നിറം കൊണ്ട് നിര്‍വചിച്ചാല്‍ പച്ചയും ചുവപ്പും നിറങ്ങളാണ് പാര്‍ലമെന്റില്‍ ലോക്സഭയെയും രാജ്യസഭയെയും അടയാളപ്പെടുത്തുന്നത്.പച്ചപ്പരവതാനി വിരിച്ച ലോക്സഭയും ചുവപ്പ് പരവതാനി വിരിച്ച രാജ്യസഭ. യുരണ്ട് സഭകളിലും അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ മുകള്‍ത്തട്ടിലാണ് പ്രസ് ഗ്യാലറി. പത്രപ്രവര്‍ത്തകര്‍ക്ക് സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഒരുക്കിയ ഇരിപ്പിടങ്ങളാണ് പ്രസ് ഗ്യാലറിയുടെ ഉള്ളടക്കം.

വൃത്താകാരത്തില്‍ പച്ച വിരിച്ച ലോക്സഭാ ഹാളിലെ സ്വന്തം ഇരിപ്പിടത്തിന് മുന്നില്‍ ആറടി ഉയരത്തിലേക്ക് എഴുന്നേറ്റ് നില്‍ക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് അന്ന് പ്രസ്  ഗ്യാലറിയില്‍  എത്തിയപ്പോള്‍ ആദ്യം കണ്ടത്.  മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ചാര നിറമുള്ള ഖദര്‍ കുര്‍ത്ത ധരിച്ച ,മെലിഞ്ഞ് നിവര്‍ന്ന ഗോപുരം പോലെ ഒരാള്‍രൂപം.  നെറ്റിക്ക് മുകളില്‍ കിളിക്കൂട് തീര്‍ത്ത നരച്ച മുടിച്ചുരുള്‍ പ്രതിപക്ഷത്തിന് നേരെ വിരല്‍ ചൂണ്ടി ഹിന്ദിയിലും ഇംഗ്ലീഷിലും ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രസംഗിക്കുകയാണ്.

2001 ന്റെ ഒടുവിലത്തെ മാസത്തെ ഒടുവിലത്തെ ദിവസങ്ങളായിരുന്നു അത്.  ദേശീയരാഷ്ട്രീയം തീപിടിച്ചു നില്‍ക്കുന്നു. ശവപ്പെട്ടി കുംഭകോണം വാജ്പേയി സര്‍ക്കാരിനെ ഉലയ്ക്കുന്ന കാലം. 1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ശവപ്പെട്ടി വാങ്ങിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന സി.എ.ജി.യുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിനകത്തും പുറത്തും എന്‍.ഡി.എ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സമയം. സി.എ.ജി.റിപ്പോര്‍ട്ട് പുറത്തു വന്നതിന് തൊട്ടടുത്ത ദിവസം മുതല്‍ മുഴുവന്‍മാധ്യമങ്ങളിലും തലക്കെട്ടുകള്‍ ശവപ്പെട്ടി കുംഭകോണമായിരുന്നു. ബോഫോഴ്സ് കുംഭകോണത്തെച്ചൊല്ലിയുള്ള  ആരോപണങ്ങള്‍ക്ക്  മറുപടിയെന്ന നിലയില്‍ ശവപ്പെട്ടി കുംഭകോണത്തെ പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ പ്രതിരോധത്തിലായത് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്.

അഴിമതിയെച്ചൊല്ലി പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ദിവസങ്ങളോളം പ്രതിപക്ഷ ബഹളം.ലോക്സഭയില്‍ പ്രതിപക്ഷ നോട്ടീസില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ പോര്‍വിളികള്‍. ചര്‍ച്ചയ്ക്ക് ജോര്‍ജ് ഫെര്‍ണാണ്ടസ് മറുപടി പറയുന്ന രംഗമായിരുന്നു ലോക്സഭയില്‍ അന്ന് കണ്ടത്.' സൈന്യത്തിന്റെ ആവശ്യത്തിനായി ശവപ്പെട്ടികള്‍ വാങ്ങുമ്പോള്‍ ഞാന്‍  ചിത്രത്തില്‍ ഒരിടത്തുമില്ല.  പ്രതിരോധ സെക്രട്ടറിയുടെ തലത്തിലാണ് ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഉണ്ടായത്.   സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോഴാണ് ഞാന്‍ വിഷയം അറിഞ്ഞത് തന്നെ ''-പ്രതിപക്ഷ ബഹളത്തില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ശബ്ദം ഉയര്‍ന്നെങ്കിലും വൈകാതെ ഉടഞ്ഞു പോയി.എന്നിട്ടും തനിക്ക് പറയാനുള്ളതെല്ലാം സഭയില്‍ പറഞ്ഞിട്ടാണ് പഴയ തീപ്പൊരി അടങ്ങിയത്.                            

