ഹനാബാദിനും ഗയക്കും ഇടയിലെ തനി ബിഹാര്‍ പ്രദേശമാണ് മഖ്ദംപൂര്‍.പട്ടിണി മേഞ്ഞുനടക്കുന്ന ഗ്രാമത്തിലെ ആഡംബരങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച റെയില്‍വെപാതയും സ്റ്റേഷനും മാത്രം.തുറന്നു കിടക്കുന്ന സ്റ്റേഷനുള്ളില്‍ പച്ചക്കറിച്ചന്തയും ആളെ നിരത്തിയിരുത്തി മുടിമീശകള്‍ മുറിക്കുന്ന ലോക്കല്‍ ബാര്‍ബര്‍ ഷോപ്പുകളും നിറയെ.രാവിലെ പത്തുമണിക്ക് വരേണ്ട ഗയ പാസഞ്ചറും കാത്ത്  കുഞ്ഞുകുട്ടിപരാധീനങ്ങളും ആടുമാട്കോഴികളുമായി സ്റ്റേഷന്‍ പരിസരം നിറഞ്ഞു.

വണ്ടി വൈകിയോട്ടമാണ്.അത് പതിവായതിനാല്‍ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല.വണ്ടി എപ്പോള്‍ വരുമെന്ന് അടുത്ത് നിന്ന ചെറുപ്പക്കാരനോട് ചോദിച്ചപ്പോള്‍,'ആനേവാലാ ഹേ ' എന്ന് മറുപടി തന്നിട്ടവന്‍ ആകാശത്തേക്ക് നോക്കി. യുവാവിനൊപ്പം മുകളിലേക്ക് കണ്ണെറിഞ്ഞപ്പോള്‍ ശൂന്യമായ ആകാശം.അതായിരിക്കും മറുപടിയെന്ന് മനസ്സിലായി.കൗണ്ടറില്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പാന്‍ ചവച്ച് ഒരു തുള്ളി ഇറക്കിയശേഷം,ആള്  വരത്തനാണെന്ന് ചോദ്യത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചിരിച്ചുകൊണ്ട് അവനും ആവര്‍ത്തിച്ചു,'ആനേവാലാ ഹേ'.ആനേ വാല പലരും ആവര്‍ത്തിച്ചപ്പോള്‍ മനസ്സിലായി,ഉടനെ എങ്ങും വരാന്‍ പോകുന്നില്ല !
             
മാവോയിസ്റ്റുകളുടെ സാന്നിധ്യമേഖലയാണ് മഖ്ദംപൂര്‍ ഉള്‍പ്പെടുന്ന ജഹനാബാദ് ജില്ല.മാവോയിസ്റ്റുകളുടെ ജയില്‍ഭേദനം കൊണ്ട് പേരുറച്ച ജഹനാബാദ് നഗരം മഖ്ഗംപൂറില്‍ നിന്ന് അകലെയല്ല. 2005 ഡിസംബര്‍ 13 ന് രാത്രിയില്‍ ആയുധധാരികളായ ആയിരത്തോളം മാവോയിസ്റ്റുകള്‍ ജില്ലാ ജയില്‍ ആക്രമിക്കുകയും സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി അജയ് കാനു ഉള്‍പ്പടെ 341 തടവുകാരെ മോചിപ്പിക്കുകയും ചെയ്ത സംഭവമാണ് ജഹനാബാദ് ജയില്‍ ഭേദനം. വികസനവും പുരോഗമനവും വാതോരാതെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റാണ്ടിന് പിന്നില്‍ നില്‍ക്കുന്ന മഹാദളിതുകള്‍ ജീവിക്കുന്ന ഗ്രാമങ്ങളാണ് ജഹാനാബാദിന്റെ ഉള്ളടക്കം.ഒരു വര്‍ഷത്തില്‍ ഒരു മാസം തികച്ച് തൊഴില്‍ കിട്ടാത്ത ഗ്രാമീണര്‍.ജന്മിയുടെ വയലില്‍ കൃഷിപ്പണി കിട്ടിയാലും 5 കിലോ ധാന്യമാണ് കൂലി.അതായത് 100 രൂപ.ബാക്കി മാസങ്ങളില്‍ പഞ്ഞവും പട്ടിണിയും.ആ സമയത്ത് തൊഴില്‍ തേടി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പലായനം അല്ലെങ്കില്‍,ഉത്തരേന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ചെറുകിട ജോലികള്‍.
                                   
