ഹിന്ദി സിനിമയില്‍ രോഷാകുലനായ യുവാവായും പരുക്കന്‍ വില്ലനായും തിളങ്ങിയ ശത്രുഘ്‌നന്‍ സിന്‍ഹ, കഴിഞ്ഞവര്‍ഷം മാതൃഭൂമിക്ക് നല്‍കിയ  നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച രാഷ്ട്രീയചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രസക്തമായത്.''പാര്‍ലമെന്റില്‍ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കാലത്തുനിന്ന് മഹാഭൂരിപക്ഷത്തിലേക്ക് പാര്‍ട്ടിയെ നയിച്ച നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ഇപ്പോള്‍ എവിടെയാണ് ?മാര്‍ഗ ദര്‍ശക് മണ്ഡലിലാണോ ?ഇതുവരെ മാര്‍ഗ ദര്‍ശക് മണ്ഡല്‍ എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ട് ?''.കഴിഞ്ഞ വര്‍ഷമാണ് ശത്രുഘ്‌നന്‍ ഈ ചോദ്യം ചോദിച്ചത്. അന്ന് അദ്വാനി ലോക്‌സഭാംഗമാണ്,അതിനപ്പുറം ബി.ജെ.പിയുടെ ഉന്നത ഉപദേശകസമിതിയായ മാര്‍ഗ്ഗ ദര്‍ശക് മണ്ഡലിലെ അംഗമാണ്.എന്നാല്‍,വര്‍ഷമൊന്ന് പിന്നിടുമ്പോള്‍,അദ്വാനിക്ക് ആ വിലാസങ്ങളും നഷ്ടമായിരിക്കുന്നു.ഡല്‍ഹിനഗര ഹൃദയത്തിലെ പൃഥ്വിരാജ് റോഡില്‍ മുപ്പതാം നമ്പര്‍ വസതിയിലെ ഏകാന്തയിലേക്ക് അദ്വാനി മടങ്ങിയിരിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരിക്കലും യോഗം ചേരാത്ത മാര്‍ഗ്ഗ ദര്‍ശക് മണ്ഡലിലേക്ക് ഒതുക്കപ്പെട്ട അദ്വാനിയും കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോക്‌സഭയ്ക്കുള്ളില്‍ ഒരക്ഷരം പോലും മിണ്ടാന്‍ കഴിയാതെ മൗനത്തില്‍ തളച്ചിടപ്പെട്ട അദ്വാനിയും ഒരാള്‍ തന്നെ. ഒടുവില്‍ തൊണ്ണൂറ്റിയൊന്ന് വയസ്സെന്ന കാരണം -പറയാതെ- പറഞ്ഞ് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട അദ്വാനിയും മറ്റൊരാളല്ല. എന്നാല്‍,ഗുജറാത്ത് കലാപത്തിനിടയില്‍ ഗോവയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍,അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായകവേളയില്‍ ശിഷ്യനെ കൈവിടാതെ കൈപിടിച്ച രക്ഷകനായി അവതരിച്ച അദ്വാനിയും വേറൊരാളല്ല എന്ന യാഥാര്‍ഥ്യം ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയതിരത്തള്ളലില്‍ കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു.
 
അദ്വാനി അന്നും ഇന്നും ഒരാള്‍ തന്നെ. എന്നാല്‍ അദ്വാനിയുടെ പാര്‍ട്ടി അദ്ദേഹത്തിനും/അദ്ദേഹത്തെയും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ മാറിപ്പോയി. ഇത് സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞാണ്, പഴയ ശിഷ്യന്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദവിയിലേക്ക് വാഴിക്കുന്നതിന് മുന്നോടിയായി 2013 ല്‍  തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ പദത്തില്‍ അവരോധിച്ചപ്പോള്‍ അദ്വാനി കലഹിച്ചതും,നിലവിലുള്ള പാര്‍ട്ടി പ്രവര്‍ത്തനരീതിയോടോ പാര്‍ട്ടി പോകുന്ന ദിശയോടോ തനിക്ക് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചതും. പ്രധാനമന്ത്രിക്കസേരയിലേക്കുള്ള തന്റെ യാത്ര മോദി സ്വന്തമാക്കിയതിലുള്ള ആത്മരോഷം മാത്രമായിരുന്നില്ല,അദ്വാനിയുടെ ഈ വിയോജിപ്പിലൂടെ പുറത്ത് വന്നത്.