തൊട്ടു പിന്നാലെ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലും ജോര്‍ജ് ഫെര്‍ണാണ്ടസ് തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് ആവര്‍ത്തിച്ച് പ്രതിരോധിച്ചു.ആരോപണത്തില്‍  വ്യക്തിപരമായി വിഷമിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തിലുടനീളം വ്യക്തമായിരുന്നു. 

ശവപ്പെട്ടി കുംഭകോണം  കടുത്ത രാഷ്ട്രീയവിഷയമായി പാര്‍ലമെന്റിനകത്തും പുറത്തും വളരുകയും സമരപരമ്പരകളുടെ വേലിയേറ്റം രാജ്യമാകെ പടരുകയും ചെയ്തതാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. തെഹല്‍ക കുംഭകോണവും ശവപ്പെട്ടി കുംഭകോണവും വാജ്പേയി സര്‍ക്കാരിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ കളങ്കമായി രൂപപ്പെട്ടപ്പോള്‍,പ്രതിച്ഛായയില്‍ മങ്ങലേറ്റത് ജോര്‍ജ് ഫെര്‍ണാണ്ടസിനായിരുന്നു.തുടര്‍ന്ന് പ്രതിരോധമന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയും കോലാഹലങ്ങളും  അരങ്ങേറിയപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പോരാളിയുടെ രാഷട്രീയവേലിയിറക്കത്തിന്റെ തുടക്കം കൂടിയായി. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞ്  2009- ല്‍  ശവപ്പെട്ടി കുംഭകോണ കേസില്‍ കോടതി  കുറ്റവിമുക്തനാക്കിയപ്പോഴേക്ക് ജോര്‍ജ് ഫെര്‍ണാണ്ടസിനെ രാഷ്ട്രീയഅസ്തമയം പിടികൂടിക്കഴിഞ്ഞിരുന്നു.  'എനിക്ക് ഒരു ക്ലീന്‍ ചിറ്റിന്റെയും ആവശ്യമില്ല. പെട്ടി വാങ്ങുന്നത് സംബന്ധിച്ച ഒരു ഫയലും എന്റെ മേശപ്പുറത്ത് വന്നിട്ടില്ല.അനാവശ്യ ആരോപണങ്ങളുയര്‍ത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണം .അവര്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല '' എന്നായിരുന്നു കോടതി കുറ്റ വിമുക്തനാക്കിയപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രതികരണം.അപ്പോഴേക്ക് കാലമേറെ ഒഴുകിപ്പോയിരുന്നു.ശവപ്പെട്ടി കുംഭകോണത്തില്‍ സംഭവിച്ചതെന്തെന്നറിയാതെ ജനങ്ങള്‍ക്കിടയില്‍ കുറെ സംശയങ്ങള്‍ പിന്നെയും ബാക്കി.

