രാജ്യത്ത് തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അതിന് മുന്നെ തന്നെ എത്തിയ യുദ്ധാന്തരീക്ഷമാണ് പൊതുസമൂഹത്തിന്റെ ചര്‍ച്ചാ വിഷയം.
ഭരിച്ചിരുന്ന സര്‍ക്കാരിനെ വിലയിരുത്തുന്നതിനും പകരമുള്ള മുദ്രാവാക്യങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനും ജനാധിപത്യ സംവിധാനം നല്‍കുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ രാഷ്ട്രീയചര്‍ച്ചകളും വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് ചൂടുപിടിച്ച ഒരു കാലം രൂപപ്പെടാന്‍ തയ്യാറെടുത്തു വരുമ്പോഴാണ്, രാജ്യത്തിന്റെ ചര്‍ച്ചാ വിഷയങ്ങളെ മാറ്റിയെഴുതി യുദ്ധാന്തരീക്ഷം ഉടലെടുത്തത്. 

കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടകോട്ടങ്ങള്‍,വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പടെയുള്ള പതിവ്സമസ്യകള്‍, അതിന്റെ രാഷ്ട്രീയം, പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ബദല്‍ നിര്‍ദേശങ്ങള്‍,സഖ്യ രൂപീകരണങ്ങളുടെ കരുനീക്കങ്ങള്‍, നേതാക്കളുടെ താരതമ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളെ അപഹരിക്കേണ്ടയിടത്ത് ചര്‍ച്ച സംഘര്‍ഷാന്തരീക്ഷത്തെച്ചൊല്ലിയായി. ഫെബ്രുവരി 14 നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പൊതുസമൂഹത്തിന്റെ ചുവരെഴുത്തുകള്‍ യുദ്ധവും സമാധാനവും എന്ന സമസ്യയിലേക്ക് കേന്ദ്രീകരിച്ചു.1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും തൊട്ടു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിനും സമാനമായ അന്തരീക്ഷം എന്ന് താരതമ്യം ചെയ്യാവുന്ന അവസ്ഥ. യുദ്ധവും സമാധാനവും ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് വിഷയമാകുന്നു.

40 സി.ആര്‍.പി.എഫ്.ജവാന്‍മാരുടെ ജീവന്‍ ബലികൊടുത്ത പുല്‍വാമ ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായാണ് അപലപിച്ചത്. വളരെ കരുതലോടെയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പുല്‍വാമ ആക്രമണത്തെ കൈകാര്യം ചെയ്ത്. സമയമൊട്ടും വൈകാതെ എ.ഐ.സി.സി.ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റ് പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിന് പിന്തുണ ഉറപ്പിച്ചു. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ഈ നിലപാട് പ്രതിപക്ഷം ആവര്‍ത്തിച്ചു.

ഭീകരവാദത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വാഗ്ദാനം ചെയ്തു. സംയമനം പാലിച്ച ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഈ ഘട്ടത്തില്‍ തിരഞ്ഞടുപ്പ് പ്രചരണ വേദികളില്‍ വിഷയം ഉന്നയിച്ചില്ല. എന്നാല്‍ പന്ത്രണ്ട് ദിവസം കഴിഞ്ഞ് പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ അതിര്‍ത്തിസംഘര്‍ഷം തിരഞ്ഞെടുപ്പ് വേദികളിലേക്ക് പതുക്കെ നടന്നു കയറി. കോണ്‍ഗ്രസ് സര്‍ക്കാരല്ല,  ബിജെപി സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും അതുകൊണ്ടാണ് തിരിച്ചടിച്ചതെന്നും അസമിലെ വേദിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. ഷായും ബി.ജെ.പിയും ഭീകരാക്രമണത്തിനെതിരെയുള്ള നിലപാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ രാഷ്ട്രീയ യുദ്ധത്തിന് കളമൊരുങ്ങി.

rahul

എന്നാല്‍, പാകിസ്താന്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കുകയും ഇന്ത്യയുടെ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പിടിയിലാവുകയും ചെയ്ത സംഭവങ്ങള്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങളായിരുന്നു പിന്നീട്.  ദിവസങ്ങള്‍ പിന്നിട്ട ഉടന്‍, അതിര്‍ത്തിയില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നിലപാടും വിംഗ് കമാന്‍ഡറുടെ മോചനവും രാഷ്ട്രീയ റാലികളില്‍ അവകാശവാദമായി ഉയര്‍ത്താന്‍ ബി.ജെ.പി മടിച്ചില്ല. ബാലാകോട്ട് ആക്രമണവാര്‍ത്തള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെ രാജസ്ഥാനിലെ ചുരുവില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി വിഷയം ഉയര്‍ത്തി.

രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന് അവകാശപ്പെട്ടു. ഇതോടെ,ബാലാകോട്ട് ആക്രമണം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്തു വന്നു. ഭീകരാക്രമണത്തിനെതിരെയുള്ള നിലപാടുകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ പ്രമേയം പാസ്സാക്കി. കാശ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പുല്‍വാമയും അനുബന്ധ നടപടികളും രാഷ്ട്രീയ വിഷയമായി പതുക്കെ പരിണമിച്ചു.