താനും കൂടി ചേര്‍ന്ന് നട്ടുവളര്‍ത്തിയ ഒരു പ്രസ്ഥാനം തനിക്ക് അപ്രാപ്യമാകുമെന്ന മുന്നറിവിലുള്ള ആശങ്കകൂടിയായിരൂന്നു.ആ ആശങ്ക ശരിയായിരുന്നുവെന്ന് അദ്വാനികഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ തിരിച്ചറിഞ്ഞു.ബി.ജെ.പി യുടെ തീവ്രമുഖമെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്നയാള്‍ നിഴല്‍മാത്രമായി ലോക്‌സഭയുടെ ഒന്നാംനിരയില്‍ നിശബ്ദനായി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍,ഇക്കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മനസ്സിലൂടെ കടന്നു പോയിരിക്കണം.അദ്വാനി മാത്രമല്ല,മുതിര്‍ന്ന നേതാക്കളായ ഡോ.മുരളീ മനോഹര്‍ ജോഷി,കല്‍രാജ് മിശ്ര,ബിജോയ് ചക്രവര്‍ത്തി,ശാന്തകുമാര്‍ തുടങ്ങിയവരും ഇക്കുറി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരാണ്.ബി.ജെ.പി പേറുന്ന രാഷ്ട്രീയത്തെ ഇന്ത്യ മുഴുവന്‍ ഉയര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത നേതാക്കളെ തലമുറമാറ്റമെന്ന സാങ്കേതിക കാരണം കൊണ്ട് ഒറ്റയടിക്ക്് തുടച്ചു മാറ്റുമ്പോള്‍,ബി.ജെ.പിയുടെ ഒരു രാഷട്രീയ ചരിത്രം കൂടിയാണ് ജീവിച്ചിരിക്കെ മാഞ്ഞു പോകുന്നത്.ആളും അര്‍ഥവും സ്വത്തും സമ്പാദ്യവും അധികാരവും ആനയമ്പാരിആഡംബരങ്ങളും കൈവരുമ്പോള്‍,വീട്ടിലെ കാരണവര്‍ അത്ര പോരെന്ന്് പുതുതലമുറയ്ക്ക് തോന്നുന്നത് അംഗീകരിച്ചു കൊടുക്കാതിരിക്കലാണ് കാലപ്പഴക്കം കൊണ്ട് പക്വതയാര്‍ജിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യേണ്ടത്.

പ്രായാധിക്യം എന്ന കാരണം 

പ്രായാധിക്യം എന്ന കാരണം ഉയര്‍ത്തിയാണ് അദ്വാനി ഉള്‍പ്പടെയുള്ള സ്ഥാപക നേതാക്കളെ ബി.ജെ.പിയുടെ പുതുരാഷ്ട്രീയം മാറ്റി നിര്‍ത്തുന്നത്.ഈ ഘട്ടത്തില്‍ ശത്രുഘന്‍ സിന്‍ഹയുടെ ഒരു വാചകം കൂടി കടമെടുക്കാം :''പ്രായം ചെല്ലുന്തോറും പരിചയസമ്പരാവുകയാണ് പതിവ്.നിങ്ങള്‍ അദ്വാനിയെ നയന്റി പ്ലസ് ഓള്‍ഡ് എന്ന് പറയും.ഞങ്ങള്‍ അദ്ദേഹത്തെ 90 പ്ലസ് യംഗ് എന്ന് പറയും.ഒഴിവാക്കുന്നതിന് ഒരു വിശ്വസനീയമായ മറുപടി നല്‍കേണ്ടതല്ലേ ?കഴുത്തറുപ്പന്‍ രാഷ്ട്രീയമാണിത്.''
                      
