ന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവമാണ്  തിരഞ്ഞെടുപ്പെന്ന ഉപമയ്ക്ക് പഴക്കമേറെയുണ്ട്. രുചിർ ശർമ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണമെന്ന ഉത്സവാഘോഷത്തിലൂടെ 25 വർഷമായി യാത്രചെയ്യുന്നു. ഈ യാത്രകൾ മറ്റൊരുതരത്തിലുള്ള ഇന്ത്യയെ കണ്ടെത്തലാണ്‌. തിരഞ്ഞെടുപ്പ് നാളുകളിൽ മാത്രം സാങ്കല്പിക അധികാരം കയ്യില്‍ കിട്ടുന്ന ജനങ്ങൾക്കൊപ്പമുള്ള ഈ നാടുകാണിയാത്രകൾ ഇന്ത്യയുടെ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക വായന കൂടിയാണ്.Democracy on the Road: A 25 year journey through India എന്ന  രുചിറിന്റെ പുസ്തകം ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്‌ഭുതക്കാഴ്ചയാണ്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ആത്മകഥയായും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ജീവചരിത്രമായും ഈ പുസ്തകം വായിക്കാം. രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ രുചിർ ശർമ ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തുന്നു

ഇന്ത്യ അടുത്ത മാസം വോട്ട് ചെയ്യും. ഇരുപത്തിയഞ്ച് വർഷം ഗ്രാമനഗര ഭേദമില്ലാതെ ഇന്ത്യയുടെ ജനാധിപത്യനിരത്തുകളിൽ നിരന്തരം യാത്ര ചെയ്ത വ്യക്തിയാണ് താങ്കൾ. എന്തായിരിക്കും 2019-ലെ തിരഞ്ഞെടുപ്പിന്റെ ഫലം? അനുഭവങ്ങളുടെ പരിചയത്തിൽ പറയാമോ 

കഴിഞ്ഞവർഷം ഞാൻ ഈ വിഷയത്തിൽ ഒരു വിലയിരുത്തൽ നടത്തിയിരുന്നു. വിവിധ ഉപതിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കുണ്ടായ തിരിച്ചടിയും പ്രാദേശികതലത്തിൽ ഉയർന്നു വരുന്ന മോദിവിരുദ്ധ സഖ്യവും കണക്കിലെടുത്തായിരുന്നു അന്നത്തെ എന്റെ നിലപാട്. ഈ കാരണങ്ങൾ മൂലം മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 50:50 എന്ന തലത്തിലേക്ക് താഴ്ത്തപ്പെട്ടതായാണ് അന്ന് ഞാൻ വാദിച്ചത്. ആ സമയത്ത് അത് ഒരു വിവാദ വീക്ഷണമായിരുന്നു. എന്നാൽ ഈ വർഷം ആദ്യം ആ വീക്ഷണം ഒരു പൊതുബോധമോ പൊതുവിശ്വാസമോ ആയി വളർന്നു. പ​േക്ഷ, ഇപ്പോൾ, പാകിസ്താനുമായുള്ള അതിർത്തിസംഘർഷത്തിന്റെ പ്രതികരണമെന്ന നിലയിലുണ്ടായ  ദേശാഭിമാനബോധത്തിന്റെ അലകൾകാരണം, സാധ്യത മോദിയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നു. ഒന്നും ഏറെ പ്രസക്തമല്ലെന്ന് ആർക്കും അറിയില്ല എന്ന പഴയ ഹോളിവുഡ് ശൈലിയാണ് പലപ്പോഴും ഇന്ത്യൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉയരുക! താഴെത്തട്ടിൽ,ഗ്രൗണ്ടിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഏപ്രിൽ അവസാനവും ​േമയ് ആദ്യവാരവുമായി നടത്താനിരിക്കുന്ന എന്റെ ഇരുപത്തിയെട്ടാമത് തിരഞ്ഞെടുപ്പ് യാത്രയിലേക്കുംതിരഞ്ഞെടുപ്പ് പര്യടനത്തിലേക്കുമാണ്‌ ഞാൻ ഇപ്പോഴും ഉറ്റുനോക്കുന്നത്. താഴെത്തട്ടിലെ  അനുഭവങ്ങളറിയുന്നതു വരെ ഒരു ഇന്ത്യൻ തിരഞ്ഞെടുപ്പ്കാറ്റ് എങ്ങോട്ട് വീശുമെന്ന് ഒരിക്കലും അറിയാൻ കഴിയില്ല.