ആലോചനയിലാണ്ടു നില്‍ക്കുമ്പോള്‍,റെയില്‍വെ സ്റ്റേഷനില്‍ ആളെണ്ണം കൂടിക്കൊണ്ടിരുന്നു.പ്ലാറ്റ് ഫോമിന്റെ ഒരുകില്‍ വട്ടമിട്ടിരുന്ന അഞ്ചാറ് പേര്‍ക്ക് നടുവില്‍ നിന്ന സുമുഖനായ ചെറുപ്പക്കാരന്‍  ചെറുബാഗ് തുറന്ന് രണ്ടുവളയങ്ങള്‍ പെട്ടെന്ന് പുറത്തെടുത്തു..നോക്കണം. എന്റെ കയ്യില്‍ രണ്ട് വളയങ്ങള്‍.ഒന്ന് ഒന്നില്‍ കുടുങ്ങിയിരിക്കുന്നു. രണ്ടും വേര്‍പെടുത്തണം.സാധിക്കുമോയെന്ന് നോക്കു'- തമ്മില്‍ കൊരുത്ത വളയങ്ങള്‍ യുവാവ് കാഴ്ചക്കാരില്‍ ഒരാള്‍ക്ക് കൈമാറി.

ravish kumar
 മഖ്ദംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരുന്നു വില്‍പനക്കെത്തിയ രവീഷ് കുമാര്‍

അയാള്‍ പരാജയപ്പെട്ടപ്പോള്‍ അടുത്ത ആള്‍ക്ക്.മത്സരിച്ച് പാന്‍ ചവയ്ക്കുന്നവര്‍ക്ക് വലിയ കുടുക്ക് ഇട്ടു കൊടുത്ത് ചെറിയ ചിരിയോടെ യുവാവ് മാറി നിന്നു.വില കുറഞ്ഞതെങ്കിലും വൃത്തിയായ വേഷം ധരിച്ച ചെറുപ്പക്കാരന്‍ പിന്നെ വഴിക്ക് വഴി ചെറുമാജിക്കുകള്‍ പുറത്തെടുത്തു.മാജിക്കിനിടയില്‍ നിര്‍ത്താതെ സംസാരം.കഥയും ഉപകഥകളും ഗുണപാഠകഥകളും ഇടതടവില്ലാതെ നിരന്നു.തല കുലുക്കിയും ചിരിച്ചും ബീഡി ആഞ്ഞു വലിച്ചും പാന്‍ നീട്ടിത്തുപ്പിയും ആളുകള്‍ കൂടുതലായി അടുത്തുകൂടി.അത് കാഴ്ചക്കാരുടെ വന്‍ സംഘമായി. ഏറ്റവും ഒടുവില്‍ സഞ്ചിയില്‍നിന്ന് പുറത്തെടുത്ത മാജിക് അവന്റെ ജീവിതമാര്‍ഗ്ഗമായിരുന്നു.പാന്‍ തിന്ന് തിന്ന് പല്ലില്‍ പറ്റിയ കറകള്‍ നീക്കം ചെയ്യാനുള്ള മരുന്ന്.കുപ്പിക്ക് മുപ്പതു രൂപ വില.അതിന്റെ ഗുണങ്ങള്‍ വര്‍ണിച്ച് പത്തുമിനുട്ട്.ആരെയും നിര്‍ബന്ധിക്കുന്നില്ല.നിമിഷങ്ങള്‍ക്കുള്ളില്‍  അവന്റെ സഞ്ചിയൊഴിഞ്ഞു.കറ നീക്കാനുള്ള മരുന്ന്  ജീവിതമാര്‍ഗ്ഗമായിട്ടും, പാന്‍ തിന്നരുതെന്ന് എല്ലാവരെയും ഉപദേശിക്കാന്‍ അവന്‍ മടിച്ചില്ല.    

