വര്‍ഷം 1977.അടിയന്തരാവസ്ഥയുടെ കരിമ്പടത്തിനുള്ളില് ഭയന്നുകിടന്ന ഇരുപത്തിയൊന്ന് മാസങ്ങള്‍ക്ക് ശേഷം ,വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ രാജ്യം മോചനവാതിലായി കണ്ട കാലം. അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന എല്‍.കെ.അദ്വാനി ഡല്‍ഹിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ബി.ജി.വര്‍ഗ്ഗീസിനോട് പറഞ്ഞു :''കേരളത്തില്‍ നിന്ന് താങ്കള്‍ ലോക്സഭയിലേക്ക് മത്സരിക്കണം.താങ്കളെപ്പോലെയുള്ളവരെ ലോക്സഭയില്‍ ആവശ്യമുണ്ട് ''.പറഞ്ഞു കേട്ട വാക്കുകളില്‍ ഒരു താല്പര്യവും കാട്ടാതെയിരുന്ന ബി.ജി.വര്‍ഗ്ഗീസിനോട് അദ്വാനി അഭ്യര്‍ഥന ആവര്‍ത്തിച്ചു.''കേരളത്തില്‍ പോയി ഇ.എം.എസിനെ കാണൂ.അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും.''.
ഇ.എം.എസിനെ കാണാന്‍ അദ്വാനി ആവശ്യപ്പെടുന്ന രാഷ്ട്രീയകാലാവസ്ഥ സമകാലിക രാഷ്ട്രീയത്തില്‍ അചിന്ത്യം.എന്നാല്‍ എഴുപതുകളുടെ പകുതിയില്‍ അതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം.അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം അലയടിച്ച കാലം. ജനതാപാര്‍ട്ടിയുടെ ഭാഗമായി മാറിയ ജനസംഘിന്റെ നേതാവായിരുന്നു അദ്വാനി അന്ന് .ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായിരുന്നു ജനസംഘ ്. ഇ.എം.എസ്.കേരളത്തിലെ സി.പി.എം.നേതാവ്.പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തിയ ജനതാപാര്‍ട്ടിയെ അന്ന് സി.പി.എം.പിന്തുണക്കുന്നുണ്ടായിരുന്നു.ബി.ജി.വര്‍ഗ്ഗീസ് ഇന്ത്യയില്‍ നട്ടെല്ലുള്ള പത്രപ്രവര്‍ത്തനത്തിന് അടിത്തറയിട്ടവരില്‍ പ്രമുഖന്.മൂന്ന് പേരെയും തമ്മില്‍ ബന്ധിപ്പിച്ചത് ഒരേയൊരു ഘടകം-ഇന്ദിരാഗാന്ധിയോടുള്ള എതിര്‍പ്പ് അല്ലെങ്കില്‍ അടിയന്തരാവസ്ഥയോടുള്ള വിരോധം.അന്നത്തെ തിളച്ചു മറിയുന്ന രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധിയെന്ന പൊതുശത്രുവിനെതിരെ രാജ്യത്തെ വിമതശബ്ദങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും കൈകോര്‍ക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു ബി.ജി.വര്ഗ്ഗീസിനപ്പോലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനാര്‍ഥികളായി വരണമെന്ന് പ്രതിപക്ഷ നേതൃത്വം തീരുമാനിച്ചത്.
ഇന്ദിരാഗാന്ധിയുടെയും അടിയന്തരാവസ്ഥയുടെയും നിശിതവിമര്‍ശകനായിരുന്ന ബി.ജി.വര്‍ഗ്ഗീസിന് സ്ഥാനാര്ഥിയാകാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ താല്പര്യമുണ്ടായിരുന്നില്ല.തന്റെ എഴുത്തും എഴുത്തില്‍ സ്വീകരിക്കുന്ന നിലപാടുകളുമാണ് തന്റെ രാഷ്ട്രീയമെന്ന് വിശ്വസിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.മാത്രമല്ല,കേരളത്തില്‍ പോയി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എളുപ്പവുമായിരുന്നില്ല.തിരുവല്ലയിലാണ് വേരുകളെങ്കിലും ബര്‍മയില്‍ ജനിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കേംബ്രിഡ്ജിലും പഠിച്ച് ഡല്‍ഹി തട്ടകമാക്കിയ ബൂബ്ളി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്ന ബി.ജി.വര്‍ഗ്ഗീസിന് മലയാളം സംസാരിക്കാന്‍ പോലുമറിയില്ല.മലയാളികളെ അടുത്തറിയില്ല.