മോദിയും അമിത് ഷായും കയ്യടക്കിയ പാര്‍ട്ടിയിലും സര്‍ക്കാരിലും അദ്വാനിക്കോ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കോ കഴിഞ്ഞ 5 വര്‍ഷമായി ഒരു പരിഗണനയും നല്‍കിയിരുന്നില്ല.മോദി അധികാരത്തില്‍ എത്തിയ ഉടന്‍ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുടെ ഉപദേശക സമിതിയായ മാര്‍ഗ ദര്‍ശക് മണ്ഡലിലേക്ക് മാറ്റിയിരുന്നു.വാജ്‌പേയി,അദ്വാനി,യശ്വന്ത് സിന്‍ഹ,ഡോ.മുരളീമനോഹര്‍ ജോഷി തുടങ്ങിയവരായിരുന്നു മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ അംഗങ്ങള്‍. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഈ സമിതി യോഗം ചേര്‍ന്നിട്ടില്ല.പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല,പാര്‍ലമെന്റിനുള്ളിലും ഈ നേതാക്കള്‍ മൗനം ഭക്ഷിച്ചാണ് കഴിഞ്ഞത്.പതിനൊന്ന് വട്ടം ലോക്സഭാംഗമായ അദ്വാനി കഴിഞ്ഞ അഞ്ച് വര്‍ഷം ലോക്സഭയ്ക്കുള്ളില്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു.സ്പീക്കറെ അനുമോദിക്കുന്നതുള്‍പ്പടെ 5 അവസരങ്ങളില്‍ ചെറുവാക്കുകള്‍ ഉരുവിട്ടതല്ലാതെ ചര്‍ച്ചകള്‍,ചോദ്യങ്ങള്‍,പ്രസംഗങ്ങള്‍ എന്നിവയിലൊന്നും അദ്വാനിയുടെ സ്വരം ഉയര്‍ന്നില്ല.ലോക്സഭയുടെ രേഖകള്‍ പ്രകാരം 2014 ന്റെ തുടക്കത്തില്‍ 356 വാക്കുകള്‍ പറയാന്‍ കഴിഞ്ഞതല്ലാതെ 2014 ഡിസംബര്‍ 19 മുതലുള്ള സമ്മേളന കാലയളവുകളില്‍ അദ്വാനി സംസാരിച്ചിട്ടില്ല.2009 നും 2014 നും ഇടയില്‍ 42 ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാവായിരുന്നു അദ്വാനിയെന്നത്് ഈ അവസരത്തില്‍ ഓര്‍മിക്കണം.എന്നാല്‍ പ്രായാധിക്യം കാരണമാക്കി പാര്‍ട്ടി മാറ്റി നിര്‍ത്തിയ ഈ നേതാവ്,2014 ജൂണ്‍ 4 മുതല്‍ 2019 ജനവരി 8 വരെയുള്ള കാലയളവില്‍ നടന്ന ലോക്സഭാ സമ്മേളനങ്ങളില്‍ 92 ശതമാനം ഹാജര്‍ നില നേടി !അതായത് ഈ കാലയളവില്‍ 16 സമ്മേളനങ്ങളിലായി 321 ദിവസം സഭ ചേര്‍ന്നപ്പോള്‍ 296 ദിവസങ്ങളിലും അദ്വാനി ഹാജരുണ്ടായിരുന്നു.പ്രായാധിക്യമില്ലാത്ത നേതാക്കളെക്കാള്‍ ബഹുദൂരം മുന്നില്‍ !

അദ്വാനിക്ക് നിര്‍ബന്ധിത വിരമിക്കല്‍ ?

ബി.ജെ.പി രാഷ്ട്രീയത്തില്‍ അദ്വാനിയുഗത്തിന് നിര്‍ബന്ധിത തിരശ്ശീല വീണെന്നാണ് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ അദ്വാനിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ അഭിപ്രായപ്പെട്ടത്. തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്‍ബന്ധിത വിരമിക്കല്‍.അദാനി യുഗം ആരംഭിച്ചപ്പോള്‍ അദ്വാനി യുഗം അവസാനിച്ചെന്ന് ചിലര്‍ അടക്കം പറഞ്ഞു !