''ദുനിയാ കാ സബ്സെ ബഡാ അമീര്‍ കോന്‍ ഹേ ? ''(ഈ ലോകത്തെ  ഏറ്റവും വലിയ ധനവാന്‍ ആരാണ് ? ).അടുത്ത കഥയിലേയ്ക്ക് കടക്കും മുമ്പ് യുവാവിന്റെ ചോദ്യം.വില്‍പന കഴിഞ്ഞിട്ടും കഥപറച്ചില്‍ നിര്‍ത്തിയില്ല എന്നതാണ് മറ്റ് വഴിയോര വില്‍പനക്കാരില്‍ നിന്ന് അവനെ വ്യത്യസ്തനാക്കിയത്.'അംബാനി !'-ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു പറ്റം യുവാക്കള്‍ ഉടന്‍ മറുപടിയായി വിളിച്ചു പറഞ്ഞു.പട്ടിണിക്കിടയിലും ബിഹാറിന്റെ രാഷ്ട്രീയബോധം ജനങ്ങളില്‍ അടിമുടിയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ഉത്തരം.'അംബാനി ഇന്ത്യാ കാ അമീര്‍ ഹെ.ദുനിയാ കാ അമീര്‍ നഹീ ഹെ ' (അംബാനി ഇന്ത്യയിലെ ധനികന്‍ ആണ്.ഈ ലോകത്തെ ഏറ്റവും വലിയ ധനികന്‍ അല്ല)എന്ന് ചോദ്യകര്‍ത്താവിന്റെ പ്രതികരണം.'ഇവരാരുമല്ല.പാവപ്പെട്ടവരെ സഹായിക്കുന്നവനാണ് ഏറ്റവും വലിയ ധനികന്‍.സ്നേഹം കൊണ്ടുള്ള ധനത്തിന്റെ ഉടമ.ദൈവമിരിക്കുന്നത് വേറെ ഒരിടത്തുമല്ല,അവന്റെ ഉള്ളിലാണ്,ഭായ്...'ചെറുമാന്ത്രികന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്ക് ആള്‍ക്കൂട്ടം കയ്യടിച്ചതും, ഗയയില്‍ നിന്ന്  യാത്രക്കാരെ കുത്തി നിറച്ച് പാസഞ്ചര്‍ എത്തിയതും ഒരുമിച്ച്.

ഒരു വിധം വണ്ടിക്കകത്ത് കയറുമ്പോഴേക്ക്,തൊട്ടുപിന്നില്‍ യുവമാന്ത്രികനുമുണ്ട്.രവീഷ് കുമാറെന്നാണ് പേര്.ജഹാനാബാദ് സ്വദേശി.പ്രീഡിഗ്രി വരെ പഠിച്ചു.തൊഴിലൊന്നും കിട്ടിയില്ല.ഉച്ചവരെ തീവണ്ടി സ്റ്റേഷനുകളില്‍ കയറി ഇറങ്ങും.കൊല്‍ക്കത്തയില്‍ നിന്നത്തുന്ന മരുന്ന് കുപ്പികളുടെ വില്‍പന.ആറംഗങ്ങളുള്ള കുടുംബത്തിന്റെ പ്രധാന വരുമാനം.കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍,മുഖത്ത് സൂര്യപ്രകാശം.'നിങ്ങള്‍ ഭാഗ്യവാന്‍മാരാണ് ഭായ് സാബ് ''എന്ന് ചിരിച്ച് പറഞ്ഞ ശേഷം കൈവീശി ജഹനാബാദ് സ്റ്റേഷനില്‍ ഇറങ്ങി രവീഷ് മറഞ്ഞു.ആ ചിരി എല്ലാ സൂര്യനെയും തോല്‍പിച്ചു.