അഞ്ചാം വയസ്സിലാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് റാലി നേരിട്ട് കണ്ടതെന്ന് പുസ്തകത്തിൽ് പറയുന്നുണ്ട്. 1979-ൽ. ഇന്ദിരാഗാന്ധിയുടെ പ്രസംഗം കേൾക്കാൻ മുത്തച്ഛനൊപ്പം പോയത്് എഴുതിയിട്ടുണ്ട്... 2019-ലെ തിരഞ്ഞെടുപ്പിന്റെ സ്വഭാവം എന്തായിരിക്കും? തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു സ്വഭാവമാറ്റം ഈ തിരഞ്ഞെടുപ്പ് എഴുതിച്ചേർക്കുമോ 
 പരമ്പരാഗത ഇന്ത്യൻ ജാതിസമ്പ്രദായത്തിന്റെയും സഖ്യകക്ഷിരാഷ്ട്രീയത്തിന്റെയും പുനഃസ്ഥാപിക്കലാണ്, ഗ്രാമീണ ഉത്തർപ്രദേശിലേക്കും സമീപപ്രദേശങ്ങളിലേക്കും അടുത്ത കാലത്ത് നടത്തിയ യാത്രകളിൽ ഞാൻ കണ്ടത്. ബി.ജെ.പി.യുടെയും പ്രതിപക്ഷ പാർട്ടികളുടെയും ജാതിഅടിസ്ഥാനം അവരുടെ നേതാക്കൾക്കുചുറ്റും ഉറച്ചുനിൽക്കുകയാണ്.മോദിയെ തടയാൻ ബി.ജെ.പി.യുടെ എതിരാളികൾ ഒരു സഖ്യത്തിന് രൂപം കൊടുക്കുന്നു, അ​േതസമയം, ബി.ജെ.പി. സ്വന്തം സഖ്യമുണ്ടാക്കി വളരെ സാമർഥ്യത്തോടെ ഇതിന് മറുപടി നൽകുന്നു. തിരഞ്ഞെടുപ്പിൽ പ്രബലശക്തി വ്യക്തിത്വമോ ആശയമോ അല്ല,ജാതിയും സഖ്യതന്ത്രങ്ങളുമാണ്.

 മോദി സർക്കാരിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

പ്രതീക്ഷകളെ മോദി തീർച്ചയായും നിരസിച്ചു. പരിമിത സർക്കാർ, പരമാവധി ഭരണം എന്നതായിരുന്നു മോദി അധികാരത്തിൽ എത്തുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ, പരമാധികാരത്തിലും അധികാര കേന്ദ്രീകരണത്തിലും തത്‌പരരായ ഇന്ത്യയിലെ പതിവ്  നേതാക്കൾക്ക് (ടtatist politician ) സമാനനായി, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ഉദാരമായ വാഗ്ദാനങ്ങൾ നൽകുന്ന പതിവ് ഇന്ത്യൻ രാഷ്ട്രീയക്കാരനിലേക്ക് അദ്ദേഹം തിരിച്ചു പോയി. അതോടെ, സ്വതന്ത്ര കമ്പോളസാമ്പത്തികപരിഷ്‌കാരങ്ങളെയും ചെറിയ സർക്കാരിനെയും പ്രതീക്ഷിച്ചിരുന്നവർ നിരാശരായി.

പാവപ്പെട്ടവരെ മറന്ന് അംബാനിക്കും അദാനിക്കും വേണ്ടിയുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്...