മൂന്ന് ഘട്ടങ്ങള്‍

എല്ലാ മനുഷ്യരെയും പോലെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിനും മൂന്ന് ഘട്ടങ്ങളുണ്ട്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലെ ഈ ഘട്ടങ്ങളെ രാഷ്ട്രീയ ജീവിതവുമായി ചേര്‍ത്ത് വിഭജിക്കുകയാണ് ചരിത്രവിദ്യാര്‍ഥികള്‍ക്ക് സൗകര്യം. അനുഭവ തീക്ഷ്ണതയും നിശ്ചയ ദാര്‍ഢ്യങ്ങളും ആശയസ്ഥിരതയുമായി ,അടിത്തട്ടിളക്കുന്ന സമരപരമ്പര കൊണ്ട് അധികാരത്തെ വിറപ്പിച്ച കൗമാര-യൗവനങ്ങളാണ് ആദ്യ ഘട്ടം. ദേശീയ രാഷ്ട്രീയത്തിന്റെയും ഭരണസംവിധാനത്തിന്റെയും കടിഞ്ഞാണ്‍ ചരടുകള്‍ മുറുകിപ്പിടിച്ച മധ്യകാലം രണ്ടാം ഘട്ടം, അനുരഞ്ജനത്തിന്റെയും വഴങ്ങലുകളുടെയും അസ്തമയത്തിന്റെയും കാലമായ മൂന്നാം ഘട്ടം. ഇപ്പോള്‍ അമ്പത് വയസ്സിലെത്തിയ ഇന്ത്യന്‍തലമുറ ഇതില്‍ മൂന്നാം ഘട്ടത്തിനാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.മറ്റ് രണ്ട് ഘട്ടങ്ങളും വായിച്ചറിവ് മാത്രം. 

george fernandes

ബോംബെയിലെ തെരുവുകളില്‍ ഉറങ്ങിയും ചായക്കടത്തൊഴിലാളികളെ സംഘടിപ്പിച്ചും സമരം നടത്തിയും ജയിലില്‍ പോയും മര്‍ദ്ദനമേറ്റും ആരംഭിച്ച പൊതുജീവിതം പിന്നീട് രാജ്യത്തെ റെയില്‍വെ സംവിധാനത്തെ ചൂണ്ടുവിരലാല്‍ പിടിച്ചു നിര്‍ത്തി രാജ്യത്തെ ഒന്നടങ്കം സ്തംഭിപ്പിച്ച നേതാവിന്റേതായി. ജോര്‍ജ് ഫെര്‍ണാണ്ടസ് അക്കാലത്തെ ആരാധകര്‍ക്ക് മറ്റൊരു ചെഗുവേരയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.  സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടരായ അന്നത്തെ യുവാക്കള്‍ നിത്യറെബലായ ജോര്‍ജിന്റെ ചിത്രം വീട്ടുമുറികളില്‍ തൂക്കിയിരുന്നുവെന്ന് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നുണ്ടാകണം.  ബറോഡ ഡൈനാമിറ്റ് കേസ്,അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ സംഭവങ്ങള്‍ ജോര്‍്ജ്ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിന് സംഭവബഹുലമായ നാടകീതയേറ്റുന്നു.അടിയന്തരാവസ്ഥക്കാലത്തെ ഒരു വര്‍ഷം നീണ്ട ഒളിവ് ജീവിതം,ഒടുവില്‍ കല്‍ക്കട്ടയില്‍ നിന്ന് അറസ്റ്റ്.കയ്യാമം വച്ച കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ജോര്‍ജിന്റെ ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു.തൊഴിലാളി നേതാവില്‍ നിന്ന് ഭരണാധികാരിയിലേക്കുള്ള പരിണാമത്തിലും ആദ്യഘട്ടങ്ങളില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന് വിപ്ലവകാരിയുടെ വിലാസമായിരുന്നു.

1977 ല്‍ വ്യവസായ മന്ത്രിയായിരിക്കുമ്പോള്‍,വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊക്കോ കോള,ഐ.ബി.എം എന്നീ ബഹുരാഷ്ട്ര കമ്പനികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോരാളിയുടെ പരിവേഷത്തിന് .ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന സോഷ്യലിസ്റ്റിന്റെ ധീരമായ നടപടിയായി അന്നത്തെ ചുവരുകളില്‍ അത് ഇടംപിടിച്ചു .ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കെതിരെ സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പെട്ട ഭരണപരമായ നീക്കങ്ങളിലൊന്ന്.
ഭരണവുമായി ബന്ധപ്പെട്ട ക്രിയാത്മക മേഖലകളിലും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

