കുറ്റാക്കുറ്റിരുട്ട്. ദേഹത്തു വന്ന് ഇടിച്ചു നിന്നാല്‍ മാത്രമേ എതിരെ ഒരാള്‍ വന്നിരുന്നു എന്ന് തിരിച്ചറിയൂ. അത്രയ്ക്കുണ്ട് ഇരുട്ടിന്റെ കടുപ്പം. ദൂരെ വീടുകളില്‍ ചെറുവിളക്കുകളുടെ തിരികളില്‍ മിന്നാമിനുങ്ങുകള്‍.പാന്‍ കടകള്‍ പോലീസ് നേരത്തെ അടപ്പിച്ചിരുന്നാല്‍ വിളക്കിന്റെ വെളിച്ചക്കീറ് കിട്ടാന്‍ ആ വഴിയും അടഞ്ഞു. എന്നിട്ടും വൈദ്യുതി എത്തിനോക്കാത്ത  ഗ്രാമത്തിലെ ചെറുനിരത്തില്‍ ആള്‍ക്കൂട്ടം ആരവത്തോടെ നിറയുകയാണ്. ഉരുകിപ്പോകുന്ന കൊടുംചൂടില്‍ പലരും ഉച്ചമുതല്‍ കാത്തു നില്‍പാണ്. കീരയെന്ന് ഹിന്ദി നാടുകള്‍ പറയുകയും കക്കിരിയെന്നോ കക്കിരിക്കയെന്നോ കേരളം വിളിക്കുകയും ചെയ്യുന്ന ചെറുവെള്ളരി, ഉപ്പ് പുരട്ടി വില്‍പന നടത്തുന്ന ഉന്തുവണ്ടിക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ചാകരയും കഴിഞ്ഞു. ഗ്രാമപ്രദേശം പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലയത്തിലായി. തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിന് പോലീസുകാരുടെ സാന്നിധ്യവും കൗതുകമേറ്റി. ഉച്ചമുതലുള്ള ആ കാത്തിരിപ്പില്‍ ഞങ്ങളുമുണ്ടായിരുന്നു.മാതൃഭൂമി ന്യൂസ് ചാനലിന്റെ ക്യാമറാമാന്‍ വിനോദ് മൊറാഴയും ഈ ലേഖകനും.

കാത്തിരിപ്പ് രാത്രി എട്ടു മണി വരെ നീളുന്നതിനിടയില്‍, ദൂരെ നിന്ന് രണ്ട് തീഷ്ണദൃഷ്ടികള്‍ ഇരുട്ടിനെ കീറിമുറിച്ച് പതുക്കെ വരുന്നത് കണ്ടു.ആള്‍ക്കൂട്ടത്തിന് നടുവില്‍ അതുവരെ കാലിടറാതെ ഒരു വിധം ഒപ്പിച്ചു നിന്ന പ്രാദേശിക നേതാവ് വാഹനത്തിന്റെ വരവ് കണ്ട് തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി,''രാഹുല്‍ജി സിന്ദാബാദ്, സോണിയാജി സിന്ദാബാദ്,പ്രിയങ്കാജി സിന്ദാബാദ്...'കയ്യില്‍ കരുതിയ പേരുകളുടെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും വിളിച്ചു :അമേഠിയുടെ നേതാവേ സിന്ദാബാദ്.അവിടെ കൂടിയ ആള്‍ക്കൂട്ടവും അക്ഷരംപ്രതി അതെല്ലാം ഏറ്റ് വിളിച്ചു.അമേഠിയിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അപ്പോള്‍ ആള്‍ക്കൂട്ടത്തിനരുകിലേക്ക് പതുക്കെ സഞ്ചരിച്ചു വരികയായിരുന്നു.

വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുമെന്ന് ഈ മാസം 23 ന് സൂചന ഉയരുകയും പിന്നീട് ഒരാഴ്ചയോളം അനിശ്ചിതത്വം പുകയുകയും ഒടുവില്‍ പ്രഖ്യാപനമെത്തുകയും ചെയ്തപ്പോള്‍, ഓര്‍ത്തത് 2014 ല്‍ അമേഠിയിലെ രാഹുലിന്റെ റോഡ് ഷോ കവര്‍ ചെയ്യാന്‍ പോയ ദിവസത്തെക്കുറിച്ചായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ബൈറ്റ് ചാനല്‍ മൈക്കില്‍ എടുക്കണം.അതായിരുന്നു ലഖ്നോവില്‍ നിന്ന് പുലര്‍ച്ചെ യാത്ര തിരിക്കുമ്പോഴും അമേഠിയുടെ റോഡില്ലാ റോഡിലൂടെ യാത്രചെയ്ത് പൊടിയില്‍ കുളിച്ച് ആ ഉള്‍ഗ്രാമത്തില്‍ എത്തുമ്പോഴും ആഗ്രഹം. ഇതുപോലെയുള്ള രാഷ്ട്രീയവി.വി.ഐ.പിയുടെ ബൈറ്റുകള്‍ സ്വന്തം ചാനല്‍ മൈക്കില്‍ എടുക്കുകയും അത് ബ്രേക്കിംഗ് ന്യൂസിന്റെ ആഡംബരത്തില്‍ ആകാശത്തേയ്ക്ക് വിക്ഷേപിക്കുകയും ചെയ്യുക തിരഞ്ഞെടുപ്പ് കാല ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ഹരമാണ്.

ബൈറ്റ് കിട്ടാന്‍ ഏറ്റവും ദുഷ്‌കരമായ നിരയിലുള്ള നേതാക്കളുടെ ബൈറ്റുകള്‍ സ്വന്തമാക്കുക എന്നതിന്റെ സാഹസികത ഹരമേറ്റും. പലമടങ്ങുകളുള്ള സുരക്ഷാ വലയം ഭേദിച്ച് രാഹുലിന് അടുത്തെത്തുകയും ബൈറ്റെടുക്കുകയും ചെയ്യുക അത്യാഗ്രഹമാണ്. എങ്കിലും ശ്രമിച്ചു കളയാം എന്ന മട്ടില്‍ മൈക്കുമായി ഞാനും ക്യാമറയുമായി വിനോദും  തയ്യാറായി നിന്നു. ആ ഉള്‍ഗ്രാമത്തില്‍ രാഹുലിന്റെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാന്‍ അപ്പോള്‍ മാധ്യമപ്രവര്‍ത്തകരായി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോള്‍ എല്ലാം ഒത്തുവരും. അതിന് തൊട്ടുമുന്നിലുള്ള ദിവസം റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയുടെ ബൈറ്റ് ഇതുപോലെ ഒരു റോഡ്ഷോയില്‍ നിന്ന് ഏറെ പരിശ്രമിച്ച് എടുക്കാനായതിന്റെ പ്രതീക്ഷ കൂട്ടിനുണ്ടായിരുന്നു.

വാഹനം പതുക്കെ ഇരുട്ടില്‍ വന്നു നിന്നു.വൈകിട്ട് 5 മണിക്ക് എത്തേണ്ട റോഡ് ഷോയാണ്.പക്ഷെ, ആ ഗ്രാമത്തില്‍ എത്തിയപ്പോള്‍ രാത്രി എട്ടുമണിയായി. റോഡ് ഷോയുടെ അവസാന ഘട്ടമായിരുന്നു. അപ്പോള്‍ അവിടെ തെളിഞ്ഞ ഏക വെളിച്ചം രാഹുല്‍ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റുകള്‍ മാത്രം ! പടര്‍ന്നു കിടന്ന ഇരുട്ടില്‍ രാഹുലിന്റെ മുഖം ജനങ്ങള്‍ക്ക് കാണാനാവുന്നില്ല. ജനങ്ങളുടെ മുഖം രാഹുലിനും. വൈദ്യുതിയെത്താത്ത പാവം പിടിച്ച ഗ്രാമത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. റോഡ് ഷോ പകല്‍ വെളിച്ചത്തില്‍ എത്തുമെന്ന് കരുതി പകരം സംവിധാനം കരുതി വയ്ക്കാതിരുന്നതോ,ആ പ്രദേശത്ത് ജനറേറ്ററുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതോ ആകാം കാരണം.പിന്നീട് സംഭവിച്ചത് അതിശയോക്തി എന്ന് കരുതപ്പെടാവുന്ന ചില കാര്യങ്ങളാണ്.....

