മിഴകത്ത് ചിത്രം തെളിയുകയാണ്. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ രണ്ട് പ്രധാന ദേശീയ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നു. തിരഞ്ഞെടുപ്പ് ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ. കേന്ദ്രത്തിലെ ഭരണപ്പാര്‍ട്ടിയായ ബി.ജെ.പിയോടാണ് കൂട്ടു ചേര്‍ന്നത്. ഈ കൂട്ടു ചേരലിന് അസ്വാഭാവികതയൊന്നുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതീക്ഷിക്കപ്പെടുന്ന ചങ്ങാത്തമാണ്. മറുഭാഗത്ത് ഏറ്റവും പഴക്കമുള്ള ദ്രാവിഡപ്പാര്‍ട്ടി കോണ്‍ഗ്രസുമായാണ് കൈ കോര്‍ത്തത്. 2013-ല്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ശേഷം ദേശീയ തലത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം വീണ്ടും കോണ്‍ഗ്രസുമായി ചേരുന്നു. ഈ കൂടിച്ചേരലിനും നാടകീയമായതോ അസ്വാഭാവിക നിറഞ്ഞതുമായതോ ഒന്നുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. അതിന്റെ ഗുണം ഇരു പാര്‍ട്ടികള്‍ക്കും ലഭിച്ചു. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇരു പാര്‍ട്ടികളും നില മെച്ചപ്പെടുത്തി. 

ചരിത്രം ചികഞ്ഞാല്‍ തമിഴ്നാട്ടില്‍ സഖ്യ കാര്യത്തില്‍ ആവര്‍ത്തനം സംഭവിക്കുകയാണ്. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ആവര്‍ത്തനം. അന്ന് അണ്ണാ ഡി.എം.കെ. ബി.ജെ.പിയോടൊപ്പവും ഡി.എം.കെ. കോണ്‍ഗ്രസിനൊപ്പവും. അല്ലെങ്കില്‍ ഇങ്ങനെയും പറയാം, ജയലളിത വാജ്പേയിക്കൊപ്പവും, കരുണാനിധി സോണിയ ഗാന്ധിയ്ക്കൊപ്പവും. 'ഇന്ദിരാവിന്‍ മരുമകളെ വരിക നിലയാന ആട്ചി തരിക'(ഇന്ദിരയുടെ മരുകമകളെ വരിക, സ്ഥിരതയുള്ള ഭരണം തരിക) എന്ന് കലൈഞ്ജര്‍ ആഹ്വാനം ചെയ്തപ്പോള്‍ ആവിളിയെ തമിഴര്‍ ഏറ്റെടുത്തു. തമിഴ്നാട്ടില്‍ ആകെയുള്ള 39-ല്‍ മുപ്പത്തി ഒമ്പതും യു.പി.എ. വിജയിച്ചു. ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പി.എം.കെയുമെല്ലാം നേട്ടം കൊയ്തു. ഡി.എം.കെയും കോണ്‍ഗ്രസും 2009-ലും ആ സഖ്യം തുടര്‍ന്നു. ഇടത് പാര്‍ട്ടികള്‍ മാറി നിന്നു. മറുഭാഗത്ത് ജയലളിതയുടെ മനസ്സ മാറി. ബി.ജെ.പിയെ കയ്യൊഴിഞ്ഞു. ഇടതിനെയും പി.എം.കെയെയുമെല്ലാം ഒപ്പം നിര്‍ത്തി മത്സരിച്ചു. 12 സീറ്റില്‍ സഖ്യം വിജയയിച്ചു. തൂത്തുവാരിയില്ലെങ്കിലും ഡി.എം.കെ. - കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം തന്നെ നിന്നു തമിഴകം. അന്ന് ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിക്ക് 2.3 ശതമാനം വോട്ടാണ് ലഭിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ സഖ്യം ആവര്‍ത്തിക്കുകയാണ്. 

അണ്ണാ ഡി.എം.കെ. - ബി.ജെ.പി. സഖ്യം പ്രതീക്ഷിക്കപ്പെട്ടതാണ്. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തെയും ബി.ജെ.പി. കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വരുതിയില്‍ നിര്‍ത്തിയിട്ടുണ്ട്. പനീര്‍സെല്‍വത്തിനെതിനെതിരായ ആരോപണങ്ങളില്‍ ഇപ്പോള്‍ വിജിലന്‍സ് പരിശോധന നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനമാണ് കേസ്. തമിഴ് രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ട് നേരത്തെ ജയലളിതയും ഇപ്പോള്‍ ശശികലയും ജയിലില്‍ കഴിയുന്ന അതേ തീവ്രതയുള്ള ആരോപണങ്ങള്‍. 