തൊഴിലുകൾ ആവശ്യമുള്ള ഇന്ത്യയിലെ പാവങ്ങൾക്ക്, കോൺഗ്രസ് സർക്കാരിന്റെ ഉദാരമായ ക്ഷേമപദ്ധതികൾ അപമാനമാണെന്ന്  മോദി വിമർശിച്ചിരുന്നു. ഈ സത്യം മറന്നു കളഞ്ഞിരിക്കുന്നു.തൊഴിലുകളാണ് അവർക്ക് വേണ്ടത്, വെറും ലഘുലേഖകളല്ല എന്നായിരുന്നു മോദിയുടെ പഴയ വിമർശനം.എന്നാൽ അധികാരത്തിൽ എത്തിയപ്പോൾ,ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പോലെയുള്ള കോൺഗ്രസ് പദ്ധതികൾക്ക് മോദി സർക്കാർ ഫണ്ട് വിഹിതം വർധിപ്പിച്ചു. ഒരു കാര്യവുമില്ല എന്ന് പറഞ്ഞ് ഈ മൂല്യമുള്ള പദ്ധതികളെ തള്ളാൻ പ്രയാസമായിരുന്നു.അതിനാൽ മോദി സർക്കാരിന്റെ സാമ്പത്തിക വിഷയങ്ങൾ പരിശോധിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധയമാണ്. അടിസ്ഥാനപരമായി ഇന്ത്യയുടെ സാമ്പത്തിക മാതൃകയെ മാറ്റിമറിക്കുന്നതിന് പകരം, ഏറിയ പങ്കും, കഴിഞ്ഞ കോൺഗ്രസ് സർക്കാരിനെപ്പോലെ ഭരിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

മോദി സർക്കാരിന്റെ ചില സാമ്പത്തിക തീരുമാനങ്ങൾ കടുത്ത വിനയായി മാറിയിട്ടുണ്ടെന്നാണ് പൊതുനിരീക്ഷണം. നോട്ട് പിൻവലിക്കൽ, ജി.എസ്.ടി തുടങ്ങിയവ. സാമ്പത്തികവിദഗ്ധൻ കൂടിയായ താങ്കളുടെ നിരീക്ഷണത്തിന് ഇവിടെ ഏറെ പ്രാധാന്യമുണ്ട്

നോട്ട് പിൻവലിക്കലിനെ ഞാൻ എതിർത്തിട്ടുണ്ട്,വിമർശിച്ചിട്ടുണ്ട്. മോദി ഒരു സ്വതന്ത്ര കമ്പോളക്കാരൻ (marketer), ഇന്ത്യയുടെ റൊണാൾഡ് റീഗൻ ആണെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അങ്ങനെ അല്ല എന്നാണ് നോട്ട് പിൻവലിക്കൽ നടപടി തെളിയിക്കുന്നത്. ഭരണകൂടത്തിന്റെ അധികാരം തിടുക്കത്തിലും അതിശക്തമായും ഉപയോഗിക്കാൻ കഴിയുന്ന ഒരു പരമ്പരാഗത ഇന്ത്യൻ പരമാധികാരി മാത്രമാണ് അദ്ദേഹം.

 ഈ തിരഞ്ഞെടുപ്പിൽ നോട്ട് പിൻവലിക്കൽ നടപടി (demonetization) ഒരു വിഷയമാകുമോ 

പാവപ്പെട്ടവർക്ക് വാഗ്ദാനം ചെയ്ത നേട്ടങ്ങൾ നൽകാനുള്ള കാലമായി നോട്ട് പിൻവലിക്കൽ നടപടികളെ പല വോട്ടർമാരും നേര​േത്ത കാണാൻ തയ്യാറായിരുന്നു. എന്നാൽ, 2018-ന്റെ ഒടുവിൽ ഞങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ  തിരഞ്ഞെടുപ്പ് യാത്രകളുമായി പോയപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. നോട്ട് പിൻവലിക്കൽ നടപടി ഉപഭോക്താക്കളുടെ ധനവ്യയം വെട്ടിക്കുറച്ചത് തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്നും തൊഴിൽകൂലി വെട്ടിക്കുറയ്ക്കാനിടയാക്കിയെന്നും പല വോട്ടർമാരും പരാതി പറയുന്നത് കേട്ടു.നോട്ട് പിൻവലിക്കൽ നടപ്പാക്കിയിട്ട് രണ്ടരവർഷം കഴിഞ്ഞു. ഇപ്പോഴും അ​േതക്കുറിച്ച്  വെറുപ്പ് വിട്ടുപോകാതെ നിൽക്കുന്നുണ്ടെങ്കിൽ, ബി.ജെ.പി.ക്കുള്ള പിന്തുണയെ അത് കുറച്ച് ബാധിച്ചേക്കാം. എന്നാൽ, നോട്ട് പിൻവലിക്കൽ ഈ തിരഞ്ഞെടുപ്പിൽ നിർണായക വിഷയമാകുമെന്ന് ഞാൻ കരുതുന്നില്ല. പല വോട്ടർമാരോടും സംസാരിച്ചപ്പോൾ അവരിപ്പോഴും വോട്ട് ചെയ്യുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഉന്നതസമുദായ വോട്ടർമാർ നോട്ട് പിൻവലിക്കലിനെ പിന്തുണയ്ക്കുന്നുവെന്നും മുസ്‌ലിം, ദളിത് വോട്ടർമാർ നോട്ട് പിൻവലിക്കലിന്റെ കടുത്ത വിമർശകരാണെന്നുമുള്ള വിലയിരുത്തലാണ് അവർ നടത്തുന്നത്.