സുനേരയുടെ സങ്കടങ്ങള്‍

ജഹനാബാദ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സാമൂഹികപ്രവര്‍ത്തകന്‍ സുനില്‍ മാഞ്ചിയുടെ ബൈക്കിനു പിന്നിലിരുന്നാണ് സുനേരയിലേക്ക് പോയത്.കടുകുപാടങ്ങളുടെ നടുവിലൂടെ റോഡുണ്ടെന്ന സങ്കല്‍പത്തില്‍ ഏതെക്കെയോ വഴികളിലൂടെ സുനിലിന്റെ ബൈക്ക് പാഞ്ഞു.കൊടുംതണുപ്പും കൊടും മഞ്ഞും.സുന്ദരമായ ഒരു വിദേശപേരിനോട് ചായ്‌വ് കാട്ടുന്ന സുനേര എന്ന പേരിനെക്കുറിച്ച് ആലോചിച്ച് കണ്ണടച്ചിരുന്നു.എന്നാല്‍ പേരിന്റെ സൗന്ദര്യമല്ല,കൊടുംപട്ടിണിയുടെ ഭൂപടമാണ് അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുന്നില്‍ നിവര്‍ന്നത്.അഴുക്കുചാലുകള്‍ വഴിയായി മുന്നില്‍.പുല്ലുമേഞ്ഞ കുടിലുകളില്‍ യഥാര്‍ഥ ഇന്ത്യ.ഉടുതുണിയില്ലാത്ത കുട്ടികളും ദാരിദ്രം വിളിച്ചോതുന്ന വസ്ത്രങ്ങളില്‍ മുതിര്‍ന്നവരും അഴുക്കില്‍ കുളിച്ച അന്തരീക്ഷവും.ബിഹാറില്‍ ഒരിക്കല്‍ നാടന്‍മദ്യം സുലഭമായിരുന്ന ഗ്രാമമായിരുന്നു സുനേര.

മദ്യനിരോധനത്തിന് മുമ്പ് സുനേരയില്‍ ഒരു നേരത്തും ആള്‍ത്തിരക്കൊഴിഞ്ഞിരുന്നില്ല.മഖ്ദംപൂര്‍ താലൂക്കില്‍ നാടന്‍ മദ്യമായ (ദേശി ദാരു )മഹ്വയുടെ നിര്‍മാണ-വിപണനകേന്ദ്രമായിരുന്നു സുനേര.ഇരുട്ടുമ്പോഴും വെളുക്കുമ്പോഴും മദ്യവില്‍പന തകൃതി.അടുത്ത ഗ്രാമങ്ങളില്‍നിന്ന് പോലും മദ്യം തേടി വാഹനങ്ങളും ആളുകളും.'നിരോധനത്തിന് മുമ്പ് ഈ വഴികളില്‍ നടക്കാന്‍ പ്രയാസമായിരുന്നു.അത്ര തിരക്കായിരുന്നു'വെന്ന് സുനില്‍ പറഞ്ഞു. 

മദ്യം വിറ്റ് പ്രതിദിനം രണ്ടായിരം രൂപ ഉണ്ടാക്കുമായിരുന്നുവെന്ന് ഗ്രാമീണര്‍.ആ സമയത്ത് കൈനിറയെ പണമുണ്ടായിരുന്നുവെന്ന് സുനേര നിവാസിയായ ദേവ് ശരണ്‍ കുമാര്‍.എന്നാല്‍ 2015 നവംബര്‍ 26 ന് ബിഹാര്‍ സര്‍ക്കാര്‍ മദ്യനിരോധനമേര്‍പ്പെടുത്തിയതോടെ,സുനേരയിലും മദ്യനിര്‍മാണ-വില്‍പനയ്ക്ക് അടപ്പ് വീണു.മദ്യനിരോധനത്തെ വലിയ ഒരുവിഭാഗം സ്വാഗതം ചെയ്തപ്പോള്‍ വരുമാനം നിലച്ചതില്‍ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തി.നിരോധനത്തോടെ തങ്ങളുടെ വരുമാനം നിലച്ചെന്നും പട്ടിണിയായെന്നും നിരോധന വിരുദ്ധരായ ഗ്രാമീണര്‍ പറയുന്നു.പകരം ജോലിക്കുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കാതെയാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് അവര്‍ പരിതപിക്കുന്നു.എന്നാല്‍,നിരോധനത്തോടെ വീടുകളില്‍ സമാധാനമായെന്നായിരുന്നു സ്ത്രീകളുടെ പക്ഷം.രണ്ടായിരം രൂപ ദിവസവും കിട്ടിയാലും ഒരു രൂപ പോലും വീട്ടിലെത്തില്ല.എല്ലാ പണവും അതെ കള്ളില്‍ തന്നെ കളയും.പിന്നെ രണ്ടായിരം കിട്ടിയിട്ടെന്ത് കാര്യം ?മാത്രമല്ല,മദ്യപിച്ചിട്ടു വന്ന് വീട്ടുകാരെ മര്‍ദ്ദിക്കുന്നത് സ്ഥിരം പതിവായിരുന്നു.അതും അവസാനിച്ചെന്ന് സ്ത്രീകള്‍ പ്രതികരിക്കുന്നു.
                                          
