നഗരങ്ങളായി പതുക്കെ പരിണമിക്കുന്ന പതിവ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ റായ്ബറേലിയും അമേഠിയും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നിര്‍ണായക അടയാളങ്ങളായി മാറിയ ഈ രണ്ട്്് ഭൂപ്രദേശങ്ങള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഭൂപടത്തിലെ ലോകമറിയുന്ന വന്‍കരകളാണ്. ഇന്ദിരാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിവരെ നീളുന്ന ഇന്ദിരാ കുടുംബത്തിന്റെ തട്ടകങ്ങള്‍.

ഉത്തര്‍പദേശിന്റെ തലസ്ഥാനമായ ലഖ്നോവില്‍ നിന്ന് എണ്‍പത്തിയഞ്ച് കിലോമീറ്റര്‍ ദൂരെയാണ് റായ്ബറേലി. ഇരുവശത്തും ഗോതമ്പും കടുകും വിളയുന്ന പാടങ്ങള്‍ പിന്നിട്ടാല്‍, ഗ്രാമത്തിന്റെ കൗമാരത്തിനും നഗരത്തിന്റെ യൗവനത്തിനും ഇടയില്‍ നില്‍ക്കുന്ന ടൗണ്‍ഷിപ്പിലെത്താം.

1952 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ റായ്ബറേലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചതെങ്കിലും 1967 ല്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ഥിയായി എത്തുന്നതോടെയാണ് മണ്ഡലത്തിലേക്ക് ലോകശ്രദ്ധയെത്തിയത്. 67 മുതല്‍ 77 വരെ രണ്ട് തവണകളിലായി പത്ത് വര്‍ഷം ഇന്ദിരാഗാന്ധിയെ പിന്തുണച്ചതോടെ ,പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന വി.ഐ.പി പരിവേഷം റായ്ബറേലിയുടെ വിലാസം മാറ്റിയെഴുതി. തുടര്‍ന്ന് പലവട്ടം ഇന്ദിരാകുടുംബത്തിലെ അംഗങ്ങളോ അടുപ്പക്കാരോ ആണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചത്.

അമേഠിയെയും റായ്ബറേലിയെയും ദീര്‍ഘകാലമായി കോണ്‍ഗ്രസാണ് ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഇന്ദിരാ കുടുംബത്തിന്റെ കുത്തകകള്‍ എന്ന്  വിശേഷിപ്പിക്കുമെങ്കിലും ഇന്ദിരാവിരുദ്ധ തരംഗത്തില്‍ ആ കുടുംബത്തെ കൈവെടിയാന്‍ റായ്ബറേലിയെയും അമേഠിയെയും മടി കാണിച്ചിട്ടില്ല എന്നത് പലപ്പോഴും ചരിത്രമെഴുത്തുകാര്‍ മറന്നു കളയും. 1977 ല്‍ റായ്ബറേലിയില്‍ രാജ്നാരായണന്‍ അമ്പത്തിഅയ്യായിരം വോട്ടുകള്‍ക്ക് സാക്ഷാല്‍ ഇന്ദിരാഗാന്ധിയെ തോല്‍പിച്ചു. അമേഠിയിലാകട്ടെ മകന്‍ സഞ്ജയ് ഗാന്ധി ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി രവീന്ദ്രപ്രതാപ് സിംഗിനോട് എഴുപത്തിഅയ്യായിരം വോട്ടുകളുടെ വ്യത്യാസത്തില്‍ കടപുഴകി.

വീശിയടിച്ച ജനതാകൊടുങ്കാറ്റാണ് ഇരുവരെയും വീഴ്ത്തിയത്. അതിന് ശേഷം ഹ്രസ്വകാലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പിച്ചിട്ടുണ്ട്. 1996 ല്‍ റായ്ബറേലിയിലും 1999 ല്‍ അമേഠിയിലും ബി.ജെ.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.  എങ്കിലും ഇന്ദിരാകുടുംബം റായ്ബറേലിക്കും അമേഠിക്കും വികാരമാണ്്. 1999 ലെ തിരഞ്ഞെടുപ്പ് മുതല്‍ സോണിയാഗാന്ധിയാണ് റായ്ബറേലിയുടെ പ്രതിനിധി. 2004 മുതല്‍ അമേഠിയെ പ്രതിനിധീകരിക്കുന്നത് രാഹുല്‍ഗാന്ധി. 

