍ ഇറച്ചി അരച്ചുണ്ടാക്കിയതാണ് കബാബ്. 

കബാബിന്റെ കഥയില്‍ ദൗളയോളം തന്നെ വരും ഹാജി മുറാദ് അലിയും. മുറാദ് അലിയുടെ കബാബ് കഴിച്ചതോടെ രാജാവ് വീണു. ആനന്ദതുന്തിലമായി കൊട്ടാരം. പിന്നെ പല പല പരീക്ഷണങ്ങള്‍. നൂറുകണക്കിന് തരം രുചികളുണ്ടാക്കി മുറാദ്. അങ്ങനെയുള്ള പരീക്ഷണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കയ്യൊടിഞ്ഞു. ഒറ്റക്കയ്യന്‍ കുശിനിക്കാരന്‍ പക്ഷേ പുത്തന്‍ കബാബിന്റെ പണി തുടര്‍ന്നു. പുതിയ സ്വാദ് പിന്നേയും പിറന്നു.

1905 ല്‍ തുണ്ടേ കബാബ് തുറന്നു. സമ്പന്നമായി അന്നു തൊട്ട് തെരുവിന്റെ രാവുകള്‍. അന്തിനേരത്ത് നാടൊന്നാകെ ഇവിടേയ്ക്ക് ഒഴുകി. അന്നമുണ്ട് ആസ്വദിച്ചു. വെള്ളക്കാരുടെ കാലത്ത് അവര്‍. സ്വാതന്ത്ര്യം കിട്ടിയതോടെ പുതിയ രാജാക്കന്മാര്‍. മുറാദ് അലിയുടെ പിന്മുറക്കാര്‍ക്കൊപ്പം നിന്ന് ചിത്രമെടുത്തവരുടെ പേരു കണ്ടാല്‍ തന്നെ നാടിന്റെ ചരിത്രമാകും. ചരിത്രം കുറിച്ചവരും ചരിത്രമായവരും ചരിത്രം കുറിക്കാന്‍ പോകുന്നവരുമൊക്കെ അവധിന്റെ രുചി തേടിയെത്തി. ബീഫ് കബാബിനായിരുന്നു പ്രിയം കൂടുതല്‍. തുണ്ടേ കബാബിന്റെ ചുവരിലുണ്ട് ആ പ്രശസ്തരുടെ ചിത്രങ്ങള്‍. നിറഞ്ഞ മനസ്സിന്റെ സ്മരണാപടങ്ങള്‍. 

ഗോസംരക്ഷണവും ബീഫ് നിരോധനവും ആള്‍ക്കൂട്ടകൊലപാതകങ്ങളും ഒക്കെ നടക്കുന്ന കാലത്താണ് തിരഞ്ഞെടുപ്പ്. ഗോസംരക്ഷണത്തിന്റെ കെടുതികള്‍ കൂടി പേറുന്നുണ്ട് യുപി ഗ്രാമങ്ങള്‍. അലയുന്ന പശുക്കളെ ഓടിച്ചുവിടാന്‍ പെടാപ്പാടിലാണ് ഗ്രാമീണര്‍. കറവയറ്റ പശുവിനെ വിറ്റൊഴിക്കുമ്പോള്‍ കിട്ടുന്ന തുച്ഛവരുമാനം ഇല്ലാതായി. അവയെ വളര്‍ത്താനുള്ള ചെലവ് താങ്ങാനാവാത്തത്. ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാം സഞ്ചാരിപ്പശുക്കളെച്ചൊല്ലിയുള്ള പരാതികള്‍. 

'എന്തു ചെയ്യാം. പശുവിനെ ദൈവമായി തന്നെ പൂജിക്കുന്നവരാണ് ഞങ്ങളും. ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. പക്ഷേ ഇതെന്താണ് ചെയ്യുന്നത്? - കനൗജിലെ കാബേജ് പാടത്തിരുന്ന് മനോജ് തീവാരി പറഞ്ഞു. 

