ആകാശത്തു വച്ച് ഒരു അഭിമുഖം. പ്രധാനമന്ത്രിമാര്‍ക്കൊപ്പമോ വിദേശകാര്യമന്ത്രിമാര്‍ക്കൊപ്പമോ ഉള്ള വിദേശയാത്രകളില്‍ വിമാനത്തിനുള്ളില്‍ പത്രസമ്മേളനങ്ങള്‍ നടക്കുകയും അതില്‍ പങ്കെടുക്കുകയും വിമാനമിറങ്ങിയ ശേഷം അത് സംബന്ധിച്ച വാര്‍ത്തകള്‍ ഓഫീസിലേക്ക് പലമാര്‍ഗ്ഗങ്ങളിലൂടെ അയക്കുകയും ചെയ്ത അനുഭവങ്ങളായിരുന്നു  ഇതുവരെ എനിക്കുള്ളത്‌. വാര്‍ത്തകള്‍ അയക്കാന്‍ ഫാക്സ് മുതല്‍ മൊബൈല്‍ ടെലി ഇന്‍ വരെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍ പറക്കുന്ന വിമാനത്തില്‍ വച്ച് അഭിമുഖം നടത്തിയതും ശബ്ദലേഖനം ചെയ്തതും വിമാനം നിലം തൊട്ടതിന് പിന്നാലെ അത് വാര്‍ത്തയായി അയച്ചതും ഞാന്‍ ആദ്യമായിട്ടായിരുന്നു. മാതൃഭൂമിക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍  അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖം കര്‍ണാടകയിലെ ഹുബാളി (പഴയ ഹൂബ്ലി )യില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ചെറുവിമാനത്തിനുള്ളിലായിരുന്നു.

ഹുബാളിയിലേക്ക്

അടുത്ത ദിവസം രാവിലെ കര്‍ണാടകയിലെ ഹുബാളിയില്‍ എത്താമോ? എന്ന ചോദ്യവുമായെത്തിയ ടെലിഫോണ്‍ വിളിയില്‍ നിന്നായിരുന്നു അഭിമുഖത്തിനുള്ള യാത്രയുടെ പിരിമുറുക്കങ്ങള്‍ നിറഞ്ഞ മണിക്കൂറുകളുടെ ആരംഭം. അവിടെ എത്തിയാല്‍ ഹുബാളിയില്‍ നിന്ന് തിരുവനന്തപുരം വരെയുള്ള വിമാനയാത്രയില്‍ അമിത് ഷായുമായുള്ള അഭിമുഖം കിട്ടും. അഭിമുഖത്തിനായുള്ള ശ്രമങ്ങളുടെ ഫലമെന്ന നിലയില്‍ ഏപ്രില്‍ 20 ന്  രാത്രി പത്ത്  മണിയോടെയായിരുന്നു ആ വിളിയെത്തിയത്. ഉടന്‍ തന്നെ വിവരം സ്ഥാപനത്തെ അറിയിച്ചു.

ചെറിയ സമയത്തിനുള്ളില്‍ അത്ര ദൂരെ എത്തിച്ചേരുക ദുഷ്‌കരമെന്നായിരുന്നു മനസ്സില്‍ ആദ്യം തോന്നിയത്. കാരണം ഹുബാളി എന്ന ഇടത്തരം നഗരത്തിലേക്ക് ഡല്‍ഹിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസില്ല. ബാംഗ്ലൂരില്‍ നിന്നാണ് ഹുബാളിയിലേക്ക് സര്‍വീസുള്ളത്. ബാംഗ്ലൂരില്‍ നിന്ന് ഒരു മണിക്കൂര്‍ പിന്നെയും പറക്കണം ഹുബാളിയിലെത്താന്‍. ബാംഗ്ലൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം പോയാല്‍ സമയത്ത് എത്തിച്ചേരില്ല. ഡല്‍ഹി-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-ഹുബാളി എന്നിങ്ങനെ യാത്രാമാര്‍ഗ്ഗം കൃത്യമായി ഒരുങ്ങിയാല്‍ മാത്രമേ രാവിലെ പത്ത് മണിയോടെ ഹുബാളിയില്‍ എത്തിച്ചേരാന്‍ കഴിയു. 