പ്രധാനമന്ത്രിയുടെയോ, ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെയോ മണ്ഡലമെന്ന നിലയില്‍ റായ്ബറേലി മറ്റ് ഉത്തര്‍പ്രദേശ് പ്രദേശങ്ങള്‍ക്കില്ലാത്ത വികസനം  നേടിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അസന്തുലിതമെന്ന് വിളിക്കാവുന്ന തരത്തിലുള്ള വികസനം. നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ റെയില്‍വെ കോച്ച് ഫാക്ടറി വരെയുള്ള ഭൗതികവികസനം റായ്ബറേലി എന്ന ഉള്‍പ്രദേശത്ത് എത്തിയിട്ടുണ്ട്. അത്തരം വികസനമാണോ ആ പ്രദേശത്തിന് യോജിക്കുക എന്ന ചോദ്യത്തിന്, ആ സ്ഥാപനങ്ങള്‍ നല്‍കുന്ന തൊഴില്‍ അവസരങ്ങള്‍ മറുപടിയായി ഉയരുന്നുമുണ്ട്. മലയാളികളും ഈ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. മലയാളികള്‍ക്ക് സാംസ്‌കാരിക സംഘടനയമുണ്ട് റായ്ബറേലിയില്‍.

Priyanka Gandhi

റായ്ബറേലിയില്‍ വച്ചാണ് പ്രിയങ്കാ ഗാന്ധിയെ അടുത്ത് കണ്ടത്. അതും രണ്ട് വട്ടം. ഡല്‍ഹിയില്‍ സുരക്ഷാ വേലികള്‍ക്കപ്പുറത്ത് അകലം പാലിച്ച് കാണേണ്ടവരുടെ പട്ടികയിലാണ് പ്രിയങ്ക. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ റായ്ബറേലിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍ രണ്ടംഗ ഇന്ത്യാവിഷന്‍ ചാനല്‍ സംഘം. ക്യാമറാമാന്‍ ഷിജുവാണ് ഒപ്പമുണ്ടായിരുന്നത്. അന്ന്് വന്‍ വികസനത്തിന്റെ വരുതിയില്‍ വീണിരുന്നില്ല റായ്ബറേലി. വെയിലോ കടുക് പൂക്കളുടെ മഞ്ഞയോ എതാണ് നിറമത്സരത്തില്‍ തോല്ക്കുകയെന്ന് പരസ്പരം തര്‍ക്കിക്കുന്ന ഒരു ഉച്ചയ്ക്ക് റായ്ബറേലിയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വച്ചാണ് പ്രിയങ്കയെ കണ്ടത്. 

ചെറുയോഗങ്ങളില്‍ പങ്കെടുത്ത് നീങ്ങുകയായിരുന്നു പ്രിയങ്ക. രാവിലെ മുതല്‍ പിന്നാലെ കൂടിയതാണ് മാധ്യമ സംഘം. എസ്.പി.ജി.ക്കാരുടെ കണ്ണുവെട്ടിച്ച് മൈക്ക് നീട്ടാന്‍ പറ്റുന്നില്ല. ഇത്തരം വി.ഐ.പികളുടെ പ്രതികരണം സ്വന്തം മൈക്കില്‍ കിട്ടുക എല്ലാ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെയും ആഹ്ലാദമാണ്. അതിനായി നഗരങ്ങളിലെ വന്‍ യോഗങ്ങള്‍ ഒഴിവാക്കി, ഉള്‍പ്രദേശത്തെ ചെറുയോഗങ്ങളെ ആശ്രയിക്കുകയാണ് പതിവായി സ്വീകരിക്കാറുള്ള തന്ത്രപരമായ സമീപനം. വലിയ യോഗങ്ങളില്‍ ദേശീയ മാധ്യമങ്ങളടക്കമുള്ളവരുടെ വന്‍ തിരക്കായിരിക്കും. അവിടെ ഒറ്റയ്ക്ക് ഒരു ബൈറ്റ് അചിന്ത്യം.