എന്നാല്‍,സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് പല കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമേറിയപ്പോള്‍ ബി.ജി.വര്‍ഗ്ഗീസ് പ്രതിസന്ധിയിലായി.ഒരു തീരുമാനം അടിയന്തരമായി എടുക്കണം.മലയാളിജീവിതമില്ലാത്ത വി.കെ.കൃഷ്ണമേനോന് 1971 ല്‍ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച കഥയൊക്കെ സുഹൃത്തുക്കള്‍ ഓര്‍മിപ്പിച്ചു.പക്ഷെ,സുഹൃത്തുക്കളുടെ വാക്കുകളില്‍ തീരുമാനമെടുക്കാനാവാതെ ബി.ജി.വര്‍ഗ്ഗീസ് കുഴങ്ങി.എന്നാല്‍,ഉടന്‍ കൊച്ചിയില്‍ എത്താനും പാര്‍ട്ടി നേതാക്കളെ കാണാനും പ്രാദേശിക തലത്തില്‍ അഭിപ്രായം തേടിയിട്ട് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ തീരുമാനമെടുക്കാനും ജനതാനേതാക്കള് വര്‍ഗ്ഗീസിനോട് നിര്‍ദേശിച്ചു.അങ്ങനെ ബി.ജി.വര്‍ഗ്ഗീസ് കൊച്ചിയില്‍ എത്തി.
ഓര്‍മകളുടെ തിരയടികള്‍...
പതിനഞ്ച് വര്‍ഷം മുമ്പ്,അതായത് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖരുടെ തിരഞ്ഞെടുപ്പ് ഓര്‍മകള്‍ മാതൃഭൂമിയുടെ തിരഞ്ഞെടുപ്പ് പേജിനായി ശേഖരിക്കാന്‍ ബി.ജി.വര്‍ഗ്ഗീസിനെ കണ്ടപ്പോഴാണ് അദ്ദഹം 1977 ലെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ ഈ ലേഖകനോട് പങ്കുവച്ചത്-ചാണക്യപുരിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സന്നദ്ധ സംഘടനയുടെ ഓഫീസില്‍ വച്ച്.ഒരു ഉഷ്ണകാല ഉച്ചയില്‍.
അദ്വാനിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍ ചെന്ന് ബി.ജി.വര്‍ഗ്ഗീസ് ഇ.എം.എസിനെ കണ്ടു.''അടിയന്തരാവസ്ഥക്കെതിരായ പോരാട്ടമാണിത്.അതിനാല്‍ താങ്കളെപ്പോലെയുള്ളവര്‍ മത്സരരംഗത്തുണ്ടായിരിക്കണമെന്നാണ് മുന്നണി ആഗ്രഹിക്കുന്നത്.''-രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇ.എം.എസ് പറഞ്ഞു.കയ്യില്‍ പണമില്ല,ഭാഷയറിയില്ല,മത്സരപരിചയമില്ല തുടങ്ങിയ പരിമിതികള്‍ അറിയിച്ചപ്പോള്‍ ഉടനെയെത്തി ഇ.എം.എസിന്റെ മറുപടി : ''പണമുണ്ടാകും.ജനങ്ങളും ഞങ്ങളുടെ പാര്‍ട്ടിയും സമാഹരിക്കും.''
തിരുവനന്തപുരം,തൃശൂര്‍,മാവേലിക്കര,കോഴിക്കോട് എന്നീ മണ്ഡലങ്ങളിലൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.എവിടെയാണ് വീടെന്ന് ഇ.എം.എസ് ചോദിച്ചു.തിരുവല്ലയിലാണെന്ന് മറുപടി പറഞ്ഞു.എന്നാല്‍ തിരുവല്ല ഉള്‍ക്കൊള്ളുന്ന മാവേലിക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.അങ്ങനെ ബി.ജി.വര്‍ഗ്ഗീസ് മാവേലിക്കരയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ.നായരായിരുന്നു മുഖ്യ എതിരാളി.അന്നത്തെ എസ്.ആര്.പി എന്ന പാര്‍ട്ടിയുടെ പ്രതിനിധി കെ.ഗോപാലകൃഷ്ണനും സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നു.
അത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു.ഏഴ് നിയമസഭാ മണ്ഡലങ്ങളായിരുന്നു അന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍.നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം : 3,കേരളാകോണ്‍ഗ്രസ് (ബാലകൃഷ്ണപിള്ള വിഭാഗം) : 3,ജനതാപാര്‍ട്ടി : 1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനം.