2014-ൽ ബി.ജെ.പി. ഉയർത്തിയ മുദ്രാവാക്യങ്ങളുടെ ആവർത്തനമായിരിക്കുമോ ഇക്കുറി? ഹിന്ദുത്വവും വികസനവും സമർഥമായ ചേരുവയാക്കുന്ന തന്ത്രം മോദി വീണ്ടും പരീക്ഷിക്കുമോ 
 

2014-ലെ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വത്തെക്കാൾ വികസനത്തെക്കുറിച്ചാണ് മോദി സംസാരിച്ചതെന്ന് ഞാൻ എന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ, മോദിയോ ബി.ജെ.പി.യോ വികസനത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം,വികസനപുരോഗതി എന്ന വിഷയം ഉന്നയിച്ച് ഇന്ത്യൻ വോട്ടറെ തൃപ്തിപ്പെടുത്തുക അതികഠിനമായ ദൗത്യമാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് പകരം അവർ ഈ തിരഞ്ഞെടുപ്പിൽ പാക് ഭീകരത​െയ്ക്കതിരേ സ്വീകരിക്കുന്ന ശക്തമായ നടപടികളെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. 2014-ൽ ചെയ്തതിനെക്കാൾ ഹിന്ദുത്വ വികാരം ഇത്തവണ ഉണർത്തും.

അയോധ്യയിലെ ക്ഷേത്രനിർമാണം, പശുസംരക്ഷണം തുടങ്ങിയ ഹിന്ദുത്വവിഷയങ്ങൾ ബി.ജെ.പി. ഉയർത്തുമോ

വികസനം പ്രധാനവിഷയമാക്കി മോദി  ഉയർത്തിയ 2014-മായി താരതമ്യം ചെയ്താൽ, ഇപ്രാവശ്യം ബി.ജെ.പി.യുടെ പ്രചാരണം കൂടുതൽ ഹിന്ദുത്വത്തെയും ദേശീയതയെയും ഊന്നിയായിരിക്കും. പണപ്പെരുപ്പം വർധിപ്പിച്ചും വളർച്ച തടഞ്ഞും രണ്ടാം യു.പി.എ.സർക്കാർ സാമ്പത്തികരംഗം മോശമായി കൈകാര്യം ചെയ്‌തെന്ന വ്യാപകപ്രതീതിയെയാണ് മോദി 2014-ൽ സമർഥമായി ഉപയോഗിച്ചത്. എന്നാൽ, ഇക്കുറി അത് ഉപയോഗിക്കാൻ സാധ്യതയില്ല. കാരണം അവർ അഞ്ചുവർഷമായി അധികാരത്തിലായിരുന്നു. പ്രത്യേകിച്ച് തൊഴിലില്ലായ്മ വലിയ പ്രശ്‌നമായി വളരുന്നു എന്ന തോന്നൽ നിലനിൽക്കുന്നു.

 രാജ്യത്ത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അങ്ങനെ ഒരു വിലയിരുത്തൽ താങ്കൾക്കുണ്ടോ