1990 ല്‍ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ഥ്യമാക്കാന്‍ പാതയൊരുക്കിയത് 1989-90 കാലത്ത് വി.പി.സിംഗ് സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു.1970 കള്‍ മുതല്‍ കൊങ്കണ്‍ പദ്ധതി കടലാസില്‍ ഉറങ്ങുകയായിരുന്നു .മന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ റെയില്‍ഭവനില്‍ ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്ത് പുതിയ റെയില്‍മന്ത്രി പങ്കുവച്ചത് രണ്ട് സ്വപ്നങ്ങളാണ് :കൊങ്കണ്‍ പാതയും ബിഹാറിലെ ബാഗ-ചിറ്റോണി പാതയും.1990 ജൂണ്‍ 30 ന്  സര്‍വീസില്‍ നിന്ന് വിരമിച്ച ഇ.ശ്രീധരനെ തിരികെ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയതും പദ്ധതിക്ക് വേഗമേറ്റിയതും അക്കാലത്ത് തന്നെ.

ഈ പറഞ്ഞതത്രയും മുന്‍തലമുറകള്‍ കണ്ട ജോര്‍ജ് ഫെര്‍ണാണ്ടസ് .  ആര്‍ജ്ജവമുള്ള  ഈ കാലത്ത് നിന്ന് ആശയങ്ങളിലും ആദര്‍ശങ്ങളിലും പതറിപ്പോയ ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് അതിന് ശേഷം പില്‍ക്കാല തലമുറ കണ്ടത്.തികഞ്ഞ സോഷ്യലിസ്റ്റായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്,ഒരു കാലത്ത് താന്‍ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്ത ആശയങ്ങളുടെ സഹചാരിയായി മാറുന്ന കാഴ്ചയ്ക്കാണ് രണ്ടായിരത്തിലെ യുവാക്കള്‍ സാക്ഷ്യം വഹിച്ചത്. 1977 ലെ ജനതാ സര്‍ക്കാരിന്റെ ഭരണകാലത്ത് ജനതാമന്ത്രിസഭയിലെ ജനസംഘ് മന്ത്രിമാര്‍ ആര്‍.എസ്.എസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന വാദമുയര്‍ത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ്  പിന്നീട് ,ആര്‍.എസ്.എസ്ആശയവും ബി.ജെ.പിപ്രായോഗികതയും നേതൃത്വം നല്‍കിയ എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായി. മുന്‍നിര നേതാവായി.മന്ത്രിയായി എന്നത് രാഷ്ട്രീയവൈരുധ്യം.അന്ന് ആര്‍.എസ്.എസ് ബന്ധം വിടില്ലെന്ന് പ്രഖ്യാപിച്ച വാജ്പേയിയുടെയും അദ്വാനിയുടെയും കീഴില്‍  അഞ്ച് വര്‍ഷം മന്ത്രിയായിരിക്കാനും എന്‍.ഡി.എ  സഖ്യത്തിന്റെ ചുക്കാന്‍ പിടിക്കാനും അദ്ദേഹം മടിച്ചില്ല.രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ലെന്ന വാദം ഉയര്‍ത്തി ന്യായീകരിക്കാമെങ്കിലും,അതിശക്തമായ കോണ്‍ഗ്രസ് വിരോധമാണ് അതിന് കാരണമെന്ന് ന്യായീകരിക്കാമെങ്കിലും,ഈ നിലപാട്മാറ്റങ്ങള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ഗോപുരത്തിന്റെ ചരിയലായിരുന്നു.

1999 മുതല്‍ 2004 വരെയുള്ള വാജ്പേയി ഭരണകാലത്ത് എന്‍.ഡി.എ.യുടെ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു.വാജ്പേയി സര്‍ക്കാരിന്റെ പ്രധാനമുഖങ്ങളിലൊന്ന് .ഗുജറാത്ത് കലാപകാലത്ത് മൗനം പാലിച്ചും അയോധ്യാ വിഷയത്തില്‍ നിലപാട് പറയാതെയും  ബി.ജെ.പിയുടെ ഇഷ്ടക്കാരനായപ്പോള്‍ ആ ഗോപുരത്തിന്റെ ചരിയലിന് ആക്കം കൂടി.