രാവിലെ മുതല്‍ റായ്ബറേലിയുടെ ഉള്ളറകളില്‍ യോഗങ്ങളായ യോഗങ്ങളിലൊക്കെ പങ്കെടുത്ത് നീങ്ങുകയാണ് പ്രിയങ്ക. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ അമ്മ സോണിയയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണം. വട്ടം കൂടിയിരിക്കുന്ന ഗ്രാമീണരോട് കുശലം പറഞ്ഞ്, മൈക്ക് കയ്യിലെടുത്ത് ചെറുവാചകങ്ങളില്‍ സംസാരം. മുടിയിഴകളിലെ പ്രസിദ്ധമായ നരയില്ലെങ്കിലും ദൂരക്കാഴ്ചയില്‍ മുത്തശ്ശി ഇന്ദിരയുടെ സാന്നിധ്യമറിഞ്ഞ് നാട്ടുകാര്‍ വാത്സല്യത്തോടെ ആഹ്ളാദിച്ച് കേട്ടിരുന്നു. വീട്ടിലെത്തിയ വിരുന്നുകാരിയല്ലാതെ, വീട്ടിലെ ഒരംഗത്തെപോലെ പ്രിയങ്കയെ അവര്‍ സ്വീകരിച്ചു. 

ഇന്ദിരയെ കണ്ട പഴമക്കാര്‍ക്ക് മുന്നില്‍ പ്രിയങ്ക അപ്പോള്‍ ഇന്ദിരാഗാന്ധിയായി. മുത്തശ്ശി ഇന്ദിരയെയും അച്ഛന്‍ രാജീവിനെയും അമ്മ സോണിയയെയും റായ്ബറേലി നേടിയ വികസനത്തെയും ഓര്‍മിപ്പിച്ച് ചെറുപ്രസംഗങ്ങള്‍. നാലോ അഞ്ചോ പ്രസംഗവേദികള്‍ പിന്നിട്ട് അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍, ഗ്രാമീണരെ കൂടാതെ കേള്‍വിക്കാരായി ഞങ്ങള്‍ മാത്രം. ചെറിയ ആള്‍ക്കൂട്ടം. വേദിയിലിരിക്കുന്ന പ്രിയങ്ക ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍, മൈക്കുയര്‍ത്തി കാട്ടി. 

പ്രിയങ്ക കണ്ടു. ചെറിയ ചിരി മറുപടി. പ്രസംഗം കഴിയട്ടെ എന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം. പസംഗം കഴിഞ്ഞ് നീണ്ട കയ്യടി ഉയരുന്നതിനിടയില്‍ ചെറു വേദിയില്‍ നിന്നിറങ്ങി പ്രിയങ്ക സുരക്ഷാ വലയങ്ങള്‍ക്കിടയിലൂടെ ഗ്രാമീണര്‍ക്ക് കൈകൊടുത്തു നീങ്ങി. ങ്ങളുടെ മൈക്കിന് മുന്നിലെത്തിയപ്പോള്‍ നിന്നു. ചോദിച്ചോളു. 

പ്രിയങ്കയ്ക്ക് പോലും നിയന്ത്രണമില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്കുകള്‍ക്കിടയില്‍ രണ്ട് ചോദ്യം. വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമോ എന്ന് ആദ്യത്തെ ചോദ്യം. കേരളത്തില്‍ നിന്ന് എത്ര സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന രണ്ടാം ചോദ്യം. രണ്ട് ചോദ്യത്തിനും പ്രിയങ്ക കൃത്യമായ ഉത്തരങ്ങള്‍ നല്‍കി. മൂന്നാം ചോദ്യത്തിലേക്ക് കടക്കുമ്പോഴേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രിയങ്ക അടുത്ത വേദിയിലേക്ക്് നീങ്ങി. അപൂര്‍വമായി മാത്രം കിട്ടുന്ന ബൈറ്റയക്കാന്‍ ഞങ്ങള്‍ ലഖ്നോവിലേക്കും.

2014 ലാണ് വീണ്ടും പ്രിയങ്കാഗാന്ധിയെ  കാണുന്നത്. റായ്ബറേലിയില്‍ വച്ച് തന്നെ. അഞ്ച് വര്‍ഷത്തിനിടയില്‍ റായ്ബറേലി, ഗ്രാമചിഹ്നങ്ങള്‍ വെടിഞ്ഞ് പൂര്‍ണമായും നഗരമുദ്രകളണിഞ്ഞിരുന്നു. മാതൃഭൂമി ചാനലിനായി ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറാമാന്‍ വിനോദ് മൊറാഴക്കൊപ്പമെത്തിയതാണ്. അന്നവിടെ പ്രിയങ്കയുടെ റോഡ് ഷോ. എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍  കാല്‍നടയാത്ര. നഗരം നിറഞ്ഞു തുളുമ്പുന്നു. ഇന്ദിരാ കുടുംബത്തോടും പ്രിയങ്കയോടുമുള്ള സ്നേഹം ആവേശം തീര്‍ത്ത് റോഡില്‍ പരക്കുന്നു.

