2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാസങ്ങളില്‍ ബി.ജെ.പി. ലക്ഷ്യമിടുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് നേതൃത്വത്തിലെ ഉന്നത വൃത്തങ്ങളോട് ആരാഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറുപടികളാണ് ലഭിച്ചിരുന്നത്.  അക്കാലത്ത് അശോക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ആസ്ഥാനത്ത് പതിവ് പത്രസമ്മേളനത്തിനു ശേഷമുള്ള 'ഡീ ബ്രീഫിങ്ങ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ പിറക്കുന്ന അനൗപചാരിക വേളകളില്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും  കിട്ടാവുന്ന സീറ്റൂകളേക്കുറിച്ച് വ്യത്യസ്ത കണക്കുകളാണ് നിരത്തിയിരുന്നത്. നേതൃത്വത്തിലെ പ്രബല വിഭാഗം ബി.ജെ.പിക്ക് ഒറ്റക്ക് 160 പ്ലസാണ് (160-170) പ്രവചിച്ചിരുന്നത്. എന്‍.ഡി.എ.യിലെ ഘടക കക്ഷികളുടെ സീറ്റുകളും അധികാരത്തിനടുത്തെത്തുമ്പോള്‍ ചങ്ങാത്തം കൂടുന്ന 'ഫെയര്‍ വെതര്‍ ഫ്രണ്ട്‌സി'ന്റെ സഹായവും ചേരുമ്പോള്‍ കേവല ഭൂരിപക്ഷം. അങ്ങിനെയായിരുന്നു പാര്‍ട്ടി വക്താക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ അനൗപചാരകമായി ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും പാര്‍ട്ടിക്ക് 160-ഓളം സീറ്റുകളും എന്‍.ഡി.എ.ക്ക് കഷ്ടിച്ച് ഭൂരിപക്ഷവുമെങ്കില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി തന്നെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് അദ്വാനിപക്ഷക്കാരായി അറിയപ്പെട്ടിരുന്നവര്‍  സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 160 പ്ലസ് ക്ലബ് എന്നാണ് മാധ്യമങ്ങളില്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. പ്രായാധിക്യവും  അയോധ്യ കേസും മറ്റും അദ്വാനിക്ക് പ്രശ്‌നമായാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുഷമ സ്വരാജ് മുതല്‍ നിതിന്‍ ഗഡ്കരി വരെ നിരവധി പേരുകള്‍  160 പ്ലസ് ക്ലബില്‍ പ്രചരിക്കപ്പെട്ടു.

Narendra Modi

എന്നാല്‍ രണ്ടാം യു.പി.എ.സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ ആയുധമാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊടുങ്കാറ്റുപോലുള്ള പ്രചാരണം സമാന്തരമായി നടന്നിരുന്നു.160-പ്ലസ് ക്ലബ്ബിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നു മോദി ക്യാമ്പിന്റെ ആത്മവിശ്വാസം. ബി.ജെ.പി ഒറ്റക്ക് 200 കടക്കുമെന്നും മോദിക്ക് തടസങ്ങളുണ്ടാവില്ലെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.  അതിരുകടന്ന പ്രതീക്ഷയായി ബി.ജെ.പിയില്‍ ഒരു വിഭാഗം ഇത് വിലയിരുത്തിയെങ്കിലും മോദി അനുകൂലികള്‍ പോലൂം സ്വപ്നം കാണാതിരുന്ന വന്‍ വിജയമാണ് ബി.ജെ.പി നേടിയത്.

2019ല്‍ ചിത്രം വ്യത്യസ്തമാണ്. ബി.ജെ.പിക്കുള്ളില്‍ 160-പ്ലസ് ക്ലബ്ബ് ഇല്ല. മോദി എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമാണ് പാര്‍ട്ടി. രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി തുടങ്ങിയ  പ്രബലര്‍ക്കൊന്നും  മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ നിലവില്‍ കഴിയില്ല.  2014-ലെ ഗ്രാഫില്‍നിന്ന് താഴോട്ടുപോയി എന്ന വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും മോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ് ഇക്കുറിയും ബി.ജെ.പിയുടെ തുരുപ്പുചീട്ട്.  പക്ഷേ മുന്‍ തിരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങള്‍ പലതും ഇക്കുറിയില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിനുമറിയാം. സാമ്പത്തിക മാന്ദ്യവും കര്‍ഷക പ്രശ്‌നങ്ങളും ഭരണവിരുദ്ധവികാരം രൂപപ്പെടുത്താം. ബി.ജെ.പി.ക്കെതിരെ സംയുക്ത പ്രതിപക്ഷം എന്ന രാഷ്ടീയ സാധ്യത നിലനില്‍ക്കുന്നു.  

BJP

വടക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുത്ത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകള്‍ നല്‍കുന്ന കോണ്‍ഗ്രസ്, പ്രധാനമന്ത്രിക്കെതിരെ റഫാല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങളുമായി ആഞ്ഞടിക്കുകയാണ്. . മോദിക്ക് ബദലായി ഉയര്‍ത്തിക്കാട്ടാവുന്ന നേതാവെന്ന നിലയിലേക്ക് രാഹുല്‍ ഗാന്ധി ചുവടുറപ്പിക്കുന്നു. സാഹചര്യങ്ങള്‍ ബി.ജെ.പിക്കും മോദിക്കും അത്ര അനുകൂലമല്ലെങ്കിലും 2019ലെ ലോക്‌സഭാ പോരാട്ടത്തില്‍ വമ്പന്‍ പ്രതീക്ഷകളാണ് ബി.ജെ.പി.യും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വെച്ചുപുലര്‍ത്തുന്നത്. 300 സീറ്റാണ് ടാര്‍ജറ്റ് എന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നു.  അവകാശവാദങ്ങള്‍ എന്തായാലും ജയമാവര്‍ത്തിക്കണമെങ്കില്‍  നരേന്ദ്ര മോദിക്കും അമിത് ഷാക്കും തങ്ങളുടെ ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്തുപയോഗിക്കേണ്ടി വരും എന്ന് വ്യക്തം.

content highlights: bjp, lok sabha election 2019, Narendra Modi, Amit shah