രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്കാണ്. എല്ലാവരും പറയുന്നു. അതിലും ചൂടാണ് നാട്ടില്‍. പത്രം വായിക്കുന്നത് ഇപ്പോള്‍ മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്.
സരോജിനി ടീച്ചറുടെ കണക്കു ക്ലാസു പോലെയാണ് ചില സമവാക്യങ്ങള്‍.
എ സമം ബി പ്ലസ് സി
ബി സമം സി പ്ലസ് എ
സി സമം എ പ്ലസ് ബി
എന്നാല്‍ എ എത്ര ബി എത്ര സി എത്ര?
ഓരോ മുന്നണിയും പറയുന്നു. മറ്റു രണ്ടു മുന്നണികളും ഒന്നിച്ചാണ്. കോലീബി തൊട്ട് ഇങ്ങോട്ട് കേട്ട എല്ലാ മുദ്രാവാക്യവും ഇപ്പോള്‍ കേള്‍ക്കാം. ഒന്നിച്ച്. എല്ലാം സത്യമാകട്ടെ. ആകെ കണ്ഫ്യൂഷന് . എനിക്ക് മാത്രമല്ല. പറയുന്നവര്‍ക്കും. അല്ലെങ്കിലും ആടുമയിലൊട്ടകത്തിന് എന്ത് തേവരെഴുന്നള്ളത്ത്.
ഇത് ഇല പൊഴിയും കാലം. പിജെ കുര്യന് പണ്ടേ വീണു. സോണിയാ ഘട്ടത്തിന് വിരാമം. രാഹുല്‍ വന്നതോടെ രാഹു വന്നു. ഒരുപാടു പേര്‍ക്ക്. കാണാന്‍ പോലും താല്പര്യമില്ല ചെറുഗാന്ധിമാര്ക്ക് പഴയ രാജ്യസഭാ ഉപാധ്യക്ഷനെ. സൂര്യകാന്തിക്ക് അസ്തമയശേഷം പ്രഭ കുറയും. അത് പ്രകൃതിനീതി. വടക്കോട്ടുള്ള വഴി ഇപ്പോള്‍ പലര്‍ക്കും വടക്കന്റേതാണ്. കെവി തോമസ് മാഷ് അങ്ങനെയല്ല. ചില മീനുകളുടെ പേരൊക്കെ ചേര്‍ത്താണ് മാഷെ ദോഷൈകദൃക്കുകള്‍ വിളിച്ചിട്ടുള്ളത്. കെ കരുണാകരന് കാലത്ത്. സുനാമി അടിച്ചു. പത്തെഴുപത് തരം മീനുകള്‍ കേരള തീരത്ത് നിന്ന് ഇല്ലാതായി. അതില്‍ തിരുതയുണ്ടോ? സത്യമായും അറിഞ്ഞുകൂടാ സസ്യാഹാരിയായ ഈയുള്ളവള്‍ക്ക്.
ബിജെപിയിലെ തോമസ് മാഷ് ആവുകയാണ് ശ്രീധരന് പിള്ള. മാഷ് മികച്ച മാഷ് എങ്കില്‍ വക്കീല്‍ മികച്ച വക്കീല്‍. അതും സിവില്‍ അല്ലാ ക്രിമിനല്‍. മാഷ് എഴുതിയത് കുമ്പളങ്ങിക്കഥ. വക്കീല്‍ എഴുതിയത് കവിതയും ലേഖനവും വിമര്‍ശനവും ജേണലിസവും ജീവചരിത്രവും അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറു കണക്കിന് കഥകള്‍. രണ്ടു പേരും ഫലിതപ്രിയര്‍. ചിരി പാര്‍ട്ടി വിരുദ്ധമല്ലെന്ന് സാരം.
അടിയന്തിരാവസ്ഥ, എബിവിപി എന്നൊക്കെ പറയാറുണ്ട് പിള്ള. ജയിലില്‍ പോയില്ലെങ്കിലും ഒളിവില്‍ പോയി. മാറാട് കേസിന്റെ കാലത്ത് രാഷ്ട്രീയം സജീവമായി. ബിജെപിയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റായി അദ്ദേഹം മാറി. ഹിന്ദു ഐക്യവേദിയില്‍ കുമ്മനം കത്തിനിന്ന കാലം. മാറാട് ചര്‍ച്ചകളില്‍ നിയുക്ത പ്രസിഡന്റും പങ്കെടുത്തു. നിയുക്തന് പിന്നെ ശരിക്കുള്ളവനായി. സികെ പത്മനാഭന് നിഷ്പ്രഭനായി. അന്നേരവും ഉണ്ട് സംഘപാര്ട്ടിയില് സംഘങ്ങള്‍ പലത്. ഒരു ഗ്രൂപ്പ് കേസരിയില്‍ എഴുതി. സിബിഐ അന്വേഷണം അട്ടിമറിച്ചത് പിള്ള. പിന്നാലെ മാറാട് സുധീഷ് കൊലക്കേസ് പ്രതിയെ ശിക്ഷിക്കാന്‍ കാരണവും പിള്ളയെന്ന് ആരോപണം വന്നു. അരയസമുദായം പിള്ളയോട് അകന്നു.
