നിശബ്ദമാണ് നഗരം. രാജാജി ഹാളിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നു. ചിലര്‍ ആര്‍ത്തലയ്ക്കുന്നുണ്ട്. പൊട്ടിക്കരയുന്നുണ്ട്. ഉറങ്ങാതെ കാത്തു നില്‍ക്കുന്നവരുണ്ട്, കോടതി വിധിയ്ക്കായി. പ്രിയപ്പെട്ട കലൈഞ്ജറുടെ മൃതദേഹം മറീനയില്‍, അണ്ണാ സ്മാരകത്തിന് സമീപം അടക്കം ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ല. കോടതി അനുവദിക്കുമോ എന്നാണ് അവര്‍ നോക്കി നില്‍ക്കുന്നത്. പുലര്‍ച്ചെ രണ്ടരവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതി രാവിലെ എട്ടിന് കേസ് വീണ്ടും പരിഗണിക്കും എന്ന് അറിയിച്ചത്. അതുവരെ ജഡ്ജിയുടെ വീട്ടുപടിക്കല്‍ കാത്തു നിന്നവര്‍ ഹൈക്കോടതിയിക്ക് സമീപത്തേക്ക് പോയി. ചിലര്‍ ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലേക്കും മറ്റു ചിലര്‍ മറീനയിലേക്കും. ഏതാണ്ട് പത്തു മണി. രാജാജി ഹാള്‍ നിറഞ്ഞ് കവിഞ്ഞു. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് പെടാപ്പാട് പെടുകയാണ്. വിധി വന്നു. കലൈഞ്ജര്‍ക്ക് മറീനയില്‍ അന്തിയുറങ്ങാം. ദുരൈ മുരുകനെ കെട്ടിപ്പിടിച്ച് സ്റ്റാലിന്‍ പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട്. കനലുപോലെ നീറി നില്‍ക്കുകയായിരുന്നു ആ ജനക്കൂട്ടം. സ്റ്റാലിന്റെ കരച്ചില്‍ കൂടിയായപ്പോള്‍ അവിടെ വികാര പ്രകടനങ്ങളുടെ വേലിയേറ്റം. കരുണാനിധിയുടെ മരണ വിവരം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് സ്റ്റാലിനും ദുരൈ മുരുകനും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. കലൈഞ്ജര്‍ക്ക് മറീനയില്‍ അന്ത്യവിശ്രമം ഒരുക്കണം എന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കമല്‍ഹാസനും രജനീകാന്തുമെല്ലാം ഈ ആവശ്യത്തിന് പിന്തുണ അറിയിച്ചു. പക്ഷേ ഒരു വര്‍ഷം മുന്‍പ് ജയലളിതയ്ക്ക് മറീനയില്‍ സ്മാരകം അനുവദിച്ച് അതിനായി കോടികള്‍ വകയിരുത്തിയ സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം നിര്‍ദാക്ഷിണ്യം തള്ളി. പക്ഷേ കോടതിയിലൂടെ അവസാന പോരാട്ടത്തിലും വിജയിച്ച് കലൈഞ്ജര്‍ യാത്രയായി. മറീനയ്ക്ക് സമാന്തരമായി മനുഷ്യര്‍ മറ്റൊരു കടല്‍ തീര്‍ത്തു. ആ രാത്രിയില്‍ അത് ആര്‍ത്തിരമ്പി. 

ഇത് ആറ് മാസം മുന്‍പ് നടന്ന സംഭവമാണ്. അതിനും ഒന്നര വര്‍ഷം മുന്‍പ് ദ്രാവിഡ രാഷ്ട്രീയത്തിലെ മറ്റൊരു കരുത്തയായ നേതാവും വിടവാങ്ങി. ജെ. ജയലളിത. കരുണാനിധിയോട് നേരെ നിന്ന് ഏറ്റുമുട്ടിയ വനിത. മാസങ്ങളോളം പുറംലോകം കാണാതെ ചികിത്സയില്‍ കഴിഞ്ഞപ്പോഴും ജയലളിതയുടെ ഉള്ളം കയ്യിലായിരുന്നു അണ്ണാ ഡിഎംകെയും സര്‍ക്കാരും. അവരും കളമൊഴിഞ്ഞു. വന്‍ ജനാവലി യാത്രാമൊഴിയുമായി മറീനയിലെത്തി.