അപ്പുറത്ത് പളനിസ്വാമിയുടെ വിശ്വസ്തരുടെയെല്ലാം വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പല തവണ റെയ്ഡ് നടത്തി. അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കുന്നതിന് മൂന്ന് നാള്‍ മുമ്പായിരുന്നു അവസാന റെയ്ഡ്. അവിശ്വാസ പ്രമേയത്തിന് എതിരായ നിലപാടാണ് അന്ന് അണ്ണാ ഡി.എം.കെ. സ്വീകരിച്ചത്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും മറ്റ് ചില നേതാക്കളും ഇടയ്ക്കിടെ എതിര്‍പ്പുകള്‍ ഉയര്‍ത്തുമെങ്കിലും ഒ.പി.എസ.്, ഇ.പി.എസ്. പക്ഷങ്ങള്‍ ബി.ജെ.പിയുമായി ഊഷ്മളബന്ധം പുലര്‍ത്തി വന്നു. അഴിമതിയും കേസും ജയിലും എല്ലാം ചൂണ്ടിക്കാട്ടി സാധ്യമാക്കിയ ആ ഊഷ്മള ബന്ധം ഇപ്പോള്‍ സഖ്യ പ്രഖ്യാപനത്തിലേക്കും കടന്നു. 

അഞ്ച് സീറ്റാണ് മുന്നണിയില്‍ ബി.ജെ.പി. മത്സരിക്കുക. വണ്ണിയര്‍ ജാതിവോട്ട് ഏകീകരിക്കാന്‍ കെല്‍പ്പുണ്ടെന്ന് കരുതപ്പെടുന്ന പാട്ടാളി മക്കള്‍ കക്ഷി ഏഴ് സീറ്റില്‍ മത്സരിക്കും. ഇതിന് പുറമെ ഒരു രാജ്യസഭാ സീറ്റും നിയമസഭയില്‍ ഒഴിവുള്ള 21 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചില സീറ്റുകളും പി.എം.കെയ്ക്ക് നല്‍കും. ദിനകരനൊപ്പം പോയി അയോഗ്യരായ എം.എല്‍.എമാരുടെ 18 മണ്ഡലങ്ങള്‍ക്ക് പുറമെ കരുണാനിധി മരിച്ച് ഒഴിവ് വന്ന തിരുവാരൂര്‍ ഉള്‍പ്പെടെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 21 ഇടങ്ങള്‍. ഇതില്‍ ഒന്‍പത് ഇടത്തെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍ താഴെ വീഴും. 

പാര്‍ട്ടിയില്‍നിന്ന് വലിയൊരു വിഭാഗം ദിനകരന്റെ കൂടെപ്പോകാനും സാധ്യതയുണ്ട്. ഒരു പക്ഷേ ദിനകരന്‍ അണ്ണാ ഡി.എം.കെയുടെ നേതാവായി തിരിച്ച് വരാനും വഴിയൊരുക്കും ഈ സാഹചര്യം. അതുകൊണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാതി മണ്ഡലങ്ങളിലെങ്കിലും ജയിക്കുക എന്നത് അണ്ണാ ഡി.എം.കെയ്ക്ക് ജീവന്‍മരണ പോരാട്ടമാണ്. പനീര്‍സെല്‍വത്തിനൊപ്പം നിന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി എംഎല്‍മാര്‍ക്ക് എതിരായാല്‍ വീണ്ടും പ്രതിസന്ധി. 

പി.എം.കെയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ആറ് മണ്ഡലങ്ങളുണ്ട് തിരഞ്ഞെടുപ്പ് നടക്കാനുള്ളവയില്‍. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ വോട്ട് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന പി.എം.കെയ്ക്ക് അര്‍ഹിച്ചതിലും അധികം സീറ്റുകളും രാജ്യസഭാ സീറ്റും നല്‍കി മുന്നണിയില്‍ എത്തിച്ചത്. കഴിഞ്ഞ നാലര വര്‍ഷമായി എന്‍.ഡി.എ. സര്‍ക്കിരിനെയും അണ്ണാ ഡി.എം.കെ. സര്‍ക്കാരിനെയും വളഞ്ഞിട്ട് ആക്രമിച്ച രാംദാസും മകന്‍ അന്‍പുമണി രാംദാസും ഇനി അണ്ണാ ഡി.എം.കെ. -ബി.ജെ.പി. പാളയത്തിലാണ്. പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് എന്‍.ഡി.എയിലാണ്. വിജയ്കാന്തിന്റെ ഡി.എം.ഡി.കെയുമായി ചര്‍ച്ച നടക്കുന്നു.  37 സിറ്റിങ്ങ് എം.പിമാരില്‍ 17 പേര്‍ക്കെങ്കിലും സീറ്റുണ്ടാവില്ല എന്നുള്ളതാണ് അണ്ണാ ഡി.എം.കെ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഇത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. രാമനാഥപുരം എം.പി അന്‍വര്‍ രാജ ഉള്‍പ്പെടെയുള്ള അണ്ണാ ഡി.എം.കെയിലെ മുസ്ലിം നേതാക്കള്‍ ബി.ജെ.പി കൂട്ടുകെട്ടിനെതിരെ നിലപാട് സ്വീകരിക്കുന്നുമുണ്ട്. 

തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ. സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത്. 1998-ല്‍ സഖ്യം മുപ്പത് സീറ്റില്‍ വിജയിച്ചു. അന്ന് ഡി.എം.കെയും കോണ്‍ഗ്രസും വെവ്വേറെ സഖ്യമായി മത്സരിച്ചപ്പോള്‍ പലയിടത്തും ത്രികോണ മത്സര പ്രതീതിയായിരുന്നു.  പിന്നീട് 2004-ല്‍. അന്ന് ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചപ്പോള്‍ മുഴുവന്‍ സീറ്റും യു.പി.എ. തൂത്തുവാരി. പിന്നീട് വഴി പിരിഞ്ഞു. 2014-ല്‍ തുറന്ന പോരായിരുന്നു. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി ജയലളിത. എല്ലാ സീറ്റിലും അണ്ണാ ഡി.എം.കെ. ഒറ്റയ്ക്ക് മത്സരിച്ചു. 37 സീറ്റ് തൂത്തുവാരി. മോദിയേയും കലൈഞ്ജറേയുമെല്ലാം വെല്ലുവിളിച്ചു. 

പ്രധാനമന്ത്രി ആകണമെന്ന ആഗ്രമുണ്ടായിരുന്നു തമിഴ്നാട്ടിലെ പോരാളിക്ക്. പക്ഷേ മോദി തരംഗത്തില്‍ മോഹം മുങ്ങിപ്പോയി. സഹകരിച്ചും കാര്യങ്ങള്‍ നേടിയെത്തും ജയലളിത മോദി മുന്നില്‍ നേതാവായിത്തന്നെ നിന്നു. ജയലളിതയുടെ കാലശേഷം പ്രതിസന്ധിയിലാണ് അണ്ണാ ഡി.എം.കെ. വിമതശല്യവും നേതാക്കളുടെ അഴിമതിയും കാരണം പൊറുതിമുട്ടി. തക്കം നോക്കിയിരുന്ന ബി.ജെ.പി. പാര്‍ട്ടിക്കാര്യങ്ങളിലും ഇടപെട്ട് തുടങ്ങി. മുന്‍പ് രണ്ട് തവണ അണ്ണാ ഡി.എം.കെയും ബി.ജെ.പിയുമായി കൈകോര്‍ത്തപ്പോള്‍ അവസാനവാക്ക് ജലയലളിതയായിരുന്നു.  ഇത്തവണ മാറ്റം വന്നു എന്ന് നിസ്സംശയം പറയാം. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിക്കുകമാത്രമാണ് അണ്ണാ നേതാക്കള്‍. എം.ജി.ആറിന്റെ പിന്‍മുറക്കാര്‍ തമിഴകത്തേക്കുള്ള ബിജെപി വാതിലായി. ബി.ജെ.പി. സന്തോഷത്തിലാണ്. എന്‍.ഡി.എയും. 

മറുഭാഗത്ത് ഡി.എം.കെയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വീണ്ടും ചേര്‍ന്നിരിക്കുമ്പോള്‍ അവരുടെ പ്രതീക്ഷ വലുതാണ്. 2004 ആവര്‍ത്തിക്കുമെന്ന് സ്റ്റാലിന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. അതിനായി ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയാണ് സാറ്റാലിന്‍. ശ്രീലങ്കന്‍ തമിഴന്റെ കണ്ണീരിന്റെ വിലയറിഞ്ഞാണ് 2013-ല്‍ കലൈഞ്ജര്‍ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ ഡി.എം.കെ. നേതാക്കളുടെ അഴിമതി അതിനു മുന്‍പേ ആ ബന്ധത്തെ ശിഥിലമാക്കിയിരുന്നു. 2014 പൊതു തിരഞ്ഞെടുപ്പില്‍ 2ജി സ്‌പെക്ട്രം തൊട്ടുള്ള ആരോപണങ്ങളില്‍ കനിമൊഴിയും രാജയും വെന്തെരിഞ്ഞു. 34 ഇടത്ത് മത്സരിച്ച ഡി.എം.കെ. തോറ്റമ്പി. 