അതിനിടെ ബിജെപിയിലേക്ക് ആളെ ചേര്‍ത്തു പിള്ള. എല്ലാ ദിവസവും. പത്രസമ്മേളനത്തിലൂടെ. ഇപ്പോഴത്തേക്കാള്‍ നന്നായി. മോഹന്‍ ശങ്കര്‍ തൊട്ടിങ്ങോട്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. വന്ന കിളികള്‍ പറന്നുപോയി.
സുരേന്ദ്രന്‍ജി യുവജനമാണ് അക്കാലം. പ്രസിഡന്റിന്റെ ചില കക്ഷികളെ യുവമോര്‍ച്ച എതിര്‍ത്തു. കോഴിക്കോട് ചില ഭൂമി കേസ്. വിലപേശല്‍ എന്ന് മറുപക്ഷം കൂവിയാര്‍ത്തു. പാര്‍ട്ടിയില്‍ അടിപിടി കലശായി. പരസ്യമായി എതിര്‍ത്ത പലരും രഹസ്യമായി പ്രസിഡന്റിന്റെ കാലുപിടിച്ചു
മുവാറ്റുപുഴ ചിന്തന്‍ ബൈഠക്ക് കഴിഞ്ഞതോടെ ആര്‍എസ്എസ് പറഞ്ഞു. പ്രസിഡന്റിനെ സഹിക്കാന്‍ വയ്യ. ആര്‍എസ്എസ്സുകാര്‍ അന്നും അസഹിഷ്ണുക്കളായി. അങ്ങനെ മുരളീധരന്‍ജിയെ കെട്ടിയിറക്കി. വേലിയ്ക്കലിരുന്ന പാമ്പിനെയാണ് കഴുത്തിലിട്ടതെന്ന് സംഘം മനസ്സിലാക്കിയപ്പോഴേക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് പലതു കഴിഞ്ഞു.
വോട്ടു വില്‍ക്കുന്ന പാര്‍ടി എന്ന പ്രതിച്ഛായ മാറ്റി മുരളീധരന്‍ജി. പണ്ട് വോട്ടു വാങ്ങിയവരാണ് കാവിപ്പടയെ ഇന്നും ആക്ഷേപിക്കുന്നതെന്നാണ് കൗതുകം. പിന്നെ കുമ്മനം വന്നു. അഞ്ചു ലക്ഷം മരത്തൈകള്‍ നട്ടു. വൃക്ഷത്തയ്യും പാര്‍ടിയും വളര്‍ന്നില്ല. അതിനിടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വന്നു. ലോക്കല്‍ പാര്ട്ടിക്കാര് പോലും അറിയാതെ ബൂത്തുകളില്‍ ബിജെപി ബോര്‍ഡുകള്‍ വന്നു. മോദി തരംഗം ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റായി. ഇളംകാറ്റില്‍ കുറച്ച് വോട്ടു സഹ്യന്റെ നാട്ടിലും വീണു.
ചെങ്ങന്നൂരില്‍ പിള്ള ജയിക്കും എന്ന് ഉറപ്പിച്ചു. വോട്ടിന് തലേന്ന് കുമ്മനം ഗവര്‍ണറായി. ബിജെപി വിതുമ്പി. കുമ്മനം യോഗനിദ്രയില്‍ മിസോറാമിലെത്തി. ചതിച്ചെന്ന് കൊടിയേരി പറഞ്ഞു. ബിജെപിക്കാരും പറഞ്ഞു. 'കൊടും ചതി.' ബിജെപി ദയനീയം തോറ്റു. ഒടുവില്‍ അമിത് ഷാ ചോദിച്ചു. 'അല്ലാ ആരാ നിങ്ങടെ നേതാവ്. ഞാനോ കൊടിയേരിയോ?'