അടിയന്തരാവസ്ഥ എന്ന വാക്ക് കൂടുതൽ കടുത്തുപോയി എന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഭയത്തിന്റെ മനോഭാവം അസാധാരണമാണ്‌. പ്രത്യേകിച്ച്‌, കഴിഞ്ഞ കുറെ സർക്കാരുകളുടെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഭയം മത-വർഗ വ്യത്യാസങ്ങൾ കടന്ന് നിലയുറപ്പിച്ചിരിക്കുന്നു. അടുത്ത കാലത്ത്, ചില മാസങ്ങളിൽ  ഞാൻ ഡൽഹിയിലെ ചില ഉയർന്ന വിഭാഗങ്ങളുമായി (elite ) സംസാരിച്ചു. എന്നാൽ, അവർ ഫോണിലൂടെ സംസാരിക്കാൻ തയ്യാറാകുന്നില്ല. ആരോ തങ്ങളുടെ ഫോൺ സംസാരം കേൾക്കുന്നു എന്ന ആശങ്കയിലാണവർ. ഇതെനിക്ക് പുതിയ അനുഭവമാണ്. അല്ലെങ്കിൽ, എല്ലാ സർക്കാർ തലങ്ങളിലൂം (ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള സർക്കാരുകൾ) ബിസിനസുകാർ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരേ എന്തെങ്കിലും പറയാൻ ഭയക്കുന്നു. ഈ രാജ്യത്ത് എങ്ങനെ ഭരണകൂടം ആക്രമണോത്സുകമായും  ശക്തമായും നിലയുറപ്പിക്കുന്നുവെന്ന് ഇത് പറഞ്ഞു തരും. അമേരിക്കയെപ്പോലെ  മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുള്ള ഒരു രാജ്യത്ത്, പ്രധാനപ്പെട്ട വിഷയങ്ങളിൽ ഏതെങ്കിലും ഭാഗം പിടിക്കാൻ ബിസിനസുകാർ മടിക്കാറില്ല, ഇടയ്ക്കിടെ അവരുടെ പാർട്ടി ചായ്‌വ് പുറത്തെടുക്കാനും.

വൈവിധ്യവും ബഹുസ്വരതയുമാണ് ജനാധിപത്യത്തിന്റെ ഭംഗി. ഏത് ഭീഷണിയും ആ ഭംഗി കെടുത്തും. അത്തരം ഭീഷണികൾ ഉയരുന്നുവെന്നാണോ താങ്കളുടെ  വിലയിരുത്തൽ 

ഇതിനത്ര ഗൗരവമുണ്ടെന്ന് തോന്നുന്നില്ല. കാരണം, കഴിഞ്ഞ ഒരു വർഷം ഇന്ത്യയിൽ സംഭവിച്ചതെന്താണെന്ന് നോക്കൂ. മോദിയെ പ്രതിരോധിക്കാൻ സംസ്ഥാനതലത്തിൽ ശക്തരായ, വ്യത്യസ്തരായ പ്രതിപക്ഷപാർട്ടികൾ സഖ്യമുണ്ടാക്കാൻ തുടങ്ങി. ലോകത്ത് ഒരു വലിയ ജനാധിപത്യത്തിലും നാനാത്വത്തിൽ (diverstiy) ഇത്രമാത്രം ഒരു ശക്തി കാണാൻ കഴിയില്ല. ദേശീയതലത്തിൽ ശക്തിമാനായി നിൽക്കുന്ന ഒരാളെ, വോട്ടർമാരുടെ വിശ്വസ്തത ഉപയോഗിച്ച് ഉപദേശീയത (subnational) യിൽ നിൽക്കുന്ന നേതാക്കൾക്ക് ഇന്ത്യയിലെ പോലെ ലോകത്ത് ഒരു ജനാധിപത്യത്തിലും തടയാൻ കഴിയില്ല. ഇനി, ബി.ജെ.പി. വിജയിച്ചാൽ പോലും അതിന്റെ ഭൂരിപക്ഷവും ജനപിന്തുണയും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സഖ്യങ്ങൾക്ക് പരിമിതപ്പെടുത്താൻ കഴിയും. ലോക്‌സഭയിൽ അധികാരം നേടുന്നതിന്  പര്യാപ്തമാക്കുന്ന സംവിധാനത്തെയോ,ഈ പ്രാദേശിക വിശ്വസ്തതകളെയോ താഴ്ത്തിക്കെട്ടുന്നതിന് മോദിക്കോ മറ്റാർക്കെങ്കിലുമോ എളുപ്പമല്ല എന്നതാണ് ഇന്ത്യയുടെ വ്യത്യസ്തത.

പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനമുണ്ടാക്കും എന്നത് വളരെ പ്രധാനപ്പെട്ട ചർച്ചയാണ്..