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു.തിരുവല്ലയിലെ കുടുംബവീട്ടിലായിരുന്നു ബി.ജി.വര്‍ഗ്ഗീസിന്റെ താമസം.കുടുംബാംഗങ്ങള്‍ക്കും വര്‍ഗ്ഗീസിന്റെ വരവില്‍ സന്തോഷം.കല്യാണത്തിനും ആഘോഷങ്ങള്ക്കുമായിരുന്നു മുമ്പ് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടുക പതിവ്.എന്നാല്‍ തന്റെ സ്ഥാനാര്‍ഥിത്വം മൂലം തിരുവല്ലയിലെ കുടുംബവീട്ടില്‍ എല്ലാ കുടുംബാംഗങ്ങളും പതിവായി ഒത്തുകൂടാന്‍ തുടങ്ങിയെന്ന് വര്‍ഗ്ഗീസ് ചെറുചിരിയോടെ പറഞ്ഞു.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പണം വേണം. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പണം കണ്ടെത്താനായി ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ ദേശിയ തലത്തില്‍ ഒരു സമിതിക്ക് രൂപം കൊടുത്തു.''വമ്പന്‍ പ്രതികരണമായിരുന്നു.അറുപതിനായിരം രൂപയോളം പിരിഞ്ഞു കിട്ടി.അന്നത്തെ ചെലവ് പരിധി മുപ്പത്തിഅയ്യായിരം രൂപയായിരുന്നു.മുപ്പത്തിഅയ്യായിരം രൂപ മാത്രമേ ഞാന്‍ ചെലവാക്കിയുള്ളു.ബാക്കിയുണ്ടായിരുന്ന പണം കൊണ്ട് ഡല്‍ഹിയില്‍ പത്രസ്വാതന്ത്ര്യത്തിനായി മീഡിയാ ഫൗണ്ടേഷന് സ്ഥാപിച്ചെന്ന് '' വര്‍ഗ്ഗീസ്.
എല്ലാ മണ്ഡലങ്ങളിലും വ്യാപകമായ പ്രചരണം നടത്തി.സൈക്കിളായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എല്ലാ ദിവസവും രാത്രി തിരുവല്ലയിലെ കുടുംബവീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിവ്.മുണ്ടും കുര്‍ത്തയുമായിരുന്നു വേഷം.പക്ഷെ,പ്രചരണത്തില്‍ പലപ്പോഴും ഭാഷ തടസ്സമായെന്ന് ബി.ജി.വര്‍ഗ്ഗീസ്.പ്രസംഗത്തിന്റെ തുടക്കത്തില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ മലയാളത്തില്‍ പറയും.ബാക്കി ഇംഗ്ലീഷില്‍ .സ്ഥാനാര്‍ഥിയുടെ ഒപ്പം എപ്പോഴുമുള്ള പരിഭാഷകന് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും.രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണിവരെ പ്രചരണവും പ്രസംഗവും .ദിവസവും 10 മുതല്‍ 25 വരെ യോഗങ്ങളില്‍ പങ്കെടുത്തു.ജനങ്ങള്‍ സ്ഥാനാര്‍ഥിയെ കാണാനും പ്രസംഗം കേള്‍ക്കാനും കടകള്‍ക്ക് മുന്നിലും റോഡിറമ്പിലും മൈതാനങ്ങളിലും തടിച്ചുകൂടും.അന്ന് സ്വീകരണയോഗങ്ങള്‍ക്ക് ഉത്സാഹം കാട്ടിയ പ്രാദേശിക പ്രവര്ത്തകന് ബഷീറിനെയും ബി.ജി.ഓര്‍മിച്ചു.
കേരളത്തില്‍ ഏശിയില്ല...
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ വന്മരങ്ങളെ കടപുഴക്കി ജനതാകൊടുങ്കാറ്റ് വീശിയടിച്ചപ്പോള്‍, കേരളത്തില്‍ കോണ്‍ഗ്രസ് എല്ലാ സീറ്റുകളും നേടി വന്‍ വിജയം സ്വന്തമാക്കി ! ദക്ഷിണേന്ത്യയില്‍ വീശിയ കോണ്‍ഗ്രസ് അനുകൂല തരംഗത്തില്‍ വര്‍ഗ്ഗീസ് അടക്കം പ്രതിപക്ഷത്തിന്റെ എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ.നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.ബി.കെ.നായര്‍ (കോണ്‍ഗ്രസ് )ക്ക് 2,38,169 വോട്ടുകളും ബി.ജി.വര്‍ഗ്ഗീസി(സ്വതന്ത്രന്)ന് 1,81,617 വോട്ടുകളും കെ.ഗോപാലകൃഷ്ണന് (എസ്.ആര്.പി ) 24,450 വോട്ടുകളും ലഭിച്ചു.