ശ്രമിച്ചു നോക്കാമെന്ന ധാരണയില്‍ ട്രാവല്‍ ഏജന്‍സികളുടെ സൈറ്റുകളില്‍ പരതി. പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി -ബാംഗ്ലൂര്‍ വിമാനമുണ്ട്. അത് അഞ്ചരയാകുമ്പോള്‍ ബാംഗ്ലൂരിലെത്തും. തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് രാവിലെ എട്ട് മണിക്കും പത്ത് മണിക്കും രണ്ട് വിമാനങ്ങള്‍ ഹുബാളിയിലേക്കുണ്ട്. ആ വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഉടന്‍ തന്നെ ടിക്കറ്റുകള്‍ എടുത്തു. ഫോണ്‍ വിളിയെത്തിയ വഴിയിലൂടെ തിരികെ വിളിച്ച് വിവരം പറഞ്ഞു : രാവിലെ ഹുബാളിയില്‍ എത്തും. മറുതലയ്ക്കല്‍ ബി.ജെ.പി ഓഫീസില്‍ നിന്നുള്ള മറുപടി :എങ്കില്‍, എത്രയും വേഗം പുറപ്പെട്ടോളൂ, ഹുബാളിയില്‍ നിന്നുള്ള കാര്യങ്ങള്‍ ഞങ്ങള്‍ റെഡിയാക്കാം.                            

ലാപ്ടോപ്പ് ബാഗും വസ്ത്രങ്ങളടങ്ങിയ ചെറുബാഗും തോളിലെടുത്ത് തൊട്ടടുത്തുള്ള ടാക്സി സ്റ്റാന്‍ഡിലേക്ക് പാഞ്ഞു. ഉറക്കം മാറി നിന്ന യാത്രകള്‍ക്ക് ശേഷം ഏപ്രില്‍ 21 ന് രാവിലെ 9 മണിയോടെ നേരിയ തണുപ്പില്‍ കുതിര്‍ന്ന ചൂടണിഞ്ഞ ഹുബാളി വിമാനത്താവളത്തില്‍ എത്തി. കരുതിയത് പോലെയല്ല, വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ചെറിയ വിമാനത്താവളമാണ് ഹുബാളിയിലേത്. വ്യവസായ നഗരമായ ഹുബാളിയിലേക്കുള്ള യാത്രകള്‍ ഏറെയും അതുമായി ബന്ധപ്പെട്ടവരുടേതാണെന്ന് പിന്നീട് മനസ്സിലായി. കുളിയാദികള്‍ നടത്തി എത്രയും വേഗം ഫ്രഷാകണം. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആദ്യം അന്വേഷിച്ചതും അതായിരുന്നു. അതിനുള്ള സൗകര്യങ്ങള്‍ക്കായി ഒരു ഹോട്ടലോ ലോഡ്ജോ കിട്ടുമോ ?അടുത്തുകൂടിയ ടാക്സി ഡ്രൈവര്‍ യുവാവിനോട് ചോദിച്ചു. ഇവിടെയില്ല, പതിനഞ്ച് മിനുട്ട് പോയാല്‍ അക്ഷയ് പാര്‍ക്ക് എന്ന സ്ഥലമുണ്ട്.

ടൗണിന്റെ തുടക്കമാണ്. അവിടെ കിട്ടും-ഉത്സാഹത്തോടെ യുവാവ് പറഞ്ഞു. സതീഷ് എന്ന യുവാവ് സാരഥിയായ ടാക്സിയില്‍ കയറി അക്ഷയ് പാര്‍ക്കിലെത്തി. ആദ്യം കണ്ട ചെറുഹോട്ടലില്‍ നിന്ന് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വേഷം മാറി വീണ്ടും അതേ ടാക്സിയില്‍ തിരികെ വിമാനത്താവളത്തിലേക്ക്.പുറപ്പെടല്‍ കവാടത്തിലെത്തുമ്പോള്‍, പോലീസും സന്നാഹവും വരാനിരിക്കുന്ന വി.ഐ.പിയെ കാത്ത് നില്‍ക്കുന്നു. കുറച്ച് ബി.ജെ.പി പ്രവര്‍ത്തകരുമുണ്ട്. അമിത് ഷാ തലേ ദിവസം തന്നെ ഹൂബ്ലിയിലുണ്ട്, ഇപ്പോള്‍ ഇവിടേക്ക് എത്തും, എന്നിട്ട് ശിവമോഗ (പഴയ ഷിമോഗ)യിലേക്ക് ഹെലികോപ്ടറില്‍ പോകും,അവിടെ റോഡ് ഷോയുണ്ട്.അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര.

