''അയ്യായിരം ഏക്കര്‍ കൃഷിയിടം ഏറ്റെടുക്കും. ഒരു ലക്ഷം മരങ്ങള്‍, എട്ടു മലനിരകള്‍, നൂറുകണക്കിന് കുളങ്ങള്‍, കിണറുകള്‍, ആയിരക്കണക്കിന് വീടുകള്‍ ഇതൊക്കെ നഷ്ടപ്പെടും. 13.5 കിലോ മീറ്റര്‍ റോഡ് കടന്നുപോകുക സംരക്ഷിത വനമേഖലയിലൂടെയാണ്. കൃഷിയാണ് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ പ്രധാന ജോലി. സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കും എന്ന വിശ്വാസം പോലും കര്‍ഷകര്‍ക്കില്ല.'' 
കര്‍ഷക നേതാവ് ഷണ്‍മുഖം വിശദീകരിച്ചതാണ് ഇത്രയും. 

''തിരുവണ്ണാമലയിലും സേലത്തും കാഞ്ചീപുരത്തും ധര്‍മ്മപുരിയിലുമെല്ലാം പ്രതിഷേധം നടക്കുന്നു. സമരം ഞങ്ങളേറ്റെടുക്കുകയാണ്. 26-ന് കരിങ്കൊടി പ്രതിഷേധം നടത്തും. ചെന്നൈയില്‍നിന്ന് സേലത്ത് പോകാന്‍ ഇപ്പഴേ രണ്ട് റോഡില്ലെ? അതില്‍ തന്നെ വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുത്തിട്ടില്ലേ? പിന്നെന്തിനാണ് പുതിയ റോഡ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നത്? ഇത് വികസനമല്ല, കച്ചവടമാണ് ലക്ഷ്യമിടുന്നത്. കര്‍ഷകരെ തെരുവിലിറക്കിയല്ല വികസനം സാധ്യമാക്കേണ്ടത്.''
കിസാന്‍ സഭ നേതാവായ ഷണ്‍മുഖം കാര്യങ്ങള്‍ വ്യക്തമാക്കി.
 
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നടന്ന ഒരു സംസാരത്തിന്റെ ഭാഗമാണ് മുകളില്‍. ചെന്നൈ-സേലം റോഡിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ മദ്രാസ് ഹൈക്കോടതി തള്ളി. കര്‍ഷകര്‍ പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും ആഘോഷിക്കുകയാണ് തിരുവണ്ണാമലയിലും സേലത്തുമെല്ലാം. ആഹ്ലാദപ്രകടനങ്ങള്‍ തുടരട്ടെ. നമുക്ക് അധികം പഴക്കമില്ലാത്ത ചില കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുക്കാം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ-സേലം റോഡ് ചെലുത്താന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. 
 
Salem Highway
 
2018 ജൂണ്‍ 26
 
ഇത്രയും കാലം പുകഞ്ഞ കര്‍ഷക പ്രതിഷേധം തെരുവിലേക്ക് ഇറങ്ങുന്ന ദിവസമാണ്. എല്ലായിടത്തും ജനങ്ങള്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കാനാണ് പദ്ധതിയിട്ടത്. അത് റിപ്പോര്‍ട്ട് ചെയ്യാനായി തിരുവണ്ണാമലയിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. തിരുവണ്ണാമലൈ കലക്ട്രേറ്റിന് മുന്നില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നാണ് കര്‍ഷക നേതാക്കള്‍ നേരത്തെ അറിയിച്ചത്. പക്ഷേ ഒരു പറ്റം പോലീസുകാരയല്ലാതെ മറ്റാരെയും കണ്ടില്ല. കലക്ട്രേറ്റിനുമപ്പുറത്ത് ഇരുപതോളം പേര്‍ റോഡരികില്‍ നില്‍ക്കുന്നുണ്ട്. അവര്‍ കരിങ്കൊടിയേന്തി മുദ്രാവാക്യം വിളിക്കുന്നു. 
 
പോരാടു വോം പോരാടു വോം സാവും വരെയും പോരാടുവോം. മരണം വരെയും പോരാടുമെന്നാണ് ആര്‍ജ്ജവത്തോടെയവര്‍ വിളിച്ച് പറഞ്ഞത്. സമരദൃശ്യങ്ങള്‍ മുരുകന്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഉടനെ മൂന്ന് വണ്ടി പോലീസു വന്നു. സമരക്കാരോട് പിരിഞ്ഞ് പോകാന്‍ പറഞ്ഞു. കുറച്ച് സമയം കൂടി മുദ്രാവാക്യം വിളിച്ച് സമരക്കാര്‍ കുറച്ചപ്പുറത്തേക്ക് മാറിനിന്നു. 
 