ഇന്ത്യൻ ജനാധിപത്യം പലതരത്തിൽ അനന്യമാണ്. എന്നാൽ, ഒരു കാര്യത്തിൽ അങ്ങനെയല്ല, പ്രതിസന്ധിയുടെ ഘട്ടത്തിൽ അല്ലെങ്കിൽ പ്രതിസന്ധിയുണ്ടെന്ന് ധരിക്കുന്ന ഘട്ടത്തിൽ ഭരണത്തിലിരിക്കുന്ന നേതാവിന് ചുറ്റും വോട്ടർമാർ നിലയുറപ്പിക്കും ! എങ്കിൽ പോലും തിരഞ്ഞെടുപ്പുകൾ തീരുമാനിക്കപ്പെടുന്നത് പലവിധ ഘടകങ്ങളാലാണ്. ജാതിയും മതവും മുതൽ വികസനം വരെ. അതിനാൽ  പുൽവാമ പോലെ ഒരു ഘടകം തിരഞ്ഞെടുപ്പിൽ ഒരു വഴിത്തിരിവായിരിക്കുമെന്ന് പറയുന്നത് അതിപ്രസ്താവനയായി മാറും. എന്നാൽ,  മോദിയെയും ബി.ജെ.പി.യെയും അത് സഹായിക്കും എന്നത് ശരിയാണ്.

കൃഷിയാണ് ഇന്ത്യയുടെ പ്രധാന ജീവിതമാർഗം.എന്നാൽ, കർഷകർ പ്രതിസന്ധിയിലാണ്. കാർഷിക മേഖല ഇക്കുറി മോദി സർക്കാരിനോട് എന്ത് സമീപനമായിരിക്കും സ്വീകരിക്കുക 

നിലവിലുള്ള ഭരണത്തിനെതിരേ വോട്ട് ചെയ്യുന്ന രീതി ദശകങ്ങളായി ഇന്ത്യയിലുണ്ട.് അത് ഇന്ത്യൻ വോട്ടർമാരുടെ രീതിയാണ്. 1970 മുതൽ അങ്ങനെ സംഭവിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക വികസനത്തെക്കുറിച്ചും സാമൂഹികപുരോഗതിയെക്കുറിച്ചും ജനങ്ങളിൽ വർധിച്ചു വരുന്ന നിരാശയാണ്. ഇത് പല വഴികളിലൂടെ പ്രകടിപ്പിക്കപ്പെടുന്നു. കർഷകർക്കിടയിലെ രോഷമാണ് ഇതിൽ ഏറ്റവും പുതിയത്. ശരിയാണ്, അത് ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് പരിക്കേൽപ്പിക്കും.

ഇന്ത്യയിൽ ഓരോ സംസ്ഥാനവും ഓരോ കഥയാണ് പറയുന്നതെന്നാണ് പുസ്തകത്തിലെ നിരീക്ഷണം. പ്രാദേശികപാർട്ടികളുടെ പരീക്ഷണശാലയായിരിക്കും 2019-ലെ തിരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നുമുണ്ട്. യോജിക്കുന്നുണ്ടോ 

കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രെൻഡ്‌  പ്രാദേശിക നേതാക്കളുടെ ഉയർച്ചയാണെന്ന് ഞാൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സമയത്തിനനുസരിച്ച് അവരുടെ വോട്ട് ശതമാനം തുടർച്ചയായി ഉയരുന്നു. അതെ. ഈ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ വോട്ട് ശതമാനം ഇനിയും  ഉയരുമോ എന്നതാണ് ഏറ്റവും ആകാംക്ഷയുള്ള വിഷയം.പ്രത്യേകിച്ച് ബി.ജെ.പി. ഇക്കുറി കുറച്ചുകൂടി ദേശീയത ഉയർത്തി  പ്രചാരണം നടത്തുന്ന ഘട്ടത്തിൽ. ബി.ജെ.പി.യും രണ്ട് പ്രാദേശിക നേതാക്കളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തർപ്രദേശ് ഇത്തരം പോരാട്ടത്തിന്റെ ഏറ്റവും നിർണായകമായ യുദ്ധഭൂമിയാണ്. ദേശീയപാർട്ടികൾ പ്രാദേശിക താത്‌പര്യങ്ങളും പ്രാദേശിക അഭിലാഷങ്ങളും കൂടുതൽ സമഗ്രമായ നിലയിൽ ഉൾക്കൊണ്ടില്ലെങ്കിൽ, ഇനിയും പ്രാദേശിക പാർട്ടികളുടെ വോട്ട് ശതമാനം കൂടുമെന്നാണ് എനിക്ക് തോന്നുന്നത്.   തങ്ങൾ പ്രാഥമികമായി മലയാളികളോ തമിഴരോ ബംഗാളികളോ ഗുജറാത്തികളോ ആണെന്നും ഇന്ത്യക്കാരൻ എന്നത് രണ്ടാമതാണെന്നും ഭൂരിപക്ഷം ഇന്ത്യക്കാരും ചിന്തിക്കുന്നതാണ് ഇതിന് കാരണം.