കരുണാനിധിയ്ക്കും ജയലളിതയ്ക്കും ശേഷം ആദ്യമായി തമിഴ്നാട് ആദ്യമായി പൊതു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് തമിഴക രാഷ്ട്രീയത്തില്‍. ജയലളിതയ്ക്ക് ശേഷം അണ്ണാ ഡിഎംകെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രണ്ടാംനിര നേതാക്കളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വിമുഖത കാട്ടിയ ജയലളിത ഇക്കാര്യത്തില്‍ വലിയ തെറ്റാണ് പാര്‍ട്ടിയോട് ചെയ്തത്. ജയലളിത മരിക്കാന്‍ കാത്തു നിന്നപോലെ അണ്ണാ ഡിഎംകെയില്‍ അധികാര മോഹികള്‍ ഓരോന്നായി തല പൊക്കിത്തുടങ്ങി. അവര്‍ക്ക് കീഴില്‍ ചെറുതും വലുതുമായ സംഘങ്ങള്‍ രൂപപ്പെട്ടു. സ്ഥാനം നഷ്ടപ്പെട്ട പനീര്‍സെല്‍വം ജയാസ്മാരകത്തില്‍ ധ്യാനമിരുന്നു. ധര്‍മസമരം പ്രഖ്യാപിച്ചു. ആളെക്കൂട്ടി വിലപേശി. എംഎല്‍എമാര്‍ റിസോട്ടിലായി. ജയലളിതയുടെ വിനീത വിധേയനായിരുന്ന പനീര്‍സെല്‍വത്തെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല കാലെടുത്ത് വയ്ക്കാന്‍ ശ്രമിച്ചത് ഒടുവില്‍ അവരെ ജയിലില്‍ എത്തിച്ചു. പളനിസാമിയെ മുന്നില്‍ നിര്‍ത്തി കരുനീക്കാന്‍ ശ്രമിച്ച ശശികലയെ ഞെട്ടിച്ച് പളനിസ്വാമി സ്വന്തം ഗ്രൂപ്പുണ്ടാക്കി. ശശികലയെയും മരുമകന്‍ ദിനകരനെയും ഇറക്കിവിട്ട് പാര്‍ട്ടിയില്‍ ശുദ്ധിക്രിയ നടത്തി. ഉപ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പദവിയും വാങ്ങി പനീര്‍സെല്‍വം അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്തി. ബിജെപിയും പ്രധാനമന്ത്രിയും മധ്യസ്ഥന്‍മാരായി. മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും ആ ഏച്ചുകെട്ടല്‍ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകുന്നുണ്ട്. 

ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചു. ജയിലിലുള്ള ശശികലയെ നേതാവാക്കി. 18 എംഎല്‍എമാര്‍ അവര്‍ക്കൊപ്പം നിന്നു. എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ജയലളിതയുടെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ദിനകരന്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച് എംഎല്‍എയായി. നാടു നീളെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്തിയ ദിനകരന്‍ അണ്ണാ ഡിഎംകെ ക്യാംപിനെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലയന ചര്‍ച്ചകളും നടക്കുന്നു. പാര്‍ട്ടി പിടിച്ചെടുക്കുക എന്നതാണ് ദിനകരന്റെ ലക്ഷ്യം. അതിനായി കിണഞ്ഞു ശ്രമിക്കുന്നുണ്ട് അയാള്‍. അണ്ണാ ഡിഎംകെ അധികാരമൊഴിയുന്ന ഘട്ടത്തില്‍ പനീര്‍സെല്‍വത്തേയും പളനിസാമിയേക്കാളും ശക്തന്‍ ദിനകരനായിരിക്കും എന്നകാര്യം നേതാക്കള്‍ക്ക് അറിയാം. അതുകൊണ്ട് ദിനകരന്‍ കാത്തിരിക്കുകയാണ്. ദിനകരന്റെ അമ്മാവന്‍ ദിവാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ബിജെപിയുമായുള്ള സഖ്യ ചര്‍ച്ചയിലാണിപ്പോള്‍ പളനിസാമിയും പനീര്‍സെല്‍വവും. തമ്പിദുരെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തിന് എതിരാണ്. തീരുമാനം പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നും ദിനകരനെ സഹായിക്കുന്ന നിലപാടാകും അത്് എന്നുമാണ് തമ്പിദുരൈ ഉള്‍പ്പെടെയുള്ളവരുടെ വാദം. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ കഴിഞ്ഞ തവണ മുപ്പത്തി ഏഴും ജയിച്ച് കയറിയ അണ്ണാ ഡിഎംകെ ഇത്തവണ എന്‍ഡിഎ സഖ്യത്തില്‍ 25 സീറ്റുകളില്‍ മത്സരിക്കാനാണ് തയ്യാറെടുക്കുന്നത് എന്നാണ് വിവരം. ഇത് നടപ്പിലായാല്‍ ആ ചിത്രത്തില്‍ നിന്ന് തന്നെ മനസ്സിലാകും അവരിപ്പോള്‍ നേരിടുന്ന പ്രതിസന്ധി. കോയമ്പത്തൂരൊക്കെ ഉള്‍പ്പെടുന്ന കൊങ്ങ്നാട് മേഖല അണ്ണാ ഡിഎംകെയുടെ കോട്ടയാണ്. അവിടങ്ങളില്‍ ദിനകരന്‍ നേടുന്ന വോട്ട് നിര്‍ണായകമാകും. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ദിനകരന്റെ തീരുമാനം. 