ദീര്‍ഘകാലം പാര്‍ലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ബി.ജെ.പിയുടെ മേല്‍വിലാസങ്ങളായിരുന്നു എ.ബി.വാജ്‌പേയിയും എല്‍.കെ.അദ്വാനിയും. ഈ രണ്ട് നേതാക്കളുടെ ബലത്തിലായിരുന്നു ബി.ജെ.പി ദീര്‍ഘകാലം ദേശീയതലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം സംസാരിച്ചത്.അദ്വാനി-വാജ്പേയി ദ്വന്ദങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയം കറങ്ങുന്ന കാലത്ത് അദ്വാനി തീവ്രരാഷ്ട്രീയ മുഖവും വാജ്പേയി മിതവാദമുഖവുമായിരുന്നു.ഒരാള്‍ സൗമ്യനായിരുന്നെങ്കില്‍ മറ്റെയാള്‍ കര്‍ക്കശക്കാരന്‍.വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനി ഉപപ്രധാനമന്ത്രി.പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോഴാകട്ടെ പഴയ ശിഷ്യന് വേണ്ടി വഴി മാറേണ്ടി വന്നത് ചരിത്രം.വാജ്‌പേയി മരണത്തില്‍ മറഞ്ഞു.അദ്വാനിയാകട്ടെ മത്സരിക്കാന്‍ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയ വിസ്മൃതിയിലേക്ക്.ഒരിക്കല്‍ ബി.ജെ.പിയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന എല്‍.കെ.അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.എന്നാല്‍ മോദിയും അമിത്ഷായും ബി.ജെ.പിയുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തതോടെ അദ്വാനിയുഗത്തിന് തിരശ്ശീലയായി. 

ആഗ്രഹിക്കാത്ത സമയത്ത് അടിച്ചേല്‍പിച്ച വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സ്വാഭാവികമായും മുതിര്‍ന്ന നേതാക്കള്‍ അസ്വസ്ഥരാണ്.സീറ്റ് നിഷേധിച്ചതിലല്ല,അതിന് സ്വീകരിച്ച രീതിയിലാണ് വേദനയെന്ന്് നേതാക്കള്‍ അടുപ്പമുള്ളവരോട് പറഞ്ഞതായി ഡല്‍ഹിയിലെ രാഷ്ട്രീയഇടനാഴികളില്‍ സംസാരമുണ്ട്.കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചു വിടുന്നതിനായി കൈക്കൊള്ളാറുള്ള രീതികളാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നാണ് ആരോണം.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം ലാലിനെയാണ് സീറ്റ് നിഷേധം അറിയിക്കാന്‍ ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ രാം ലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്നെത്തിയ വിളികള്‍ നേതാക്കള്‍ക്കുള്ള നിര്‍ബന്ധിത വിരമിക്കല്‍ അറിയിപ്പുകളായി മാറി.ഒരു ഫോണ്‍വിളി കൊണ്ട് ഒരു യുഗം മാറുന്ന സമീപനം. എന്നാല്‍,പ്രധാനമന്ത്രി മോദിയോ ദേശീയ അധ്യക്ഷന്‍ അമിത് ഷായോ  വിളിക്കുകയോ കാര്യങ്ങള്‍ വിശദീകരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് നേതാക്കളുടെ സങ്കടം.ബി.ജെ.പി യെന്ന പാര്‍ട്ടിയെ നട്ടുവളര്‍ത്താനും കോണ്‍ഗ്രസിന് ബദല്‍ രാഷ്ട്രീയ ശക്തിയാക്കാനും ഈ നേതാക്കള്‍ നല്‍കിയ ജീവിത കാല സംഭാവനകളുടെ ചരിത്രത്തില്‍ നിന്ന് നോക്കിയാല്‍ ഈ സങ്കടത്തിന് ആഴമേറെയാണ്.

content highlights: bjp denies seats for l k advani and Murli Manohar Joshi