വിലാപം ഒതുക്കാന്‍ പിള്ളയെ പ്രസിഡന്റാക്കി. നല്ല ഇന്നിംഗ്സായിരുന്നു. ആദ്യം തുടര്‍ച്ചയായി ബൗണ്ടറികള്‍. ബിജെപിക്കാര്‍ വാശിയിലായി. അതിനിടെ ശബരിമല വന്നു. അയ്യപ്പന് കാരണം അധികാരം കിട്ടുമോ എന്ന് സംശയം വന്നു. സംഘങ്ങള്‍ ഉണര്‍ന്നു. വീണ്ടും അടി. ഉത്സവം പൂര്‍വാധികം കെങ്കേമം. പത്രക്കാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കേസു വാദിച്ച ആളാണെന്ന് പത്രക്കാര് മറന്നു. പത്രസമ്മേളനത്തിന് ശേഷം പിള്ള പറയുന്ന തമാശകള്‍ക്കായി വിപണി വില. പണ്ട് വിഎസിന്റെ മന്ത്രിസഭാ തീരുമാനത്തിന്റെ ലൈവ് പോലെ.
നാമജപത്തിനും രക്ഷിക്കാനാവാത്ത അവസ്ഥയിലായി ബിജെപിക്ക് ശബരിമല. പത്രക്കാരെ പിള്ള ബഹിഷ്കരിച്ചു. കോടതി വിധി വന്നപ്പോള്‍ നേതാക്കള്‍ ജനത്തില്‍ മാത്രം പൊട്ടിത്തെറിച്ചു. ബഹിഷ്കരണം പിന്‍വലിച്ചു. അപ്പോഴേക്കും മോദിയുടെ അവസാന ബജറ്റ് കടന്നുപോയി. ബിജെപിക്കാരെ മാത്രം നിശ്ശബ്ദരാക്കി.
അപ്പോള്‍ വരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ഇത്രയൊക്കെ ആയിട്ടും എല്ലാ മണ്ഡലങ്ങളിലും അനുയായികള്‍ സ്വീകരിച്ച ഒരേ നേതാവ് പ്രസിഡന്റ് മാത്രം. എതിര് സംഘം ഇളകി. അങ്ങനെയങ്ങനെ സുരേന്ദ്രന് പ്രമോഷനായി. ബിജെപിയിലെ വിഎസ് എന്നായി ഭാവം. എകെജി സെന്ററിന് പകരം ഫേസ് ബുക്കില്‍ സമരം. 'സ്ഥാനാര്‍ത്ഥിയാക്കൂ , സംഘത്തെ രക്ഷിക്കൂ.' സിപിഎമ്മിന് പണ്ട് മലമ്പുഴ. ബിജെപിക്ക് പത്തനംതിട്ട.
അതാണ്. പണ്ട് കപില്‍ദേവിനോട് ബിസിസിഐ പറഞ്ഞ പോലെ വരാനിരിക്കുകയാണ് ഉത്തരവ്. കെവി തോമസിനെപ്പോലെ പിള്ളയ്ക്കും ഏറ്റെടുക്കാം മുന്നണി കണ്‍വീനര്‍ പദവി. മറ്റൊന്നുണ്ട്. നല്ല മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്ന് തീര്‍ച്ചയാക്കി കോടതിയിലേക്ക് മടങ്ങുകയുമാവാം. അല്ലെങ്കിലും നാനാജി ദേശ്മുഖിനെ പോലും പാര്‍ടി അംഗീകരിച്ചത് എത്ര കാലം കഴിഞ്ഞാണ് .
ഇതൊന്നും കണ്ട് കെ മുരളീധരന് ചിരിക്കരുത്. വടകരയിലെ വന്‍ സ്വീകരണം വൈറലാണ്. ഏത് അട്ടിമറിക്കും കെല്പുറ്റവനുമാണ്. എന്നാലും ആത്മഹത്യാ പ്രവണതയുള്ള ഒരു കൈക്കോടാലി ജനിതകത്തിലുള്ള നേതാവാണ് മുരളീധരന്‍ജി. നാവ് വല്ലാതെ സൂക്ഷിക്കേണ്ടി വരും. ഇമ്പിച്ചിബാവയെ അട്ടിമറിച്ചത് മാത്രം ഓര്‍ത്താല്‍ പോരാ. വടക്കാഞ്ചേരിയും കൊടുവള്ളിയും കൂടി ഓര്‍ത്താല്‍ നന്ന്. ഇടതു കോട്ടകള്‍ പിടിച്ചടക്കാന്‍ മാത്രമല്ല സ്വന്തം കോട്ടകള്‍ കയ്യൊഴിയാനും വല്ലാത്തൊരു വൈഭവമുണ്ട് ജാതകവശാല്‍.
Content highlights: Loksabha election, political drama, Kerala, Lotus, Kumbalangi