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ അമിത് ഷായുമായി വാഹനമെത്തി. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന കുറച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. അവര്‍ക്ക് നേരെ കൈവീശി കാണിച്ച ശേഷം അമിത് ഷാ വിമാനത്താവളത്തിലേക്ക് കടന്നു. പുറത്ത് കാത്തിരിപ്പ് കസേരയില്‍ ഞാന്‍ ഇരുന്നു. ഹുബാളിയില്‍ എത്തിയാല്‍ വിളിക്കേണ്ട നമ്പറില്‍ വിളിച്ച് സ്ഥലത്തെത്തിയ കാര്യം അറിയിക്കാമെന്ന് കരുതി ശ്രമിച്ചു. എന്നാല്‍ ഫോണ്‍ കിട്ടുന്നില്ല. റേഞ്ച് പ്രശ്നം. ഈ മൊബൈല്‍ നമ്പറല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കൈവശമില്ല. 

വാട്സാപ്പിലൂടെയും എസ്.എം.എസായും അതേ നമ്പറിലേക്ക് വിവരങ്ങള്‍ വിശദീകരിച്ച് സന്ദേശം പാഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ മറുപടിസന്ദേശമെത്തി. വിമാനത്താവളത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍ സന്ദേശത്തിലുണ്ടായിരുന്നു. ആ നമ്പറില്‍ വിളിച്ചപ്പോള്‍,നില്‍ക്കുന്ന ഗേറ്റിനടുത്ത് തന്നെ നിന്നോളൂ. ബോര്‍ഡിംഗ് പാസ്സുമായി ആളെത്തുമെന്ന് മറുപടി. മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍, അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി സഞ്ചരിക്കുന്ന പ്രത്യേക വിമാനത്തിന്റെ കമ്പനി പ്രതിനിധി പുറത്തു വന്നു. ബോര്‍ഡിംഗ് പാസ്സുമായി അകത്തേക്ക് കൊണ്ടു പോയി. കാത്തിരിപ്പ് മുറിയില്‍ ഇരുത്തി. അപ്പോഴേക്ക് കാത്തിരിപ്പ് മുറിയിലെ ടെലിവിഷനുകളില്‍ ശിവമോഗയില്‍ അമിത് ഷാ നടത്തുന്ന റാലിയുടെ തല്‍സമയ ദൃശ്യങ്ങള്‍ നിറഞ്ഞു തുടങ്ങി.

ഉച്ചക്ക് 12.45 നായിരുന്നു ഹുബാളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തില്‍ അമിത് ഷായുടെ യാത്ര നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം അവിടെ നിന്ന് തന്നെ ഹെലികോപ്ടറില്‍ പത്തനംതിട്ടയിലും ആലപ്പുഴയിലും പോയി റോഡ്ഷോകളില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് കൊച്ചിയില്‍ എത്തും. അവിടെ നിന്ന് അഹമ്മദാബാദിലേക്ക്. ഇതായിരുന്നു അന്നത്തെ യാത്രാ പദ്ധതി. ദീര്‍ഘദൂര യാത്രകള്‍ക്ക് പതിനാല് സീറ്റുകളുള്ള പ്രത്യേക വിമാനവും ചെറുയാത്രകള്‍ക്ക് ഹെലികോപ്ടറും എന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അമിത് ഷായുടെ രീതി.
     
ശിവമോഗയിലെ റാലി അല്‍പം നീണ്ടു പോയതിനാല്‍ തിരുവനന്തപുരത്തേക്കുള്ള യാത്രം അല്‍പം വൈകുമെന്ന് വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1.30 നാണ് യാത്ര പുറപ്പെടുക. ഒരു മണിയായപ്പോള്‍, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനി പ്രതിനിധികളും സഹായങ്ങള്‍ക്കായി ഒപ്പമുണ്ടായിരുന്നു. കൊടും ചൂടില്‍ ചുട്ടു പഴുത്തുകിടന്ന റണ്‍വെയില്‍ ക്ലബ് വണ്‍ എയര്‍ എന്ന ചെറു വിമാനം കാത്തു നില്‍ക്കുന്നു. ഹുബാളിയില്‍ മറ്റൊരു പ്രചരണപരിപാടിയില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും പേറി ഡല്‍ഹിയില്‍ നിന്ന് മറ്റൊരു ചെറുവിമാനം അതിനിടയില്‍ വന്നിറങ്ങി. സുഷമാ സ്വരാജ് കാറില്‍ കയറി റാലിയില്‍ പങ്കെടുക്കാന്‍ നീങ്ങി. 1.20 ആയപ്പോള്‍ വിമാനത്തിനുള്ളിലേക്ക് വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ നയിച്ചു. പത്ത് മിനുട്ട് വിമാനത്തിനുള്ളില്‍ കാത്തിരുന്നു. 