2002 ല്‍ എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകള്‍  ഡല്‍ഹിയില്‍ നടക്കുമ്പോഴാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സംഘാടക സാമര്‍ഥ്യം ഒരിക്കല്‍ കൂടി നേരില്‍ കണ്ടത്. പ്രധാനമന്ത്രിയുടെ വസതിയിലും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയിലുമായിരുന്നു  രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രധാന ചര്‍ച്ചകള്‍ അരങ്ങേറിയത്.രണ്ട് ദിവസം നീണ്ടുപോയ ചര്‍ച്ചകള്‍.ചര്‍ച്ചകളില്‍ നിന്ന് വെളുത്ത പുക ഉയരുന്നത് കാത്ത് ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ പത്രപ്രവര്‍ത്തക സംഘം പകലിരവ് കാത്ത് നില്‍പായി.ജൂണ്‍ 9 നും 10 നും മുഴുനീള ചര്‍ച്ചകള്‍. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ പി.സി.അലക്സാണ്ടറെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യ നീക്കം.അന്നത്തെ പാര്‍ലമെന്ററി കാര്യമന്ത്രിയും വാജ്പേയിയുടെ വിശ്വസ്തനുമായിരുന്ന പ്രമോദ് മഹാജനായിരുന്നു ഈ നിര്‍ദേശം ഉയര്‍ത്തിയത്

എന്നാല്‍ ഈ നീക്കത്തെ അന്ന് എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന, ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എതിര്‍ത്തു. ഉപരാഷ്ട്രപതിയായിരുന്ന കൃഷന്‍കാന്തിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു നായിഡുവിന്റെ നിലപാട്. അലക്സാണ്ടറോട് കോണ്‍ഗ്രസിനും എതിര്‍പ്പായിരുന്നു. അതോടെ ആദ്യ ദിവസത്തെ ചര്‍ച്ച അലസിപ്പിരിഞ്ഞു.

രണ്ടാം ദിവസമാണ് നാടകീയ നീക്കങ്ങള്‍ രംഗം പിടിച്ചത്.അപ്രതീക്ഷിതമായി ഏ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് ഉയര്‍ത്തി സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും ബി.ജെ.പി അമ്പരപ്പിച്ചു.കലാമിന്റെ പേരിനോട് പെട്ടെന്നു തന്നെ സഖ്യകക്ഷികള്‍ യോജിച്ചു.ചെന്നൈയില്‍ അണ്ണാ സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് പോയ അബ്ദുള്‍ കലാമിനെ  ടെലിഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി ഏ.ബി.വാജ്പേയി സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ഥന മുന്നോട്ടു വച്ചു.മറുപടി പറയാന്‍ രണ്ട് മണിക്കൂര്‍ സാവകാശം വേണമെന്ന് കലാം തിരികെ അഭ്യര്‍ഥിച്ചു.അക്കാലത്ത് ടെലിവിഷന്‍ ചാനലുകളുടെ പ്രളയം ഇത്രയും ഇല്ലാതിരുന്നിട്ടും മനസ്സില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ പലവട്ടം എഴുതിയും തിരുത്തിയും പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ ആകാംക്ഷ , ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വീട് മുഴുവന്‍ നടന്നുതീര്‍ത്തു ! 

അവിടെ വീട്ടുകാരനായും സംഘാടകനായും ജോര്‍ജ് ഫെര്‍ണാണ്ടസ്.ഒപ്പം പ്രമോദ് മഹാജനും.രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍,കലാമിന്റെ അനുകൂല മറുപടി എത്തി.ക്യാംപ് ഉഷാറായി.സോണിയാഗാന്ധിയോടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഡോ.മന്‍മോഹന്‍ സിംഗിനോടും പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് വാജ്പേയി നേരിട്ട് സംസാരിച്ച് പിന്തുണ ഉറപ്പാക്കി.തൊട്ടു പിന്നാലെ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ പത്ര സമ്മേളനം ആരംഭിച്ചു.എന്‍.ഡി.എ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്,പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി എന്നിവരുടെ സംയുക്ത പത്രസമ്മേളനം. കലാമിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പില്‍ കലാം വിജയിച്ചു.ജൂലായ് 25  ന് കലാം രാഷ്ട്രപതിയായി ചുമതലയേറ്റു.ജോര്‍ജ് ഫെര്‍ണാണ്ടസ് ഊര്‍ജ്ജമായി നിലകൊണ്ട ആ നാളുകള്‍ അദ്ദേഹത്തിന്റെ പഴയകാലത്തെ താല്‍ക്കാലികമായി തിരിച്ചു പിടിച്ചു.