ജയലളിത വെന്നിക്കൊടി നാട്ടിയപ്പോള്‍ കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. 37 മണ്ഡലങ്ങളും അണ്ണാ ഡി.എം.കെ. ജയിച്ചു. കന്യാകുമാരിയില്‍ ബി.ജെ.പിയും ധര്‍മപുരിയില്‍ പി.എം.കെയും വിജയിച്ചു. ഇടതു പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു. ഒരുമിച്ച് നില്‍ക്കണം എന്ന് അധികം വൈകാതെ ബോധ്യപ്പെട്ട ഡി.എം.കെയും കോണ്‍ഗ്രസും പിന്നീട് കൈകോര്‍ത്തത് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അധികാരം പിടിക്കാനായില്ലെങ്കിലും ഇരുകക്ഷികളും തിരിച്ചു വന്നു. ഒരു ശതമാനം മാത്രം വോട്ട് വ്യത്യാസത്തിനാണ് അണ്ണാ ഡി.എം.കെ. അധികാരത്തിലേറിയത്. 

അതു പക്ഷേ ആത്മവിശ്വാസം പകര്‍ന്നത് ഡി.എം.കെയ്ക്കാണ്. അന്ന് മുതല്‍ ഫലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് പാര്‍ട്ടി.  ഇടത് പാര്‍ട്ടികളും വി.സി.കെയും എം.ഡി.എം.കെയും മുസ്ലിംലീഗും പിന്നാലെയെത്തി. കാവേരിയും നീറ്റും നോട്ട് നിരോധനവും തൂത്തുക്കുടി വെടിവെപ്പുമെല്ലാം സഖ്യം സമരായുധമാക്കി. മറുവശത്ത് അമ്മ നാടു നീങ്ങി. ദിനകരന്‍ പാര്‍ട്ടി വിട്ടു. ഇപ്പോള്‍ സ്റ്റാലിന്‍ കരുത്തനാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഡി.എം.കെ. - കോണ്‍ഗ്രസ് സഖ്യം കൈകോര്‍ത്തപ്പോഴൊക്കെ ഇരു കക്ഷികളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. തമ്മിലടിച്ചപ്പോള്‍ ഇരുവരും കയ്പ്പ് കുടിച്ചു. 

ബി.ജെ.പി. ബന്ധത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ കലാപം ഉയരുമ്പോള്‍ അണ്ണാ ഡി.എം.കെ. കൂടുതല്‍ അശക്തമാണ്. ശക്തി തെളിയിക്കാന്‍ ദിനകരന്‍ കൈമെയ് മറന്ന് പോരാട്ടത്തിലുമാണ്. എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്ന് പ്രഖ്യാപിച്ച് കമല്‍ഹാസനും പ്രചാരണം തുടങ്ങി. സഖ്യത്തിലെല്ലാം തീരുമാനമായി. ചില പാര്‍ട്ടികളുടെ സീറ്റ് വിഭജനം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഇന് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്. ജനപ്രതിനിധികള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ വോട്ട് തേടിയിറങ്ങും. ഈ വലിയ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ജനങ്ങള്‍ കാത്തിരിക്കുകയാണ് വോട്ടും തേടി എത്തുന്നവരെ. തൂത്തുക്കുടിക്കാരും, തിരുവണ്ണാമലൈയിലെയും സേലത്തെയും കര്‍ഷകരും, ദളിതരും, ഗജ ചുഴലിക്കാറ്റില്‍പെട്ട് സര്‍വ്വതും നഷ്ടപ്പെട്ടവരും, ഓഖി ആഞ്ഞ് വീശിയപ്പോള്‍ ഒറ്റപ്പെട്ടവരും, നോട്ട് നിരോധനത്തിന് ശേഷം വ്യവസായങ്ങള്‍ പൂട്ടിയവരും, തൊഴില്‍ കാത്തുനിന്ന് ക്ഷമ നശിച്ചവരും, നേതാക്കളുടെ അഴിമതിക്ക് മൂകസാക്ഷിയാകേണ്ടി വരുന്നവരും, കലൈഞ്ജറേയും അമ്മയേയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയവരുമെല്ലാമുണ്ട് ആ കൂട്ടത്തില്‍. അവരുടെ നാളുകളാണ് വരുന്നത്. ആ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം വരും ദിനങ്ങളില്‍.

Content Highlights: The Great Indian War 2019, Generala Election 2019, Road To Delhi 2019, Battle 2019, Tamilnadu Politics, Tamil Alliances