rahul gandhi

ഇരുട്ടില്‍ എങ്ങനെ രാഹുല്‍ പ്രസംഗിക്കുമെന്ന് പ്രാദേശിക സംഘാടകര്‍ ആശയക്കുഴപ്പത്തിലാണ്ടപ്പോഴാണ്, പെട്ടെന്ന് വിനോദിന്റെ ക്യാമറാ ലൈറ്റ് പകല്‍ വെളിച്ചം പരത്തി കണ്‍ തുറന്നത്. രാഹുലിന്റെ മുഖത്തും വെളിച്ചം വീണു.വാഹനത്തിന് മുകളില്‍ കയറി നിന്ന് സംസാരിക്കാനൊരുങ്ങിയ രാഹുല്‍, വെളിച്ചത്തിന്റെ ഉടമയായ വിനോദിനെ കയ്യാട്ടി വിളിച്ചു.''ഭായ് സാബ് ആവോ,ആവോ...ലൈറ്റ് യഹാം ഫോക്കസ് കരോ...''വിനോദ് ക്യാമറയും വെളിച്ചവുമായി അടുത്തേക്ക് ചെല്ലാനൊരുങ്ങി. എന്നാല്‍,ആള്‍ക്കൂട്ടവും സുരക്ഷാവലയവും തടസ്സങ്ങളായി. ജനക്കൂട്ടം നേതാവിനെ കണ്ട ആഹ്ലാദത്തില്‍ ഇളകി മറിയുന്നു.ഗാന്ധി കുടുംബത്തിന്റെ പതിവ് മണ്ഡലമാണെങ്കിലും രാഹുലിനെ അടുത്തുകിട്ടുക അന്നത്തെ കാലത്ത് നാട്ടുകാര്‍ക്ക് എളുപ്പമായിരുന്നില്ല.

ആരും വാഹനത്തിന് അടുത്തെത്താതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകോര്‍ത്ത് പിടിച്ച് നിലയുറപ്പിച്ചിരിക്കുന്നു.വാഹനത്തിന് മുകളില്‍ നിന്ന് രാഹുല്‍ വീണ്ടും വിളിച്ചു.ഭായ് സാബ് ആവോ..എന്നിട്ട് സുരക്ഷാ ഉദ്യോസ്ഥരോട് പറഞ്ഞു :ഭായ്സാബ് കോ രാസ്താ ദീജിയേ....ആള്‍ക്കൂട്ടം വിനോദിനായി തെല്ലൊന്നൊതുങ്ങി. വിനോദ് ക്യാമറയും തോളില്‍ വച്ച് തിങ്ങിഞെരുങ്ങി വാഹനത്തിനരുകിലേക്ക്. തൊട്ടുപിന്നാലെ മൈക്കുമായി ഞാനും. വിനോദിനോട് വാഹനത്തിന് മുകളിലേക്ക് കയറാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു. വാഹനത്തിന്റെ ബോണറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തില്‍ വിനോദ് നിലയുറപ്പിച്ചു. വിനോദിന്റെ കയ്യിലും കാലിലുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടുത്തം. വാഹനത്തിന്റെ താഴത്തെ ചവിട്ടുപടിയില്‍ കയറി ഞാനും നിന്നു.എന്നെയും ഒരിഞ്ചുപോലും അനങ്ങാന്‍ കഴിയാത്ത വിധം എസ്.പി.ജി വട്ടം പിടിച്ചിരിക്കുന്നു.

രണ്ടോ മൂന്നോ മിനുട്ട് പ്രസംഗിച്ച ശേഷം ഞങ്ങളെ നോക്കി നന്ദി പ്രകാശിപ്പിച്ച് രാഹുല്‍ സീറ്റിലേക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മൈക്ക് നീട്ടി-സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിതറിയെറിയാന്‍ ശ്രമിക്കുന്നതിനിടയില്‍. ചോദിച്ചോളു....ചോദിക്കാന്‍ ഒരുങ്ങുമ്പോഴേക്ക് വിനോദിനെയും ക്യാമറയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴെ ഇറക്കി. വിനോദ് ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടു. ക്യാമറാമാന്‍ ദൂരെയായിപ്പോയല്ലോ എന്ന് ഞാന്‍ സ്വയം അറിയാതെ പ്രതികരിച്ചപ്പോള്‍ ,എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചെറുചിരിയോടെ രാഹുലിന്റെ പ്രതികരണം.'ഒരു കാര്യം ചെയ്യൂ,നിങ്ങള്‍ ഈ വാഹനത്തെ ഒപ്പത്തിനൊപ്പം പിന്തുടര്‍ന്നോളു,എവിടെയെങ്കിലും വച്ച് അവസരം കിട്ടിയാല്‍ അപ്പോള്‍ ഞാന്‍ സംസാരിക്കും'-രാഹുലിന്റെ ഉറപ്പ്.