പതിനായിരം കോടി രൂപ ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഒരു പദ്ധിതക്കെതിരെ ജനകീയ സമരം ഉയരുകയാണ്. പക്ഷേ തീക്കതിര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറും മാതൃഭൂമി ന്യൂസ് സംഘവുമല്ലാതെ മറ്റാരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സമരം നടക്കുന്ന ഒരിടത്തും എത്തിയില്ല എന്നതാണ് ഞെട്ടിപ്പിച്ചത്. പ്രാദേശിക ചാനലുകാര്‍ പോലും ഇല്ല. സമരക്കാരോട് സംസാരിച്ച് അതിലൊരാളെയും കൂട്ടി അടുത്ത സമരസ്ഥലത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ഞങ്ങള്‍. സാര്‍ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു പോലീസുകാരന്‍ വന്നു. 
 
ചൂണ്ടിക്കാട്ടിയ ജീപ്പിന്റെ മുന്‍വശത്തേക്ക് നടന്ന എന്നെ ബലം പ്രയോഗിച്ച് ജീപ്പിന് പിറകില്‍ കയറ്റി. ക്യാമറാമാന്റെ ഫോണ്‍ പിടിച്ചുവാങ്ങി തള്ളി വണ്ടിയിലിട്ടു. നടുറോഡിില്‍ വണ്ടി തടഞ്ഞിട്ട് ഞങ്ങളുടെ ഡ്രൈവര്‍ റസാഖിനെ ഭീകരനെ പിടിച്ചുകൊണ്ടു പോകും പോലെ വണ്ടിയില്‍ കയറ്റി. തീക്കതിര്‍ റിപ്പോര്‍ട്ടറേയും സമരത്തിലുണ്ടായിരുന്ന ഒരു സി.ഐ.ടി.യു. നേതാവിനേയും വണ്ടിയില്‍ കയറ്റി. മാധ്യമപ്രവര്‍ത്തകരാണെന്നും ഐ.ഡി. കാര്‍ഡ് ഉണ്ടെന്നുമൊക്കെ പല തവണ പറഞ്ഞു. അതൊന്നും കേട്ട ഭാവം നടിച്ചില്ല പോലീസ്. ആ സമയത്ത് ജീപ്പില്‍ നിന്നെടുത്ത ഒരു വീഡിയോ ആണ് പോലീസിന്റെ നിയമലംഘനം ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. അതുണ്ടായിട്ടു പോലും ഒന്നര മണിക്കൂര്‍ നേരം പോലീസ് സ്റ്റേഷനില്‍ ഞങ്ങളെ പിടിച്ചുവെച്ച് മോശമായി പെരുമാറി.
 
ഈ സംഭവം വിശദീകരിച്ചതിന് കാരണമുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഈ രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടതെങ്കില്‍ ഒറ്റയായ് പ്രതിഷേധമുയര്‍ത്തിയ കര്‍ഷകരെ എങ്ങനെയാവും പോലീസ് അടിച്ചമര്‍ത്തിയിട്ടുണ്ടാകുക? ഒരു മുന്നറിയിപ്പുമില്ലാതെ പകലുകളില്‍ പോലീസും കുറേ ഉദ്യോഗസ്ഥരും പറമ്പുകളിലെത്തും. വീട്ടുകാരോട് ചോദ്യമോ പറച്ചിലോ ഒന്നുമില്ല. അളന്ന് കല്ലിട്ട് പോകും. 
 
റോഡ് വന്നാല്‍ ഇരുവശത്തുമുള്ള സ്ഥലത്തിന് വിലകൂടുമെന്ന് കണ്ട് അപ്പുറത്തും ഇപ്പുറത്തുമുള്ള മിക്കവാറും ആളുകള്‍ മിണ്ടാതിരുന്നു. ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകന്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്ക കനം പോരായിരുന്നു. എതിര്‍സ്വരം ഉയര്‍ത്തിയ ഓരോരുത്തരേയും പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. മര്‍ദ്ദിച്ചു. കള്ളക്കേസുകളില്‍ പെടുത്തി. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ വന്ന യോഗേന്ദ്ര യാദവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ചു. മുന്‍ എം.എല്‍.എ. ദില്ലി ബാബുവിനെ ഭക്ഷണം കഴിക്കുന്നിടത്ത് വെച്ച് വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയ കാഴ്ച വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. 
Salem Highway
 