മദ്യനിരോധനത്തോടെ ഗ്രാമങ്ങളില്‍ സമാധാനമെത്തിയെന്ന് സാമൂഹിക പ്രവര്‍ത്തകയായ ഇന്ദു പറഞ്ഞു.'മദ്യത്തില്‍ നിന്ന് കിട്ടുന്ന പണം മദ്യത്തില്‍ തന്നെ തീര്‍ക്കലായിരുന്നു ഇവരുടെ രീതി.ഒരു പൈസ പോലും വീട്ടില്‍ കൊടുക്കില്ല.പാന്‍ തിന്നാനും കള്ള് കുടിക്കാനും കളയും.എല്ലാ ദിവസവും അടിപിടി കേസുകളും പോലീസുകാരുടെ വരവുപോക്കുമായിരുന്നു.വീട്ടിലുള്ളവരെ മര്‍ദ്ദിക്കുക പതിവ്.പുറത്തുനിന്ന് കുടിക്കാനെത്തുന്നവര്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങളും കുറവായിരുന്നില്ല.ഇപ്പോള്‍ സമാധാനമുണ്ടെന്ന് 'ഇന്ദു പറയുന്നു.
                                        
മലയാളി സാമൂഹിക പ്രവര്‍ത്തക സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസ്,ബിഹാര്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ദു തുടങ്ങിയവരുടെ അഭ്യര്‍ഥന പ്രകാരമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മദ്യനിരോധനത്തെക്കുറിച്ച് ചിന്തിച്ചത്.പട്നയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ച് താന്‍ ഇക്കാര്യം ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നതായി ഇന്ദു പറഞ്ഞു.ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഇന്ദു ഓര്‍ക്കുന്നു.
                                     
മദ്യനിരോധനത്തിലൂടെ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് പകരം തൊഴില്‍മേഖലകള്‍ തുറന്നു നല്‍കിയില്ല എന്നതാണ് മദ്യം മുഖ്യവരുമാനമാക്കിയിരുന്നവര്‍ ആരോപിക്കുന്നത്.എന്നാല്‍ നിതീഷ് സര്‍ക്കാരിന്റെ ജീവിക തുടങ്ങിയ സാമൂഹികക്ഷേമ പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ വരുമാനമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.മദ്യത്തില്‍നിന്ന് വന്‍ വരുമാനം കിട്ടിയെന്ന് പറയുന്നവര്‍,എത്ര പണം സൂക്ഷിച്ചുവച്ചുവെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പകരം ചോദിക്കുന്നു.കന്നുകാലി വളര്‍ത്തല്‍,കൃഷി തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ പകരം ജീവിതമാര്‍ഗ്ഗം കണ്ടെത്തി നല്‍കാന്‍ പഞ്ചായത്തിന് വരുമാനമില്ലെന്ന് സുനേര ഉള്‍പ്പെട്ട വാര്‍ഡിന്റെ പ്രതിനിധി (പഞ്ച് )സതീഷ് മാഞ്ചി പറയുന്നു.22 വാര്‍ഡുകള്‍ ഈ പഞ്ചായത്തിലുണ്ട്.എല്ലാ വാര്‍ഡിനും വീതിച്ചു നല്‍കാന്‍ പണമില്ല.
    
സുനേരയെ പോലെയുള്ള ഗ്രാമങ്ങളില്‍ കൃഷിയല്ലാതെ മറ്റ് തൊഴില്‍ മാര്‍ഗ്ഗങ്ങളില്ല.ബിഹാറിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളായ ഇവിടെ ഫാക്ടറികളോ സ്ഥാപനങ്ങളോ ഇല്ല.ഇരുന്നൂറോളം കുട്ടികള്‍ക്കായി ഒരു അങ്കണ്‍വാടി മാത്രം.എന്നാല്‍ നീതീഷ് സര്‍ക്കാര്‍ വന്നതിന് ശേഷം ഗ്രാമത്തിലേക്ക് റോഡുകളും വൈദ്യുതിയും വെള്ളവുമെത്തിയെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടുന്നു.ബിഹാറില്‍ മദ്യനിരോധനവും തിരഞ്ഞെടുപ്പ് വിഷയമാണ്.മദ്യനിരോധന നടപടി ജെ.ഡി.യുവിനും എന്‍.ഡി.എ.യ്ക്കും വന്‍ പിന്തുണ ഉറപ്പിക്കുമെന്ന് ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടു.നിരോധനത്തെ സ്ത്രീകള്‍ വിപുലമായി സ്വാഗതം ചെയ്തതായി പ്രശാന്ത് പറഞ്ഞു.
     