തുടര്‍ന്ന് ജനക്കൂട്ടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടിയും തൊഴിയുമേറ്റ് വിഹനത്തിന് പിന്നില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വിനോദും ഞാനും നടപ്പോട്ടം തുടങ്ങി. നടപ്പും ഓട്ടവും. ഒറ്റലക്ഷ്യം മാത്രം കണ്ണിലുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടം വലം നോട്ടമില്ല. ഇടിച്ചുതള്ളലിന് ഒരു തരിമ്പും മാര്‍ദ്ദവമില്ല. രണ്ടു പേരുടെയും പാന്റസിന് പിന്നില്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ കടുംപിടിത്തം പിടിച്ചിരിക്കുകയാണ്. അങ്ങനെ തന്നെ നടപ്പ് തുടര്‍ന്നു. അല്പ ദൂരം പിന്നിട്ടപ്പോള്‍, രാഹുല്‍ വാക്കു പാലിച്ചു. വാഹനത്തിന്റെ പിന്‍ഭാഗത്ത് എത്തി രാഹുല്‍ സംസാരിക്കാന്‍ തയ്യാറായി. ചോദിച്ചോളു..ചോദിച്ചു.ഒന്നല്ല, രണ്ട് ചോദ്യങ്ങള്‍. രണ്ടിനും രാഹുല്‍ ഉത്തരം നല്‍കി. മൂന്നാമത്തെ ചോദ്യത്തിനൊരുങ്ങുമ്പോള്‍,എസ്.പി.ജി ഉദ്യോഗസ്ഥര്‍ പാന്റ്സിന്റെ പുറകില്‍ പിടിച്ച് വലിച്ച് രണ്ടു പേരെയും വഴിയോരത്തേക്ക് തള്ളി മാറ്റി. ഒരു വലിയ കിതപ്പിന്റെ ചുവരും ചാരി ഞങ്ങള്‍ രണ്ടു പേരും കുറെ നേരമിരുന്നുപോയി. എങ്കിലും, ലക്ഷ്യം സാധിച്ചെന്ന സന്തോഷത്തോടെ  ഇരുട്ടിലും ഞങ്ങള്‍ ചിരി കൈമാറി. അപ്പോഴേക്ക് റോഡ് ഷോ അടുത്ത പോയിന്റിലേക്ക് നീങ്ങിയിരുന്നു. ഞങ്ങള്‍ പിന്നിലേക്ക് നടന്ന് പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കയറി ലഖ്നോവിലേക്കും.

വികസനവുമായി കാര്യമായ ചങ്ങാത്തമുണ്ടായിരുന്നില്ല 2014 ല്‍ അമേഠിക്ക് .പരന്നു കിടക്കുന്ന വരണ്ട പ്രദേശത്തിന് പരാധീനതകളുടെ മേല്‍വിലാസം. റോഡുകളെന്ന പേരില്‍ പൊടിയില്‍ കുളിച്ച നടവഴികള്‍.വെള്ളവും വെളിച്ചവും എത്താത്ത മേഖലകളേറെ. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ പതിവ് മണ്ഡലമെന്നതിനാല്‍ റായ്ബറേലിക്കൊപ്പം താരപരിവേഷമുണ്ട് അമേഠിക്ക്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് 1960 കള്‍ മുതല്‍ അമേഠി. ആദ്യ പാര്‍ലമെന്റ് അംഗം കോണ്‍ഗ്രസ് നേതാവായിരുന്ന വിദ്യാധര്‍ ബാജ് പേയിയാണ്. 1967 ലും 1971 ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1977 ലെ ഇന്ദിരാവിരുദ്ധ തരംഗത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി രവീന്ദ്ര പ്രതാപ് സിംഗ് ഇന്ദിരാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധിയെ അമേഠിയില്‍ തോല്‍പിച്ചു.