രാവിലെ മുതല്‍ നിറഞ്ഞ നിരത്തിലേക്ക് ഉച്ചക്ക് രണ്ട് മണിയോടെ പ്രിയങ്കയെത്തുമ്പോള്‍ ആവേശം ഇരട്ടിച്ചു. പ്രിയങ്ക കാറില്‍ നിന്നിറങ്ങി ജനക്കൂട്ടത്തെ നയിച്ച് നടന്നു തുടങ്ങി. റോഡരുകിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കൈവീശിയും പൂക്കളെറിഞ്ഞും റായ്ബറേലി നിറഞ്ഞു. ആഹ്ലാദം അതിര് കവിഞ്ഞ് നിയന്ത്രണം മുറിയാതിരിക്കാന്‍ ജനങ്ങള്‍ സ്വയം സൂക്ഷിച്ച കരുതല്‍. 

രാജ്യത്തെമ്പാടും നിന്നെത്തിയ മീഡിയ പിന്നാലെ. മൈക്കുമായി തിക്കിത്തിരക്കി പ്രിയങ്കയ്ക്കടുത്തെത്താന്‍ ശ്രമിക്കുമ്പാള്‍, ചിതറിത്തെറിപ്പിയ്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. റാലിക്ക് മുമ്പെ നീങ്ങുന്ന പ്രിയങ്കയുടെ കാറിനുള്ളില്‍ സെക്രട്ടറി പ്രീതി സഹായി. പ്രിയങ്കയോട് സംസാരിക്കാന്‍ അവസരം വേണമെന്ന് പ്രീതിയോട് അഭ്യര്‍ഥിച്ചു. നോക്കാമെന്ന് സൗഹൃദപൂര്‍വമുള്ള മറുപടി. ആള്‍ക്കൂട്ടത്തില്‍ തിക്കിത്തിരക്കി റാലി പൂര്‍ത്തിയാകും മുമ്പ് പ്രിയങ്കയ്ക്ക് അരുകിലെങ്ങനെയോ എത്തുകയും മൈക്ക് നീട്ടുകയും പ്രിയങ്ക ചിരിയോടെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തത് 

ഒരുമിച്ച്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ചോദ്യവും മറുപടിയും മാതൃഭൂമിയുടെ മൈക്കിലും വിനോദിന്റെ ക്യാമറയിലും പതിഞ്ഞു. രണ്ടാം വട്ടവും കേരളത്തിനായി പ്രിയങ്കയുടെ പ്രതികരണം.പതിവ് പോലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടി മാറ്റിയതിനാല്‍ അടുത്ത ചോദ്യത്തിനായില്ല. സോണിയയോടോ രാഹുലിനോടോ അല്ല, പ്രിയങ്കയോടാണ് റായ്ബറേലിക്കാര്‍ക്ക് കൂടുതല്‍ പ്രിയം എന്നാണ് ഈ യാത്രകളില്‍ തോന്നിയിട്ടുള്ളത്. പ്രിയങ്കയുടെ രൂപഭാവങ്ങളില്‍ കലര്‍ന്ന ഇന്ദിരാഗാന്ധിയായിരിക്കാം അതിനുള്ള കാരണം. സോണിയയായിരുന്നു സ്ഥാനാര്‍ഥിയെങ്കിലും പ്രിയങ്കയെ കണ്ടായിരുന്നു അവര്‍ വോട്ട് ചെയ്തത്. രാജ്യം മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കേണ്ട തിരക്കിലായതിനാല്‍ സോണിയക്ക് മണ്ഡലത്തില്‍ അധികസമയം തങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി അടുത്ത തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് വിട്ടു നിന്നാല്‍, റായ്ബറേലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുക പ്രിയങ്കയെയായിരിക്കും.

Content Highlights: Raebareli, Indira, Priyanka Gandhi, delhiyolam