അതെ സമയം,സ്ത്രീകളുടെ പിന്തുണ ഉള്ളതിനാല്‍ മദ്യനിരോധനത്തെ നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം.അതിനാല്‍,മദ്യ നിരോധനം കാര്യക്ഷമമായല്ല നടപ്പാക്കിയതെന്ന ആരോപണമുയര്‍ത്തിയാണ് മദ്യനിരോധനത്തെ പ്രതിപക്ഷം നേരിടുന്നത്.ദളിത്,മഹാദളിത് വിഭാഗങ്ങളായിരുന്നു ബിഹാറില്‍ നാടന്‍ മദ്യമുണ്ടാക്കിയിരുന്നവരില്‍ ഏറെയും.അവര്‍ക്ക് പകരം വരുമാനമുണ്ടാക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ ആരോപിക്കുന്നു.
            
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി,നോട്ട് പിന്‍വലിക്കല്‍,ജി.എസ്.ടിയുടെ ആശയക്കുഴപ്പം തുടങ്ങിയ വിഷയങ്ങളും ബിഹാര്‍ ഗ്രാമങ്ങളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്.ബിഹാറിന്റെ തൊണ്ണൂറ് ശതമാനത്തിലേറെയും കാര്‍ഷിക മേഖലകളാണ്.കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച ബിഹാറിനെ ബാധിച്ചിട്ടുണ്ട്.ചെറുകിട വരുമാനം കൈകാര്യം ചെയ്യുന്ന ഗ്രാമീണമേഖലകളില്‍ നോട്ട് പിന്‍വലിക്കല്‍ ഉണ്ടാക്കിയ ആഘാതം ആഴത്തിലായിരുന്നുവെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ബാങ്കുകളുടെ സാന്നിധ്യം കാര്യമായി ഇല്ലാത്ത ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ എ.ടി.എമ്മുകളെക്കുറിച്ച് ചിന്തിച്ചിട്ടു തന്നെ കാര്യമില്ല.നോട്ട് പിന്‍വലിക്കല്‍ സമയത്ത് പണമില്ലാതെ വലഞ്ഞതായി പഞ്ചായത്ത് അംഗം സതീഷ് മാഞ്ചി പറഞ്ഞു.വീട്ടിലുള്ള ഗോതമ്പോ പരിപ്പോ കൊടുത്ത് പകരം സാധനങ്ങള്‍ കടകളില്‍ നിന്ന് വാങ്ങിയാണ് പിടിച്ചുനിന്നത്.ജി.എസ്.ടിയും പ്രശ്നമാണെന്ന് സതീഷ് കൂട്ടിച്ചേര്‍ത്തു.പഞ്ചായത്തില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ പറ്റാത്ത നിലയുണ്ട്.നോട്ട് പിന്‍വലിക്കല്‍ സമയത്ത് പച്ചക്കറി ചന്തകളെല്ലാം നിന്നുപോയെന്ന് ഗ്രാമീണരും പറയുന്നു.
               
എന്നാല്‍, നോട്ടു പിന്‍വലിക്കലും ജി.എസ്.ടി യും പഴയ വിഷയങ്ങളാണെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്. എന്നാല്‍, ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇവ സജീവ ചര്‍ച്ചാവിഷയങ്ങളായിരിക്കുമെന്ന് ആര്‍.ജെ.ഡി നേതാക്കള്‍ ചൂണ്ടിക്കാട്ടി.ദുരിതങ്ങള്‍ക്ക് കാലപ്പഴക്കം ഘടകമല്ലെന്ന് ആര്‍.ജെ.ഡിയുടെ ജഹനാബാദ് ജില്ലാ സെക്രട്ടറി ഗോപാല്‍ പാസ്വാന്‍ പറഞ്ഞു.

content highlights: bihar loksabha election analysis