വടക്കേ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിനെ നടുക്കി.''വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റില്‍ ഇന്ദിരാഗാന്ധി,സഞ്ജയ് ഗാന്ധി, തുടങ്ങി എല്ലാ നേതാക്കളും പരാജയപ്പെട്ടു. ഞാന്‍ തോറ്റെങ്കിലും ഇന്ദിരാഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും കിട്ടിയ വോട്ടുകളെക്കാള്‍ കുടുതല്‍ വോട്ട് എനിക്ക് എന്റെ മണ്ഡലത്തില്‍ കിട്ടിയെന്ന് '' ചെറുചിരിയോടെ ബി.ജി.വര്‍ഗ്ഗീസ്.ഇന്ദിര തോറ്റതോടെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിജയാഹ്ലാദപ്രകടനങ്ങള്‍ റദ്ദാക്കി.
അടിയന്തരാവസ്ഥക്കെതിരെ ജനവികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ ദക്ഷിണേന്ത്യയിലെ പരാജയത്തിന് നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. ''അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ നേരിട്ടനുഭവിച്ച ഉത്തരേന്ത്യക്കാര്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചു.ഇന്ദിരയും കോണ്‍ഗ്രസും തിരിച്ചു വന്നാല്‍,ദുരിതം ഇരട്ടിക്കുമെന്ന് അവര്‍ ഭയന്നു.എന്നാല്‍,അടിയന്തരാവസ്ഥയുടെ രൂക്ഷത അത്ര നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സെന്‍സര്‍ ഷിപ്പ് മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരാവസ്ഥയുടെ യഥാര്‍ഥമുഖം അറിയാന്‍ കഴിഞ്ഞില്ല.നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയതിനെക്കുറിച്ചൊക്കെ ഞാന്‍ പ്രസംഗിച്ചിട്ട് ആരും വിശ്വസിച്ചില്ല.പത്രങ്ങളായിരുന്നു അന്നത്തെ ഏക വാര്‍ത്താ മാര്‍ഗ്ഗം.അതിലൂടെ വാര്‍ത്തകള്‍ ലഭിക്കുന്നില്ല.പിന്നെ ജനങ്ങള്‍ എങ്ങനെ സത്യം അറിയും ? ''-ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിരുദ്ധ പ്രതികരണങ്ങളെക്കുറിച്ച് വര്‍ഗ്ഗീസ് വിശദീകരിക്കുന്നു.
മലയാളം സംസാരിക്കാനറിയാത്ത,ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള എതിര് ക്യാംപിന്റെ പ്രചരണങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളായിരുന്നുവെന്ന് വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. പുറത്തു നിന്ന് വന്ന സ്ഥാനാര്‍ഥി സി.ഐ.എ ഏജന്റാണെന്നായിരുന്നു പ്രധാന പ്രചരണം !വിദേശ ടി.വി.ചാനലുകളിലും ദേശീയ മാധ്യമങ്ങളിലും എനിക്ക് ലഭിച്ച കവറേജ് അവര്‍ തെളിവായി ചൂണ്ടിക്കാട്ടി-ബി.ജി.വര്‍ഗ്ഗീസ് പറഞ്ഞു. അഭിമുഖം അവസാനിക്കാറായപ്പോള്‍,പെട്ടെന്നൊരു ചോദ്യം മനസ്സില്‍ നിന്ന് പുറത്തു ചാടി.വീണ്ടും മത്സരിക്കാന്‍ താല്പര്യമുണ്ടോ ?ഉത്തരം വേഗമെത്തി. 'എനിക്ക് താല്പര്യമില്ല.അപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മത്സരിച്ചെന്ന് മാത്രം.ലോക്സഭയിലേക്ക് പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍,രാജ്യസഭയിലേക്ക് വരാന്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി എന്നോട് ആവശ്യപ്പെട്ടു.എന്നാല്‍ ലോക്സഭയിലേക്ക് പരാജയപ്പെട്ട ഒരാള്‍ പിന്‍വാതിലിലൂടെ രാജ്യസഭയിലേക്ക് വരുന്നത് ശരിയല്ലെന്നായിരുന്നു എന്റെ മറുപടി.അല്ലെങ്കില്‍ തന്നെ പത്ര പ്രവര്‍ത്തനമാണ് എന്റെ മേഖല.രാഷ്ട്രീയമല്ല.പത്രപ്രവര്ത്തകന് എന്ന നിലയില്‍ രാഷ്ട്രീയം പഠിക്കും.പരിശോധിക്കും,വിലയിരുത്തും.അതുകൊണ്ട് മത്സരിക്കണമെന്നില്ലല്ലോ. ? ''
Content Highlights: bg varghese shares his election experience