എന്നാല്‍ 2004 ല്‍ ഭരണം നഷ്ടമായതോടെ വാജ്പേയിക്കും ജോര്‍ജ് ഫെര്‍ണാണ്ടസിനും മുന്നില്‍ രാഷ്ട്രീയസന്ധ്യയെത്തി. മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടെങ്കിലും ബിഹാറിലെ മുസഫര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.ജോര്‍ജിന്റെ പ്രിയപ്പെട്ട മണ്ഡലം കൈവിട്ടില്ല.

ബിഹാറിലെ ഇടത്തരം നഗരപ്രദേശമായ മുസഫര്‍പുറായിരുന്നു ജോര്‍ജിന്റെ ഇഷ്ടമണ്ഡലം.1977 മുതല്‍ 2004 വരെ അഞ്ച് വട്ടം ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.ബറോഡ ഡൈനാമിറ്റ് ഗൂഢാലോചനകേസുമായി ബന്ധപ്പെട്ട് മുസഫര്‍പുര്‍ ജയിലിലടച്ച കാലം മുതല്‍ ആ പ്രദേശത്തോട് ജോര്‍ജിന്  വൈകാരിക അടുപ്പമുണ്ട്.77 ല്‍ ആ ജയിലില്‍ കിടന്നാണ് ജോര്‍ജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്.മണ്ഡലത്തിലെ പഴയ തലമുറയ്ക്ക് ഇപ്പോഴും ജോര്‍ജ്ജ് ആവേശമാണ്.ദൂരദര്‍ശന്‍ കേന്ദ്രം,കാന്തി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രപദ്ധതികള്‍ മണ്ഡലത്തിലേക്ക് കൊണ്ടു വന്നത് ജോര്‍ജാണ്.എന്നാല്‍ മുസഫര്‍പൂരിലെ പുതിയ തലമുറയ്ക്ക് ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരു കഥ പോലുമല്ല. മംഗലാപുരത്തുകാരനായ ഒരു ദക്ഷിണേന്ത്യന് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിയുക എന്ന അസാധ്യത, സാധ്യതയിലേക്ക് വഴിമാറിയത് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വ്യക്തിപ്രഭാവം മൂലമാണ്. എന്ന് സമ്മതിക്കാതെ തരമില്ല.

ജീവിതത്തിലെ കൊടിയിറക്കം

2004 ന്  ശേഷം ജനതാ പ്രസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് മുന്നണികളിലുമുണ്ടായ പിളര്‍പ്പുകള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയജീവിതത്തിലും കൊടിയിറക്കമുണ്ടാക്കി.1994 ല്‍ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയ സമതാ പാര്‍ട്ടി പിന്നീട് ജനതാദള്‍ (യുണൈറ്റഡ് ) ആയപ്പോഴേക്ക് നേതൃത്വം നിതീഷ് കുമാറിലേക്ക് എത്തുകയും ജോര്‍ജ് ഫെര്‍ണാണ്ടസ് തലപ്പൊക്കമുള്ള നേതാക്കളുടെ പതിവ് വിധിയിലേക്ക് ഓരം ചേരുകയും ചെയ്തു.ക്ഷയിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യവും ഇതിന് ആക്കം കൂട്ടി.2009 ല്‍ മത്സരിക്കാന്‍ ഒരു സീറ്റ് പോലും കിട്ടാതെ പഴയ വിപ്ലവകാരി ക്ഷീണിച്ചു.നിതീഷ് മുസഫര്‍പൂര്‍ മണ്ഡലം നിതീഷ് മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കി.ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പുതിയ തലമുറ പാടെ കൈവിട്ടു.22,804 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.പഴയ ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഓര്‍മയില്‍ സൂക്ഷിച്ച ഇരുപതിനായിരത്തിലേറെ ആരാധകര്‍ അപ്പോഴും മുസഫര്‍പൂരില്‍ ഉണ്ടായിരുന്നു എന്ന തെളിവിനപ്പുറം തിരഞ്ഞെടുപ്പ്മത്സരക്കളം മറ്റൊന്നും നല്‍കിയില്ല.

