രേ തന്ത്രം ആദ്യം ഉമ്മന്‍ ചാണ്ടിയും പിന്നെ പിണറായിയും പ്രയോഗിച്ചു. രണ്ട് പേരും മോഹിച്ചത് തുടര്‍ഭരണം. ഉമ്മന്‍ ചാണ്ടിക്ക് കാലിടറി. പിണറായി നേടുമോ അതോ അവിടെയും പിഴയ്ക്കുമോ? മലയാളികളെ മനസ്സിലാക്കുന്നതില്‍ തന്ത്രശാലികളായ ഈ രണ്ട് പേര്‍ക്കും പിഴച്ചു. ഉമ്മന്‍ ചാണ്ടിക്ക് ബിഡിജെഎസ്-ബിജെപി മുന്നണി വോട്ടില്‍ വിശ്വസിച്ചതാണ് പിഴച്ചത്. പിണറായിക്കാണെങ്കില്‍  ശബരിമല പ്രശ്‌നത്തില്‍ വോട്ടിന്റെ രാഷ്ട്രീയം പിഴച്ചു. 

തുടര്‍ഭരണം എന്ന ബൃഹദ് ലക്ഷ്യം കൈവരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി കണക്കുകൂട്ടിയത് ബിഡിജെഎസ്സിന്റെ പിറവിയിലായിരുന്നു. എസ്എന്‍ഡിപി യോഗം ബിഡിജെഎസ് ഉണ്ടാക്കുന്നതിന് അണിയറയില്‍ എല്ലാ പിന്തുണയും ഉമ്മന്‍ ചാണ്ടി നല്‍കിയെന്ന് സിപിഎം പലതവണ ആരോപണം ഉന്നയിച്ചു. ബിഡിജെഎസ് വഴി എല്‍ഡിഎഫിന്റെ ഹിന്ദു വോട്ട് ബാങ്കില്‍ ഒരു പങ്ക് ബിജെപിയിലേക്ക് ഒഴുകുകയും മറുവശത്ത് യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഹിന്ദു വോട്ടുബാങ്ക് ചോരാതെയും ന്യൂനപക്ഷങ്ങളെ ഒരു കുടക്കീഴില്‍ അണിനരത്തിയും 2016 ല്‍ ജയിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന ഹിന്ദുവോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകി. എന്നാല്‍ ബിഡിജെഎസ് വഴി ബിജെപിയിലേക്ക് എത്തുമെന്ന കണക്കുകൂട്ടിയ വോട്ടുകള്‍ പ്രതീക്ഷിച്ച കണക്കില്‍ പോയതുമില്ല. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം ആ വോട്ടുബാങ്ക് കൃത്യമായി എല്‍ഡിഎഫിനൊപ്പം നിന്നതുകൊണ്ടാണ്. മറുവശത്ത് ന്യൂനപക്ഷ വോട്ടുകളും ഈ ജില്ലകളില്‍ നല്ലൊരു പങ്കും എല്‍ഡിഎഫിലേക്ക് പോയി. അതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. 

ശബരിമല എല്ലാവരും സുവര്‍ണാവസരമായി കണ്ടു. ചിലര്‍ ടോപ്ഗിയറിലായിരുന്നു. മറ്റുചിലര്‍ കോച്ചിന്റെ വേഷം കെട്ടി. ചിലര്‍ പിന്നാമ്പുറത്ത് കരുക്കള്‍ നീക്കി. കൊമ്പുകോര്‍ത്ത രണ്ട് കക്ഷികളും ലോക്‌സഭാ ഫലം വന്നപ്പോള്‍ എട്ടുനിലയില്‍ പൊട്ടി. ആത്യന്തികമായി അതിന്റെ ഗുണഭോക്താവായ കോണ്‍ഗ്രസിനും യുഡിഎഫിനും അടിച്ചത് ബംബര്‍. 

udf

ഇന്നസെന്റിലും ജോയ്‌സ് ജോര്‍ജിലൂടെയും തുടങ്ങിയ പരീക്ഷണം ആറന്മുളയിലും വിജയം കണ്ടു. ചെങ്ങന്നൂര്‍ ഫലം കൂടിയായതോടെ സിപിഎം ഉറപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ അടുത്തുകഴിഞ്ഞു. അതോടെ പിണറായി വിജയനും സിപിഎമ്മും ശബരിമല വിഷയവും സുവര്‍ണാവസരമായി കണ്ടു. അവര്‍ കണ്ടത് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിഷ്പ്രഭമാക്കാനുള്ള സുവര്‍ണാവസരമാണ് . കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ബിജെപിയും ആര്‍എസ്എസ്സും അതിനെതിരെ തിരിയുമെന്ന് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ പടപൊരുതി വളര്‍ന്ന പിണറായിയോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