ബാലാകോട്ട് നടന്ന പ്രത്യാക്രമണമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയ റാലികളില്‍ ആരോപണ-പ്രത്യാരോപണ വിഷയം. ബാലാകോട്ട് ആക്രമണത്തിലുണ്ടായ മനുഷ്യനാശം,വസ്തുനാശം തുടങ്ങിയവയുടെ കണക്കുകള്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു തുടങ്ങി. ആക്രമണത്തിന്റെ തെളിവ് ചോദിച്ച് രാജ്യത്തെ സേനയെ പ്രതിപക്ഷം അപമാനിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുല്‍വാമയും തുടര്‍ സംഭവങ്ങളും പ്രധാന ചര്‍ച്ചയാക്കാനുള്ള തിടുക്കമാണ് ഈ നീക്കങ്ങളില്‍ പ്രകടമായത്.

ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതടക്കമുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. പുറത്ത് വിടുമോ എന്ന് വ്യക്തവുമല്ല. വാര്‍ത്താ ഏജന്‍സികളിലൂടെ എത്തിയ 350 ഓളം മരണമെന്ന വാര്‍ത്തകള്‍ക്കപ്പുറം ഔദ്യോഗിക കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. കൊല്ലപ്പെട്ടവരുടെ കണക്ക് വ്യോമസേന ശേഖരിക്കാറില്ലെന്നും ടാര്‍ജറ്റില്‍ അടിച്ചോ എന്നത് മാത്രമാണ് തങ്ങളന്വേഷിക്കുകയെന്നും വ്യോമസേന മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കണക്ക് സര്‍ക്കാരാണ് നല്‍കുകയെന്നും അവര്‍ പറയുന്നു.

ഇതെ സമയം, 250 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഗുജറാത്തിലെ രാഷ്ട്രീയ റാലിയില്‍ അമിത് ഷാ അവകാശപ്പെട്ടതോടെ വിഷയം സങ്കീര്‍ണമായി. ഈ കണക്ക് ശരിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്നൂറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് നിങ്ങള്‍ പറയുന്നു,നിങ്ങള്‍ ഭീകരവാദത്തിന്റെയോണോ മരങ്ങളുടെയാണോ വേരറുത്തത് എന്ന് വ്യക്തമാക്കണമെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിധു ആവശ്യപ്പെട്ടു. ഒരു പദ്ധതിയുമില്ലാതെ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ കൊല്ലാന്‍ വിടുകയായിരുന്നോ എന്ന് ടി.എം.സി.നേതാവ് ഡെറിക് ഒബ്രയാന്റെ ചോദ്യം. അതോ ഇതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമാണോ ?ഞങ്ങള്‍ക്ക് നമ്മുടെ സേനയില്‍ വിശ്വാസമുണ്ട്. എന്നാല്‍ രാഷ്ട്രീയതട്ടിപ്പില്‍ വിശ്വാസമില്ലെന്ന് ഒബ്രയാന്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തെ ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു.രാജ്യത്തിന്റെ സുരക്ഷ ,അഭിമാനം എന്നിവ സുരക്ഷിതമായ കൈകളിലല്ല എന്നവര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഭീകരാക്രമണത്തിന്റെ കണക്ക് ചോദിക്കല്‍ സേനയെയും രാജ്യത്തെയും അപമാനിക്കലാണെന്ന് ആരോപിച്ച് അവര്‍ പ്രതിപക്ഷ ആരോപണങ്ങള്‍്ക്ക് പ്രതിരോധ വലയം തീര്‍ത്തു. രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍,21 പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെ അപലപിക്കാന്‍ ഡല്‍ഹിയില്‍ യോഗം ചേരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പട്നയിലെ റാലിയില്‍ ആരോപിച്ചു. 

പ്രതിപക്ഷത്തിന്റെ പ്രസ്താവനകളില്‍ പാകിസ്താന്‍ സന്തോഷിക്കുകയാണ്. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ താന്‍ യത്നിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന പുതിയ ആരോപണവും മോദി ഉയര്‍ത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞപ്പാള്‍ പാകിസ്താനാണ് പുഞ്ചിരിച്ചതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രസ്താവനകള്‍ രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങളെ നോവിച്ചതായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി ബ്ലോഗില്‍ എഴുതി. എന്‍.ഡി.എ.യുടെ ഘടകകക്ഷിയും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ കുറെക്കൂടി കടന്ന് പറഞ്ഞു. നമുക്ക് ബുദ്ധനെ (സമാധാനം )യാണ് ആവശ്യം. എന്നാല്‍ അനിവാര്യമാണെങ്കില്‍ യുദ്ധത്തെയും ആശ്രയിക്കാം. ബുള്ളറ്റ് യുദ്ധം ജയിച്ച മാതൃകയില്‍ തിരഞ്ഞെടുപ്പ് യുദ്ധവും ജയിക്കും. ബുദ്ധനെയും യുദ്ധത്തെയും ഒരുമിച്ച് കൊണ്ടു പോകുന്ന രീതിയാണ് പ്രധാനമന്ത്രി പിന്തുടരുന്നതെന്നാണ് പസ്വാന്‍ യുദ്ധത്തിന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞത്.

രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ ഒരിക്കല്‍ കൂടി യുദ്ധവും സമാധാനവും പ്രചരണ വിഷയമാവുകയാണ്. എന്നാല്‍,അതുകൊണ്ട് അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ മൂടിപ്പോകില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണ-പ്രതിപക്ഷങ്ങളും ജനങ്ങളുമാണ്.

Content Highlights: delhiyolam