ഇന്ദിരാഗാന്ധിയാകട്ടെ, റായ്ബറേലിയിലും പരാജയപ്പെട്ടു. 1980 ല്‍ സഞ്ജയ് ഗാന്ധി അതേ രവിന്ദ്ര പ്രതാപ് സിംഗിനെ പരാജയപ്പെടുത്തി അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം 1981 ലെ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വിജയിച്ചു. അന്ന് ലോക്ദള്‍ നേതാവായിരുന്ന ശരദ് യാദവായിരുന്നു എതിരാളി. 1984 ല്‍ രാജീവിനെ എതിരിട്ടത് മേനകാ ഗാന്ധി. മേനക സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു. രാജീവിന് കിട്ടിയത് മൂന്ന് ലക്ഷത്തി അറുപത്തി അയ്യായിരം വോട്ടും മേനകയ്ക്ക് അമ്പതിനായിരം വോട്ടും. 1989 ല്‍ അമേഠി ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്.

രാജീവ് ഗാന്ധിക്കെതിരെ ജനതാദള്‍ സ്ഥാനാര്‍ഥി രാജ്മോഹന്‍ ഗാന്ധിയും ബി.എസ്.പി സ്ഥാനാര്‍ഥി കന്‍ഷി റാമുമായിരുന്നു എതിരാളികള്‍.മൊത്തം 47 സ്ഥാനാര്‍ഥികള്‍.എന്നാല്‍ പോള്‍ ചെയ്തതില്‍ 67.43 ശതമാനം വോട്ട് നേടി രാജീവ് വന്‍ വിജയം നേടി.  1991 വരെ രാജീവ്ഗാന്ധിയാണ് അമഠിയെ പ്രതിനിധീകരിച്ചത്. രാജീവിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായിരുന്ന സതീഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു. 1998 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സഞ്ജയ് സിംഗ് സതീഷ് ശര്‍മയെ തോല്‍പിച്ചു.1999 ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിന് ലഭിച്ചു.199 മുതല്‍ 2004 വരെ സോണിയാഗാന്ധിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

2004 മുതലാണ് രാഹുല്‍ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയത്. 2004 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്ര പ്രകാശ് മിശ്രയെ രാഹുല്‍ തോല്‍പിച്ചു. രാഹുലിന് 66.18 ശതമാനവും ചന്ദ്ര പ്രകാശിന് 16.85 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2009 ല്‍ ത്രികോണമത്സരമായിരുന്നു.ബി.ജെ.പി സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ സിംഗും ബി.എസ്.പി സ്ഥാനാര്‍ഥി അശീശ് ശുക്ലയുമാണ് നേരിട്ടത്.രാഹുല്‍ 71.78 ശതമാനം വോട്ട് നേടിയപ്പോള്‍,ബി.എസ്.പി സ്ഥാനാര്‍ഥി (14.54 % )രണ്ടാം സ്ഥാനത്തും ബി.ജെ.പി സ്ഥാനാര്‍ഥി (5.81 % )മൂന്നാം സ്ഥാനത്തുമായി. എന്നാല്‍ 2014 ല്‍ ചിത്രം മാറി. രാഹുലിന് 46 .71 ശതമാനവും സ്മൃതി ഇറാനിക്ക് 34.38 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. 2009 നെക്കാള്‍ 25.07 ശതമാനം വോട്ടുകള്‍ രാഹുലിന് കുറവായിരുന്നു. 2019 ല്‍ രാഹുലും സ്മൃതിയും തമ്മിലായിരിക്കും പ്രധാന ഏറ്റുമുട്ടല്‍.ബി.എസ്.പി-എസ്.പി.സഖ്യം തങ്ങളുടെ സ്ഥാനാര്‍ഥിയെ അമേഠിയില്‍ മത്സരിപ്പിക്കുന്നില്ല എന്നാണ് ഇതുവരെയുള്ള സൂചന. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും എടുക്കുന്ന നിലപാടുകള്‍ രാഹുലിന് നിര്‍ണായകമാണ്.