എട്ടോളം പേരാണ് മണ്ണെണ്ണ ഒഴിച്ചും കിണറ്റില്‍ ചാടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപ്പോഴൊന്നും സര്‍ക്കാര്‍ അനങ്ങിയില്ല. ഡി.എം.കെ. ഉള്‍പ്പെടെയുള്ള മുഖ്യധാര പാര്‍ട്ടികള്‍ സമരം ഏറ്റെടുത്തുമില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നല്ലാതെ പ്രത്യക്ഷത്തില്‍ സമരം ഏറ്റെടുക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. പക്ഷേ നിയമ നടപടികള്‍ നീക്കി. അമ്മാ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകനും ഇടത് പാര്‍ട്ടികളും മാത്രമാണ് പ്രത്യക്ഷ സമരം നടത്തിയത്. ദിനകരന്‍ നടത്തിയ പൊതുയോഗത്തിലേക്ക് ആയിരങ്ങളാണ് തിരുവണ്ണാമലയില്‍ ഒഴുകിയെത്തിയത്. ഇടത് പാര്‍ട്ടികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് മൂന്ന് തവണ പോലീസ് തടഞ്ഞു. സമര വളണ്ടിയര്‍മാരെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. പുറത്തുവിട്ട ഉടന്‍ വീണ്ടും ജാഥ തുടര്‍ന്നു. 
 
അപ്പോഴൊക്ക, പദ്ധതിയുമായി മുന്നോട്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഈ ഘട്ടത്തിലാണ് ഡി.എം.കെയും പൂവുലകിന്‍  നല്‍പര്‍കള്‍ സംഘവും ഇപ്പോള്‍ അണ്ണാ ഡി.എം.കെ. - ബി.ജെ.പി. സഖ്യത്തിലുള്ള പാട്ടാളി മക്കള്‍ കക്ഷിയുമെല്ലാം നിയമനടപടി ശക്തമാക്കിയത്. സ്ഥലം ഏറ്റെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ വിധി വന്നപ്പോള്‍ ആശ്വാസം കര്‍ഷകന്. 
 
മാനദണ്ഡങ്ങള്‍ പാലിച്ചല്ല സര്‍വ്വേ നടപടിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം പുറത്തിറക്കാന്‍ സര്‍ക്കരിന് കഴിയും എന്ന സാധ്യത നിലനില്‍ക്കുമ്പോഴും നിയമ വിരുദ്ധത ചൂണ്ടിക്കാട്ടിയ കര്‍ഷകന്‍ വിജയം പിടിച്ചു എന്ന് വേണം ഇപ്പോള്‍ വിലയിരുത്താന്‍. പരമാവധി കൃഷി സ്ഥലം ഒഴിവാക്കി, നഷ്ടപരിഹാരത്തില്‍ ധാരണയുണ്ടാക്കി, ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി വീണ്ടും അവതരിപ്പിച്ചാല്‍ ജനം ഒരു പക്ഷേ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയേക്കില്ല. മറിച്ചായാല്‍ വീണ്ടും സമരകേന്ദ്രമാകും നേരത്തെപ്പറഞ്ഞ അഞ്ച് ജില്ലകളും.
 
തിരഞ്ഞെടുക്കപ്പെട്ടാല്‍ പദ്ധതി തന്നെ ഉപേക്ഷിക്കുമെന്നാണ് ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അണ്ണാ ഡി.എം.കെ. പ്രകടന പത്രികയില്‍ ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. എന്തായാലും ജനകീയ സമരത്തില്‍ ജനങ്ങള്‍ക്കനുകൂമായ വിധി വന്നതോടെ പ്രതിരോധത്തിലായത് അണ്ണാ ഡി.എം.കെയാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വന്ന ഈ വിധി കനത്ത ആഘാതം ഭരണപ്പാര്‍ട്ടികള്‍ക്ക് ഉണ്ടാക്കും. നിയമത്തെപ്പോലും പരിഗണിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവരാണ് ഭരിക്കുന്നത് എന്ന ഡി.എം.കെ. പ്രചാരണത്തിന് ശക്തി കൂടും. 
 
സിറ്റിങ്ങ് സീറ്റുകളായ കാഞ്ചീപുരത്തും തിരുവണ്ണാമലയിലും കൃഷണഗിരിയിലും അണ്ണാ ഡി.എം.കെയെയും ധര്‍മപുരിയില്‍ പാട്ടാളി മക്കള്‍ കക്ഷിയെയും വെള്ളം കുടിപ്പിക്കും ഈ കോടതി വിധി. ജനകീയ സമരവും നിയമ പാരാട്ടവും വിജയം കണ്ടത് കര്‍ഷകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന കാഴ്ച സ്റ്റാലിന് ശുഭസൂചനയെന്നേ ഈ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിലയിരുത്താനാകൂ.
 
Content Highlights: The Great Indian War 2019, General Election 2019, Thamizhakam, Chennai - Salem Highway Protest