ഇടക്കാലത്ത് എതിരായ ബുദ്ധിജീവികളും പുരോഗമനസമൂഹവും പിണറായിക്ക് പിന്നില്‍ അടിയുറച്ച് നിന്നു. മറുവശത്ത് ഏത് വിധേനയും കോടതി വിധി നടപ്പാക്കുന്നത് ചെറുക്കാന്‍ ബിജെപിയും പോര്‍മുഖം തുറന്നു. സാവകാശം, റിവ്യു ഹര്‍ജി, സമവായം തുടങ്ങിയ സമീപനങ്ങളുമായി അവിടെയുമിവിടയുമില്ലാതെ കോണ്‍ഗ്രസും യുഡിഎഫും നിന്നു. ബിജെപി ഭീതി ന്യൂനപക്ഷങ്ങളെ എന്നന്നേക്കുമായി തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന് സിപിഎം ഉറച്ചുവിശ്വസിച്ചു. അങ്ങനെ കേരള രാഷ്ട്രീയം ഇടതുപക്ഷം ഒരുവശത്തും ബിജെപി മുന്നണി മറുവശത്തും എന്ന് വളരുമെന്ന ചിന്തയുണ്ടായി. 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ അയഞ്ഞ നിലപാടെടുത്തതോടെ അവരെ സിപിഎം ബിജെപിയുടെ ബി ടീമായി മുദ്രകുത്തി. അതോടെ കോണ്‍ഗ്രസും യുഡിഎഫും അങ്കലാപ്പിലായി. അപകടം തിരിച്ചറിഞ്ഞെങ്കിലും കോണ്‍ഗ്രസിന്  കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. കെ.സുധാകരനെ പോലുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ഇതൊരു സുവര്‍ണാവസരമായി കണ്ടത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമായ ഹിന്ദു വോട്ടുകള്‍ കുറേയെങ്കിലും തിരിച്ചെത്തിക്കാന്‍ ഇത് സുവര്‍ണാവസരമാണെന്ന് ചില നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മുന്നോട്ടുവച്ച് എന്തുകൊണ്ട് ബിജെപിയുടെ നിലപാട് കാപട്യമാണെന്ന് പൊതുസമൂഹത്തിലേക്ക് എത്തിക്കാനായി പിന്നെ കോണ്‍ഗ്രസ് ശ്രമം. ശബരിമലയില്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചു എന്ന പ്രചാരണം സിപിഎമ്മിനെതിരായി. എന്‍എസ്എസ് നിലപാട് കൂടി കണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് കണ്ടാണ് പിണറായി സര്‍വകക്ഷി യോഗം വിളിച്ചത്. ദേവസ്വം ബോര്‍ഡും പലപ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

പക്ഷേ അപ്പോഴേക്കും ആഘാതം ഏറ്റുകഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായി നേട്ടമുണ്ടായില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ നിലനില്‍പ് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം പിടിക്കാനായതോടെ കോണ്‍ഗ്രസില്‍ ന്യൂനപക്ഷ വിശ്വാസം വര്‍ധിച്ചു. കേന്ദ്രത്തില്‍ ഒരു ബദല്‍ അതില്‍ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രത്യേകിച്ച് റോളില്ല എന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. അങ്ങനെ നീങ്ങുമ്പോഴാണ് മാസ്റ്റര്‍ സ്‌ട്രോക്കായി രാഹുലിന്റെ വരവ്. അത് സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയും നിര്‍ത്തി സ്വതന്ത്ര പരീക്ഷണം പോലും മാറ്റിവച്ച് പാര്‍ട്ടി ചിഹ്നത്തില്‍ കളത്തിലിറങ്ങിയപ്പോഴാണ് രാഹുലിന്റെ രംഗപ്രവേശം. രാഹുലിനാകട്ടെ അമേഠി പേടി. രണ്ടാമതൊരു മണ്ഡലം വേണം താനും. തങ്ങളെ അപ്രസക്തമാക്കാമെന്ന് കരുതിയ സിപിഎമ്മിന് മര്‍മ്മത്ത് അടിക്കാന്‍ പറ്റിയ വടിയായി രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ കോണ്‍ഗ്രസ് കണ്ടു. അടവുകള്‍ പയറ്റാന്‍ ആരും പഠിപ്പിക്കേണ്ടാത്ത ഉമ്മന്‍ ചാണ്ടി രാഹുലിന്റെ യെസ് കിട്ടും മുന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. തന്ത്രങ്ങള്‍ മെനയുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളെ സിപിഎം വിലകുറച്ച് കണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു

അതോടെ ആടിനിന്ന ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും ഒഴുകാന്‍ വഴിയൊരുക്കി. മറുവശത്ത് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പാഠംപഠിപ്പിക്കുക എന്ന ചിന്ത വലിയൊരു വിഭാഗത്തിലുണ്ടായിരുന്നു. ബിജെപിക്ക് സാധ്യതയുള്ളിടത്ത് താമരയ്ക്ക് കുത്തിയും അതില്ലാത്തിടത്ത് സിപിഎം തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫിനും വോട്ടുമറിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ വിജയം ഉറപ്പാക്കിയെങ്കില്‍ ഭൂരിപക്ഷ വോട്ടിന്റെ ഒഴുക്ക്‌ ഭൂരിപക്ഷം ലക്ഷം കടത്തി. ഉറച്ച കോട്ടകള്‍ പലതും ഇളകി. കാസര്‍കോടും ആറ്റിങ്ങലും പാലക്കാടും ആലത്തൂരും പോലുള്ള ഒരിക്കലും ഇളകില്ലെന്ന് കരുതിയ കോട്ടകള്‍ പോലും തകര്‍ന്നു. ഇനി പുനര്‍വിചിന്തനത്തിന്റെ കാലമാണ്.

47 ശതമാനമായി യുഡിഎഫിന്റെ വേട്ടുവിഹിതം കുതിച്ചു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎം നയിക്കുന്ന എല്‍ഡിഎഫ് 31.88 ലേക്ക് ചുരുങ്ങി. അതായത് വോട്ടിങ് ശതമാനം കണക്കിലെടുത്താല്‍ ഇടതുപക്ഷത്തിന്റെ നേര്‍പകുതിയോളം വോട്ടുണ്ട് ഇപ്പോള്‍ എന്‍ഡിഎയ്ക്ക്. 

കനത്ത തോല്‍വിക്കിടയിലും സിപിഎമ്മിനും ഇടതുപക്ഷത്തിനും ആശ്വസിക്കാനുള്ളത് നേമം ഒഴിച്ച് മറ്റൊരിടത്തും ബിജെപി മുന്നിലെത്തിയില്ല എന്ന വസ്തതുയാണ്. അതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ കാര്യമായ വോട്ടുവര്‍ധന നേടാന്‍ എന്‍ഡിഎക്കും കഴിഞ്ഞില്ല. ഇത് അടുത്ത തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ നഷ്ടം പരിഹരിച്ച് തിരിച്ചെത്താന്‍ സിപിഎമ്മിന് സുവര്‍ണാവസരമാണ്. ശബരിമലയില്‍ പിണങ്ങിയ വോട്ടര്‍മാരുടെ പിണക്കം മാറ്റുന്നതിലാണ് അതിന്റെ ഉത്തരം. അതാകും ഇനി സിപിഎമ്മിന്റെ ഭാവി നിര്‍ണയിക്കുക. പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന മറ്റൊരു വെല്ലുവിളിയും മുന്നില്‍ നില്‍ക്കുന്നു. ഇതെല്ലാം പരിഹരിക്കപ്പെട്ടാല്‍ വീണ്ടും എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമായി കേരള രാഷ്ട്രീയം തുടരും.

അപ്പോഴും വര്‍ധിതവീര്യത്തോടെ ഡല്‍ഹിയുടെ അമരത്തുള്ള മോദിയുടെയും ഷായുടേയും തന്ത്രങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ. ഒരു വേരോട്ടവുമില്ലാതിരുന്ന ബംഗാളിലും ഒഡീഷയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ കാവിക്കൊടി പാറിച്ചുകഴിഞ്ഞു. ഇനി കേരളമായിരിക്കും അവരുടെ ഉന്നം. 

Content Highlights: UDF Scores in Kerala, Sweeps Kerala