കടഞ്ഞെടുത്ത കല്‍പ്രതിമകള്‍ കാത്ത് നില്‍പ്പുണ്ട് വഴിയോരങ്ങളില്‍. അതിനുമപ്പുറത്ത് ചരിത്രവും. പല്ലവ രാജന്‍മാര്‍ ശിലാപാളികളില്‍ തീര്‍ത്ത വിസ്മയമാണ് മഹാബലിപുരം. ചെന്നൈയില്‍  നിന്ന് ഏതാണ്ട് അറുപത് കിലോ മീറ്ററുകള്‍ക്കപ്പുറം, കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം. കടലോര ഗ്രാമം. പഴയ തുറമുഖ നഗരം. ആ തുറമുഖത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാം തീരത്ത്. കാഴ്ചയുടെ ഉത്സവമാണ് മഹാബലിപുരം. ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജാക്കന്‍മാരാണ് ഈ നാടിന് ശില്‍പകലയുടെ മേനി പകര്‍ന്നത്. നൂറു കണക്കിന് മനുഷ്യര്‍ കൊത്തിത്തീര്‍ത്ത വിസ്മയം. 

mahabalipuram

അര്‍ജ്ജുന്‍ തപസ്സ് ചെയ്തു. പരമശിവന്‍ പ്രത്യക്ഷപ്പെട്ടു. കിരാത മൂര്‍ത്തിയെക്കാണാന്‍ സകലചരാചരങ്ങളും ഒഴുകിയെത്തി. കഥകളെല്ലാം മനുഷ്യര്‍ കൊത്തിവെച്ചു, ചാരുതയോടെ  മഹാബലിപുരത്ത്. ഉളികൊണ്ട് എഴുതിയ കവിതകള്‍ കടല്‍ക്കാറ്റേറ്റ് നശിക്കാതിരിക്കാന്‍ തീരത്ത് ക്ഷേത്രം പണിതു. അഞ്ച് രഥങ്ങള്‍ കൊത്തിത്തീര്‍ത്തു. അപൂര്‍ണമായ കൊത്തിവെക്കലുകളില്‍ കാണാം ശില്‍പകലയുടെ പൂര്‍ണത. 

തീര ക്ഷേത്രവും അര്‍ജ്ജുനന്റെ തപസ്സും വരാഹ ഗുഹാ ക്ഷേത്രവും അഞ്ചു രഥങ്ങളും തുടങ്ങി കല്ലില്‍ സൗന്ദര്യം വരച്ചിട്ട മനുഷ്യര്‍. ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കേണ്ട ഇടമാണ്. ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച അഭിമാനം. രാജ്യമെമ്പാടുമുള്ള  ക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങള്‍ കൊത്തുന്നത് മഹാബലിപുരത്ത് നിന്നാണ്. 

mahabali

പക്ഷേ പ്രശ്നം ഇതൊന്നുമല്ല. ഈ സൗന്ദര്യമൊക്കെ എങ്ങനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നു എന്നതാണ്. ശില്‍പങ്ങള്‍ കൊത്തിയെടുക്കലാണ് മഹാബലിപുരത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ച പൂര്‍വ്വികരുടെ പിന്തുടര്‍ച്ചക്കാര്‍. ഇപ്പോള്‍ പക്ഷേ മാറ്റം വരികയാണ് ഗ്രാമത്തില്‍. ഏറെപ്പേരും മറ്റ് തൊഴിലുകള്‍ തേടുകയാണ്. ശില്‍പികളുടെ മക്കള്‍ ശില്‍പ്പം കൊത്തിത്തന്നെ ജീവിക്കട്ടെ എന്നല്ല ഇപ്പറഞ്ഞതിന്റെ ധ്വനി. ശില്‍പ്പത്തില്‍ പ്രഗത്ഭരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കണ്ടെ? നാടിന് അഭിമാനമായ സാംസ്‌കാരിക പൈതൃകത്തെ കാത്തുവെക്കുന്നവരല്ലെ, അവരെ നമ്മുടെ ജനാധിപത്യ സംവിധാനം ചേര്‍ത്തു നിര്‍ത്തണം എന്നത് സ്വാഭാവിക നീതിയല്ലെ? പക്ഷേ അങ്ങനൊന്നുമല്ല, പഴയ രാജാക്കന്‍മാരെപ്പോലെ ഇപ്പോള്‍ മുതലാളിമാര്‍. പഴയ ഇടനിലക്കാരെപ്പോലെ ഇപ്പോള്‍ കങ്കാണിമാര്‍. ഉളിയേന്തുന്നവന് മുറിവുകള്‍ മാത്രം. ജോലി ചെയ്താല്‍ കൂലി പലര്‍ക്കും മുതലാളി കനിയുമ്പോഴാണ്. അങ്ങനെയല്ലാത്തവരുമുണ്ട്. എന്നാല്‍ ആദ്യം പറഞ്ഞ കൂട്ടരാണ് കൂടുതല്‍. ശില്‍പം വിറ്റു പോയില്ല, പണം കിട്ടിയില്ല തുടങ്ങിയ ന്യായം പറഞ്ഞ് മുതലാളി തൊഴിലാളിയെ പിഴിയും. നിര്‍മ്മാണത്തിനിടെ കല്ല് പൊട്ടിയാല്‍ നഷ്ടം തൊഴിലാളി നികത്തണം. പരിക്കു പറ്റിയാല്‍ ഏറിയപങ്ക് മുതലാളിമാരും തിരിഞ്ഞ് നോക്കില്ല. 

mahabali3

ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലാളികള്‍ അഭിമാനത്തോടെ ഉളിയെടുന്നുണ്ട് ദിവസവും. പൈതൃകത്തെ സംരക്ഷിക്കുന്നുണ്ട്. ദ്രാവിഡ തച്ചു ശാസ്ത്ത്രിന്റെ സ്പര്‍ശമുണ്ട് മഹാബലിപുരത്തെ സ്മാരക ശിലകളില്‍. പക്ഷേ അധികാരത്തിലെത്തുന്ന ദ്രാവിഡപ്പാര്‍ട്ടികള്‍ തിരിഞ്ഞു നോക്കുന്നില്ല മഹാബലിപുരത്തുകാരെ. പഴയ പെരുമകൊണ്ട് മാത്രം വയറു നിറയില്ല, പൈതൃകത്തിന്റെ കാവലാളുകള്‍ക്ക്. ജയപരാജയങ്ങള്‍ തീരുമാനിക്കാനും മാത്രമുള്ള വോട്ടൊന്നുമില്ല ഇവിടുത്തുകാര്‍ക്ക്. ജനാധിപത്യം ഇവരെക്കൂടി പരിഗണിക്കണം.

Content Highlights: Thamizhakam, Lok Sabha Elections 2019, tamil nadu, mahabalipuram