വീട്ടിലെ പൂജാമുറിയില്‍ നിന്നുള്ള പഴയ വിഗ്രഹങ്ങള്‍ ആല്‍ച്ചുവട്ടില്‍ കാവിച്ചേല ചുറ്റി വച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങും കാബേജും നെല്ലും തൊട്ട് മല്ലിച്ചെടികള്‍ വരെയുണ്ട് തീവാരിയ്ക്ക്. പശുസംരക്ഷണം കാര്യങ്ങളെ കഷ്ടത്തിലാക്കുന്നു എന്ന് അദ്ദേഹം പറയുന്നു - ' പശുക്കള്‍ കൂട്ടമായാണിപ്പോള്‍ വരുന്നത്. രാവും പകലും കാത്തിരിക്കണം. പാടത്തിറങ്ങി മുഴുവന്‍ നശിപ്പിക്കും. വിശന്നാല്‍ അവറ്റയ്ക്കും തിന്നണ്ടേ. ഒന്നുകില്‍ സര്‍ക്കാര്‍ ഗോശാലകള്‍ ഉണ്ടാക്കി പശുവിനെ സംരക്ഷിക്കണം. പാടത്തിറങ്ങുന്ന പശുവിനെ വടിയെടുത്ത് ഓടിക്കുമ്പോള്‍ പശുസംരക്ഷണം പറയരുത്. '

ഗ്രാമീണര്‍ ഇങ്ങനെ വലയുമ്പോഴും കബാബ് കടിയില്‍ നിറയുന്നത് കഷ്ടപ്പാടാണ്. ബീഫ് നിരോധനം വന്നതോടെ തുണ്ടേ കബാബിലേക്കുള്ള തിരക്കു കുറഞ്ഞു. പണ്ടത്തേതിന്റെ നാലിലൊന്നില്ല ഇപ്പോള്‍ കച്ചവടം. കബാബ് തേടിവന്ന സുജാത സിഹ്ന പറഞ്ഞു. 'മുഗള്‍ രുചി തേടി പണ്ടേ വരാറുള്ളതാണിവിടെ. ഇപ്പോള്‍ വിഭവം കുറവാണ്. എന്നാലും തുണ്ടേ കബാബില്‍ വരാതെ ലഖ്നോവില്‍ വന്ന് പോകാനാവില്ല'

ഹാജി മുറാദിന്റെ പിന്മുറക്കാരനായ ഉടമ ഉസ്മാന്‍ അലി വിശദമായി പറഞ്ഞു.' കാറ്റു വീശുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രമായി മാറിപ്പോകാനാവില്ല.' 

അതെ, കബാബിനേക്കാള്‍ പ്രധാനമാണ് പ്രാണന്‍. ഈ തിരഞ്ഞെടുപ്പില്‍ രാജ്യാഭിമാനത്തിന്റെ കൊടിവീശുന്നു മോദിയും ബിജെപിയും. എളുപ്പത്തില്‍ ചാപ്പ കുത്താനുള്ള മാര്‍ഗമാണ് കബാബ്. ഭക്ഷണത്തിന്റെ വൈവിദ്ധ്യങ്ങളല്ലാ, പാക്കിസ്ഥാനിയെന്ന വിളിപ്പേരാണ് വോട്ടു കിട്ടാന്‍ എളുപ്പം. തുറന്ന വര്‍ഗീയതയാണ് പ്രചാരണത്തില്‍ മുഖ്യം. മുസ്ലീം വിരുദ്ധതയില്‍ ഉറവു പൊട്ടുന്ന ഹിന്ദു ഏകീകരണത്തില്‍ യുപി തൂത്തുവാരാമെന്നാണ് യോഗി ആദിത്യനാഥിന്റെ വിശ്വാസം. പ്രതിധ്രുവീകരണത്തിന്റെ പ്രത്യാശകള്‍. 74 സീറ്റു കിട്ടുമെന്ന് അദ്ദേഹം പറയുന്നതും അതിനാലാണ്. അത്രയൊന്നും പ്രതീക്ഷിക്കുന്നില്ല, താഴേത്തട്ടില്‍ ബിജെപി നേതാക്കള്‍. പൂല്‍വാമയ്ക്ക് പിറ്റേന്നു മുതല്‍ ചെറുപ്പക്കാരെ നിരത്തി കവലകള്‍ തോറും ഭാരത് മാതാ കീ ജയ് വിളികളും പാക്കിസ്ഥാന്‍ മൂര്‍ദാബാദ് വിളികളുമുണ്ട്. ബലാകോട്ടിന് പിന്നാലെ ഇത് ഉച്ചസ്ഥായിയില്‍ എത്തി. 

ഓരോ വോട്ടും പ്രാധാനമാണ്. ഹാജി മുറാദ് അലിയും അസാദുദ് ദൗളയും കാണാത്ത രാഷ്ട്രീയ രുചിയുണ്ട് ഇപ്പോള്‍ അവധിന്റെ കബാബിന്.

Content Highlights: 2019 Lok sabha Elections Utharpadesh