George Fernandes

നിതീഷ് ജോര്‍ജിനെ പൂര്‍ണമായും കൈവിട്ടു എന്ന് പറയാനാവില്ല.മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ പഴയനേതാവ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ നിതീഷ് എതിര്‍ത്തില്ല.ജോര്‍ജ് ഫെര്‍ണാണ്ടസ് ബിഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍ മറവിയുടെ ഇരുട്ടിലേക്ക് നൂണ്ടു തുടങ്ങിയ അദ്ദേഹത്തിന് അധികകാലം രാജ്യസഭയില്‍ തുടരാനായില്ല.മറവി ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിഴുങ്ങിയതിനെക്കാള്‍ വേഗത്തില്‍ പൊതുസമൂഹം  ജോര്‍ജിനെ മറന്നു. 2010 ന്റ തുടക്കത്തിലെപ്പോഴോ ഒന്നോ രണ്ടോ ദിവസം മാത്രം രാജ്യസഭാ ഹാളിലെത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പിന്നീട് പൊതുവേദിയിലെത്തിയില്ല.  ഒരു വിപ്ലവക്കാറ്റ് മറവിയുടെ കരിമ്പടത്തിനുള്ളില്‍ പതുങ്ങി.ഇടക്ക് വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുണ്ടായ കേസും തര്‍ക്കങ്ങളും ജോര്‍ജ് ഫെര്‍ണാണ്ടസെന്ന വലിയ ചരിത്രത്തിലെ നിറം കെട്ട ഏടുകളായി.ജോര്‍ജ് ഫെര്‍ണാണ്ടസെന്ന നേതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മറക്കപ്പെട്ടു ;സ്വയവും മറ്റുള്ളവരാലും

പതിവ് പോരെ വരണ്ട രാഷ്ട്രീയക്കാരനായിരുന്നില്ല ജോര്‍ജ് ഫെര്‍ണാണ്ടസ്.തികഞ്ഞ കാല്പനികനും പ്രായോഗികവാദിയും എന്ന വിരുദ്ധ താല്‍പര്യങ്ങളുടെ അപൂര്‍വ ചേര്‍ച്ചയായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാരുടെ പതിവ് ചേരുവകള്‍ക്കപ്പുറം വിപ്ലവകാരിയും പോരാളിയും എഴുത്തുകാരനും പ്രായോഗികവാദിയും കാമുകനുമായിരുന്നു.

ദീര്‍ഘകാലം നിവര്‍ന്ന് നിന്ന മനുഷ്യഗോപുരങ്ങള്‍ പൊടുന്നനെ ചരിയുന്നതെന്തെന്ന ചോദ്യമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതം ഉയര്‍ത്തുന്നത്.രാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും രൂപപ്പെടുത്തിയ രാഷ്ട്രീയാദര്‍ശം ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥക്കുമെതിരെ പോരാടി ദൃഢമാക്കിയതിന്റെ ചരിത്രമാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനുള്ളത്. എന്നാല്‍ അതില്‍ വിട്ടു വീഴ്ച ചെയ്തും വെള്ളം ചേര്‍ത്തും ഭരണാധികാരത്തിന്റെ കൈപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പോരാളിയുടെ ജീവിതകഥയുടെ ദിശമാറി. അധികാരഭ്രമം ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ബാധിച്ചെന്ന് കരുതുന്നതിനെക്കാള്‍ ,ആര്‍ക്കൊക്കെയോ വേണ്ടി ഒരു ഇതിഹാസസമാന ജീവിതം അവസാന ഘട്ടങ്ങളില്‍ വഴങ്ങിക്കൊടുത്തു എന്ന് കരുതുകയാവും എളുപ്പം-കൊടുങ്കാറ്റുകള്‍ക്കിടയിലും ചരിയാത്ത ചില ഗോപുരങ്ങള്‍ രാഷ് ട്രീയത്തിലും പൊതുജീവിതത്തിലും ബാക്കി നില്‍ക്കെ തന്നെ. എങ്കിലും ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് മറക്കാവുന്ന അധ്യായമല്ല.

Content Highlights: The Political Life of George Fernandes