anit shah
അമിത് ഷായോടൊപ്പം ലേഖകന്‍

എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ചെറുവിമാനം. അല്പം കഴിഞ്ഞപ്പോള്‍, അമിത് ഷായുടെ ഹെലികോപ്ടര്‍ ശിവമോഗയില്‍ നിന്ന് പറന്നിറങ്ങി. ഹെലികോപ്ടറില്‍ നിന്നിറങ്ങി ഷാ വിമാനത്തിനുള്ളിലെത്തി. നോക്കി ചിരിച്ച ശേഷം ഇരിപ്പിടത്തിലേക്ക്. ക്യാബിന്‍ ക്രൂ ഉള്‍പ്പടെ വിമാനത്തില്‍ അപ്പോള്‍ ഏഴു പേര്‍ മാത്രം. വിമാനം പുറപ്പടും മുമ്പ് സെക്രട്ടറി നല്‍കിയ ഫോണുകളിലൂടെ മാറി മാറി വിവിധ സംസ്ഥാനങ്ങളിലെ വിവിധ നേതാക്കള്‍ക്ക് അമിത് ഷായുടെ നിര്‍ദേശങ്ങള്‍ പായുന്നു. വിമാനം പറന്നു പൊങ്ങിയ ശേഷം നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞിട്ട് വീണ്ടും ഫോണില്‍ അല്‍പ നേരം കൂടി. ഫോണ്‍ വിളികള്‍ അവസാനിച്ചപ്പോള്‍ വിമാനം പതുക്കെ പറന്നുയര്‍ന്നു.

ഞാന്‍ വോയ്സ് റെക്കോര്‍ഡര്‍ പുറത്തെടുത്തു. അമിത് ഷാ തന്നെ ഇരിപ്പിടത്തിന്റെ സൈഡില്‍ നിന്ന് വലിച്ച് വച്ച ചെറു മേശയില്‍ വോയ്സ് റെക്കോര്‍ഡര്‍ വച്ചു. മേശക്കപ്പുറവും ഇപ്പുറവും അഭിമുഖത്തിന് ഇരുന്നു.അപ്പോഴേക്ക് രണ്ട് പേര്‍ക്കും ഉച്ചഭക്ഷണമെത്തി.

ആകാശ അഭിമുഖത്തിന്റെ മണിക്കൂര്‍

വിപുലമായ വിഭവങ്ങളില്ലാത്ത ഉച്ചഭക്ഷണം കഴിച്ചു കൊണ്ടു തന്നെ അമിത് ഷാ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങി. അളന്നു തൂക്കിയുള്ള മറുപടികള്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം. വിവാദങ്ങളില്‍ തൊടാതെ സമര്‍ഥമായുള്ള പ്രതികരണങ്ങള്‍. ഇടയ്ക്ക് ഒപ്പമുള്ള സെക്രട്ടറിയോട്, കേരളത്തിന് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്ത സഹായങ്ങളും നേരത്തെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും താരതമ്യം ചെയ്ത് തയ്യാറാക്കിയ രേഖയുടെ പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശിക്കുന്നു. 

സെക്രട്ടറി രേഖയുടെ കോപ്പി എനിക്ക് തന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖം റെക്കോര്‍ഡറില്‍ പതിഞ്ഞു. അഭിമുഖം കഴിഞ്ഞപ്പോള്‍,എന്നോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞിട്ട്  ഹ്രസ്വമായ കുശലങ്ങള്‍. മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിരക്കുകള്‍ മൂലം തന്റെ മണ്ഡലമായ ഗാന്ധിനഗറില്‍ കാര്യമായി പോകാന്‍ കഴിഞ്ഞില്ലെന്നും അടുത്ത ദിവസം അവിടെ റോഡ് ഷോകളില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. അഭിമുഖത്തിന് ഇടയില്‍ സെക്രട്ടറി ഇരുവരുടെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നല്‍കി.

 2.40  ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. വിമാനം നിലം തൊടുമ്പോഴേക്ക് സെക്രട്ടറി വീണ്ടും ഫോണ്‍ അമിത് ഷായ്ക്ക് നീട്ടി. വീണ്ടും വിളികള്‍. മറുപടികള്‍. യാത്ര പറഞ്ഞ് ഞാന്‍ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി. അമിത് ഷായെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്ടര്‍ പത്തനംതിട്ടയിലേക്കും. വിമാനത്താവളത്തിന് പുറത്തുള്ള ഹോട്ടല്‍ മുറിയില്‍ ചേക്കേറി അഭിമുഖം പകര്‍ത്തിയെഴുതാനുള്ള തിരക്കിലേക്ക് മുങ്ങിയതോടെ ആകാശ അഭിമുഖത്തിന്റെ അവസാനഘട്ടമായി.