ബി.എസ്.പി.യും എസ്.പി.യും തമ്മിൽ ഉത്തർപ്രദേശിൽ ഉണ്ടാക്കിയിരിക്കുന്ന സഖ്യം നിർണായക സ്വാധീനമുണ്ടാക്കുമോ 

അക്കാര്യത്തിൽ എനിക്ക് സംശയമില്ല. ഈ സഖ്യമില്ലെങ്കിൽ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. തൂത്തുവാരിയതിന് സമാനമായി ഇക്കുറിയും ഉത്തർപ്രദേശിൽ സംഭവിക്കുമായിരുന്നു. ഇത്തരമൊരു സഖ്യത്തിന് ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും പ്രകടനപരമായ സ്വാധീനപ്രഭാവമുണ്ടാക്കാൻ സാധിക്കും. ബി.​െജ.പി.യെ പ്രതിരോധിക്കാൻ രണ്ട് കൊടും ശത്രുക്കൾക്ക് യോജിക്കാൻ കഴിയുമെന്നതാണ് ഇത് തെളിയിക്കുന്നത്. 

എപ്പോഴും യാത്രയിലാണ്. താങ്കൾ ഒത്തിരി ജനവിധികൾ കണ്ടു.ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടപടികൾ മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു 

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. വളരെ സാവധാനത്തിലുള്ള ,പല ഘട്ടങ്ങളുള്ള,പല ആഴ്ചകളിലേക്ക് നീങ്ങുന്ന തിരഞ്ഞെടുപ്പ് സമയക്രമം. ഓരോ വോട്ടിങ്‌ സ്ഥലത്തിനും സുരക്ഷ ഒരുക്കുന്നതിനും തിരഞ്ഞെടുപ്പിന് നടുവിലുള്ള ആശ്ചര്യങ്ങൾക്കും ഈ സമയം അവസരം നൽകുന്നു. ഉത്സവാന്തരീക്ഷം. പല ജനാധിപത്യ രാജ്യങ്ങളിലും വോട്ടുചെയ്യൽ ഒരു മടുപ്പുളവാക്കുന്ന ജോലിയായി കരുതപ്പെടുന്ന സാഹചര്യത്തിൽ, വോട്ട് ചെയ്യുമ്പോൾ ഇന്ത്യയിലെ വോട്ടർക്ക് ഉണ്ടാകുന്ന മഹത്തായ അഭിമാനബോധവും ഉടമസ്ഥാവകാശവും പ്രത്യേകതയാണ്. പ്രകടനവും എഴുന്നള്ളത്തുംകൊണ്ട് രാഷ്ട്രീയക്കാരെ സ്വീകരിക്കുന്ന  പ്രചാരണങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന അടുപ്പം. ലോകത്ത് എവിടെയും കാണാൻ കഴിയാത്ത നിലയിൽ അവരുടെ പ്രചാരണം ഒരു കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ ഊഷ്മളമാകുന്നു. വലിയ നേതാവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും കുട്ടികളും അവരുടെ വീടുമുറിയിൽ ചുറ്റിത്തിരിയുന്നു. ഈ മാനസിക ഭാവം  മാന്ത്രികമായ മനോഹരാവസ്ഥ ഉണ്ടാക്കും. കഴിഞ്ഞ 25 വർഷമായി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രകളിൽ ഞാൻ പങ്കെടുക്കുന്നതിന് ഇത് പ്രധാനകാരണമാണ്. ഇങ്ങനെ പലവഴികളിൽ ഇന്ത്യൻ ജനാധിപത്യം വളരെ സ്‌നേഹം തോന്നിക്കുന്നതാണ്. എന്നാൽ പുറത്തു നിന്ന് വരുന്ന ഒരാൾക്ക് ഇതിനോട് ചേർന്നു നിൽക്കാൻ പ്രയാസവുമാണ് !

content highlights: Ruchir sharma on election in india, loksabha elections 2019, Democracy on the Road: A 25 year journey through India