മറു ഭാഗത്ത് ഡിഎംകെ പുതിയ നേതാവിന് കീഴില്‍ സുശക്തരാണ്. കരുണാനിധിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഒരാള്‍ ഒഴികെ ബാക്കിയാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. കരുണാനിധിയുടെ മൂത്ത മകന്‍ അഴഗിരിയാണ് ആ സംശയക്കാരന്‍. ലക്ഷങ്ങളെ അണി നിരത്തി ചെന്നെയില്‍ റാലി നടത്തും എന്ന് പ്രഖ്യാപിച്ച അഴഗിരിയുടെ റാലിയ്ക്ക് ആകെ എത്തിയത് നാലായിരത്തോളം പേര്‍. അന്ന് മുതല്‍ ഇന്ന് വരെ അഴഗിരി പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല. ഡിഎംകെയെ തകര്‍ക്കുന്ന നിലയിലേക്ക് പ്രവര്‍ത്തിച്ചാല്‍ പ്രവര്‍ത്തകര്‍ എതിരാകും എന്ന ഭയം അഴഗിരിയ്ക്കുണ്ട്. തന്റെ മകനെയെങ്കിലും നേതൃത്വത്തില്‍ എത്തിക്കണം എന്ന അഴഗിരിയുടെ ആവശ്യം സ്റ്റാലിന്‍ മുഖവിലയ്ക്കെടുത്തില്ല. പാര്‍ട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടും മുന്‍പേ തന്നെ സ്റ്റാലിനാണ് ഡിഎംകെയെ നയിച്ചിരുന്നത്. കരുണാനിധി ആരോഗ്യവാനായിരുന്നില്ലല്ലൊ. പാര്‍ട്ടിയെ ബൂത്ത് തലത്തില്‍ വരെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ആദ്യ നാളുകളില്‍ തന്നെ സ്റ്റാലിന്‍ മുന്നോട്ടു പോയി. അധ്യക്ഷ പദവി ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും ആഞ്ഞടിച്ചു. പിന്നീട് കരുണാനിധിയുടെ പ്രതിമ അനാഛാദന പരിപാടിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇങ്ങനെ നീളുകയാണ് കുറച്ചു കാലമായി സ്റ്റാലിന്‍ നടത്തിയ ഇടപെടലുകള്‍. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ക്കുകയും സര്‍ക്കാരിനെതിരായ അഴിമതിക്കേസുകളില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇതിനൊക്കെ അപ്പുറത്ത് സുശക്തമായ ഒരു മുന്നണി സംവിധാനം രൂപപ്പെടുത്താന്‍ സ്റ്റാലിന് കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം. കോണ്‍ഗ്രസും വൈക്കോയുടെ എംഡിഎംകെയും സിപിഎമ്മും സിപിഐയും മുസ്ലിം ലീഗും വിസികെയും എല്ലാം ഉള്‍പ്പെടുന്ന മുന്നണി ലോക്സഭയില്‍ തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റും നേടും എന്ന ആത്മ വിശ്വാസത്തിലാണ്. അടുത്തിടെ പുറത്തു വന്ന ചില സര്‍വ്വേ ഫലങ്ങളും ഇത് ചൂണ്ടിക്കാണിക്കുന്നു. സീറ്റ് വിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുകയാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി. 

ഒരു വര്‍ഷം മുന്‍പ് മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച സിനിമാ നടന്‍ കമല്‍ഹാസന്‍ സജീവമായി രംഗത്തുണ്ട്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കമലിന്റെ പാര്‍ട്ടിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഡിഎംകെ മുന്നണിയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ഡിഎംകെ വലിയ ഉത്സാഹം കാണിച്ചില്ല. അതുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കമലിന്റെ തീരുമാനം. 

രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. പേട്ടയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കിലേക്ക് കടന്ന രജനി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. മറ്റൊരു സിനിമാ താരമായ വിജയ്കാന്തിന്റെ ഡിഎംഡികെ ബിജെപിയുമായി സഖ്യത്തിലാകാന്‍ ഏതാണ്ട് തീരുമാനിച്ചു. അമേരിക്കയില്‍ ചികിത്സയിലുള്ള വിജയ്കാന്ത് തിരിച്ചെത്തിയ ഉടന്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ നേതാവ് വരെയായ വിജയ്കാന്തിന്റെ പാര്‍ട്ടി ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഈ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം അവര്‍ക്ക് നിര്‍ണായകമാണ്. എട്ട് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കോണ്‍ഗ്രസ് ഒന്‍പതും. രണ്ട് സീറ്റ് വീതം ലഭിക്കുമെന്ന് സിപിഎമ്മും സിപിഐയും പ്രതീക്ഷിക്കുന്നുണ്ട്.

ഏതാണ്ട് തെളിഞ്ഞിട്ടുണ്ട് തമിഴ്മണ്ണിലെ തിരഞ്ഞെടുപ്പ് ചിത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും.

Content Highlights: Thamizhakam, Lak sabha Election 2019, Tamilnadu